Your Voice

പാഴ് വിനോദങ്ങൾ വേണ്ട

എന്ത് രണ്ടാമതാവശ്യപ്പെട്ടാലും ഇല്ലായെന്ന് പറയുന്ന ഒരു സപ്ലയറുണ്ട് കുറിപ്പുകാരന്റെ പരിചയത്തിൽ . എന്ത് ചോദിച്ചാലും ഇല്ലായെന്ന് പറയുന്ന ആ സഹോദരനോട് ലേശം വക്രബുദ്ധിക്കാരനായ ഒരു ചങ്ങാതി ചോദിച്ചു: അല്ലണ്ട്ക്കാ (ദൈവമുണ്ടോ എന്നതിന്റെ തൃശൂർ തീരദേശത്തെ മാപ്പിള സ്ലാംഗ്) അതിനും വന്നു റെഡിമേയ്ഡ് ഉത്തരം: “ഇല്ല ”

ഇതാണ് നമ്മുടെ മിക്കവാറും മത പണ്ഡിതരോട് ഫത് വകൾ ചോദിച്ചാൽ കിട്ടാൻ സാധ്യതയുള്ള ഉത്തരവും . സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് പരിചയമുള്ള മുഫ്തിമാരോട് ഗാനം , സംഗീതം, നോവൽ, നാടകം, ചിത്രം എന്നിവയുടെ വിധി ചോദിച്ചു നോക്കൂ.

അഭിനയം ദൈവിക മാർഗത്തിൽ (ഫീ സബീലില്ലാഹ്) ഉപയോഗപ്പെടുത്താവുന്ന നല്ല ഒരു ഡിസ്കോഴ്സാണ്. ലോകാടിസ്ഥാനത്തിൽ ഇസ്ലാമിക പ്രസ്ഥാനങ്ങൾ അവ വളരെ സൂക്ഷ്മതയോടെ പരസ്യമായിത്തന്നെ ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഈയുള്ളവൻ തൃശൂർ ജോലി ചെയ്തിരുന്ന കാലത്ത് പ്രൊഫഷണൽ നാടകങ്ങൾ സൗജന്യമായ് ആസ്വദിച്ചിരുന്നത് ലഹ് വുൽ ഹദീസിനെ അഹ്സനുൽ ഹദീസാക്കി എങ്ങിനെ പരിവർത്തിപ്പിക്കാൻ കഴിയുമെന്നറിയാൻ കൂടിയായിരുന്നു. നബി (സ) യുടെ അടുക്കൽ ജിബ്രീൽ വരാറുണ്ടായിരുന്നത് ദിഹ് യത്തുൽ കൽബിയുടെ രൂപത്തിലായിരുന്നുവെന്ന് എവിടെയോ വായിച്ചതോർക്കുന്നു.
ഈമാൻ , ഇസ്ലാം, ഇഹ്സാൻ എന്നിവ പഠിപ്പിക്കാൻ ജിബ്രീൽ മനുഷ്യരൂപത്തിൽ വന്ന സംഭവം സുവിദിതമാണല്ലോ?
ആ അർഥത്തിൽ ഖുർആൻ വല്ലതും പറയുന്നുണ്ടോ എന്ന് നോക്കാം:-
അങ്ങനെ രാത്രി മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: “ഇതാ, എന്‍റെ രക്ഷിതാവ്‌! ”
എന്നിട്ട് അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:
“അസ്തമിച്ച് പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ”

Also read: സാമൂഹ്യ മാധ്യമങ്ങളിലെ ഉത്കണ്ഠകൾ ലഘൂകരിക്കാനുള്ള 7 വഴികൾ

അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു:
“ഇതാ എന്‍റെ രക്ഷിതാവ്‌!” എന്നിട്ട് അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:
“എന്‍റെ രക്ഷിതാവ് എനിക്ക് നേര്‍വഴി കാണിച്ചുതന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും. ”

അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു:
“ഇതാ എന്‍റെ രക്ഷിതാവ്‌! ഇതാണ് ഏറ്റവും വലുത്‌!!”
അങ്ങനെ അതും അസ്തമിച്ചു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു:

“തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട് എന്‍റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേയല്ല.എന്‍റെ സമുദായമേ, നിങ്ങൾ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു. ”

ഏതെങ്കിലും വിശ്വപ്രസിദ്ധ നാടക സംവിധായകന്റെ സ്ക്രിപ്റ്റിലെ ഡയലോഗുകളല്ല നാമിപ്പോൾ വായിച്ചത്. താൻ മനസ്സിലാക്കിയ സത്യം അതേപടി ജനതക്ക് തെര്യപ്പെടുത്താൻ ജീവിതം മാറ്റിവെച്ച പ്രവാചക കുലപതി , പ്രവാചകന്മാരുടെ പിതാവ് ഇബ്രാഹീം (അ) യുടെ പ്രബോധന മാർഗത്തിലെ ചില ഇടപെടലിനുള്ള സംഭാഷണങ്ങൾ ഖുർആനിലെ സൂറ: അൻആമിൽ വന്നത് അങ്ങനെതന്നെ റിപ്പോർട്ട് ചെയ്തതാണവ. തുടർന്ന് ഖുർആൻ മറ്റൊരു രംഗാവിഷ്കാരം നടത്തുന്നത് ശ്രദ്ധിക്കുക :-

“എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു / അഭിനയിച്ചു. ”
കന്യാ മർയമിനെ ഖുർആൻ പരിചയപ്പെടുത്തുമ്പോൾ ജിബ് രീലിന്റെ എൻട്രി സൂറ: മർയമിൽ വരുന്നത് തന്നെ തമസ്സല എന്ന പദത്തിലൂടെയാണ്. അറബി ഭാഷയിൽ നാടകം / ചിത്രീകരണം എന്നതിനൊക്കെ പൊതുവെ വരുന്ന പദപ്രയോഗമാണ് തംസീലിയ്യ:, സ്റ്റേജ് നാടകങ്ങൾക്ക് മസ്റഹിയ്യ എന്നാണ് പറയൽ,
തംസീൽ അഭിനയവും മുമസ്സിൽ നടനുമാണ്. ഈ വന്നിരിക്കുന്നവയിൽ ഏത് പദമാണ് ഇസ്ലാമിനെതിരെന്ന് മനസ്സിലാവുന്നില്ല .എന്നിട്ടും അഭിനയവും നാടകവും ഫോട്ടോയും സിനിമയുമെല്ലാം ഹറാമാണെന്ന് ഒറ്റയടിക്ക് പറയാൻ പക്ഷേ ഭൂരിഭാഗം നടേ സൂചിപ്പിച്ച പണ്ഡിതർക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല.
الأصل في الأشياء الإباحة
എന്ന നിദാന ശാസ്ത്ര തത്വമനുസരിച്ച് പ്രമാണങ്ങൾ വ്യക്തമായി പറയാത്ത സംഗതിയെ സംബന്ധിച്ച് ഹറാമാണെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്തെന്ന് എങ്ങിനെയാലോചിച്ചിട്ടും മനസ്സിലാവുന്നില്ല.
ما يؤدي إلى الحرام حرام
ഹറാമിലേക്ക് വഴി നടത്തുന്നത് ഹറാമാണെന്നാവും ആ ഘട്ടത്തിൽ അവരുടെ “നായീകരണം (dogmatization). ”
وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُّهِينٌ
യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി ലഹ് വുൽ ഹദീസ് വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്‌ ( ലുഖ്മാൻ :6)
എന്ന സൂക്തത്തിലെ ലഹ് വുൽ ഹദീസെന്നാൽ വിനോദങ്ങളാണെന്നും അതെല്ലാം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്നും തടയുന്നതും അവന്റെ നാമം വിസ്മരിക്കാൻ ഹേതുവുമാവും എന്നാവും അവരുടെ അടുത്ത വാചകം.
അത്തരം വിനോദങ്ങൾ പാഴ് (ലഹ് വ് ) അല്ലെങ്കിൽ അഥവാ ദൈവ മാർഗ്ഗത്തിൽ വൈതരണി ആവാത്തവ പറ്റില്ലേ എന്നു ചോദിച്ചാൽ വീണ്ടു കമാരു മറുചോദ്യത്തെ തടയുന്ന സാങ്കേതിക മറുപടിയാണ് സദ്ദുദ്ദരീഅ: (മാർഗം തടയൽ). ഇപ്പറയുന്നവർക്ക് ആത്മാർഥതയുണ്ടെങ്കിൽ അവർ അവരുടെ സാമൂഹികപരത അവസാനിപ്പിക്കട്ടെ . പക്ഷേ,വീട്ടിൽ നിന്നു പുറത്തിറങ്ങാനോ പത്രം വായിക്കാനോ പൊതുവാഹനങ്ങളിൽ സഞ്ചാരിക്കാനോ ഒന്നും അവർ മടികാട്ടാറില്ല. അവിടെയൊന്നും ബാധകമല്ലാത്ത സദ്ദുദ്ദരീഅ പാട്ടിലും അഭിനയത്തിലും ചിത്രത്തിലും മാത്രം ബാധകമാവുന്നുവെന്ന ലോജിക്കാണ് മനസ്സിലാവാത്തത് .

Also read: അക്വിനാസിന് ലഭിച്ചതും മുസ് ലിം ദൈവശാസ്ത്രജ്ഞര്‍ക്ക് ലഭിക്കാതെ പോയതും

ഒരു സമൂഹത്തി​ന്റെ നാവായി, നാടിന്റെ അകമായി ആവിഷ്കരിക്കാൻ പറ്റിയ മറ്റൊരു ജനകീയ മാധ്യമം നാടകമല്ലാതെ നിലവിലുണ്ടോ എന്നു സംശയമുണ്ട്. അരങ്ങിലും തെരുവിലും റീടേക്കില്ലാതെ മാറ്റത്തിന്റെ ശബ്ദമെത്തിക്കാൻ കഴിഞ്ഞ അമേച്വർ , പ്രൊഫഷണൽ മാനവിക ധാർമ്മിക മൂല്യമുള്ള പരിചയക്കാരും അല്ലാത്തവരുമായ നടികർക്ക് സമർപ്പിക്കുന്നു ഇക്കൊല്ലത്തെ നാടക ദിനാശംസകളെല്ലാം.

(മാർച്ച് 27: ലോക നാടക ദിനം )

Facebook Comments
Related Articles
Show More

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.
Close
Close