Current Date

Search
Close this search box.
Search
Close this search box.

പളുങ്കുപാത്രങ്ങളാണ് ; കനിവ് കാണിക്കൂ

സ്ത്രീസുരക്ഷയെക്കുറിച്ച് ഏറെ ആഴത്തിൽ ചിന്തിക്കേണ്ട കാലഘട്ടമാണിത്. സ്ത്രീത്വത്തെ സംരക്ഷിക്കേണ്ട പുരുഷൻ തന്നെ കാമവെറിപൂണ്ട് സ്ത്രീയെ പിച്ചിചീന്തുന്ന വാർത്തകൾ അനുദിനം നാം ദൃശ്യശ്രാവ്യ മാധ്യമങ്ങളിൽ കേട്ടു / കണ്ടു കൊണ്ടിരിക്കുന്നു .പൊതു ഇടങ്ങളിൽ മാത്രമല്ല; സ്വന്തം കൂരകൾക്കുള്ളിൽ പോലും പെണ്ണത്വം പിച്ചി ചീന്തപ്പെടുന്നു. സമൂഹത്തിലെ ദുർമാർഗികൾ മുതൽ വേണ്ടപ്പെട്ട രക്ത ബന്ധുക്കൾ വരെ പക്ഷേ ഇവിടെ വില്ലൻ വേഷത്തിൽ വരുന്ന എത്രയോ വാർത്തകളാണ് എല്ലാ ദിവസവും നാം വായിച്ചു കൊണ്ടിരിക്കുന്നത്…. ഭരണകൂടങ്ങളോ, നിയമപാലകരോ, നീതി പീഠങ്ങളോ ഒന്നുംതന്നെ ഈ വിപത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുവാൻ തയ്യാറാകുന്നില്ല എന്നതാണ് ഏറ്റവും വേദനാജനകം. ഇങ്ങനെയുള്ള ഇന്നത്തെ സാഹചര്യത്തിൽ ഓരോ സ്ത്രീകളും സ്വയം അവരവരുടെ സുരക്ഷയെക്കുറിച്ച് ചിന്തിക്കുവാൻ തയ്യാറാകണം. അനുവാദംകൂടാതെ ദേഹത്ത് ഒരു വിരൽസ്പർശിക്കുന്നവന്റെ കൈ തട്ടിമാറ്റാനുള്ള ആത്മധൈര്യം പെൺമക്കളിൽ നാം ഉണ്ടാക്കിയെടുക്കണം. ഒറ്റക്കയ്യനായ ഒരു നികൃഷ്ടന്റെ മുന്നിൽ കീഴടങ്ങേണ്ടി വന്ന നമ്മുടെ പ്രിയ സോദരി സൗമ്യ ഇന്നും നീറുന്ന വേദനയായ് നമ്മുടെയെല്ലാം മനസ്സിലുണ്ട്. ഇനി ഒറ്റ കയ്യനല്ല.. രണ്ട് കൈ ഉള്ളവൻ വന്നാലും ധൈര്യത്തോടെ നേരിടാനുള്ള ശാരീരിക-കായിക ക്ഷമത സഹോദരിമാർ നേടണം. കാരണം ഇന്ത്യൻ പുരാണങ്ങളനുസരിച്ച് ഒരു സ്ത്രീയിൽ ഉറങ്ങി കിടക്കുന്നത് ലക്ഷ്മി മാത്രമല്ല;പത്ത് കൈകളുള്ള സംഹാരദുർഗ്ഗയുമാവാം.. ആ ഭാവത്തിലേക്ക് വന്നാൽ പക്ഷേ പിന്നെ സംഹാര താണ്ഡവമാവും എവിടെയും ഫലം..

തായ്‌ലൻഡ് സ്വദേശിനിയായ ടൂറിസ്റ്റ് കൊച്ചിയിലെ ഹോട്ടലിൽ പീഡിപ്പിക്കപ്പെട്ട സംഭവം കഴിഞ്ഞ ആഴ്ചയിലെ സായാഹ്ന പത്രങ്ങളിലെ ഹോട്ട് കേക്കായിരുന്നു.
രണ്ടു കൊല്ലം മുമ്പ് ന്യൂഇയര്‍ ആഘോഷത്തിനോടൊപ്പമെന്നോണം രണ്ട് അക്രമ സംഭവങ്ങള്‍ പ്രത്യേകം വാര്‍ത്തയായത് നാം മറന്നു കാണില്ല. എല്ലാം സ്ത്രീ കയ്യേറ്റങ്ങള്‍. ഒന്ന് ആലപ്പുഴയിലും മറ്റൊന്ന് ബംഗളൂരുവിലും. ആലപ്പുഴയില്‍ ഇതര സംസ്ഥാന വനിതാ തൊഴിലാളിയും ബംഗളൂരുവില്‍ ഏതാനും ന്യൂ ജെന്‍ പെണ്‍കുട്ടികളും ഏതോ വിവരമില്ലാത്തവരുടെ ക്രൂരതകള്‍ക്ക് വിധേയരായി. നടി പീഡിപ്പിക്കപ്പെട്ടപ്പോളുണ്ടായ ജഗപൊഗ എല്ലായിടത്തും. മാധ്യമങ്ങള്‍ / ചാനലുകൾ വിഷയം ചൂടോടെ വറു ചട്ടികളിലേക്കെടുത്തിട്ടു. പിന്നെ ചര്‍ച്ചകളായി. അഭിപ്രായ പ്രകടനങ്ങളായി. ഗീര്‍വാണങ്ങള്‍ മുതല്‍ ഘോരഘോരോപദേശങ്ങള്‍ വരെ എല്ലാം പതിവു പോലെ. ഫെമിനിസ്റ്റുകൾ മുതൽ മനഃശാസ്ത്രജ്ഞര്‍ വരെയും , രാഷ്ട്രീയക്കാര്‍ മുതല്‍ കൗണ്‍സിലര്‍മാര്‍ വരേയും ചൂടാറും വരെ ചാനലുകളില്‍ കുത്തിയിരുന്നു അന്തിച്ചര്‍ച്ചകളില്‍ പങ്കെടുത്തു. പത്ര കോളങ്ങളിലുമുണ്ടായിരുന്നു സംവാദങ്ങൾ . പതിവു പോലെ കടമകള്‍ നിര്‍വഹിച്ച് എല്ലാവരും ‘എല്ലാം ശരിയായി’ എന്നോ ‘എല്ലാം ഇനി ശരിയാകും’ എന്നോ പറയാതെ പറഞ്ഞ് സായൂജ്യമടഞ്ഞത് മാത്രം മിച്ചം.

Also read: പുകപടലമൊഴിയാതെ ഇദ്‌ലിബ്

സാമൂഹ്യ ബന്ധിയായതിനാല്‍ വലിയ രസമാണ്, ഈ വനിതാ ചര്‍ച്ച കേട്ടും കണ്ടും നില്‍ക്കാന്‍. വിഷയത്തെ ഓരോരുത്തരും സമീപിക്കുന്നതിനനുസരിച്ച് ചര്‍ച്ച വളഞ്ഞും പുളഞ്ഞും പോകുന്നത് മനോഹരവും എരിവും പുളിയും കലർന്നതുമാണ്. വിഷയത്തെ സമീപിക്കുന്നതും അത് ചിലരില്‍ പ്രതിഷേധ വികാരം കോരിച്ചൊരിയും. അവര്‍ പറഞ്ഞ് പറഞ്ഞ് ചിലപ്പോള്‍ കാടുകയറും. മറ്റു ചിലര്‍ വിഷയത്തെ അവരുടെ സ്ഥാപിത സ്വത്വത്തില്‍ നിന്നുകൊണ്ട് മാത്രം കാണുകയും അവരുടെ പരിഹാരങ്ങള്‍ തെല്ല് കോപത്തോടെ അവതരിപ്പിക്കുകയും ചെയ്യും. ഈ ചര്‍ച്ചകളിലുമുണ്ടായി ഇതൊക്കെ. തങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന ഏതു പുരുഷ നോട്ടത്തെയും സംശയിക്കണമെന്ന് ഉപദേശിക്കുന്നവരെ കണ്ടു. സ്ത്രീകള്‍ ഇത്തരം അനുഭവങ്ങളില്‍ കടുത്ത പ്രതികരണങ്ങള്‍ നടത്താന്‍ തയ്യാറാവണമെന്ന് ഉപദേശിക്കുന്നവരെയും കാണാൻ കഴിയുന്നു. സേഫ്റ്റിപ്പിന്‍ മുതല്‍ മുളകുപൊടിവരെ പരിഹാരമായി മുന്നോട്ടുവെച്ചവരെയും കാണേണ്ടി വന്നു.പരിഹാരമല്ലേ എന്നു ചോദിച്ചാല്‍ അതെ എന്നു പറയാവുന്നതിലപ്പുറം ഒരു വ്യാസവും അര്‍ത്ഥവും ഈ കാഴ്ചപ്പാടുകള്‍ക്കില്ല. വിഷയത്തെ അപഗ്രഥനം ചെയ്യുകയോ പരിഹാരത്തെ സമൂഹവുമായി ചേര്‍ത്തുവെക്കുകയോ ഒന്നും ചെയ്യാനുള്ള ഹൃദയ വിശാലത വാചോടാപങ്ങളിലില്ലായെന്നതു വ്യക്തമായിരുന്നു. എലിയെ പേടിച്ച് ഇല്ലം ചുടുന്നവരുടെ പിന്‍തലമുറക്കാര്‍.

എന്നാല്‍ ക്രിയാത്മകവും ചിന്താര്‍ഹവുമായ ചില ഇടപെടലുകളും ചില ചാനൽ ചര്‍ച്ചകളില്‍ ഉണ്ടായി. അവരില്‍ പലരും പറഞ്ഞത് പൊതുജനത്തിന് മാന്യമായി തോന്നുകയും ചെയ്തു. അവയിലൊന്ന് സ്ത്രീയെ ബഹുമാനിക്കാന്‍ സമൂഹത്തെ പഠിപ്പിക്കണമെന്നതായിരുന്നു. മറ്റൊരാള്‍ ഇങ്ങനെ പറഞ്ഞു: ‘നിങ്ങളുടെ പെണ്‍കുട്ടി സുരക്ഷിതയാകാന്‍ നിങ്ങളുടെ ആണ്‍കുട്ടിയെ ആ ബോധത്തില്‍ വളര്‍ത്തുക’ എന്ന്. ഈ രണ്ടു അഭിപ്രായങ്ങള്‍ക്കും വിഷയം ആവശ്യപ്പെടുന്ന പരിഹാരത്തോട് സാമീപ്യമുണ്ട്. കാരണം അത് രണ്ടും ശരിയായ പരിഹാരങ്ങളുടെ അടുത്തുകൂടെ കടന്നുപോകുന്നു. കാരണം, മറ്റു പലരും മനസ്സിലാക്കിയത് പോലെ ഓരോ സ്ത്രീ പീഡനവും ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച് അത് സമൂഹത്തില്‍ ആഴത്തില്‍ വേരിറക്കിയിട്ടുള്ള ചില നൈതികതകളുടെ ധ്വംസനമാണ്. അത് ഒറ്റക്കാരണത്താല്‍ സംഭവിക്കുന്നതല്ല. ഒരു പാട് ഘടകങ്ങള്‍ അതിലേക്കു നയിക്കുന്നവയായി ഉണ്ട്. അവയെ എല്ലാം പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുമ്പോഴേ യഥാര്‍ത്ഥ പ്രശ്‌നത്തിനു പരിഹാരമുണ്ടാകൂ.

Also read: ‘ഇനി ഒരടി പിറകോട്ടില്ല’: ദയൂബന്ദില്‍ ശഹീന്‍ ബാഗ് മോഡല്‍ സമരം നയിച്ച് സ്ത്രീകള്‍

ഇവിടെയാണ് ഇസ്‌ലാമിന്റെ പരിഹാരങ്ങള്‍ പ്രസക്തമാകുന്നത്. സ്ത്രീകളുടെ അന്തസ്സ്, ആഭിജാത്യം, സുരക്ഷ , സമൂഹത്തിന്റെ അന്തസ്സ്, എന്നിവയുടെ കൂടി നിദര്‍ശനങ്ങളാണ് എന്ന് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നു. വളരെ ക്രൂരമായി തന്റെ അനുയായികള്‍ പീഡിക്കപ്പെട്ടിരുന്ന മക്കാ യുഗത്തില്‍ നബി(സ) തന്റെ അനുയായികള്‍ക്ക് നല്‍കിയ പ്രത്യാശയില്‍ എടുത്തു പറഞ്ഞത് “സ്വന്‍ആഅ് മുതല്‍ ഹദറ മൗത്ത് വരെ തന്റെ ആട്ടിന്‍ കുട്ടികളെ കുറുക്കന്‍മാര്‍ പിടിച്ചേക്കുമോ എന്നല്ലാതെ മറ്റൊന്നും ഭയപ്പെടാനില്ലാതെ സ്വഛന്ദമായി ഒരു സ്ത്രീക്ക് നടന്നുപോകാവുന്ന കാലം വരും” എന്നായിരുന്നു. ഹിജ്‌റ യാത്രയില്‍ തന്നെ പിന്തുടര്‍ന്നു കണ്ടെത്തിയ സുറാഖത്തു ബിന്‍ മാലികി (റ)നോടും പില്‍ക്കാലത്ത് അദിയ്യ് ബിന്‍ ഹാത്വിമി(റ)നോടും മറ്റും നബി(സ) ഇതേ വർത്തമാനം പറഞ്ഞതായി ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. സ്ത്രീകള്‍ സുരക്ഷിതരല്ലെങ്കില്‍ ആ സമൂഹം സുരക്ഷിതമല്ല എന്നതു തന്നെയാണ് ഈ വാചകത്തിലൂടെ അവരുടെ കൂടെ വിമോചകനായിരുന്ന മുഹമ്മദ് നബി (സ) യുടെ കാഴ്ചപ്പാട്.

ഈ സുരക്ഷിതത്വം ഇസ്‌ലാം നേടിത്തരുന്നത് ബഹുമുഖ മാര്‍ഗങ്ങളിലൂടെയാണ്. സ്ത്രീകളെ ജനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടവരായി വിശേഷിപ്പിച്ച ഒരു വാചകം സ്വഹീഹുൽ ബുഖാരിയിൽ ഇങ്ങിനെയാണ്: أنتم من أحب الناس إلي സ്ത്രീയെ ബഹുമാനിക്കുക എന്നത് അവയിലൊന്നായതിനാലാണ് യഥാര്‍ത്ഥ പരിഹാരത്തിന്റെ അടുത്തുകൂടി പോകുന്നത് ആ നിർദ്ദേശമാണെന്ന് നാം പറയുന്നത്. അഥവാ സ്ത്രീയുടെ സുരക്ഷിതത്വത്തിന് ഇസ്‌ലാം കാണുന്ന വഴി അവളോടുള്ള ബഹുമാനത്തിൽ നിന്നും നിഷ്പന്നമാവുന്നതാണ്. പല മാനങ്ങളാണതിനുള്ളത്. ഇതു വ്യക്തമാക്കാന്‍ സ്ത്രീയെ അവളുടെ ജീവിത വിവിധ ഘട്ടങ്ങളിലേക്ക് ആദ്യം പിരിച്ചെഴുതാം. ജന്മം, ശൈശവം, കൗമാരം, വിവാഹം, മാതൃത്വം, വാർധക്യം എന്നിവയാണവ പ്രധാനമായും. ജന്മം അവള്‍ക്ക് ജനിക്കാനുള്ള അവകാശം നല്‍കുകയാണ്. സ്ത്രീയായി ജനിച്ചാല്‍ ജീവിക്കാനുള്ള അര്‍ഹതയില്ലാത്ത ഒരു കാലത്ത് ഖുർആൻ (81:8-9) അതിനെ അപലപിച്ചു എന്നു മാത്രമല്ല ജീവനോടെ കൊന്നുമൂടുന്ന കാപാലികരുടെ കൈകളില്‍ കടന്നുപിടിക്കുകയും ചെയ്തു. കൃത്രിമ മാര്‍ഗങ്ങളിലൂടെ ഭ്രൂണത്തിന്റെ ലിംഗം തിരിച്ചറിഞ്ഞ് പെണ്‍കുട്ടിയാണെങ്കില്‍ ‘താല്‍പര്യമില്ലാത്ത ഗര്‍ഭം’ എന്നു പറഞ്ഞ് അതൊഴിവാക്കുന്ന ആധുനിക കാലത്തു പോലും സ്ത്രീക്കു ജനിക്കാനുള്ള അവകാശത്തിന്റെ കൊടി പിടിച്ചു മുന്നിൽ നില്‍ക്കുകയാണിസ്‌ലാം.

Also read: എല്ലാവരെയും പരിഗണിച്ചാവണം തീരുമാനം

ശൈശവ ദശയില്‍ ഒരു പെണ്‍കുഞ്ഞിനെ അന്നം മുതല്‍ വിദ്യ വരെ നല്‍കി വിവാഹം കഴിപ്പിച്ചു വിടുന്നതുവരെയുള്ള ഘട്ടത്തിന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം അതിനു നല്‍കപ്പെടുന്ന പ്രതിഫലത്തില്‍ നിന്നു തന്നെ ഊഹിച്ചെടുക്കാം. നബി (സ) പറഞ്ഞു: ‘ഒരാള്‍ തന്റെ രണ്ടു പെണ്‍മക്കളെ അല്ലെങ്കില്‍ മൂന്നു പെണ്‍മക്കളെ വളര്‍ത്തുകയും അവരെ നല്ല നിലയില്‍ സംസ്കാരവും മര്യാദയും ശീലിപ്പിക്കുകയും ചെയ്യുകയും നല്ല ഇണയെ കണ്ടെത്തി വിവാഹം ചെയ്യിക്കുകയും ചെയ്തു കഴിഞ്ഞാല്‍ അതിനു സ്വര്‍ഗമാണ് പ്രതിഫലം’. മാത്രമല്ല, മക്കളെയും ഗാര്‍ഹികതയെയും നയിക്കാനും നിയന്ത്രിക്കാനുമുള്ള ഉത്തരവാദിത്വം അവര്‍ക്കു നല്‍കുമ്പോഴും ഇസ്‌ലാം ആഗ്രഹിക്കുന്നത് പഠിച്ച് മിടുക്കികളായ ലോകത്തോട് ചേർന്നു നിൽക്കുന്ന സ്ത്രീകളെയാണ്. കൗമാരത്തിലേക്കു കാലൂന്നുന്നതോടെയാവട്ടെ ഇസ്‌ലാം വളരെ ജാഗ്രതയോടെ അവളെ പിന്തുടരുന്നു. അവളില്‍ വളരുന്ന സ്‌ത്രൈണതക്കും വികാര വിചാരങ്ങള്‍ക്കും കാവലായി ഇസ്‌ലാം നില്‍ക്കുന്നു. അവ അപഹരിക്കപ്പെടാതിരിക്കാനും ധ്വംസിക്കപ്പെടാതിരിക്കാനും അവളോട് മറക്കേണ്ടതെല്ലാം മറച്ചിരിക്കാനും എല്ലാ ഒതുക്കവും അടക്കവും – അകത്തും പുറത്തും – പാലിക്കാനും ഉപദേശിക്കുന്നു. ആ ഒതുക്കവും അടക്കവുമാണ് അവളുടെ ശക്തിയും ഊര്‍ജ്ജവുമെന്ന് ഇടക്കിടെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. അവളുടെ പർദ്ദ അവളുടെ സാമൂഹികപരതയുടെ കൂടെ പ്രത്യക്ഷീകരണമാണ് എന്ന ബോധം അവരിൽ ബോധപൂർവ്വം വളർത്തുന്നതിന്റെ ഭാഗമാണ് ഹിജാബിന്റെ ആയത്ത് . അഥവാ സ്ത്രീ – പുരുഷ സങ്കലനത്തിന്റെ അകൽച്ച പാലിക്കാൻ അവളെ ശീലിപ്പിക്കുന്ന പരിചയാണത്.

വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതോടെ പല ഔന്നിത്യങ്ങളും അവളില്‍ വന്നുചേരുകയായി. പുരുഷന്റെ ജീവിത പാതിയും പങ്കാളിയുമായിത്തീരുന്ന അവളെ ഇസ്‌ലാം വിളിക്കുന്നത് ഇഹലോകത്തെ ഏറ്റവും നല്ല വിഭവമെന്നാണ്. നബി(സ) പറഞ്ഞു: ‘ദുനിയാവിലുള്ളവയെല്ലാം ജംഗമ വസ്തുക്കളാണ്. അവയില്‍ ഏറ്റവും ഉത്തമമായത് സച്ചരിതയായ സ്ത്രീയാണ്’. മാത്രമല്ല സമൂഹത്തില്‍ അവള്‍ നിലയും വിലയുമുള്ള അര്‍ദ്ധാംശമാണ് എന്ന് ഇസ്‌ലാം പറയുന്നു. ജീവിത ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നതോടെ അവളിലുണ്ടാകുന്ന വളര്‍ച്ചയുടെ മാറ്റം അല്ലാഹു ഖുര്‍ആനില്‍ വരച്ചുവെക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ‘അവര്‍ നിങ്ങളുടേയും നിങ്ങള്‍ അവരുടേയും വസ്ത്രങ്ങളാകുന്നു’വെന്ന് ഖുർആനിക സൂക്തം (2:187) . വസ്ത്രങ്ങള്‍ എന്ന പ്രയോഗത്തില്‍ വിശദീകരണ വ്യാഖ്യാനങ്ങളിലൊന്നും ഒതുങ്ങാത്ത ഒരു അര്‍ത്ഥ വ്യാപ്തി തന്നെയുണ്ട്.
പാരസ്പര്യത്തിന്റേയും സംരക്ഷണത്തിന്റേയും രൂപകമാണ് ആ പ്രയോഗം. മാതൃത്വത്തിലേക്ക് കടക്കുന്നതോടെ സ്ത്രീ ബഹുമാനങ്ങളുടെ പരമ കാഷ്ഠ പ്രാപിക്കുകയാണ്. ‘‘നിനക്കേറ്റവും കടപ്പാടുള്ളത് നിന്റെ മാതാവിനോട് തന്നെയാണ്’ എന്ന് മൂന്നു തവണ ആവര്‍ത്തിച്ചും നബി (സ) പറഞ്ഞതില്‍ നിന്നും അതു ഗ്രഹിക്കാം. ഇങ്ങനെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സ്ത്രീയെ അവളുടെ ബഹുമാനാദരവുകള്‍ക്ക് വിധേയമാക്കുകയാണ് ഇസ്‌ലാം. അതുകൊണ്ടുതന്നെയാണ് ഇക്കാര്യത്തിലെ ഇസ്‌ലാമിക ദര്‍ശനം കുറ്റമറ്റതായിമാറുന്നതും. ഒട്ടകത്തിന്റെ വേഗതയില്‍ പരിഭ്രമിച്ച ബീവി ഒട്ടകകട്ടിലില്‍ നിന്നും തല കാട്ടിയപ്പോള്‍ ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിക്കുന്ന അന്‍ജഷ(റ)യോട് കരങ്ങള്‍ ഉയര്‍ത്തി നബി പറഞ്ഞതാണ് നമ്മുടെ തലവാചകം :അന്‍ജഷാ, മെല്ലെ ; പളുങ്കു പാത്രങ്ങളാണിവർ .

Also read: സാമൂഹികാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത്

ഇന്ത്യയില്‍ ശരാശരി ഓരോ 15 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്രൂറോ (എന്‍.സി.ആര്‍.ബി) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.  സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടക്കുന്ന ലോകത്തിലെ ഏറ്റവും മോശം സ്ഥലങ്ങളിലൊന്നാണ് ഇന്ത്യ എന്ന് അടിവരയിടുന്നതാണ് പുതിയ റിപ്പോര്‍ട്ട്. 2012 ന്യൂഡല്‍ഹിയിലെ ബസില്‍ വച്ച് നിര്‍ഭയ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും ഇപ്പോഴും തല്‍സ്ഥിതി തുടരുകായണ്. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാം ഈയിടെ മാത്രമാണ് വായിക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 3,78,277 കുറ്റകൃത്യങ്ങളാണ് 2018ല്‍ സ്ത്രീകള്‍ക്കെതിരെ നടന്നത്. 2017ല്‍ ഇത് 3,59,849 ആയിരുന്നു. 2019 ലെ കണക്ക് ഈ വരികൾ കുറിക്കുന്നത് വരെ പുറത്ത് വന്നിട്ടില്ല. ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നത്. 59,445 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 35,497 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മധ്യപ്രദേശും 30,394 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ബംഗാളുമാണ് പട്ടികയില്‍ രണ്ടും രണ്ടും മൂന്നും സ്ഥാനത്ത്. കേരള തലസ്ഥാനത്ത് പിങ്ക് പോലീസ് ന്യൂ ഇയർ ഈവിൽ നടത്തിയ മോക്ക് ഡ്രില്ലിങ്ങിനിടയിൽ പിടിക്കപ്പെട്ടത് വനിതാ പോലീസ്കാരോട് അപമര്യാദയായി പെരുമാറിയ പാസ്റ്ററും ,പെണ്ണ് പുറത്തിറങ്ങുന്നത് സമരത്തിനാണെങ്കിൽ പോലും നിഷിദ്ധമെന്ന് ഫത് വ നല്കാനല്ലാതെ പെണ്ണിനെ ബഹുമാനിക്കേണ്ടതെങ്ങിനെയെന്ന് പൊതു സമൂഹത്തിന് തിരിയുന്ന ഭാഷയിൽ ഒരുപദേശവും നല്കാത്ത മുസ്ലിം പണ്ഡിതവൃത്തവും, ഭക്തകളായ സ്ത്രീകളുടെ അമിത വിശ്വാസം മൂലം ശതകോടീശ്വരനായ സ്വാമിയും, സ്വതന്ത്ര ചിന്തകയായ അനുയായി പെണ്ണിനെ ദുരുപയോഗപ്പെടുത്തിയ നിരീശ്വരവാദി നേതാവുമെല്ലാം  ഇത്തരം അവസ്ഥകൾക്ക് കാരണക്കാരാണ്.

(ഫെബ്രു: 11 സ്ത്രീ – ബാലികാ സുരക്ഷാ ദിനം )

Related Articles