കഴിഞ്ഞ ദിവസം വളരെ നിര്‍ണ്ണായകമായ ഒരു നിരീക്ഷണമാണ് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി നടത്തിയത്. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ രാഷ്ട്രപിതാവായ ഗാന്ധിജിക്കും മറ്റു സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുമെതിരെ ചുമത്തിയ രാജ്യദ്രോഹ നിയമം 75 വര്‍ഷം കഴിഞ്ഞിട്ടും തുടരുന്നത് എന്തിനാണെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ചത്. ഈ നിയമം സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ അടിച്ചൊതുക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് പ്രധാന ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.
ഈ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുകൊണ്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും റിട്ട. മേജര്‍ ജനറല്‍ എസ്.ജി വെംബാട്കരെ നല്‍കിയ ഹരജികള്‍ പരിഗണക്കവെയാണ് കോടതി ഇത്തരം നിരീക്ഷണം നടത്തിയത്. കൊളോണിയല്‍ കാലഘട്ടത്തിലെ ശിക്ഷാനടപടി ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്കയുണ്ട്. എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇത്ര കാലമായിട്ടും ഈ നിയമം എടുത്തുകളഞ്ഞില്ല. കാലഹരണപ്പെട്ട നിയമങ്ങള്‍ എടുത്തുകളഞ്ഞ കേന്ദ്രം എന്തുകൊണ്ട് ഇതുമാത്രം എടുത്തുകളയുന്നില്ല. ഈ നിയമത്തെക്കുറിച്ച് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ആശങ്കാജനമാണ്. ഇത് സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താന്‍ വേണ്ടി ഉണ്ടാക്കിയതായിരുന്നു. ഇതേ നിയമം തന്നെയാണ് ബ്രിട്ടീഷുകാര്‍ ഗാന്ധിജിയെയും ബാല ഗംഗാധര തിലകിനെയും നിശബ്ദമാക്കാന്‍ വേണ്ടി ഉപയോഗിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇത് ആവശ്യമാണോ- എന്‍.വി രമണ ചോദിച്ചു.
രാജ്യത്തെ നിലവിലെ രാഷ്ട്രീയ-സാമൂഹിക പശ്ചാതലത്തില്‍ ഏറെ നിര്‍ണായകമായ നിരീക്ഷണമാണ് സുപ്രീം കോടതി നടത്തിയിട്ടുള്ളത്. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ബി.ജെ.പി തങ്ങളുടെ വിമര്‍ശകരെയും മാധ്യമങ്ങളെയും സംഘടനകളെയും രാഷ്ട്രീയ എതിരാളികരെയും നേരിടാന്‍ ഈ രാജ്യദ്രോഹ നിയമമാണ് നിരന്തരം ഉപയോഗിക്കുന്നത്.
153 എ, യു.എ.പി.എ, അഫ്‌സ്പ, എന്‍.എസ്.എ, പി.എസ്.എ തുടങ്ങി അനവധി നിയമങ്ങളാണ് വ്യത്യസ്തര തരത്തിലും രൂപത്തിലും കേന്ദ്രം തലങ്ങും വിലങ്ങും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ നിലനില്‍പ്പിനും അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന കര്‍ഷകര്‍ക്കും ന്യൂനപക്ഷ -ആദിവാസി-ഗോത്ര സമൂഹങ്ങള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാമെതിരെ ഇത്തരത്തില്‍ രാജ്യദ്രോഹക്കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്.
അനവധി യുവാക്കളും യുവതികളും വിദ്യാര്‍ത്ഥികളും തങ്ങളുടെ ഭാവി ഇരുളടഞ്ഞ് ഇപ്പോഴും കാരാഗൃഹങ്ങള്‍ക്കുള്ളില്‍ കഴിയുകയാണ്. കര്‍ഷക പ്രക്ഷോഭം, സി.എ.എ, എന്‍.ആര്‍സി സമരം തുടങ്ങിയ സമരങ്ങളെയെല്ലാം കേന്ദ്ര സര്‍ക്കാരും ആഭ്യന്തര വകുപ്പും പൊലിസുമെല്ലാം ഇങ്ങിനെയാണ് നേരിട്ടതെന്ന് നാം കണ്ടതാണ്. പലര്‍ക്കും വര്‍ഷങ്ങളായി ജാമ്യം പോലും നിഷേധിച്ചിരിക്കുകയാണ്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയവരെ മറ്റു പല കേസുകളിലും ചുമത്തി വീണ്ടും ഇതേ വകുപ്പ് പ്രകാരം ജയിലിലടക്കുന്ന കാഴ്ചയും നാം കണ്ടു. ബി.ജെ.പി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പരാതിയിലാണ് മിക്ക ആളുകള്‍ക്കെതിരെയും കേസെടുക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ പോസ്റ്റിട്ടവര്‍ക്കെതിരെ വരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. ബീഫ് കഴിച്ചതിനും മതാനുഷ്ടാനങ്ങള്‍ നിര്‍വഹിച്ചതിനും തൊപ്പിവെച്ചതിനും താടി വെച്ചതിനുമെല്ലാം വെവ്വേറെ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പലരും ആള്‍ക്കൂട്ട വിചാരണക്കിരയായി ക്രൂരമായ മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവങ്ങളും നാം കണ്ടതാണ്.
കഴിഞ്ഞ ജൂണില്‍ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചതിനായിരുന്നു ദുവയെ അറസ്റ്റ് ചെയ്തിരുന്നത്. രാജ്യദ്രോഹത്തിന്റെ പരിധി നിശ്ചയിക്കാനുള്ള സമയമാണിതെന്നാണ് കഴിഞ്ഞ മെയ് 31 സുപ്രീം കോടതി പറഞ്ഞത്. രാജ്യദ്രോഹത്തെ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പുകള്‍ക്ക് വ്യാഖ്യാനം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ലക്ഷദ്വീപ് ആക്റ്റിവിസ്റ്റ് അയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും അവര്‍ക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചതും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ വിമര്‍ശനമുന്നയിച്ചതിന് ബി.ജെ.പി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അയിഷക്കെതിരെ ദ്വീപ് പൊലിസ് കേസെടുത്തിരുന്നത്.
അവരുടെ പ്രസ്താവനയില്‍ രാജ്യദ്രോഹത്തിന്റെ വ്യക്തമായ സൂചനകളൊന്നും ഇല്ല, അവര്‍ക്കെതിരെ മുന്‍വിധിയോടെയുള്ള ആരോപണങ്ങളോ വാദങ്ങളോ ആണ്, അത് ദേശീയ താല്‍പ്പര്യത്തിനോ മറ്റൊരു വിഭാഗത്തിനെതിരെയും പ്രചരിപ്പിക്കുകയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതിയുടെ സമീപകാലത്തെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പില്‍ വിശ്വസിക്കുന്നവര്‍ക്ക് പ്രത്യാശയേകുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ കോടതി വിധികളുടെ അടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള നിയമങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.