Your Voice

എന്ത്‌കൊണ്ട് സഞ്ജീവ് ഭട്ട് ?

പള്ളിയിലെ ഉസ്താദിനെ പുറത്താക്കാന്‍ പ്രസിഡന്റ് പല വഴികളും ആലോചിച്ചു. ഒരു കാരണവും കിട്ടാതെ നില്‍ക്കുമ്പോഴാണ് സെക്രട്ടറി ബുദ്ധി പറഞ്ഞു കൊടുത്തത്. പ്രസിഡന്റിന്റെ പേരക്കുട്ടിയെ പണ്ട് ഉസ്താദ് അടിച്ചിട്ടുണ്ട്. അത് തന്നെ കാരണം. പേരക്കുട്ടി ഇന്ന് മറ്റൊരു കുട്ടിയുടെ പിതാവാണ് എന്നത് മറ്റൊരു കാര്യം. അടുത്ത പള്ളിക്കമ്മിറ്റിയില്‍ വിഷയം അവതരിപ്പിച്ചു. അവസാനം വോട്ടിനിട്ട് തീരുമാനിച്ചു. ഉസ്താദ് എന്തായാലും പോകണം എന്ന് തന്നെയാണ് തീരുമാനം വന്നത്.

മുപ്പത് വര്‍ഷം മുമ്പാണ് ആ സംഭവം നടന്നത്. ഒരു വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് ആയിരുന്ന സഞ്ജീവ് ഭട്ട് 150 പേരെ അറസ്റ്റു ചെയ്തു. അവരെ വിട്ടയക്കുകയും ചെയ്തു. അതില്‍ ഒരാള്‍, പ്രഭുദാസ് വൈഷ്ണാനി, ശേഷം മരണപ്പെട്ടു. കസ്റ്റഡി പീഡനം എന്ന പേരിലായിരുന്നു കേസ്. തടവിലായിരിക്കെ തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രഭുദാസ് വൈഷ്ണാനിയുടെ സഹോദരന്‍ സഞ്ജീവ് ഭട്ടിനെയും മറ്റ് ആറ് പോലീസുകാരെയും പേരിട്ട് പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കി. പക്ഷെ അതിന്റെ വിധി ഇന്നാണ് വന്നത്. ഗുജറാത്ത് കോടതി ഭട്ടിനെ അതിന്റെ പേരില്‍ ജീവപര്യന്തത്തിനു വിധിച്ചിരിക്കുന്നു. തന്റെ പക്ഷത്തുള്ള സാക്ഷികളെ കേള്‍ക്കണം എന്ന അപേക്ഷ പോലും കോടതി തള്ളിക്കളഞ്ഞു.

ജോലിയില്‍ നിന്നും മാറി നിന്നു എന്ന പേരില്‍ 2011ല്‍ ഭട്ടിനെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. മയക്കുമരുന്ന് കൈവശം വെച്ചുവെന്നാരോപിച്ച് അഭിഭാഷകനായ സുമേര്‍സിങ് രാജ്പുരോഹിത്തിനെ അറസ്റ്റ് ചെയ്യാന്‍ മയക്കുമരുന്ന് നട്ടുപിടിപ്പിച്ചുവെന്ന കേസില്‍ 23 കാരനായ സഞ്ജീവ് ഭട്ടിനെ കഴിഞ്ഞ വര്‍ഷം സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

ഗുജറാത്ത് കലാപത്തില്‍ അമിത്ഷായുടെയും മോദിയുടെയും നിലപാടുകളെ ചോദ്യം ചെയ്തു എന്നതാണ് വിഷയത്തിന്റെ മര്‍മം. ഒരു ഉദ്യോഗസ്ഥന് എത്ര വരെ പോകാവൂ എന്നതിന്റെ കൂടി തെളിവാണ് സഞ്ജീവ് ഭട്ട്. 30 കൊല്ലത്തെ പഴക്കമുള്ള കേസിലാണ് ഇപ്പോള്‍ ശിക്ഷ, 23 വര്‍ഷം മുമ്പുള്ള മറ്റൊരു കേസില്‍ കൂടി അദ്ദേഹം ശിക്ഷ കാത്തിരിക്കുന്നു. ഒരു കാര്യം ഉറപ്പാണ് സഞ്ജീവ് ഭട്ട് പുറത്തിറങ്ങാതിരിക്കാന്‍ കഴിയുന്നതും ഭരണകൂടം ചെയ്യുമെന്നുറപ്പാണ്.

ആളുകളെ പച്ചയായി ബോംബ് വെച്ച് കൊന്ന പല കേസിലെയും പ്രതികള്‍ ഇന്ന് പാര്‍ലിമെന്റില്‍ വിരാചിക്കുന്നു. ഇന്ത്യ നടുങ്ങിയ മാലോഗാവ്,സംജോതാ എക്‌സ്പ്രസ്സ് സ്‌ഫോടന പ്രതികള്‍ ഇന്ന് ജയിലിനു പുറത്താണ്. അതിനു കാരണം അവരെല്ലാം സംഘ പരിവാര്‍ പക്ഷത്താണ് എന്നതല്ലാതെ മറ്റൊന്നുമല്ല. എന്ത് കൊണ്ട് സഞ്ജീവ് ഭട്ട് എന്ന ചോദ്യത്തിനും നമുക്ക് നല്‍കാന്‍ കഴിയുന്ന മറുപടിയും അത് തന്നെ. അദ്ദേഹം എന്നും സംഘ പരിവാര്‍ വിരുദ്ധ പക്ഷത്താണ്. നമ്മുടെ കോടതികളില്‍ നമുക്ക് പ്രതീക്ഷ നഷ്ടമായിട്ടില്ല. പക്ഷെ കോടതിയില്‍ പലപ്പോഴും വിവരങ്ങള്‍ എത്താതെ പോകുന്നു. സഞ്ജീവ് ഭട്ട് കേസില്‍ തന്നെ പല സാക്ഷി വിസ്താരവും നടന്നിട്ടില്ല എന്നാണ് മനസിലാക്കാന്‍ കഴിയുന്നതും.

മനുഷ്യരെ ചുട്ടുകൊല്ലുകയും അടിച്ചു കൊല്ലുകയും ചെയ്തവര്‍ക്ക് ചുവന്ന പരവതാനി വിരിച്ച നാടാണ് നമ്മുടേത്, അവര്‍ മരണപ്പെട്ടപ്പോള്‍ ദേശീയ പതാക പോലും പുതപ്പിച്ച സംഭവം നാം മറന്നിട്ടില്ല. അതെ സമയം തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ശിക്ഷിക്കാന്‍ ഉസ്താദിനെ പുറത്താക്കാന്‍ പ്രസിഡന്റ് കാരണം അന്വേഷിച്ചത് പോലെ അവര്‍ കാരണത്തെ അന്വേഷിച്ചു നടക്കുന്നു. നീതിയും നിയമവും പലതിനും വഴിമാറുന്നത് നല്ല സന്ദേശമല്ല നല്‍കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയം ഒരു പുതിയ സന്ധിയില്‍ എത്തിയിരിക്കുന്നു. അത് സംഘ പരിവാര്‍ അനുകൂലവും പ്രതികൂലവും എന്നതാണ്. നട്ടെല്ലുള്ളവര്‍ക്ക് മാത്രമേ ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയൂ. അതിന്റെ ആധുനിക തെളിവായി എന്നും ഭട്ട് ഉയര്‍ന്നു നില്‍ക്കും തീര്‍ച്ച. ഉയര്‍ന്ന കോടതിയില്‍ നിന്നും അദ്ദേഹത്തിന് നീതി ലഭിച്ചേക്കാം എന്ന് പ്രതീക്ഷിക്കുന്നു. അതാണ് നമ്മുടെ പ്രതീക്ഷയും.

Facebook Comments
Related Articles
Show More
Close
Close