Your Voice

എന്ത് കൊണ്ട് നമ്മുടെ കുട്ടികള്‍ സുരക്ഷിതരാകുന്നില്ല

“ അവന്‍ ആകാശത്തെ ഉയര്‍ത്തി. ത്രാസ് സ്ഥാപിച്ചു. നിങ്ങള്‍ ത്രാസില്‍ കൃത്രിമം കാണിച്ചുകൂടാ എന്നതത്രെ അതിന്റെ താല്‍പര്യം. നീതിപൂര്‍വം ശരിയാംവണ്ണം തൂക്കുക. ത്രാസില്‍ കുറവ് വരുത്തരുത്” സൂറ അര്‍റഹമാന്‍ പറയുന്നു.

ഇതിനെ ഇങ്ങിനെയാണ് വിശദീകരിക്കപ്പെട്ടിട്ടുള്ളത്. “ത്രാസ് സ്ഥാപിച്ചു എന്നത് കൊണ്ട് ഉദ്ദേശ്യം അല്ലാഹു ഈ പ്രപഞ്ചത്തിന്റെ നിയമങ്ങളഖിലം നീതിയിലാണ് നിലനിര്‍ത്തിയിട്ടുള്ളത് എന്നാണ്. അന്തരീക്ഷത്തില്‍ കറങ്ങിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന കണക്കറ്റ ഈ ഗോളങ്ങളും ഗ്രഹങ്ങളും ഈ ലോകത്തില്‍ കറങ്ങിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ഗംഭീരശക്തികളും ഈ ലോകത്ത് കാണപ്പെടുന്ന എണ്ണിയാലൊടുങ്ങാത്ത ജീവികളും പദാര്‍ഥങ്ങളും തമ്മില്‍ത്തമ്മില്‍ സമ്പൂര്‍ണനിലവാരത്തിലുള്ള നീതിയും സന്തുലിതത്വവും നിലനിര്‍ത്തപ്പെടുന്നില്ലെങ്കില്‍, അതിവിപുലമായ ഈ പ്രവര്‍ത്തനശാലക്ക് ഒരു നിമിഷംപോലും പ്രവര്‍ത്തിക്കുക സാധ്യമാകുമായിരുന്നില്ല. കോടാനുകോടി വര്‍ഷങ്ങളായി ഈ ഭൂമിയില്‍ത്തന്നെ വായുവിലും വെള്ളത്തിലും കരയിലും കാണപ്പെടുന്ന സൃഷ്ടികളെ ഒന്നു നോക്കുക. അവയുടെ ജീവിതോപാധികളിലുള്ള തികഞ്ഞ നീതിയും സന്തുലിതത്വവും കാരണമായി മാത്രമാണ് അവയുടെ ജീവിതം സ്ഥിരമായി നില്‍ക്കുന്നത്. ഈ ഉപാധികളില്‍ അല്‍പമെങ്കിലും അനീതിയുളവാകുന്നുവെങ്കില്‍ ഇവിടെ ജീവന്റെ പേരും കുറിയും പോലും അവശേഷിക്കുകയില്ല”.

Also read: സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹും ആയാ സോഫിയയും; ചില ചരിത്ര സത്യങ്ങള്‍

അതായത് നീതി രഹിതമായി ഒരിക്കലും ഈ പ്രപഞ്ചത്തിനു ചലിക്കാന്‍ കഴിയില്ല. മനുഷ്യന്‍ ഒഴികെ മറ്റൊരു ജീവിയും പ്രപഞ്ചത്തിന്റെ നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നില്ല. മനുഷ്യര്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ ആണിക്കല്ലും നീതി തന്നെ. ഭൂമിയില്‍ ജീവിക്കാനുള്ള എല്ലാവരുടെയും അവകാശം വകവെച്ചു കൊടുക്കുക എന്നതാണ് നീതിയുടെ ആദ്യ പടി. മനുഷ്യരുടെയും ജീവികളുടെയും നീതി നഷ്ടമാകുമ്പോള്‍ അത് തിരിച്ചു നല്‍കുക എന്നതാണ് ഭരണകൂടങ്ങള്‍ ചെയ്യേണ്ടത്. നീതി ചിലപ്പോള്‍ ശക്തി ഉപയോഗിച്ച് നേടിക്കൊടുക്കേണ്ടി വരും. അതിനാണ് നാം ഭരണ കൂടങ്ങളെ തിരഞ്ഞെടുക്കുന്നതും.
പക്ഷെ ആധുനിക ലോകത്ത് തീരെ വിലകല്‍പ്പിക്കപ്പെടാതെ പോകുന്നതും നീതിക്ക് തന്നെ. ലോകത്തിലെ വലിയ പ്രശ്നങ്ങള്‍ എന്തൊക്കെ എന്ന ചോദ്യത്തിന് ആദ്യം ലഭിക്കുന്ന ഉത്തരവും അനീതി എന്ന് തന്നെ. മനുഷ്യന്‍ മനുഷ്യനോടും പ്രകൃതിയോടും ചെയ്യുന്ന അനീതികള്‍.

വംശീയത, അടിമത്തം, ജോലി നിഷേധം, ഒറ്റപ്പെടുത്തല്‍, ലൈംഗിക ചൂഷണം… തുടങ്ങി ഒരുപാട് അനീതികള്‍ ലോകത്ത് നിലനില്‍ക്കുന്നു. ഇത്തരം അവസ്ഥകള്‍ മാറ്റുന്നിടത്തു സര്‍ക്കാറുകള്‍ കാര്യമായി ശ്രദ്ധ ചെലുത്താറില്ല എന്നതാണ് ലോക അവസ്ഥ .
നമ്മുടെ കൊച്ചു കേരളത്തിലും അവസ്ഥ വ്യത്യസ്തമല്ല. ഇരകള്‍ പലപ്പോഴും പീഡിപ്പിക്കപ്പെടുന്ന അവസ്ഥ നാം നേരില്‍ കാണുന്നു. അധികാരവും സ്വാദീനവും ആരുടെ പക്ഷതാണോ അവിടെയാണു പലപ്പോഴും നീതി തൂങ്ങി നില്‍ക്കുക. അവസാനമായി പാലത്തായി എന്നിടത്ത് ഒരു ബാലിക പീടിപ്പിക്കപ്പെട്ടതും തുടര്‍ സംഭവങ്ങളും നാം കണ്ടതാണ് . എത്ര സമര്‍ത്ഥമായാണ് ഭരണകൂടവും ഉധ്യോഗസ്ഥരും ഉരുണ്ടു കളിക്കുന്നത്.
കുട്ടികളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളെടുക്കാൻ ഇന്ത്യൻ ഭരണഘടനയുടെ പതിനഞ്ചാം ആർട്ടിക്കിളിലെ മൂന്നാം വകുപ്പുപ്രകാരം ഭരണകൂടത്തിന് അധികാരമുണ്ട്. ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ 1992 ഡിസംബർ 11-ന് സ്വീകരിച്ച കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയുള്ള കൺവെൻഷനിലും ഇന്ത്യ പങ്കാളിയാണ്. ഇന്ത്യയിൽ 53% കുട്ടികൾ ഏതെങ്കിലും തരത്തിലുള്ള ലൈംഗികചൂഷണത്തിനിരയാകുന്നുണ്ട് എന്നാണ് കണക്ക്. ഇത്രമാത്രം ശക്തമായ നിയമം നിലവില്‍ ഉണ്ടായിട്ടും എന്ത് കൊണ്ട് നമ്മുടെ കുട്ടികള്‍ സുരക്ഷിതരാകുന്നില്ല എന്നത് കൂടി ചിന്തിക്കണം.

Also read: ടു കിൽ എ മോക്കിംഗ് ബേഡ്: വംശീയതയും നന്മ-തിന്മകൾക്കിടയിലെ സംഘർഷവും

പലതരം കുറ്റങ്ങൾക്ക് ശിക്ഷ നൽകാൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കുട്ടികളുൾപ്പെട്ട അശ്ലീലചിത്രങ്ങൾ (pornography) കാണുന്നതും ശേഖരിക്കുന്നതും ഈ നിയമം കുറ്റങ്ങളായാണ് കാണുന്നത്. ഈ നിയമം വരുന്നതിനു മുൻപ് അശ്ലീലചിത്രങ്ങൾ (കുട്ടികളുടേതുൾപ്പെടെ) കാണുന്നത് ഇന്ത്യയിൽ കുറ്റകരമല്ലായിരുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്. എന്നിട്ടും നാട്ടില്‍ ഇത്തരം കുറ്റങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ധിച്ചു വരുന്നത് നേരത്തെ പറഞ്ഞ നീതി നടപ്പാക്കുന്ന കാര്യത്തില്‍ ഭരണ കൂടങ്ങളും അനുബന്ധ സ്ഥാപനങ്ങളും കാണിക്കുന്ന അനാസ്ഥ തന്നെ. നീതി നഷ്ടമായാല്‍ പിന്നെ അവിടെ പൂര്‍ണ ഇരുട്ടാവും. അത് കൊണ്ടാണ് ഖുര്‍ആന്‍ പലയിടത്തും നീതിയെ കുറിച്ച് ഊന്നി പറഞ്ഞത്. സ്വന്തത്തിനു എതിരായാല്‍ പോലും നീതിയില്‍ ഉറച്ചു നില്‍ക്കുക എന്നതാണ് ഖുര്‍ആന്‍ നല്‍കുന്ന സന്ദേശം.

Facebook Comments
Related Articles
Close
Close