Current Date

Search
Close this search box.
Search
Close this search box.

നിങ്ങള്‍ ആര്‍ക്ക് നേരെയാണ് ഈ ക്യാമറകള്‍ തിരിച്ചുവെച്ചിരിക്കുന്നത് ?

നിരവധി വ്യവസായികളും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും തിങ്ങിതാമസിക്കുന്ന ദക്ഷിണ ഡല്‍ഹിക്ക് സമീപമുള്ള ഗ്രേറ്റര്‍ കൈലാഷ്-1ല്‍ സെക്യൂരിറ്റി ക്യാമറയുടെ കണ്ണിനെ മറികടന്ന് മുന്നോട്ട് പോകാന്‍ പ്രയാസമാണ്. ഡല്‍ഹി സര്‍ക്കാരും കൈലാഷ് റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്ന് സ്ഥാപിച്ച 100ലധികം ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ ക്യാമറകള്‍ ഓരോ റോഡിലെയും പ്രവേശന, എക്‌സിറ്റ് പോയിന്റുകള്‍ നിരീക്ഷിക്കുന്നു. 4,000 കുടുംബങ്ങളിലായി ഏകദേശം 20000 ആളുകളാണ് ഗ്രേറ്റര്‍ കൈലാഷ് 1ല്‍ താമസിക്കുന്നത്.

എന്നാല്‍ ഇതുപോലും ഇവിടെ പര്യാപ്തമല്ലെന്നാണ് ഗ്രേറ്റര്‍ കൈലാഷ്-1 റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മേധാവി രാജീവ് കക്രിയ പറയുന്നത്. ഇവിടെ ഏകദേശം 20% വീടുകളിലും കടകളിലും ഇതുകൂടാതെ സ്വന്തമായി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിസരത്തെ സുരക്ഷയ്ക്കായി ഇനിയും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് കക്രിയ പറയുന്നത്.

നിലവില്‍, GK-1 ലെ ക്യാമറകള്‍ക്ക് ശക്തമായ ഇരുട്ടിലും കൃത്യമായി ചിത്രീകരിക്കാന്‍ കഴിയും, അതിന് കൂടുതലായി സൂം ചെയ്യാനും ഫോക്കസ് ചെയ്യാനും നമ്പര്‍ പ്ലേറ്റുകള്‍ വായിക്കാനും കഴിയും. ഇനിയും കൂടുതല്‍ നൂതന സാങ്കേതികവിദ്യയ്ക്കായുള്ള അന്വേഷണത്തിലാണ് താനെന്നും ഏകദേശം 3.5 ലക്ഷം രൂപ വിലവരുന്ന 15 ക്യാമറകള്‍ വാങ്ങാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നുണ്ടെന്നും കക്രിയ പറഞ്ഞു.

വ്യക്തികളുടെ സ്വകാര്യതക്ക് നേരെയുള്ള ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകളെല്ലാം കക്രിയ തള്ളിക്കളയുന്നു. ”ഞാന്‍ സ്വകാര്യതയെ കാര്യമാക്കുന്നില്ല, തെരുവുകളിലെ നിരീക്ഷണം ആളുകളെ നന്നായി പെരുമാറാന്‍ പ്രേരിപ്പിക്കുന്നുവെന്നും’ അദ്ദേഹം വാദിച്ചു.
എന്തായാലും നിങ്ങളുടെ സ്വകാര്യത പോയി. ഞങ്ങളുടെ ഗാഡ്ജറ്റുകളും ആപ്പുകളും വഴി നിങ്ങളെ ട്രാക്ക് ചെയ്യുകയാണ്.

ദരിദ്രര്‍, മതന്യൂനപക്ഷങ്ങള്‍, ഗോത്ര സമൂഹം, കര്‍ഷകര്‍ എന്നിവരെ അപേക്ഷിച്ച് സമ്പന്നരായ ഇന്ത്യന്‍ സമൂഹം സര്‍ക്കാര്‍ നിരീക്ഷണ സാങ്കേതികവിദ്യകളുടെ ഉപയോഗത്തെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടെന്ന അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ അടുത്തിടെ നടന്ന ഒരു പഠനം തെളിയിക്കുന്നുണ്ട്. പൊതു എന്‍.ജി.ഒയായ കോമണ്‍ കോസിന്റെയും ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റിയുടെയും സംയുക്ത പഠനത്തിനായി 12 സംസ്ഥാനങ്ങളിലായി 9,779 പേരെ കണ്ടാണ് സര്‍വേ നടത്തിയത്.

ഡ്രോണുകള്‍, സി.സി.ടി.വികള്‍, ബയോമെട്രിക് ഡാറ്റ ശേഖരണം, മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ (ഫേസ് ഐഡി) എന്നിവയുടെ ഉപയോഗത്തിന് ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ സമുദായങ്ങളില്‍ നിന്നുള്ളവരെ അപേക്ഷിച്ച് ഉയര്‍ന്ന വരുമാനമുള്ള ആളുകളില്‍ വലിയ അംഗീകാരം നേടിയതായി പഠനത്തില്‍ കണ്ടെത്തി. ഇന്ത്യയിലെ പോലീസിംഗിനെക്കുറിച്ച് സി.എസ.ഡി.എസ് നടത്തിയ മുന്‍ പഠനങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഈ കണ്ടെത്തലെന്ന് കോമണ്‍ കോസ് ഡയറക്ടര്‍ വിപുല്‍ മുദ്ഗല്‍ പറഞ്ഞു.

ഉദാഹരണത്തിന്, 2020-ല്‍ നടത്തിയ ഒരു പഠനത്തില്‍, പോലീസിനെ വിവിധ സമൂഹങ്ങള്‍ നോക്കികാണുന്ന രീതിയില്‍ വ്യക്തമായ വര്‍ഗ്ഗ വിഭജനം കണ്ടെത്തി, ലോക്ക്ഡൗണ്‍ സമയത്ത് പാവപ്പെട്ടവരും താഴ്ന്ന വരുമാനക്കാരും പോലീസ് ഉദ്യോഗസ്ഥരെ കൂടുതല്‍ ഭയപ്പെട്ടിരുന്നു.
ഇതിന് പിന്നിലെ കാരണങ്ങള്‍ വളരെ ലളിതമാണ് എന്നാണ് ഡിജിറ്റല്‍ രംഗത്തെ മനുഷ്യാവകാശ വിദഗ്ധനായ ശ്രീനിവാസ് കോടാലി പറയുന്നത്. ‘ധനികര്‍ക്ക് അവരുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ പോലീസ് സംവിധാനങ്ങള്‍ ആവശ്യമാണ്, അതേസമയം ദരിദ്രര്‍ ഈ സമ്പ്രദായത്തിന്റെ ഏറ്റവും അറ്റത്താണുള്ളത്.

പ്രതിഷേധങ്ങള്‍ തടയാന്‍ ഡ്രോണുകളും ക്യാമറകളും

39% ദരിദ്രരും 40%-45% മധ്യവര്‍ഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍, സമ്പന്നരില്‍ പകുതിയും സംസ്ഥാനങ്ങളുടെ ഡ്രോണ്‍ നിരീക്ഷണത്തെ ശക്തമായി പിന്തുണയ്ക്കുകയും ന്യായീകരിക്കുകയും ചെയ്തുവെന്ന് സര്‍വേ കണ്ടെത്തി. 3% പേര്‍ മാത്രമാണ് ഡ്രോണുകളുടെ ഉപയോഗത്തെ പൂര്‍ണമായും എതിര്‍ത്തത്. എന്നിരുന്നാലും, തങ്ങളുടെ ഫോട്ടോകളും വീഡിയോകളും ശേഖരിക്കാന്‍ ഡ്രോണുകള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന് ആശങ്കയുണ്ടെന്ന് പ്രതികരിച്ചവരില്‍ പകുതിയിലധികം പേരും പറഞ്ഞു.

എന്നാല്‍, പ്രതികരിച്ചവരില്‍ 60%വും പ്രതിഷേധം നിയന്ത്രിക്കാനുള്ള ഡ്രോണുകളുടെ ഉപയോഗത്തെ പിന്തുണച്ചു. ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഡ്രോണുകളുടെ ഉപയോഗത്തിന് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത്. പ്രതിഷേധങ്ങള്‍ നിയന്ത്രിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനെ നാലിലൊന്ന് ഇന്ത്യക്കാരും എതിര്‍ത്തു. കര്‍ണാടക, കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നാണ് എതിര്‍പ്പ് വന്നത്.

പ്രതിഷേധങ്ങള്‍ നിയന്ത്രിക്കാനുള്ള സുരക്ഷാ ക്യാമറകളുടെ ഉപയോഗത്തിന്റെ സര്‍വേ ഫലവും സമാനമായിരുന്നു. പ്രതികരിച്ചവരില്‍ 78 ശതമാനം പേര്‍ ഈ ആവശ്യത്തിനായി സിസിടിവി ക്യാമറകള്‍ ഉപയോഗിക്കുന്നതിനെ ന്യായീകരിച്ചു. 52% അതിനെ വലിയ തോതില്‍ പിന്തുണച്ചു, 26% ഒരു പരിധി വരെ പിന്തുണച്ചു. 7% പേര്‍ മാത്രമാണ് ഈ ആശയത്തെ പൂര്‍ണ്ണമായും എതിര്‍ത്തത്. രാഷ്ട്രീയ നീക്കങ്ങളോ പ്രതിഷേധങ്ങളോ നിയന്ത്രിക്കുന്നതിന് സുരക്ഷാ ക്യാമറകളുടെ ഉപയോഗത്തെ ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുള്ള ആളുകള്‍ പിന്തുണയ്ക്കുന്നില്ലെന്നും സര്‍വേ കണ്ടെത്തി.

മതവിഭാഗങ്ങളില്‍ നിന്ന് 73% മുസ്ലീങ്ങളും 76% സിഖുകാരും പ്രതിഷേധം നിയന്ത്രിക്കാന്‍ സുരക്ഷാ ക്യാമറകള്‍ ഉപയോഗിക്കുന്നതിനെ എതിര്‍ത്തു. ഹിന്ദുക്കളില്‍, 79% പേര്‍ ഇതിനെ പിന്തുണച്ചു, 54% പേര്‍ ഈ ആശയത്തെ വലിയ അളവില്‍ അംഗീകരിച്ചു. സംശയിക്കപ്പെടുന്നവരുടെയോ കുറ്റാരോപിതരുടെയോ കുറ്റവാളികളുടെയോ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിനെ അനുവദിക്കണമെന്ന് പ്രതികരിച്ചവരില്‍ പകുതിയോളം പേരും പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ ക്രിമിനല്‍ പ്രൊസീജ്യര്‍ (ഐഡന്റിഫിക്കേഷന്‍) ആക്ട് 2022 പ്രകാരം, അധികാരികള്‍ക്ക് കൈപത്തി അടയാളം, വിരലടയാളങ്ങള്‍, കാല്‍പ്പാടുകള്‍, ഡിഎന്‍എ, റെറ്റിന, ഐറിസ് ബയോമെട്രിക്‌സ് എന്നിവയും മറ്റ് നിരവധി ശാരീരിക സവിശേഷതകളും ശേഖരിക്കാന്‍ അധികാരമുണ്ട്. ക്രിമിനല്‍ അന്വേഷണത്തിനായി പിടിക്കപ്പെട്ടവരുടെ കൈയക്ഷരവും ഒപ്പും ഉള്‍പ്പെടെ ശേഖരിക്കാം. അന്വേഷണത്തിനിടെ കസ്റ്റഡിയിലെടുത്തവര്‍ പോലും ഈ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസുമായി സഹകരിക്കണം.

മുസ്ലിംകള്‍ക്കും ആദിവാസികള്‍ക്കുമിടയില്‍ ഇക്കാര്യത്തിലുള്ള വിമുഖത ഈ സമുദായങ്ങളില്‍ നിന്നുള്ള ആളുകളുടെ തടങ്കല്‍ നിരക്ക് പരാമര്‍ശിച്ചുകൊണ്ട് പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്. പട്ടികജാതി, പട്ടികവര്‍ഗം, മുസ്ലീം സമുദായങ്ങള്‍, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിവരില്‍ നിന്നും തടവുകാരോ കുറ്റവാളികളോ കുറ്റാരോപിതരോ ആയി തടവിലാക്കപ്പെട്ടവരുടെ അനുപാതം മൊത്തത്തിലുള്ള ജനസംഖ്യയിലെ അവരുടെ വിഹിതത്തേക്കാള്‍ കൂടുതലാണെന്ന് ആവര്‍ത്തിച്ച് കാണിക്കുന്നുണ്ട്.

സാങ്കേതിക പക്ഷപാതം

സാങ്കേതികവിദ്യ എപ്പോഴും വസ്തുനിഷ്ഠമായ രീതിയിലല്ല ഉപയോഗിക്കുന്നത്, മറിച്ച് അത് പാവപ്പെട്ടവര്‍ക്കെതിരായ മുന്‍വിധികള്‍ ശക്തിപ്പെടുത്തുമെന്നാണ് ഡിജിറ്റല്‍ മേഖലയിലെ സ്വകാര്യത വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഉദാഹരണത്തിന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈദരാബാദില്‍ നിന്നുള്ള 35കാരനായ മുഹമ്മദ് ഖദീര്‍ എന്ന തൊഴിലാളി മാല മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് പോലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ച സംഭവമെടുക്കുക. മരണത്തിന് മുമ്പ്, പോലീസ് കസ്റ്റഡിയില്‍ വെച്ച് തന്നെ മര്‍ദിച്ചുവെന്ന് പറഞ്ഞ് അദ്ദേഹം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.

സിസിടിവി ക്യാമറയിലെ വ്യക്തതയില്ലാത്ത ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഖദീറിനെ അറസ്റ്റ് ചെയ്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘സിസിടിവി ദൃശ്യങ്ങളില്‍ സംശയിക്കുന്നയാളുടെ മുഖഭാവം ഇയാളുമായി സാമ്യമുള്ളതിനാല്‍ മാല മോഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നത്,’ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷനും ആംനസ്റ്റി ഇന്റര്‍നാഷണലും ചേര്‍ന്ന് 2021ല്‍ ഹൈദരാബാദില്‍ നടത്തിയ സര്‍വേയില്‍ നഗരത്തില്‍ ക്യാമറകളുടെ വിപുലമായ രീതിയിലുള്ള ഉപയോഗം കണ്ടെത്തിയിരുന്നു. ‘ഞങ്ങള്‍ സര്‍വേ നടത്തിയ കാലാ പഥര്‍, കിഷന്‍ ബാഗ് എന്നീ രണ്ട് പ്രദേശങ്ങളിലെ മൊത്തം വിസ്തൃതിയുടെ 53.7%, 62.7% സിസിടിവികള്‍ കൊണ്ട് മൂടിയതായി ഞങ്ങള്‍ കണ്ടെത്തി,’-ഫൗണ്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന അനുഷ്‌ക ജെയിന്‍ പറഞ്ഞു.

ദരിദ്ര പ്രദേശങ്ങളിലെ ക്യാമറകള്‍ അവിടെ താമസിക്കുന്നവരെ നിരീക്ഷിക്കാനും ഉപയോഗിക്കുന്നു അവര്‍ പറഞ്ഞു. ‘ഈ സാങ്കേതികവിദ്യകള്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിനെ നിയന്ത്രിക്കാന്‍ ഒരു നിയമവുമില്ല. ഇത് സമൂഹങ്ങളുടെ മേല്‍ പോലീസിന്റെ അമിത നിരീക്ഷണത്തിനും പോലീസില്‍ നിലവിലുള്ള പക്ഷപാതങ്ങള്‍ സ്ഥിരീകരിക്കുന്നതിനും ഇടയാക്കുമെന്നും അവര്‍ പറഞ്ഞു. ഇത്തരം പക്ഷപാതത്തിന്റെ ഇരയാണ് ഖദീറെന്ന് അവര്‍ പറഞ്ഞു.

നിരീക്ഷണ സാങ്കേതികവിദ്യയ്ക്കുള്ള ഒരു വിഭാഗത്തിന്റെ പിന്തുണ അസമത്വം വളര്‍ത്തുന്ന നയങ്ങളിലേക്ക് നയിക്കുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. ‘ഈ പോലീസിംഗ് രീതികള്‍ കാരണം, സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്നവരെ ഒഴിവാക്കുന്നു അത് അസമത്വങ്ങള്‍ സൃഷ്ടിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു,’ ശ്രീനിവാസ് കോഡല്‍ പറഞ്ഞു. ‘ധനികര്‍ക്ക് എവിടെ വേണേലും ചുറ്റിക്കറങ്ങാന്‍ സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ ദരിദ്രര്‍ പൊലിസിന് കീഴിലുള്ള ക്യാമറകള്‍ക്ക് കീഴിലാണ് കഴിയുന്നത്’ കോഡല്‍ പറഞ്ഞു.

 

Related Articles