Current Date

Search
Close this search box.
Search
Close this search box.

എന്ത് കൊണ്ടവർ മൗദൂദിയെ വെറുക്കുന്നു

എന്ത് കൊണ്ടവർ മൗദൂദി യെ വെറുക്കുന്നു

സയ്യിദ് മൗദൂദി (Abul A’la Maududi) യെ കുറിച്ച ഒരു ചർച്ച പുതിയ ദേശാഭിമാനി വാരികയിലുണ്ട് എന്ന് സുഹൃത്ത്‌ പറഞ്ഞപ്പോൾ ആവേശത്തോടെ വായിച്ചു തുടങ്ങി.

തന്റെ വിയോഗത്തിന് ശേഷവും വൈജ്ഞാനിക മണ്ഡലത്തിൽ ഇത്രമാത്രം ചർച്ച ചെയ്യപ്പെട്ട ആധുനിക പണ്ഡിതൻ വേറെയില്ല. ഇസ്ലാമും കുഫ്രും തമ്മിൽ ചർച്ച നടക്കുമ്പോൾ സയ്യിദ് മൗദൂദി അവിടങ്ങളിൽ അനിഷേധ്യ സാന്നിധ്യമാകുന്നു.

കമ്യുണിസ്റ്റ് ആശയങ്ങളെ നിരാകരിക്കുന്ന മൗദൂദി

ലേഖനത്തിൽ പറഞ്ഞു വരുന്നത് ആധുനിക രാഷ്ട്രീയത്തിന്റെ അടിത്തൂൺ എന്ന് ഇടതു ചിന്തകർ ഉയത്തിക്കാട്ടുന്ന കമ്യുണിസ്റ്റ് ആശയങ്ങളെ സയ്യിദ് മൗദൂദി നിരാകരിച്ചു എന്നതാണ്.

വെൽഫയർ ലീഗ് ജമാഅത്തെ ഇസ്‌ലാമി ആർ എസ് എസ് എന്നിവയെ ഒരേ നുഖത്തിൽ കെട്ടാനുള്ള സാധാരണ ശ്രമം എന്നതിൽ കവിഞ്ഞു ലേഖനത്തിൽ മറ്റൊന്നും കണ്ടില്ല.

മതേതരത്വം ദേശീയത്വം ജനാധിപത്യം എന്ന പേരിൽ ഒരു കൊച്ചു പുസ്തകം മലയാളത്തിൽ ഇറങ്ങിയിട്ട് ആറു പതിറ്റാണ്ട് കഴിഞ്ഞു.

ഈ മൂന്നു പ്രയോഗങ്ങളും പുതിയ കണ്ടു പിടുത്തങ്ങളല്ല. പക്ഷെ ഇവയ്ക്ക് ആധുനികത നൽകിയ അർത്ഥവും ഉദ്ദേശവുമല്ല പണ്ട് നൽകിയിരുന്നത്.

ജനാധിപത്യം മതേതരത്വം എന്ന പ്രയോഗത്തിൽ ആദ്യം പുറത്തായത് ദൈവമാണ്. മറ്റൊരു വാക്കിൽ സൃഷ്ടാവിന് സൃഷിട്കൾ പരിധി നിശ്ചയിച്ചു എന്നതാണ് ഇവയുടെ പിന്നിലെ ദുരന്തം.

ഇരുപതാം നൂറ്റാണ്ടിന്റെ പ്രത്യേകത

ഇരുപതാം നൂറ്റാണ്ടിന്റെ പ്രത്യേകത ആദ്യമായി കമ്യുണിസ്റ്റ് സർക്കാരുകൾ ലോകത്തിന്റെ പല ഭാഗത്തും നിലവിൽ വന്നു എന്നതാണ്. ഇസ്ലാമിക ഖിലാഫത്ത് ഭൂമിയിൽ നിന്നും ഇല്ലാതാക്കിയ നൂറ്റാണ്ടും അത് തന്നെയായിരുന്നു.

മതം എങ്ങിനെയാകണം എന്ന് പറയാനുള്ള അധികാരം ആരും മനുഷ്യർക്ക്‌ വകവെച്ചു നൽകുന്നില്ല. അതെ സമയം അതിനു ശ്രമിച്ചു എന്നതാണ് ആധുനിക ജനാധിപത്യവും മതേതരത്വവും ചെയ്തത്.

മതം തീർത്തും അപ്രസക്തമായ ഒരു കാലം കൂടിയായിരുന്നു ഇരുപതാം നൂറ്റാണ്ട്. മതത്തെ ഭൌതിക വാദികൾക്ക് വിട്ടു കൊടുക്കാതെ അതിന്റെ തനിമയിൽ ലോകത്തിനു പരിചയപ്പെടുത്തി കൊടുത്തു എന്നതാണ് സയ്യിദ് മൗദൂദി ചെയ്തത്.

മേൽ പറഞ്ഞ മൂന്നു ആശയങ്ങളെ മൗദൂദി വിശകലനം ചെയ്തു. അതിന്റെ ശരി തെറ്റുകൾ ബോധ്യപ്പെടുത്തി.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പാണ് ഇതൊക്കെ നടന്നത്. അത് കൊണ്ടാണ് ഭാവി ഇന്ത്യയെ കുറിച്ച് മൗദൂദി തന്റെ പ്രസംഗത്തിൽ പറയുന്നതും.

വംശീയതയുടെ പേരിൽ നിർമ്മിക്കപ്പെട്ടതാണ് സംഘ പരിവാർ, അതെ ഇസ്ലാം ഒരു ആദർശമാണ്. ആർ എസ് എസ് മുന്നോട്ടു വെക്കുന്ന വംശീയത ജനനം കൊണ്ട് ലഭിക്കുന്നു.

ആദർശ ഇസ്‌ലാം

ഇസ്ലാം മുന്നോട്ടു വെക്കുന്ന ഇസ്ലാം വിശ്വാസം കൊണ്ടും പ്രവർത്തനം കൊണ്ടും ലഭിക്കുന്നു. സയ്യിദ് മൗദൂദി സംസാരിച്ചത് സമുദായ ഇസ്ലാമിനെ കുറിച്ചല്ല. അദ്ദേഹം ഊന്നി പറഞ്ഞത് ആദർശ ഇസ്ലാമിനെ കുറിച്ചാണ്.

ഇസ്ലാമിന് എന്തിനോടും സമീപനവും നിലപാടുമുണ്ട്. അതിനു സ്വന്തമായി സാമൂഹിക രാഷ്ട്രീയ നിലപാടുകളുണ്ട്‌. ഇസ്ലാമിക വിശ്വാസവുമായി മേൽ പറഞ്ഞ മൂന്ന് ഘടകങ്ങൾക്കും ബന്ധമുണ്ട്. അത് കൊണ്ട് തന്നെ ഇവയോടുള്ള നിലപാട് വ്യക്തമാക്കേണ്ടി വരുന്നു.

ആദർശ സമൂഹമായി മാറുമ്പോൾ

ഹിന്ദുത്വത്തെ കൃത്യമായി തന്നെ സയ്യിദ് മൗദൂദി വിശകലനം ചെയ്യുന്നുണ്ട്. ഒരു വംശീയത എന്നതിൽ നിന്നും മാറി ഒരു ആദർശ സമൂഹമായി മാറുമ്പോൾ നടപ്പിലാക്കാനുള്ള, സാമൂഹിക രാഷ്ട്രീയ നിലപാടുകൾ നിങ്ങളുടെ കയ്യിൽ എന്തൊക്കെയുണ്ടെന്നു പരിശോധിക്കാൻ സയ്യിദ് മൗദൂദി ആവശ്യപ്പെടുന്നു.

ആ വാചകം ഉദ്ദരിച്ച്‌ പലരും കള്ളങ്ങൾ പ്രചരിപ്പിക്കുന്നു. എന്നാൽ അതിനു ശേഷം മൗദൂദി ഇങ്ങിനെ തുടരുന്നു.

“ എന്നാൽ നിങ്ങളുടെ കൈവശത്തിൽ അത്തരം വിശദവും സവിസ്തരവുമായ ഒരു നിർദ്ദേശപത്രമില്ലെങ്കിൽ അതിന്റെ അർഥം അങ്ങിനെയൊരു നിർദ്ദേശം തന്നെ നിങ്ങൾക്ക് ദൈവം തന്നിരുന്നില്ല എന്നല്ല. ഒരിക്കലുമല്ല.

പ്രത്യുത നിങ്ങളുടെ ചരിത്രത്തിന്റെ ഗതിവിഗതികളിൽ , ആ നിർദ്ദേശ പത്രം, അഥവാ, അഥവാ അതിന്റെ സിംഹ ഭാഗവും വിനഷ്ടമായിപ്പോയെന്നു മാത്രമാകുന്നു.

അത് സ്വാഭാവികവുമാണ്. എന്നാൽ വിനഷ്ടമായപ്പോയിട്ടുള്ള അതെ സന്ദേശം മറ്റൊരു മാർഗ്ഗേണ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അതാണ് ഞങ്ങളിന്നു നിങ്ങളുടെ സമക്ഷം സമർപ്പിക്കുന്നത്.

നിങ്ങളുടെയും ലോകത്തിന്റെയും മോക്ഷക്ഷേമം ഇതിലുണ്ടോ എന്ന് അവധാനപൂർവ്വം പരീക്ഷിച്ചു നോക്കുക”.

സയ്യിദ് മൗദൂദി മതത്തെ വംശീയമായോ സാമുദായികമായോ അല്ല ഇവിടെ പരിചയപ്പെടുത്തിയത് . തീർത്തും ആദർശ പരമായി തന്നെയാണ്.

ജമാഅത്തെ ഇസ്‌ലാമിയും സി പി എമ്മും

ജമാഅത്തെ ഇസ്ലാമിയും സി പി എമ്മും തമ്മിലുള്ള വിഷയം ഇസ്ലാമിനെ കേവല മതമായി അംഗീകരിക്കുക എന്നതാണ് . ജമാഅത്തെ ഇസ്ലാമി ഒരു ഇസ്ലാമിക സംഘമാണ്. ഇന്ത്യൻ ഭരണ ഘടനയുടെ അകത്തു നിന്നു തന്നെ അവർ ഇസ്ലാമിനെ വ്യാഖ്യാനിക്കും.

ആധുനികത കുഴിച്ചു മൂടാൻ ശ്രമിച്ച ഇസ്ലാമിനെ ശക്തമായി പിടിച്ചു നിർത്തി എന്നിടത്താണ് ആധുനികത സയ്യിദ് മൗദൂദിയുമായി എതിരുടുന്നത്.

ഇസ്ലാമിനെ കാലം ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ അതിനെ തിരിച്ചു കൊണ്ട് വരാൻ നൂറ്റാണ്ടുകളിൽ ഒരു പരിഷ്കർത്താവ്‌ എന്നത് ദൈവിക നിശ്ചയമാണ്.

മതരാഷ്ട്ര വാദം എന്നത് ശത്രുക്കൾ നൽകിയ പേരാണ്. മതം പറയുമ്പോൾ അതിൽ രാഷ്ട്രീയം കൂടി വരുന്നത് സയ്യിദ് മൗദൂദിയുടെ കുറ്റമല്ല.

Related Articles