Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ടാണ് ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നത് ?

രോഹിത് വെമുല, ദര്‍ശന്‍ സോളങ്കി,അനികേത് അംബോര്‍, പായല്‍ തദ്‌വി ഇവരെല്ലാം തമ്മിലുള്ള പൊതുവായ ബന്ധം എന്താണ് ? ഇവരെല്ലാം പട്ടികജാതി/പട്ടികവര്‍ഗ സമുദായത്തില്‍പ്പെട്ടവരായിരുന്നു. ഇവരെല്ലാം ആത്മഹത്യ ചെയ്തതായി കരുതപ്പെടുന്നു. ജാതി വിവേചനവും പീഡനവുമാണ് ഇവരുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നും ആരോപിക്കപ്പെടുന്നു.

ഐ.ഐ.ടികള്‍ മുതല്‍ സര്‍ക്കാര്‍ സര്‍വ്വകലാശാലകള്‍ വരെയുള്ള ഇന്ത്യയിലെ പ്രശസ്തമായ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരായിരുന്നു ഇവരെല്ലാം. പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയുടെ പ്രധാന കാരണം ജാതി വിവേചനം തന്നെയാണ്.

കഴിഞ്ഞ ഫെബ്രുവരി 25ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് രാജ്യത്തെ പ്രമുഖ കോളേജുകളിലെയും സര്‍വകലാശാലകളിലെയും ദളിത് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയെക്കുറിച്ച് സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ‘പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഈ കണക്കുകള്‍ വെറും സ്ഥിതിവിവരക്കണക്കുകള്‍ മാത്രമല്ല. ഇത് നൂറ്റാണ്ടുകളായി തുടരുന്ന ജീവിത പ്രതിസന്ധിയുടെ കഥകളാണ്’ ഐ.ഐ.ടി ബോംബെയിലെ ബി.ടെക് വിദ്യാര്‍ത്ഥി ദര്‍ശന്‍ സോളങ്കി ആത്മഹത്യ ചെയ്തതിനെ പരാമര്‍ശിച്ച് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഫെബ്രുവരി 12നാണ് സോളങ്കി തന്റെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

2014-2021 കാലയളവില്‍ ഐ.ഐ.ടി, ഐ.ഐ.എം, എന്‍.ഐ.ടി, മറ്റ് കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലായി 122 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഈ 122 പേരില്‍ 68 വിദ്യാര്‍ത്ഥികളും പ്രത്യേക സംവരണ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.

വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ള ഫാക്കല്‍റ്റികളോടും സമാനമായ വിവേചനം ഉള്ളതായി ആരോപണമുണ്ട്. 2022ല്‍ ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് കിരിത് പ്രേംഭായ് സോളങ്കിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി പാനല്‍ റിപ്പോര്‍ട്ടില്‍ എയിംസിലെ എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ ”അവരുടെ ജാതി കാരണം ആവര്‍ത്തിച്ച് പരീക്ഷകളില്‍ പരാജയപ്പെടുന്നു” എന്ന് കണ്ടെത്തിയിരുന്നു. രാജ്യസഭയില്‍ അവതരിപ്പിച്ച ഈ റിപ്പോര്‍ട്ടില്‍ ‘ഈ (എസ്സി/എസ്ടി) വിദ്യാര്‍ത്ഥികള്‍ സൈദ്ധാന്തികമായി വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും പ്രായോഗിക പരീക്ഷകളില്‍ പരാജയപ്പെട്ടതായി അടയാളപ്പെടുത്തുന്നത് പലപ്പോഴും കാണാറുണ്ട്’ എന്നും പരാമര്‍ശിക്കുന്നുണ്ട്.

സര്‍വകലാശാലകളില്‍ ഫാക്കല്‍റ്റി തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ ജാതി വിവേചനം നേരിടുന്നതായി പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ സമിതി റിപ്പോര്‍ട്ട് പറയുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്തുടനീളമുള്ള കേന്ദ്ര സര്‍വകലാശാലകളിലും ഐഐടികളിലും ഐഐഎമ്മുകളിലും 11,000-ലധികം പ്രൊഫസര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്.

മിഷന്‍ മോഡ് റിക്രൂട്ട്മെന്റിന് കീഴില്‍ കേന്ദ്ര സര്‍വ്വകലാശാലകളിലെ എസ്.സി, എസ്.ടി ഫാക്കല്‍റ്റി സീറ്റുകള്‍ നികത്തുമെന്ന അവകാശവാദങ്ങളെല്ലാം പൊള്ളയായി. ഒഴിവുള്ള ഫാക്കല്‍റ്റി തസ്തികകളില്‍ 30% മാത്രമാണ് നികത്തിയത്. 45 കേന്ദ്ര സര്‍വ്വകലാശാലകളില്‍ 33 സര്‍വ്വകലാശാലകളില്‍ എസ്സി/എസ്ടി വിഭാഗത്തിന് 1,097 ഒഴിവുകള്‍ മാത്രമാണുള്ളത്. എന്നാല്‍, ഇതില്‍ 212 തസ്തികകള്‍ മാത്രമാണ് നികത്തിയത്. ഒഴിവുള്ള തസ്തികകള്‍ കണ്ടെത്തിയിട്ടും 33 സര്‍വകലാശാലകളിലെ 18 എസ്.സി/എസ്ടി തസ്തികകള്‍ നികത്തുന്നതില്‍ പരാജയപ്പെട്ടു.

2021-ല്‍ ഐഐടി-മദ്രാസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ വിപിന്‍ പി വീട്ടില്‍ ‘ജാതി അടിസ്ഥാനത്തിലുള്ള വിവേചനം’ കാരണം ജോലി ഉപേക്ഷിച്ചു. 2019ല്‍ ‘മൂന്ന് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ പീഡനം’ കാരണം ടോപ്പിവാല നാഷണല്‍ മെഡിക്കല്‍ കോളേജ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ പായല്‍ തദ്‌വി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു. ഇത്തരം സ്ഥിതിവിവരക്കണക്കുകളെല്ലാം വ്യവസ്ഥാപിതമായ പിഴവുകളുടെ കഥ കൂടി പറയുന്നുണ്ട്.

‘കാലം മാറി’ എന്നോ ‘എനിക്ക് ദളിത് സുഹൃത്തുക്കളുണ്ട്, ഞങ്ങള്‍ ഒരേ ഗ്ലാസില്‍ നിന്നാണ് വെള്ളം കുടിക്കുന്നത്’ എന്നോ പറഞ്ഞ് ജാതി വിവേചനത്തെ തള്ളിക്കളയാനാവില്ല. ജനാബ് ഐസേ, കൈസേ? (സാര്‍ ഇങ്ങനെ, എങ്ങനെ?) എന്നായിരിക്കണം ഈ സ്ഥിതിവിവരക്കണക്കുകള്‍ മുന്‍നിര്‍ത്തി നമ്മോട് തന്നെ ചോദിക്കാന്‍ നിര്‍ബന്ധിതരാകേണ്ടത്.

അവലംബം: ദി ക്വിന്റ്
വിവ: സഹീര്‍ വാഴക്കാട്

Related Articles