Current Date

Search
Close this search box.
Search
Close this search box.

ആരായിരുന്നു ഇബ്രാഹിം റഈസി ?

അസര്‍ബൈജാനുമായി ചേര്‍ന്നുള്ള ഒരു അണക്കെട്ട് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി മരണസമയത്ത് ഇറാനിലെ ഏറ്റവും ശക്തനായ വ്യക്തികളില്‍ ഒരാളായിരുന്നു മാത്രവുമല്ല എല്ലാവരും ഭയപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു.

റഈസി എപ്പോള്‍, എവിടെ ജനിച്ചു ?

1960-ല്‍ ഇറാനിലെ കിഴക്കന്‍ നഗരമായ മഷാദിലെ ദരിദ്ര കുടുംബത്തിലായിരുന്നു ജനനം. അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള സിസ്താനിലും ബാലുചിസ്താന്‍ പ്രവിശ്യയിലും സ്ഥിതി ചെയ്യുന്ന സബോളില്‍ നിന്ന് കുടിയേറിയവരാണ് അദ്ദേഹത്തിന്റെ കുടുംബം. അഞ്ചാം വയസ്സില്‍, പിതാവിനെ നഷ്ടമായി. കുടുംബത്തെ സഹായിക്കുന്നതിനായി കുട്ടിക്കാലത്ത് ഷൂ പോളിഷറായും ഷൂ മേക്കറായും ജോലി ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.

കുട്ടിക്കാലത്ത്, വിശുദ്ധ നഗരമായ കോമിലെ ഒരു മതപാഠശാലയില്‍ ചേര്‍ന്നു. എന്നാല്‍, രണ്ട് വര്‍ഷത്തിനുള്ളില്‍ അവിടെ നിന്നും ഇറങ്ങി. 1979 ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ ഷാ മുഹമ്മദ് റെസ ഷാ പഹ്ലവിയെ അട്ടിമറിക്കുകയും യത്തുള്ള റുഹോള ഖമേനി പ്രവാസത്തില്‍ നിന്നും ഇറാനിലേക്ക് മടങ്ങുകയും ഇറാന്‍ പരമോന്നത നേതാവായി മാറുകയും ചെയ്ത സമയത്ത് അദ്ദേഹം നീതിന്യായ വകുപ്പില്‍ ചേര്‍ന്നു.

എങ്ങനെയാണ് ഇബ്രാഹിം റഈസി അധികാരത്തിലെത്തിയത് ?

1980-ല്‍ തെഹ്റാനില്‍ നിന്ന് 50 കിലോമീറ്റര്‍ പടിഞ്ഞാറുള്ള കരാജില്‍ ഒരു മുതിര്‍ന്ന ജുഡീഷ്യല്‍ ഉദ്യോഗസ്ഥനായി റഈസി നിയമിതനായി. അവിടെ നിന്ന് 1985-ഓടെ അദ്ദേഹം വിപ്ലവ തെഹ്റാന്‍ കോടതിയുടെ ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് എത്തി. അങ്ങിനെ അദ്ദേഹം ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അധികാര ശ്രേണിയിലൂടെ തന്റെ പടികള്‍ നടന്നുകയറി. ഇതില്‍ ഏറ്റവും പ്രധാനമായി, നാലംഗ തെഹ്റാന്‍ ഡെത്ത് കമ്മിറ്റിയിലെ അംഗമെന്ന നിലയില്‍, 1988-ല്‍ മാര്‍ക്സിസ്റ്റ്, ഇടതുപക്ഷ ഗ്രൂപ്പുകളും പീപ്പിള്‍സ് മുജാഹിദിന്‍ ഓര്‍ഗനൈസേഷന്റെ അംഗങ്ങളും ഉള്‍പ്പെടെ 2,000 മുതല്‍ 5,000 വരെ രാഷ്ട്രീയ തടവുകാരെയും ഭിന്നശേഷിക്കാരെയും കൂട്ടമായി വധിക്കാന്‍ ഉത്തരവിടുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇറാനും ഇറാഖും തീവ്രവാദികളായി മുദ്രകുത്തിയ ഒരു സംഘടനയായിരുന്നു ഇത്.
ഇത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍, അദ്ദേഹത്തിന് ‘ബുച്ചര്‍ ഓഫ് തെഹ്റാന്‍’ എന്ന വിളിപ്പേര് നേടിക്കൊടുത്തു, കൂടാതെ എച്ച്.ആര്‍.ഡബ്ല്യു, ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്നിവയുള്‍പ്പെടെയുള്ള മനുഷ്യാവകാശ ഗ്രൂപ്പുകളും അദ്ദേഹത്തിനെതിരെ അപലപനം രേഖപ്പെടുത്തി.

രാജ്യത്തെ വിപ്ലവത്തെ പിന്തുണയ്ക്കുന്നവര്‍ക്കെതിരായ ആക്രമണങ്ങള്‍ കണക്കിലെടുത്ത് 2018-ല്‍ അങ്ങിനെ കൂട്ട വധശിക്ഷ നടപ്പിലാക്കിയതെന്ന് 2018-ല്‍ റഈസി ന്യായീകരിച്ചു. അക്കാലത്ത് തെഹ്റാനില്‍ മാത്രം ‘വിപ്ലവ ശക്തികള്‍ക്കെതിരെ ഒരു ദിവസം 100 മുതല്‍ 120 വരെ കൊലപാതകങ്ങള്‍’ നടന്നിരുന്നുവെന്നും അതിനെതിരെ പോരാടുന്നത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. റഈസിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഒരു നിര്‍ണായക നിമിഷമായിരുന്നു അത്, 1989-ല്‍ ജുഡീഷ്യറി തലവന്‍ തെഹ്റാന്റെ പ്രോസിക്യൂട്ടറായി അദ്ദേഹത്തെ നിയമിക്കുന്നതിലേക്ക് ഇത് നയിച്ചു.

ഇബ്രാഹിം റഈസിയെക്കുറിച്ച് ആളുകള്‍ എന്താണ് കരുതിയിരുന്നത്?

2004-ല്‍, റഈസി ജുഡീഷ്യറിയുടെ ആദ്യ വൈസ് പ്രസിഡന്റായി നിയമിതനായി, 10 വര്‍ഷക്കാലം ആ പദവി വഹിച്ചു. എന്നാല്‍ റഈസിക്ക് തന്റെ അഭിലാഷങ്ങള്‍ വ്യക്തമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ഇറാന്റെ പ്രസിഡന്റാകുമെന്നതിന്റെ ഒരു സൂചനയുമില്ലാതെയാണ് ആ സ്ഥാനത്ത് എത്തിയതെന്നും പറയപ്പെടുന്നുണ്ട്. രാജ്യത്തിനകത്തെ അദ്ദേഹത്തിന്റെ പ്രശസ്തി അദ്ദേഹത്തിന്റെ വിശ്വാസ്യതയുടെ അടിസ്ഥാനത്തിലാണ് കുടികൊണ്ടത്. മാത്രവുമല്ല, എല്ലായ്‌പ്പോഴും അദ്ദേഹത്തോട് ആവശ്യപ്പെടുന്ന ചുമതലകള്‍ എതിര്‍പ്പില്ലാതെ സ്വീകരിക്കാറുണ്ടായിരുന്നു. 2014-ല്‍, അന്നത്തെ ജുഡീഷ്യറി ചീഫായിരുന്ന ആയത്തുള്ള സാദിഖ് അമോലി ലാരിജാനി അദ്ദേഹത്തെ പ്രോസിക്യൂട്ടര്‍ ജനറലായി തരംതാഴ്ത്തിയപ്പോള്‍, റഈസി യഥാര്‍ത്ഥ വെല്ലുവിളി നേരിട്ടു. ലാരിജാനിക്ക് റഈസിയുമായി നല്ല ബന്ധമുണ്ടായിരുന്നില്ല, അദ്ദേഹത്തെ ഒതുക്കാന്‍ ശ്രമിച്ചിരുന്നു, ഇത് ഒരു ഘട്ടത്തില്‍ റഈസി തെഹ്റാന്‍ പള്ളിയിലെ ഒരു സാധാരണ ഇമാമായി മാറുന്നതിലേക്ക് വരെ നയിച്ചു.

ഇബ്രാഹിം റഈസി ഒരു ആയത്തുള്ള ആയിരുന്നോ?

2016-ല്‍, പരമോന്നത നേതാവ് ആയത്തുള്ള ഖമേനി അദ്ദേഹത്തെ ഷിയായുടെ എട്ടാമത്തെ ഇമാമായ ഇമാം റെസയുടെ വിശുദ്ധ ദേവാലയത്തിന്റെ സൂക്ഷിപ്പുകാരനായി നിയമിച്ചപ്പോള്‍, റഈസിയുടെ തലവര അപ്രതീക്ഷിതമായി മാറിമറിഞ്ഞു. സമ്പന്നവും പ്രധാനപ്പെട്ടതുമായ സ്ഥാപനമായ മഷാദിലെ കമ്പനികളുടെ മേല്‍നോട്ടം അദ്ദേഹത്തിന് നല്‍കി. ഇത് അദ്ദേഹത്തെ ഇറാനിലെ ഏറ്റവും സ്വാധീനമുള്ള അഞ്ച് ഉദ്യോഗസ്ഥരിലെത്തിച്ചു.

‘മുതിര്‍ന്ന അയത്തുള്ളകള്‍ ആണ് മുമ്പ് ഈ സ്ഥാനം വഹിച്ചിരുന്നത്. അദ്ദേഹത്തെ പ്രമോട്ട് ചെയ്യുന്നതിനും മതവിഭാഗത്തില്‍ ഉയര്‍ന്ന സ്ഥാനം നല്‍കുന്നതിനുമായി ഉടന്‍ തന്നെ അദ്ദേഹത്തെ ആയത്തുള്ള എന്ന് വിളിക്കപ്പെട്ടു. എന്നിരുന്നാലും, ചില പരിഷ്‌കരണവാദികളായ പുരോഹിതന്മാര്‍ അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കണമോ എന്ന കാര്യത്തില്‍ തര്‍ക്കം ഉന്നയിച്ചു, കൂടാതെ അദ്ദേഹത്തിന് ആവശ്യമായ ആത്മീയ പാണ്ഡിത്യമോ പരിജ്ഞാനമോ അനുഭവമോ ഇല്ലെന്ന് വാദിച്ചു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനില്‍, ആത്മീയ പാണ്ഡിത്യത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട് – കൂടാതെ പരമോന്നത നേതാവാകാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ആദ്യം ആയത്തുല്ല ആകാതെ അത് ചെയ്യാന്‍ കഴിയില്ല.

ഇബ്രാഹിം റഈസി എപ്പോഴാണ് പ്രസിഡന്റായത്?

201 ല്‍, റഈസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും ഖമേനിയുടെയും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെയും സ്ഥാനാര്‍ത്ഥിയായി കണക്കാക്കപ്പെടുകയും ചെയ്തു, അത് അദ്ദേഹത്തിന്റെ പ്രചാരണത്തിന് വലിയ പിന്തുണയായി. മിതവാദിയായ ആത്മീയ പണ്ഡിതന്‍ ഹസന്‍ റൂഹാനി അദ്ദേഹത്തെ പരാജയപ്പെടുത്തി, വാക്കാലുള്ള കഴിവുകള്‍ കൊണ്ട് കാര്യമായ പ്രഹരങ്ങള്‍ നല്‍കാന്‍ ഇതിലൂടെ റൂഹാനിക്ക് കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ അദ്ദേഹത്തെ പ്രത്യേകിച്ച് ‘അയത്തുള്ള കൂട്ടക്കൊല’ എന്ന് വിളിച്ചു. 1988-ലെ വധശിക്ഷകളെക്കുറിച്ചുള്ള പരാമര്‍ശം അദ്ദേഹത്തിന്റെ പരാജയത്തിന് കാരണമായിരുന്നിരിക്കാം.

2017ല്‍, ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുക്കുകയും 2015-ല്‍ റൂഹാനിയുമായുള്ള ആണവ കരാര്‍ പ്രകാരം പിന്‍വലിച്ച ഉപരോധം വീണ്ടും ഏര്‍പ്പെടുത്തുകയും ചെയ്തു.
ഇറാന്റെ സമ്പദ്വ്യവസ്ഥ ചുരുങ്ങാന്‍ തുടങ്ങിയതോടെ, രാജ്യത്തെ പരിഷ്‌കരണവാദികള്‍ക്ക് സ്വാധീനം നഷ്ടപ്പെടാന്‍ തുടങ്ങി. പിന്നാലെ പ്രിന്‍സിപ്പിലിസ്റ്റുകള്‍, തീവ്ര നിലപാടുള്ളവര്‍ എന്നറിയപ്പെടുന്ന ഒരു രാഷ്ട്രീയ സംഘം ഇവരെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള അവസരം ഉപയോഗിച്ചു.

2021ല്‍ റഈസി വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. ഇത്തവണ, സ്ഥാനാര്‍ത്ഥികളെ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ ഗാര്‍ഡിയന്‍ കൗണ്‍സില്‍, മിതവാദികളെയും പരിഷ്‌കരണവാദികളെയും മത്സരത്തില്‍ നിന്ന് വിലക്കി, ഇത് റഈസിയുടെ വിജയം എളുപ്പമാക്കി. എന്നാല്‍ യോഗ്യരായ 59 ദശലക്ഷത്തിലധികം വോട്ടര്‍മാരില്‍ 48.8 ശതമാനം മാത്രമാണ് വോട്ട് ചെയ്തത്. ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റെക്കോര്‍ഡ് കുറവ് പോളിങ് ആയിരുന്നു ഇത്.

പ്രചാരണ വേളയില്‍, പണപ്പെരുപ്പം കുറയ്ക്കുമെന്നും ഇന്റര്‍നെറ്റ് വേഗത വര്‍ദ്ധിപ്പിക്കുമെന്നും അഴിമതിക്കെതിരെ പോരാടുമെന്നും റഈസി ഉറപ്പുനല്‍കി. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഈ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. പകരം, സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള എല്ലാ സോഷ്യല്‍ നെറ്റ്വര്‍ക്കുകളും നിരോധിച്ചു, ഇസ്ലാമിക് റിപ്പബ്ലിക് അതിന്റെ ഏറ്റവും വലിയ 2.7 ബില്യണ്‍ ഡോളര്‍ ഉള്‍പ്പെടുന്ന അഴിമതി കേസുകളില്‍ ചിലതിന് സാക്ഷ്യം വഹിച്ചു.

മാത്രമല്ല, ഇറാന്റെ സദാചാര പോലീസ് ഒരിക്കല്‍ കൂടി അതിന്റെ നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. 2022-ല്‍ സേനയുടെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി (22) മരിച്ചപ്പോള്‍, അത് ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ ഇറാനിലുടനീളം വലിയ ജനകീയ പ്രതിഷേധത്തിന് കാരണമാവുകയും പിന്നാലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു.

ഇസ്രായേല്‍, റഷ്യ, സൗദി അറേബ്യ എന്നിവരോടുള്ള റഈസിയുടെ നിലപാട് ?

ഇറാന് അപ്പുറം,റഈസി ഇസ്രായേലിനോട് കടുത്ത എതിര്‍പ്പ് തുടര്‍ന്നു, 2021 മെയില്‍ ഇസ്രായേലിനെതിരായ പോരാട്ടത്തിന് ഹമാസിന്റെ മുന്നണിയായ ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സിനെ പിന്തുണച്ചു. ‘ഫലസ്തീനിന്റെ വീരോചിതമായ ചെറുത്തുനില്‍പ്പ് അധിനിവേശ സയണിസ്റ്റ് ഭരണകൂടത്തെ രാജ്യത്തെ നിന്ന് പുറത്താക്കാനും വിശുദ്ധ ഖുദ്സിനെ മോചിപ്പിക്കുക എന്ന ഉന്നതമായ ആദര്‍ശത്തിലേക്ക് മറ്റൊരു ചുവടുവെയ്ക്കാനും നിര്‍ബന്ധിതരാക്കി,’ റഈസി പറഞ്ഞു.

തന്റെ ഭരണത്തിലര്‍ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ആഗ്രഹവും അദ്ദേഹം പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഇറാന്‍ അതിന്റെ പ്രാദേശിക മുഖ്യ എതിരാളിയായ സൗദി അറേബ്യയുമായി നയതന്ത്രബന്ധം പുനരാരംഭിച്ചു. ഇതിന് താല്‍പര്യമെടുത്തത് റഈസിയെക്കാള്‍ ഖമേനിയുടെ തീരുമാനങ്ങളായിരുന്നു.

അതുപോലെ, യു.എസ് സേനയെ തുരത്താന്‍ ആഗ്രഹിക്കുന്ന ഇറാന്റെ പ്രാദേശിക സഖ്യകക്ഷികളുടെ സഖ്യമായ ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സിനെ അദ്ദേഹം പരസ്യമായി പിന്തുണച്ചു. അതില്‍ സിറിയ, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി പ്രസ്ഥാനം, ഹമാസ്, ഇസ്ലാമിക് ജിഹാദ്, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുള്‍പ്പെടെയുള്ള ഫലസ്തീന്‍ ഗ്രൂപ്പുകളും ഉള്‍പ്പെടുന്നു. ഫലസ്തീന്‍ വിമോചനം എന്നത് പ്രസിഡന്റിനേക്കാള്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ കീഴിലുള്ള ഇസ്ലാമിക് റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്റെയും ഖമേനിയുടെയും കാഴ്ചപ്പാടായിരുന്നു.

തന്റെ കാലയളവില്‍, റഷ്യയുമായും ചൈനയുമായും ബന്ധം ശക്തിപ്പെടുത്താന്‍ റഈസി ശ്രമിച്ചു, അദ്ദേഹം ബീജിംഗും മോസ്‌കോയും സന്ദര്‍ശിച്ചു. ക്രെംലിനുമായുള്ള സൈനിക സഹകരണവും അദ്ദേഹം വര്‍ദ്ധിപ്പിച്ചു. ഇത് ഉക്രെയ്ന്‍ യുദ്ധത്തില്‍ ഉപയോഗിക്കുന്നതിനായി ഇറാന്‍ ചാവേര്‍ ഡ്രോണുകള്‍ പുടിന് വില്‍ക്കുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായി.

‘റഈസി, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഭാര്യ പിതാവ് അലെമാല്‍ഹോദക്കും അദ്ദേഹത്തിന് ചുറ്റുമുള്ള കടുത്ത അനുയായികള്‍ക്കും, റഈസിയെക്കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു, രാജ്യത്തിന്റെ അടുത്ത പരമോന്നത നേതാവായി അവര്‍ അദ്ദേഹത്തെയാണ് കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം ചരിത്രമായി. ഒരു പക്ഷേ, ഇറാനെ ദൈവം രക്ഷിച്ചതായിരിക്കാം’. റഈസിയുടെ മരണവാര്‍ത്ത അറിഞ്ഞ ഇറാനിലെ യാഥാസ്ഥിതിക ക്യാമ്പില്‍ നിന്നുള്ള പ്രതികരണം ഇങ്ങിനെയായിരുന്നു എന്നാണ് മിഡിലീസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തത്.

 

അവലംബം: മിഡിലീസ്റ്റ് ഐ
വിവ: പി.കെ സഹീര്‍ അഹ്‌മദ്

Related Articles