Current Date

Search
Close this search box.
Search
Close this search box.

ചരിത്രത്തെ വില്‍ക്കുന്നവര്‍

മൂസാ പ്രവാചകന്‍ ഏകദേശം 3500 വർഷം മുമ്പാണ് ജീവിച്ചിരുന്നത്. മൂസയുടെ വടി അദ്ദേഹത്തിനു അല്ലാഹു നല്‍കിയ ഒരു അമാനുഷികതയാണ്. അദ്ദേഹത്തിന്റെ മരണം വരെ അത് അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകണം. മൂസാ പ്രവാചകന്‍ മരണപ്പെടുന്നത് ഇസ്രായേല്‍ സമൂഹം വാഗ്ദത്ത ഭൂമിയില്‍ നാല്പത് വര്ഷം ഗതികിട്ടാതെ അലഞ്ഞു നടന്ന സമയത്തായിരുന്നു എന്നാണ് പൊതുവില്‍ മനസ്സിലാക്കപ്പെടുന്നത്‌. പിന്നീട് മൂസയുടെ വടിക്ക് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് നമുക്കറിയില്ല. പക്ഷെ അത് തന്റെ കയ്യിലുണ്ടെന്ന് ഒരാള്‍ പറഞ്ഞാല്‍ ഇടം വലം നോക്കാതെ അത് അംഗീകരിക്കാന്‍ കേരളത്തിലെ പ്രബുദ്ധ സമൂഹം തയ്യാറാകുന്നു എന്നത് നമ്മെ അല്ഭുതപ്പെടുത്തണം.

യേശുവിനെ ഒറ്റിക്കൊടുക്കാന്‍ വേണ്ടി യൂദാസ് വാങ്ങിയ മുപ്പതു വെള്ളിക്കാശ്, പ്രവാചകന്‍ കൈകൊണ്ടു നിര്‍മ്മിച്ച വിളക്ക് അങ്ങിനെ പോകുന്നു തട്ടിപ്പിന്റെ രൂപങ്ങള്‍. ഭാരതീയ പുരാണങ്ങളിലും ഉപനിഷത്തുകളിലും അതുപോലെ ഇതിഹാസ കൃതികളിൽ ഒന്നായ മഹാഭാരതത്തിലും വളരെ പ്രാധാന്യത്തോടെ പരാമർശിക്കുന്ന ഒരു കഥാപാത്രമാണ് ശ്രീകൃഷ്ണൻ. അദ്ദേഹത്തിന്റെ ചരിത്രപരത ഇനിയും അറിഞ്ഞിട്ട് വേണം. പക്ഷെ അദ്ദേഹത്തിന്റെ കാലത്ത് അദ്ദേഹം ഉപയോഗിച്ച പാത്രങ്ങളുടെ ശേഖരണങ്ങളും ഇപ്പോള്‍ ലഭ്യമാണ്. ഭക്തിയും ചരിത്രവും കൂട്ടിക്കുഴക്കുക എന്നതാണ് തട്ടിപ്പിന്റെ പുതിയ രൂപങ്ങള്‍.

പുരാവസ്തുക്കള്‍ പുണ്യം എന്നതിനേക്കാള്‍ അതൊരു കാലത്തിന്റെ ചരിത്രം കൂടിയാണ്. ആ കാലഘട്ടത്തെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും അത്തരം വസ്തുക്കള്‍ ഉപകാരപ്പെടുന്നു. മൺമറഞ്ഞു പോയ നമ്മുടെ ഭൂതകാലത്തെക്കുറിച്ച് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പഠിക്കുന്ന ശാസ്ത്രമേഖലയാണ് പുരാവസ്തുശാസ്ത്രം. സംസ്കാരങ്ങളുടെ അവശേഷിപ്പുകളെ കണ്ടെത്തുകയും പിന്നീട് ഖനനം ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കുകയും അതിനെ പഠനവിധേയമാക്കുകയുമാണ് പുരാവസ്തുഗവേഷകർ ചെയ്യുന്നത്.

പുരാവസ്തു കൈവശം വെക്കല്‍ ഒരു അംഗീകാരായി പലരും കരുതുന്നു. അത് കൊണ്ട് തന്നെ അതിനു വേണ്ടി എത്ര പണം ചിലവഴിക്കാനും അവര്‍ തയ്യാറാകുന്നു. മറ്റു ചിലര്‍ക്ക് പുരാവസ്തു എന്നത് ഭക്തിയുടെ കൂടി കാര്യമാണ്. തങ്ങള്‍ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തികളുമായി ബന്ധപ്പെട്ടു വരുന്ന എന്തും അവര്‍ ചോദ്യം ചെയ്യാതെ അംഗീകരിക്കും. അത് മുതലെടുത്ത്‌ പലരും സാമ്പത്തിക ലാഭം കൊയ്യുന്നു. ഉദാഹരണം ബദര്‍ ഒരു ചരിത്രമാണ്‌. അത് കൊണ്ട് തന്നെ ബദര്‍ എന്ന സ്ഥലത്തിന് ചരിത്ര പ്രാധാന്യമുണ്ട്. ചരിത്ര സ്ഥലം എന്ന നിലയില്‍ ബദര്‍ സന്ദര്‍ശനം പ്രോത്സാഹനം നല്‍കേണ്ടതാണ്. അതിലപ്പുറം ബദറിലെ മണ്ണിന്റെയും പുല്ലിന്റെയും പുണ്യമാണ് പലര്‍ക്കും പ്രാധാന്യം. പ്രവാചകന്‍ ജനിച്ച സ്ഥലത്ത് ഒരു പള്ളിയുണ്ടായിരുന്നു. കഅബയെക്കാള്‍ പ്രാധാന്യം അതിനു വരുന്നു എന്ന കാരണത്താല്‍ അത് പൊളിച്ചു കളഞ്ഞത്രേ. ചരിത്രത്തില്‍ നിന്നും ഭക്തിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ അത് വിശ്വാസത്തിലും സാമ്പത്തിക ചൂഷണത്തിലുമാകും അവസാനിക്കുക.

തട്ടിപ്പിന് പിടിക്കപ്പെട്ട വ്യക്തി എത്ര മനോഹരമായാണ് ചരിത്രത്തെ ന്നുണ കൊണ്ട് പൊതിയുന്നത്. പ്രവാചകനുമായി ബന്ധപ്പെട്ട എന്തും തെളിവുകളുടെ അടിസ്ഥാനത്തിലാണ് അംഗീകരിക്കപ്പെടുക. മുമ്പ് കേരളം ചര്‍ച്ച ചെയ്ത “ തിരുകേശം” അതിന്റെ ഭാഗമാണ്. പ്രബുദ്ധ കേരളം ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. മൂസയുടെ വടിയും ശ്രീകൃഷ്ണന്റെ പാത്രവും പ്രവാചകന്റെ വിളക്കും ഒരു സംശയത്തിനും ഇടവരാതെ വിശ്വസിക്കാന്‍ കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥ രാഷ്ട്രീയ വൃത്തം തയ്യാറാകുന്നു എന്നത് തുറന്നു കാണിക്കുന്നത് നമ്മുടെ ജാഗ്രത കുറവും പ്രബുദ്ധത കുറവുമാണ്. ഇത്തരം നടപടികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരേണ്ട സര്‍ക്കാര്‍ സന്നാഹങ്ങള്‍ അതിന്റെ ഭാഗമാകുമ്പോള്‍ നാമാരെയാണ് സഹായത്തിനു സമീപിക്കുക?.

വിശ്വാസവും ചരിത്രവും തമ്മില്‍ ബന്ധമുണ്ട്. അത് ചരിത്രത്തില്‍ അവസാനിക്കണം. അതിനെ വിശ്വാസത്തിലേക്ക് കടത്തി കൊണ്ട് വന്നാല്‍ അതൊരു ദുരന്തമാകും.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles