Your Voice

ആരാണ് രക്തസാക്ഷി ?

മുഹമ്മദ് മുര്‍സിയെ രക്തസാക്ഷി എന്ന് വിളിച്ചതാണ് പലരെയും ചൊടിപ്പിച്ചത്. ഒരു രാഷ്ട്രീയക്കാരന്‍ എങ്ങിനെ ഇസ്‌ലാമിലെ ശഹീദാകും എന്നതാണ് പലര്‍ക്കും അത്ഭുതം. ശഹീദ് അല്ലെങ്കില്‍ രക്തസാക്ഷി എന്നത് ഒരു മതപരമായ പ്രയോഗമാണ്. അതിനെ രാഷ്ട്രീയവല്‍ക്കരിക്കുക എന്നത് മത ാഷ്ട്രവാദമാണ്. പലരും ആ രീതിയിലാണ് വിമര്‍ശനം ഉയര്‍ത്തിയത്.

ആരാണ് രക്തസാക്ഷി. സ്വന്തം ആദര്‍ശമോ ധര്‍മമോ സംരക്ഷിക്കാന്‍ വേണ്ടി പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നയാള്‍, അങ്ങിനെ മരണം വരിച്ചയാള്‍. അതാണ് പൊതു ധാരയിലുള്ള രക്തസാക്ഷി. രക്തസാക്ഷി എന്നത് മത രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരിലുമുണ്ട്. ‘രക്തസാക്ഷി മരിക്കുന്നില്ല. ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്നത് കേരളക്കാര്‍ കേട്ട് മടുത്ത മുദ്രാവാക്യമാണ്. പല രാഷ്ട്രീയ പാര്‍ട്ടികളുടെയും അടിസ്ഥാനം തന്നെ രക്തസാക്ഷികളാണ്. പേരില്‍ വ്യത്യസ്തമാണെങ്കിലും മറ്റുള്ളവര്‍ക്കും രക്തസാക്ഷികളുണ്ട്. അതെ സമയം ഇസ്ലാമിലെ രക്തസാക്ഷി കൊണ്ട് ഉദ്ദേശിക്കുന്നത് ദൈവിക മാര്‍ഗത്തില്‍ ജീവന്‍ വെടിഞ്ഞവരെയാണ്. എന്നാല്‍, പല രോഗങ്ങള്‍ കൊണ്ട് മരിച്ചവരും മുങ്ങി മരിച്ചവരും മറ്റും ആ ഗണത്തില്‍ പെടുന്നു എന്നതും ഹദീസുകളില്‍ കാണാം. ‘ശഹീദ്’ എന്ന പദം കേള്‍ക്കുമ്പോള്‍ ആദ്യമായി കടന്നു വരിക ആദ്യം പറഞ്ഞത് തന്നെയാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരണപ്പെട്ടവര്‍ എന്ന് പറയരുത് എന്നതാണ് ഖുര്‍ആന്‍ പറയുന്നത്. നേരത്തെ പറഞ്ഞതില്‍ നിന്നും ഭിന്നമായി അവര്‍ അല്ലാഹുവിന്റെ അരികില്‍ ജീവിച്ചിരിക്കുന്നു എന്നതാണ്. അവരുടെ ജീവിതം ഭാവി തലമുറയ്ക്ക് പ്രചോദനമാണ്.

ജീവന്‍ നഷ്ടമാകും എന്ന ഉറപ്പില്‍ തന്നെയാണ് രക്തസാക്ഷികള്‍ മുന്നോട്ടു പോകാറ്. അങ്ങിനെ സംഭവിച്ചാല്‍ അതൊരു ദുരന്തമായി കാണാതെ അതൊരു അനുഗ്രഹമായി ഇസ്ലാമിലെ രക്തസാക്ഷികള്‍ കാണുന്നു. ഇസ്‌ലാമിലെ ആദ്യ രക്തസാക്ഷി ഒരു സ്ത്രീയാണ്. പിന്നീട് ഒരുപാട് രക്തസാക്ഷികളുണ്ടായി. ഇസ്ലാമിലെ അധികം രക്തസാക്ഷികളും രൂപപ്പെട്ടത് യുദ്ധമുഖത്താണ്. യുദ്ധം ഒരു രാഷ്ട്രീയ വിഷയമാണ്. യുദ്ധം ചെയ്യാന്‍ പ്രവാചകന് അനുമതി ലഭിച്ചത് തന്നെ മദീനയില്‍ വെച്ച് കൊണ്ടാണ്. അപ്പോള്‍ ഇസ്ലാമില്‍ അധികവും രാഷ്ട്രീയ രക്തസാക്ഷികളാണ്. സാധാരണ ചിലര്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ കൊല്ലപ്പെടുന്നവരെ ശഹീദ് എന്ന് വിശേഷിപ്പിക്കുന്നു. ഇസ്ലാമിക സമൂഹത്തില്‍ പരസ്പരം പോരാടി മരിച്ചവരെ ആ രീതിയിലേക്ക് ഉയര്‍ത്തിയതായി നമുക്കറിയില്ല.

മുര്‍സി എന്തിനു വേണ്ടി കൊല്ലപ്പെട്ടു എന്നതാണ് ഇവിടുത്തെ ചോദ്യം. സാങ്കേതികത്വത്തില്‍ അദ്ദേഹത്തെ ആരും കൊന്നതല്ല. അദ്ദേഹം കുഴഞ്ഞു വീണു മരിച്ചതാണ്. പിന്നെ എങ്ങിനെ ശഹീദാകും എന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നു. എന്തിനു വേണ്ടിയാണ് മുര്‍സിയെ തടവിലാക്കിയത്. അല്ലെങ്കില്‍ അതിനു മാത്രം എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്. 30 കൊല്ലത്തെ ഹുസ്‌നി മുബാറക്കിന്റെ കിരാത ഭരണത്തിന് അറുതി വരുത്തി എന്നതാണ് ഈജിഷ്യന്‍ ജനത ചെയ്ത തെറ്റ്. അതിനു ആ ജനത ഒന്നിച്ചാണ് നേതൃത്വം നല്‍കിയത്. അതിനു ശേഷം നടന്ന ആദ്യ ജനകീയ തെരഞ്ഞെടുപ്പില്‍ ജനമാണ് മുര്‍സിയെ തെരഞ്ഞെടുത്തത്. മുബാറക് ഭരണം കൊണ്ട് ആ രാജ്യം ദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നു. ഒരിക്കല്‍ ഈജിപ്ത് സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. യാചന അവിടുത്തെ ഒരു സ്ഥിരം കാഴ്ചയാണ്.
അതിന്റെ കാരണം ആരെന്ന ചോദ്യത്തിനാണ് ജനം അന്ന് മറുപടി നല്‍കിയത്. ഈജിപ്തില്‍ രൂപം കൊണ്ട ജനാധിപത്യം പലരുടെയും ഉറക്കം കെടുത്തി. അവര്‍ ഒന്നിച്ചാണ് മുര്‍സിയെ താഴെ ഇറക്കിയത്. ഈജിപ്തിനെ പുതിയ ജനാധിപത്യ കാലഘട്ടത്തിലേക്ക് നയിക്കാനുള്ള മിതമായ ഇസ്ലാമിക അജണ്ട മുര്‍സി വാഗ്ദാനം ചെയ്തു എന്നാണു വിദേശ മാധ്യമങ്ങള്‍ പറയുന്നത്.

ഉദ്യോഗസ്ഥ രംഗം കൂടുതല്‍ സുതാര്യമാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. നീതിയുക്തമായ ഒരു ഭരണം കൊണ്ടുവരിക എന്നത് ബ്രദര്‍ഹുഡ് തെരഞ്ഞെടുപ്പ് സമയത്ത് ജനത്തിന് നല്‍കിയ വാഗ്ദാനമായിരുന്നു. പിന്നീട് നാം കാണുന്നത് ഈജിപ്ഷ്യന്‍ തെരുവുകളില്‍ നിറയുന്ന ജനക്കൂട്ടത്തെയാണ്. ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്ന സൈന്യവും മറ്റുള്ളവരും ഒത്തു ചേര്‍ന്നപ്പോള്‍ മുര്‍സി വീണു. 30 കൊല്ലം മുബാറക് ഭരിച്ചു നശിപ്പിച്ച നാട് ഒരു വര്‍ഷം കൊണ്ട് തകര്‍ന്നു എന്ന രീതിയിലായിരുന്നു പിന്നെ പ്രചാരണം. ഒരുപാട് കളവുകള്‍ അദ്ദേഹത്തിന്റെ പേരില്‍ ചാര്‍ത്തി. ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാവുന്ന ശുദ്ധ നുണകള്‍. നീതിയുക്തമായ ഒരു ഭരണക്രമത്തിന് ശ്രമിച്ചു എന്നതാണ് മുര്‍സിയുടെ നേരെ ഉന്നയിക്കുന്ന ഒന്നാമത്തെ ആരോപണം. അത് ഇസ്ലാമാണ് എന്നത് കൊണ്ട് തന്നെയാണ് മുര്‍സി രക്തസാക്ഷികളുടെ ഗണത്തില്‍ പെടുന്നതും. വിശ്വാസത്തോടെ ദൈവിക മാര്‍ഗത്തില്‍ അടിയുറച്ചു നിന്ന് നടത്തുന്ന എന്തും അവസാനിക്കുക രക്‌സ്തസാക്ഷിത്വത്തില്‍ തന്നെ എന്നതില്‍ ഇസ്ലാമിന് സന്ദേഹമില്ല.

ഒരര്‍ത്ഥത്തില്‍ അദ്ദേഹം ഭാഗ്യവാനാണ്. ഇരുട്ടിനെതിരെയുള്ള തന്റെ പോരാട്ടത്തിനിടയില്‍ തന്നെ അദ്ദേഹത്തിന് ജീവന്‍ നല്‍കാന്‍ കഴിഞ്ഞു. മുര്‍സിയുടെ ഭരണത്തിലെ ഒന്നാം ദിവസം മുതല്‍ അറബ് മാധ്യമങ്ങള്‍ എങ്ങിനെ പ്രതികരിച്ചു എന്ന് ശ്രദ്ധിച്ചാല്‍ ഇപ്പോള്‍ നടന്നത് ഒരു അത്ഭുതമായി നമുക്ക് തോന്നില്ല.

Facebook Comments
Related Articles
Show More
Close
Close