Current Date

Search
Close this search box.
Search
Close this search box.

ഇമാം ഹംബലിനു ഖലീഫയെ ചോദ്യം ചെയ്യാന്‍ ധൈര്യം നല്‍കിയത് ?

ഖലീഫ മഅ്മൂന്‍ ഒരു കല്‍പ്പന കൊണ്ട് വന്നു. ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണ്. ഇനി മുതല്‍ നാട്ടില്‍ ഖുര്‍ആനെ കുറിച്ച് അങ്ങിനെയേ പറയാവൂ. അദ്ദേഹം ഈ വിവരം അറിയിച്ചത് ഗവര്‍ണര്‍മാര്‍ക്കാണ്. നാട്ടിലെ പണ്ടിതരെയും ഈ വിവരം അറിയിച്ചു. അബ്ബാസി കാലത്തിന്റെ ആരംഭ കാലത്ത് പല ഗ്രീക്ക് കൃതികളും അറബിയിലേക്ക് മൊഴിമാറ്റം വരുത്തി എന്ന് പറയപ്പെടുന്നു. ഇത്തരം ചിന്തകള്‍ അവിടെ നിന്നും ഉയര്‍ന്നു വന്നതാണ്‌. നാട്ടില്‍ അന്ന് മറ്റൊരു വിഭാഗം കൂടിയുണ്ടായിരുന്നു. “മുഅതസലീയ വിഭാഗം” ഇത്തരം ചിന്തകള്‍ക്ക് ഊര്‍ജം നല്‍കിയത്. അവരുടെ സ്വാദീനം ഖലീഫയെ ഇത്തരം അനിസ്ലാമിക ചിന്തകളിലേക്ക് കൊണ്ട് പോയി.

Also read: കുപ്പിച്ചില്ലും വജ്രക്കല്ലും

വിവരം അഹ്മദ് ബിന്‍ ഹംബലിന്റെ ചെവിയിലുമെത്തി. അദ്ദേഹവും ചുരുക്കം ചില പണ്ഡിതരും ശരിയായ നിലപാടില്‍ ഉറച്ചു നിന്നു. തന്നെ എതിര്‍ക്കുന്നവരെ അതി കഠിനമായി നേരിടാന്‍ തന്നെ ഖലീഫ തീരുമാനിചു. അല്ലാഹു ഖുര്‍ആന്‍ ഇറക്കി, ജനത്തെ പഠിപ്പിച്ചു എന്നല്ലാതെ ഒരിടത്തും അവന്‍ ഖുര്‍ആന്‍ സൃഷ്ടിച്ചു എന്ന് പറഞ്ഞിട്ടില്ല എന്ന വാദത്തില്‍ ഇമാം ഉറച്ചു നിന്നു. ഖലീഫ മഅമൂന്‍ അദ്ദേഹത്തെ നേരില്‍ കൊണ്ട് വരാന്‍ ഉത്തരവിട്ടു. ഇമാം ബാഗ്ദാദില്‍ എത്തുന്നതിനു മുമ്പ് തന്നെ ഖലീഫ ഈ ലോകത്തോട് വിട പറഞ്ഞു. ശേഷം വന്ന ഖലീഫമാര്‍ മുന്‍ഗാമിയുടെ വാദത്തില്‍ ഉറച്ചു നിന്നു. ഇമാം തന്റെ വാദത്തിലും. മനുഷ്യത്വം മരവിക്കുന്ന രീതിയിലാണ് ഭരണകൂടം ഇമാമിനെ കൈകാര്യം ചെയ്തത്. ഒരിക്കല്‍ പോലും തന്റെ നിലപാടില്‍ നിന്നും ഇമാം പിറകോട്ടു പോയില്ല. അവസാനം ഭരണകൂടത്തിനു തോല്‍വി സമ്മതിക്കേണ്ടി വന്നു. അന്ന് ഇമാം ശരിയായ നിലപാടില്‍ ഉറച്ചു നിന്നില്ലായിരുന്നുവെങ്കില്‍ അതുണ്ടാക്കാന്‍ സാധ്യതയുണ്ടായിരുന്ന കാര്യം നാം ചിന്തിച്ചാല്‍ മതി.

പറഞു വരുന്നത് ഭരണാധികാരികള്‍ എന്നും ഭയക്കുന്ന വിഭാഗമാണ് ഇസ്ലാമിലെ പണ്ഡിതര്‍. അത് കൊണ്ട് എന്നും പണ്ഡിതരെ പാട്ടിലാക്കാന്‍ ഭരണകൂടം ശ്രമം തുടരും. ഇസ്ലാമിക ചരിത്രത്തില്‍ ഭരണകൂടം എന്നും കണ്ണിലെ കരടായി കണ്ടത് അവരെ തന്നെയാണ്. ജനങ്ങളെ പെട്ടെന്ന് സ്വാദീനിക്കാന്‍ കഴിയുന്നു എന്നതാണു അവരുടെ പ്രത്യേകത. അത് കൊണ്ട് തന്നെ പണ്ഡിതര്‍ ഭരണ കൂടങ്ങളില്‍ നിന്നും അകന്നു ജീവിച്ചു. അന്നും കൊട്ടാരം പണ്ഡിതര്‍ ജീവിച്ചിരുന്നു. രാജാവിന് ആവശ്യമുള്ളപ്പോള്‍ അവര്‍ വിധികള്‍ നല്‍കിക്കൊണ്ടിരുന്നു. അവരാണ് ഇമാം ഹംബലിനെ പീഡിപ്പിക്കാന്‍ കൂട്ട് നിന്നതും.

പണ്ഡിതര്‍ സമുദായത്തിന് അറിവ് നല്‍കുന്നവര്‍ മാത്രമല്ല, അവര്‍ക്ക് ദിശാ ബോധം കൂടി നല്‍കുന്നവരാണ്. പ്രതികൂല സാഹചര്യങ്ങളെ എങ്ങിനെ നേരിടണം എന്നും അവര്‍ പഠിപ്പിക്കുന്നു. പ്രവാചകരുടെ അനന്തരം ഏറ്റെടുത്തവര്‍ എന്നും പ്രവാചകന്‍ അവരെ കുറിച്ച് പറഞ്ഞിട്ടുണ്ട്. പ്രവാചകന്മാര്‍ ദിര്‍ഹമോ ദീനാറോ വിട്ടേച്ചു പോയില്ല പകരം അവര്‍ വിട്ടേച്ചു പോയത് ജ്ഞാനവും സംസ്കാരവുമാണ്‌ എന്നും പ്രവാചകന്‍ ചേര്‍ത്തു പറഞ്ഞു. ഇതു രണ്ടുമാണ് പണ്ടിതരില്‍ നിന്നും സമൂഹത്തിനു ലഭിക്കേണ്ടത്. പക്ഷെ അതാണോ ഇന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

വൈജ്ഞാനിക വ്യതിരക്തത പണ്ഡിതരുടെ അവകാശമാണ്. വിവരമുള്ളവര്‍ അവരുടെ വിവരത്തിനു അനുസരിച്ച് ചിന്തിക്കുന്നു. അവര്‍ എത്തിച്ചേരുന്ന തലങ്ങളും വ്യത്യസ്ഥമാകും. ആ വ്യത്യസ്തതയുടെ ഉദാഹരണമാണ് രണ്ടാം നൂറ്റാണ്ടിലെയും മൂന്നാം നൂറ്റാണ്ടിലെയും പണ്ഡിതര്‍. “അവന്‍ ഇച്ഛിക്കുന്നവര്‍ക്കു ജ്ഞാനം നല്‍കുന്നു. ജ്ഞാനം ലഭിച്ചവനോ, അവനു മഹത്തായ സമ്പത്ത് ലഭിച്ചുകഴിഞ്ഞു. ബുദ്ധിമാന്മാര്‍ മാത്രമേ ഈ വചനങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയുള്ളൂ.” സൂറ: അല്‍ ബഖറയിലെ വചനത്തെ വശദീകരിച്ചു കൊണ്ട് എന്താണ് “ ഹിക്മത്ത്” എന്ന് ഇങ്ങിനെ വായിക്കാം . “ ഇത് പ്രവാചകന്മാരുമായി ചേര്‍ത്ത് പറഞ്ഞ ഹിക്മത്തല്ല. ദീനിനെ കുറിച്ച ശരിയായ ജ്ഞാനം എന്നാണു ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന നിലപാടുകളെ ശരിയാം വണ്ണം ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമാണ് ഒരാള്‍ പണ്ഡിതന്‍ എന്ന അവസ്ഥയിലേക്ക് എത്തി ചേരുന്നത്. പിന്നെ അയാളുടെ നിലപാടുകള്‍ ഖുര്‍ആനിന്റെ നിലപാട് മാത്രമായി ചുരുങ്ങും. തന്നെയും തന്റെ ചുറ്റുമുള്ള ജനത്തെയും ശരിയായ വഴിയിലൂടെ നയിക്കുക എന്നതു മാത്രമായി അവരുടെ ഉദ്ദേശ്യം ചുരുങ്ങും.”

അല്ലാഹുവിന്റെ അടിമകളില്‍ അല്ലാഹുവിനെ ഭയക്കുന്നത് പണ്ഡിതര്‍ മാത്രമാണ് എന്ന വചനത്തെ കുറിച്ച് ഇബ്നു ഉമര്‍ ( റ ) പറഞ്ഞത് ഇങ്ങിനെ “ പണ്ഡിതന്‍ ഒരിക്കലും അല്ലാഹുവില്‍ പങ്കു ചേര്‍ക്കില്ല. അല്ലാഹു അനുവദിച്ചത് അനുവദിക്കും. അല്ലാഹു നിഷിദ്ധമാക്കിയത് അവരും നിഷിദ്ധമാക്കും. അല്ലാഹുവിന്റെ കല്‍പ്പനകള്‍ അവര്‍ ഹൃദ്യസ്തമാക്കും. അല്ലാഹുവിനെ കണ്ടു മുട്ടുമെന്നും പിന്നെവിചാരണ ഉണ്ടാകുമെന്നും അവര്‍ ഭയക്കും”. ഇത്തരം പണ്ഡിതര്‍ എന്നും സമുദായത്തിനും അവര്‍ക്കും ഗുണകരമാകും. മറ്റൊരു നിവേദനം ഇങ്ങിനെ വായിക്കാം. “ അറിവിന്റെ ആധിക്യമല്ല പാണ്ഡിത്യം . പകരം ആ വിവരം കൊണ്ട് മനസ്സിന് ഉണ്ടായ പ്രകാശമാണ്”.

പണ്ഡിതര്‍ മൂന്ന് വിധം ഉണ്ടെന്നു സുഫ്യാന്‍ സൌരി പറയുന്നു. ഒന്ന് അല്ലാഹുവിനെ ഭയക്കുന്നവരും അല്ലാഹു നിശ്ചയിച്ച അതിര്‍ത്തികള്‍ അറിയുന്നവരും അല്ലാഹു കല്‍പ്പിച്ച നിര്‍ബന്ധങ്ങള്‍ അറിയുകയും ചെയ്യുന്നവര്‍.
രണ്ടു അല്ലാഹുവിനെ ഭയക്കുന്നവര്‍ പക്ഷെ അവര്‍ക്ക് ദീനിന്റ്റെ നിര്‍ബന്ധങ്ങളും പരിധികളും അറിയില്ല.
മൂന്നാമത്തെ വിഭാഗത്തിന് അള്ളാഹു നിശ്ചയിച്ച പരിധികളും നിര്‍ബന്ധങ്ങളും അറിയാം പക്ഷെ അവര്‍ അല്ലാഹുവിനെ ഭയപ്പെടുന്നില്ല. ഇതില്‍ ഒന്നാമത്തെ വിഭാഗമാണ് യഥാര്‍ത്ഥ പണ്ഡിതര്‍. മറ്റു രണ്ടു വിഭാഗവും ഗുണത്തെക്കാള്‍ കൂടുതല്‍ കുഴപ്പം ഉണ്ടാക്കുന്നു. രണ്ടാമത്തെ വിഭാഗം അറിവില്ലായ്മ കൊണ്ട് സ്വന്തത്തെയും ജനത്തെയും കുഴപ്പത്തില്‍ ചാടിക്കും. മൂന്നാമത്തെ വിഭാഗം എന്നും ദുനിയാവിന് വേണ്ടി നില കൊണ്ടാവരാണ്. അവര്‍ക്ക് ദീന്‍ ഒരു ജീവിത ഉപാധി മാത്രം. അല്ലാഹുവിനെ മറയാക്കി ജനത്തെ കൊള്ളയടിക്കാന്‍ അവര്‍ മടിക്കില്ല. അത് പോലെ തങ്ങളുടെ സ്വാര്‍ത്ഥതക്ക് വേണ്ടി ദീനിനെ വളച്ചൊടിക്കാനും അവര്‍ മുതിരുന്നു.

Also read: ദി ആൽകെമിസ്റ്റും സൂഫി എലമെന്റുകളും

നേതാക്കളും പണ്ഡിതരും ദുഷിച്ചാല്‍ സ്വാഭാവികമായും ആ സമൂഹവും ദുഷിക്കും. ഒരാളില്‍ ഇസ്ലാം സ്ഥാനം പിടിച്ചാല്‍ അതു അയാളുടെ ജീവിതത്തില്‍ കാണണം. അതിനെ ഇസ്ലാം സംസ്കരണം എന്ന് വിളിക്കും. അത് ഏറ്റവും കൂടുതല്‍ വേണ്ടത് പണ്ടിതര്‍ക്കും. അതെ സമയം പലപ്പോഴും സ്നേഹം വിട്ടുവീഴ്ച പരിഗണന എന്നീ വിഷയങ്ങളില്‍ പിറകില്‍ പണ്ഡിതര്‍ ആകുന്നതിന്റെ കാരണം നാം അറിയാതെ പോകരുത്. ഭരണ കൂടങ്ങളെ പ്രതിരോധിച്ചാണ് ചരിത്രത്തില്‍ പണ്ഡിതര്‍ കഴിഞ്ഞു പോയത്. അതാണു മദ്ഹബീ പണ്ഡിതരുടെ ചരിത്രം. അവര്‍ കേവലം ദീനിന്റെ സുന്നത്തും ഫര്‍ദും പറഞ്ഞവര്‍ മാത്രമല്ല എന്ന ബോധം പണ്ഡിതര്‍ക്കു കൈമോശം വരരുത്.

അല്ലാഹുവിനെ ഭയന്നു എന്നതാണു ഇമാം ഹംബലിനു ഖലീഫയെ ചോദ്യം ചെയ്യാന്‍ ധൈര്യം നല്‍കിയത്. ഭരണ കൂടങ്ങളെ ഭയന്ന് എന്നതാണ് കൊട്ടാരം പണ്ഡിതര്‍ക്കു ഇമാം ഹംബലിനെ പീഡിപ്പിക്കാന്‍ പ്രേരണ നല്കിയതും.

Related Articles