Current Date

Search
Close this search box.
Search
Close this search box.

ആരൊക്കെയാണ് പുതിയ എം.പിമാർ ? പുതുമുഖങ്ങൾ, സ്ത്രീ പ്രാതിനിധ്യം, അംഗങ്ങളുടെ പ്രായം

വിശദമായ കണക്കുകൾ

18ാം ലോക്സഭയിലേക്കുള്ള 543 നിയോജക മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പിന്റെ ഫലം സമ്പൂര്‍ണ്ണമായി പുറത്തുവന്നിരിക്കുകയാണല്ലോ. 18ാം ലോക്‌സഭിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ ആരെല്ലാമാണ് ഇവിടെ പരിശോധിക്കുന്നത്.

240 സീറ്റുകളുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ പാര്‍ട്ടി. തൊട്ടുപിന്നില്‍ 99 സീറ്റുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമാണ്

 

മൂന്നാമതായി 37 സീറ്റുമായി സമാജ്‌വാദി പാര്‍ട്ടിയും. നാലാമതായി 29 സീറ്റുമായി തൃണമൂല്‍ കോണ്‍ഗ്രസും അഞ്ചാമതായി 22 സീറ്റുമായി ഡി.എം.കെയുമാണ്. 41 പാര്‍ട്ടികളില്‍ നിന്നായുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 2019ല്‍ 36 പാര്‍ട്ടികളാണ് ലോക്സഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. ദേശീയ പാര്‍ട്ടികള്‍ 346 സീറ്റുകള്‍ (64%) നേടി.

കുറഞ്ഞത് ഒരു സംസ്ഥാനത്തെങ്കിലും വിജയിച്ച സംസ്ഥാന പാര്‍ട്ടികളായി അംഗീകരിക്കപ്പെട്ട പാര്‍ട്ടികള്‍ 179 സീറ്റുകള്‍ (33%) നേടിയിട്ടുണ്ട്. 11 സീറ്റുകള്‍ അംഗീകാരമില്ലാത്ത പാര്‍ട്ടികളും ഏഴ് സീറ്റുകള്‍ സ്വതന്ത്രരും നേടി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരില്‍ 52 ശതമാനവും ലോക്സഭയിലേക്ക് ആദ്യമായി എത്തിയവരാണ്

 

 

18-ാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 262 എം.പിമാര്‍ മുന്‍ ലോക്സഭ അംഗങ്ങളായിട്ടുള്ളവരാണ്. മറ്റുള്ളവരില്‍ 16 പേര്‍ രാജ്യസഭാംഗങ്ങളാണ്. ഒരു എം.പി ഏഴു തവണ ലോക്സഭയിലെത്തിയിട്ടുമുണ്ട്. സിറ്റിംഗ് എംപിമാരില്‍ 216 പേര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ എട്ട് പേര്‍ മണ്ഡലം മാറി. ഒരു എം.പി നേരത്തെയുള്ളത് ഉള്‍പ്പെടെ രണ്ട് മണ്ഡലങ്ങളില്‍ നിന്നായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് എംപിമാര്‍ പതിനേഴാം ലോക്‌സഭയില്‍ മറ്റൊരു പാര്‍ട്ടിയെ പ്രതിനിധീകരിച്ചു. മറ്റ് എട്ട് പേര്‍ അവര്‍ നേരത്തെയുണ്ടായിരുന്ന മുന്‍ പാര്‍ട്ടിയില്‍ നിന്ന് വേര്‍പിരിഞ്ഞ പാര്‍ട്ടിയെയാണ് പ്രതിനിധീകരിച്ചത്. മത്സരിച്ച 53 മന്ത്രിമാരില്‍ 35 പേര്‍ ആണ് വിജയിച്ചത്.

പാര്‍ലമെന്റിന് വയസ്സാവുകയാണ്

18-ാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ ശരാശരി പ്രായം 56 വയസ്സാണ്. 17-ാം ലോക്സഭയില്‍ ഇത് 59 ആയിരുന്നു. 11% എംപിമാര്‍ 40 വയസോ അതില്‍ താഴെയോ പ്രായമുള്ളവരാണ്, 38% പേര്‍ 41 നും 55 നും ഇടയില്‍ പ്രായമുള്ളവരാണ്. 52% എംപിമാരും 55 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. ഏറ്റവും പ്രായം കൂടിയ എം.പിക്ക് 82 വയസ്സുണ്ട്. 18-ാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് എംപിമാര്‍ക്ക് 25 വയസ്സാണ്.

എം.പിമാരില്‍ 14% സ്ത്രീകളാണ്, അഥവാ 2019ലേതില്‍ നിന്നും കാര്യമായ മാറ്റമില്ല

18-ാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 74 എം.പിമാര്‍ (14%) സ്ത്രീകളാണ്. 2019-ല്‍ ഇത് 78 ആയിരുന്നു. ഇതില്‍ 16% വനിതാ എംപിമാര്‍ 40 വയസ്സില്‍ താഴെയുള്ളവരാണ്. 41% വനിതാ എംപിമാര്‍ (30 എംപിമാര്‍) മുമ്പ് ലോക്‌സഭയില്‍ അംഗങ്ങളായിരുന്നു. മറ്റുള്ളവരില്‍ ഒരാള്‍ രാജ്യസഭാംഗമാണ്.

വര്‍ഷങ്ങളായി ലോക്‌സഭയിലെ സ്ത്രീകളുടെ എണ്ണത്തില്‍ സാവധാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ടെങ്കിലും, ഇന്ത്യ ഇപ്പോഴും മറ്റു നിരവധി രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. ഉദാഹരണത്തിന്, ദക്ഷിണാഫ്രിക്കയിലെ എംപിമാരില്‍ 46%, യുകെയില്‍ 35%, അമേരിക്കയില്‍ 29% എം.പിമാരും സ്ത്രീകളാണ്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരില്‍ 78% പേരും ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരാണ്.

18-ാം ലോക്സഭയിലെ 78% എംപിമാരും ഏറ്റവും കുറഞ്ഞത് ബിരുദ വിദ്യാഭ്യാസമെങ്കിലും പൂര്‍ത്തിയാക്കിയവരാണ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട വനിതാ എംപിമാര്‍ക്കും ഈ അനുപാതം തന്നെയാണ്. ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എംപിമാരുടെ അനുപാതം ഒന്നാം ലോകസഭ മുതല്‍ 11 വരെ (199698) ക്രമാനുഗതമായി വര്‍ദ്ധിച്ചു. അതിനുശേഷം, കോളേജില്‍ പോകാത്ത എം.പിമാരുടെ അനുപാതം വര്‍ദ്ധിച്ചു. എന്നിരുന്നാലും, ഈ കണക്ക് 17-ാം ലോക്സഭയില്‍ 27% ആയിരുന്നത് 18-ആം ലോക്സഭയില്‍ 22% ആയി കുറഞ്ഞു. 18-ാം ലോക്സഭയിലെ മൂന്ന് വനിതാ എംപിമാര്‍ ഉള്‍പ്പെടെ 5% എം.പിമാര്‍ക്കും ഡോക്ടറേറ്റ് ബിരുദമുണ്ട്.

മിക്ക എം.പിമാരും കൃഷിയും സാമൂഹിക പ്രവര്‍ത്തനവുമാണ് തങ്ങളുടെ തൊഴിലായി അവകാശപ്പെട്ടത്

പതിനെട്ടാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ ഏറ്റവും സാധാരണമായ തൊഴിലുകളാണ് കൃഷിയും സാമൂഹിക പ്രവര്‍ത്തനവും. ഛത്തീസ്ഗഡില്‍ നിന്നുള്ള 91% എംപിമാരും, മധ്യപ്രദേശില്‍ 72% പേരും, ഗുജറാത്തില്‍ നിന്നുള്ള 65% പേരും കൃഷി തങ്ങളുടെ തൊഴിലുകളിലൊന്നായാണ് അവകാശപ്പെടുന്നത്. 18-ാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംപിമാരില്‍ 7% അഭിഭാഷകരും 4% മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുമാണ്.

 

അവലംബം: ദി വയര്‍
വിവ: സഹീര്‍ അഹ്‌മദ്

 

 

Related Articles