Current Date

Search
Close this search box.
Search
Close this search box.

“എന്റെ പ്രാർത്ഥനകൾ പിറന്നയിടത്തിൽ അവന്ന് സുജൂദിൽ വീഴാനും ഞാൻ കൊതിക്കും”

ഹാജി നാസർ മസ്ജിദ്. അങ്ങനെയാണ് ഈ പള്ളി അറിയപ്പെടുന്നത്. എന്റെ യൗവനാരംഭത്തിലെ മൂന്ന് വർഷങ്ങൾ ദുബായ് ദേരയിലെ ഈ പള്ളിയെയും പരിസരത്തെയും ചുറ്റിപ്പറ്റിയാണ് കഴിഞ്ഞുപോയത്. പള്ളിയുടെ തൊട്ടടുത്തുള്ള ഡോക്യുമെന്റ് സർവീസ് സെന്ററിൽ തൊഴിലാളിയായിരുന്നു അന്ന്. താമസവും തൊട്ടടുത്തുതന്നെ. അതിനാൽ തന്നെ ഒരുദിനം പലനേരങ്ങളിൽ ഈ പള്ളിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുമായിരുന്നു.

പത്തുവർഷങ്ങൾക്കിപ്പുറവും റമദാൻ വന്നണയുമ്പോൾ പ്രത്യേകിച്ച് ഓർത്തുപോവാറുള്ള സ്ഥലവും കാലവുമാണീ പള്ളിയും അതിന്റെ പരിസരത്തെ ജീവിതവും.

അത്താഴസമയത്ത് ബംഗ്ലാദേശിയായ ഇമാമിന്റെ ഉച്ചഭാഷിണിയിലൂടെയുള്ള ഓർമ്മപ്പെടുത്തൽ കേൾക്കുന്നു. “ദോസ്‌തോ, സെഹരീ കീ ടൈം ഖലാസ് ഹോ ചുകാ ഹേ, സബ് ലോഗ് മിസ്‌വാക് കർകെ, വുസു കർകെ മസ്ജിദ് മേ ആജായേ” (അത്താഴം കഴിക്കാനുള്ള സമയം കഴിഞ്ഞു. എല്ലാവരും പല്ലുതേച്ച് വുളു ചെയ്ത് പള്ളിയിലേക്ക് വരൂ)

Also read: വധശിക്ഷവിധിച്ച് ഹജ്ജാജ് ; ചിരിതൂകി സഈദുബ്നു ജുബൈര്‍

മാസാവസാനം ഒന്നിച്ച് പണമടയ്ക്കുന്ന വ്യവസ്ഥയിൽ, പക്ഷേ വീട്ടിലേക്കുവന്ന അതിഥിക്കെന്നപോലെ, ഭക്ഷണം വിളമ്പുന്ന തബക്ക് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുകയാവും ഒരുപക്ഷേ അന്നേരം. ഭക്ഷണം വിളമ്പുന്ന മുത്തലിബിക്കയും അബ്ദുൽ ഖാദർക്കയും ഇപ്പോൾ മുമ്പിൽ തെളിയുന്നു.

സുബഹി സംഘ നിസ്കാരത്തിന് പള്ളി നിറയും. അൽപ്പം വൈകിയാൽ മുകളിലെ തട്ടിലാവും ഇടം കിട്ടുക. തിങ്ങിനിറഞ്ഞ പള്ളിയിൽ ബംഗ്ലാദേശിക്കും പാക്കിസ്ഥാനിക്കും ഇറാനിക്കും അഫ്ഘാനിക്കും അങ്ങനെ ഭൂമിയുടെ വിവിധപ്രദേശങ്ങളിൽ നിന്ന് ജീവിതം നെയ്തെടുക്കാൻ വന്ന ഒട്ടേറെ മനുഷ്യർക്കുമൊപ്പം തോൾചേർത്ത്, കാൽവിരലുകൾ പരസ്പരമടുപ്പിച്ച്, കാൽമടമ്പുകൾ നിരയൊപ്പിച്ച്, അശ്രദ്ധയിൽ നിരതെറ്റിയവനെ സ്നേഹപൂർവ്വം ഉണർത്തിച്ച് പ്രാർത്ഥനയിൽ ചേരും.

ജീവിതത്തിൽ ഏറ്റവും ആസ്വദിച്ച റമദാൻ കാലങ്ങൾ ഇവിടെയെത്തിയ ആദ്യനാളുകളിൽ തന്നെയായിരുന്നു എന്നാണെന്റെ തോന്നൽ. രുചികരമായ ഭക്ഷണത്തിന്റെ വൈവിധ്യങ്ങളോ, പലയിടങ്ങളിലായുള്ള നോമ്പുതുറയുടെ പൊലിമകളോ അല്ല അക്കാലത്തെ മനോഹരമാക്കിയിരുന്നത്. താമസസ്ഥലത്തേക്ക് തോന്നുമ്പോൾ പോയാൽ മതിയായിരുന്നു അന്ന്. ഭക്ഷണസാമഗ്രികൾ കൊണ്ടുചെല്ലാൻ, ഭക്ഷണം വിളമ്പി കാത്തിരിക്കാൻ, എവിടെയുണ്ടെന്നോ എന്തേ വരാത്തതെന്നോ തിരക്കിക്കൊണ്ടിരിക്കാൻ വീട്ടുകാരില്ല. എപ്പോൾ പോയാലും തുറന്നുകയറാമെന്നുറപ്പു തരുന്ന താക്കോലാണ് കൂട്ട്. പള്ളിയിൽ പോവുകയും ഇഷ്ടമുള്ളത്രയും അവിടെ ചെലവഴിക്കുകയും ചെയ്യുകയെന്ന സമയസ്വാതന്ത്ര്യം തന്നെയായിരുന്നു അന്നത്തെ റമളാനിന്റെ ആസ്വാദ്യത.

Also read: കിഴക്കോ, പടിഞ്ഞാറോ- ദൈവത്തിൻ്റെ ദിശയേത്?

രാത്രി ജോലികഴിഞ്ഞ് തബക്ക് റെസ്റ്റോറന്റിലെ ഭക്ഷണവും കഴിഞ്ഞ് പള്ളിയിലേക്ക് പോകാം. ഇത്തരത്തിൽ വൈകി ജോലിയവസാനിച്ച് വരുന്നവർക്ക് വേണ്ടി പള്ളിയിലെ മലയാളിയായ മുഅദ്ദിൻ പ്രത്യേകം തറാവീഹ് ജമാഅത്ത് നിർവഹിച്ചിരുന്നു. ഞങ്ങൾ അതിലാണ് പങ്കെടുക്കുക. അതുകഴിഞ്ഞാൽ പള്ളിയിൽ തന്നെ കൂടുകയും ഖുർആനും പ്രാർത്ഥനയുമായി കഴിയുകയും ആവാം. അല്ലെങ്കിൽ റൂമിൽ പോയി തിരിച്ചുവരാം. ഇതരമാസങ്ങളിൽ നിന്ന് വ്യത്യസ്തമായി മുഴുവൻ സമയവും പള്ളികൾ തുറന്നുവെക്കപ്പെടുന്നു റമദാനിൽ.

സദാസമയവും ആളുകളാൽ സജീവമായ ഇടം കൂടിയാണ് ഹാജി നാസർ മസ്ജിദ്. പ്രാർത്ഥനകളും ആരാധനകളുമായി നിരവധി മനുഷ്യർ. പ്രവാസിയുടെ ഓരോ ശ്വാസത്തിലും കാതങ്ങൾ അകലെയുള്ള തന്റെ കുടുംബം നിറഞ്ഞുനിൽക്കുന്നുവെന്നാണ് ഞാൻ അനുഭവിച്ചതും മനസ്സിലാക്കിയതും. സ്നേഹനിധിയായ ഉമ്മയുടെ, പിതാവിന്റെ, സഹധർമ്മിണിയുടെ, അരുമയായ കുഞ്ഞിന്റെയെല്ലാം നിനവുകളും കനവുകളുമാണ് അവന്റെ പ്രവാസത്തിന്റെ അസ്തിത്വം തന്നെ. തന്റെ കുടുംബത്തിനും കൂടപ്പിറപ്പിനും വേണ്ടിയുള്ള ഗാഢമായ എത്രയെത്ര പ്രാർഥനകളാൽ നിർഭരമായിരിക്കും ഓരോ പ്രവാസിയുടെയും ഉള്ളം ! കണ്ണീരും പ്രതീക്ഷയും ഇന്ധനമായ എത്ര പ്രാർത്ഥനകളുടെ സംഗമസ്ഥലം കൂടിയായിരിക്കും ഹാജി നാസർ മസ്ജിദ് !

Also read: നന്മമരത്തോട് ഉപമിക്കപ്പെട്ട മതം

ഒരിക്കൽ കൂടി ദുബായിൽ പോകാനാവുമെങ്കിൽ അനുഭവം പ്രിയപ്പെട്ടതാക്കിയ ആ ദേവാലയം അണയാനും, കരുണയോടെ നാഥൻ കേട്ട എന്റെ പ്രാർത്ഥനകൾ പിറന്നയിടത്തിൽ അവന്ന് സുജൂദിൽ വീഴാനും ഞാൻ കൊതിക്കും.

Related Articles