Current Date

Search
Close this search box.
Search
Close this search box.

ഇനി എപ്പോഴാണ് സി.പി.എം എന്തെങ്കിലും പഠിക്കുക?

സംഘ്പരിവാറിനെതിരെ രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള ഒരു കാമ്പയിന്‍ ഉയര്‍ന്നു വരുമ്പോഴൊക്കെ മുസ്‌ലിം വര്‍ഗീയത എന്ന അപരനെ മുന്നില്‍ നിര്‍ത്തി അതിനെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുകയെന്നത് ഇടതുപക്ഷത്തിന് പൊതുവിലും സി.പി.എമ്മിന് പ്രത്യേകമായും ബാധിച്ചിട്ടുളള നടപ്പു ദീനമാണ്. പൗരത്വവിഷയത്തില്‍ മുസ്‌ലിംകളുടെ നിര്‍ണായകമായ പങ്കാളിത്തത്തോടെ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലും സി.പി.എം ഇതേ ശൈലി പിന്തുടരുന്നത് കാണാം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള സംസ്ഥാന ഗവണ്‍മെന്റ് പൗരത്വ പ്രശ്‌നത്തില്‍ സ്വീകരിച്ച ക്രിയാത്മകമായ നിലപാടുകളെപ്പോലും നിഷ്പ്രഭമാക്കുന്ന തരത്തിലാണ്, പ്രക്ഷോഭങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യത്തെക്കുറിച്ച് സി.പി.എം പ്രകടിപ്പിക്കുന്ന ആകുലതകള്‍.

പതിവുപോലെ മൗദൂദിയെയും ജമാഅത്തെ ഇസ്‌ലാമിയെയും മറയാക്കിക്കൊണ്ടാണ് പാര്‍ട്ടി അതിന്റെ മുസ്‌ലിം വിരുദ്ധ മുന്‍വിധികള്‍ പുറത്തെടുക്കുന്നത്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സി.പി.എം നേതാവ് എം.ബി. രാജേഷ് അഴിമുഖം ഓണ്‍ലൈന്‍ മാഗസിനില്‍ ഗോള്‍വാള്‍ക്കറെയും മൗദൂദിയെയും സമീകരിച്ചുകൊണ്ട് എഴുതിയ ലേഖനം. മൗദൂദിയെ മുസ്‌ലിം ഗോള്‍വാള്‍ക്കര്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ട് മറ്റൊരു സി.പി.എം നേതാവ് എം.സ്വരാജ് കേരള നിയമസഭയില്‍ നടത്തിയ പ്രസംഗം ഇതിന്റെ കൂടെ ചേര്‍ത്തു വെച്ചാല്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പാര്‍ട്ടി ബോധപൂര്‍വം നടത്തിക്കൊണ്ടിരിക്കുന്ന ഹേറ്റ് കാമ്പയിന്റെ ഭാഗമാണിത് എന്ന് കാണാന്‍ പ്രയാസമില്ല.

സി.പി.എമ്മും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ആശയ സമരത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാര്‍ക്‌സിസവും ഇസ്‌ലാമും മൗദൂദിയുമൊക്കെ ആ ആശയസമരത്തില്‍ ഇഴകീറി ചര്‍ച്ച ചെയ്യപ്പെട്ടത് കേരളീയ ബൗദ്ധിക സമൂഹത്തിന്റെ സ്മൃതിപഥത്തിലുണ്ട്. പക്ഷേ ഇപ്പോല്‍ നടക്കുന്നത് ആശയസമരമല്ല. ഇന്ത്യയില്‍ സംഘ്പരിവാറിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വരാഷ്ട്രം ഒരു യാഥാര്‍ഥ്യമായി മാറിക്കൊണ്ടിരിക്കുകയും മുസ്‌ലിംകള്‍ അവരുടെ അസ്തിത്വത്തിന് വേണ്ടി തെരുവിലിറങ്ങേണ്ട അവസ്ഥ സംജാതമാവുകയും ചെയ്ത നിര്‍ണായകഘട്ടത്തില്‍ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അപകടങ്ങളെക്കുറിച്ച മുന്നറിയിപ്പുകളുമായി സി.പി.എമ്മിനെപ്പോലെ ഒരു മതേതര പാര്‍ട്ടി രംഗത്ത് വരുന്നത് മിതമായി പറഞ്ഞാല്‍ അശ്ലീലമാണ്.

മതനിരപേക്ഷത/വര്‍ഗീയത എന്ന, സി.പി.എം കാലങ്ങളായി പരിചയിച്ചിട്ടുളള ഫ്രെയിമിനകത്ത് നിന്ന് കൊണ്ട് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെയും നോക്കിക്കാണാനാണ് രാജേഷിന്റെ ശ്രമം. രാജ്യത്ത് ഉയര്‍ന്നു വരുന്ന പുതിയ സാമൂഹിക പ്രവണതകളെയും മുന്നേറ്റങ്ങളെയും തിരിച്ചറിയുന്നതില്‍ പാര്‍ട്ടിക്ക് സംഭവിക്കുന്ന ദയനീയമായ പരാജയത്തിന്റെ തുടര്‍ച്ചയാണ് ഇതും. “രാഷ്ട്രത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ ഹനിച്ച് പൗരത്വത്തിന്റെ മാനദണ്ഡമായി മതത്തെ പ്രതിഷ്ഠിക്കുന്നതിനും അതുവഴി മതാധിഷ്ഠിത ഹിന്ദു രാഷ്ട്രത്തിന്റെ ശിലാന്യാസം നടത്തുന്നതിനുമെതിരെയാണ് സമരം. ഇത്തരമൊരു സമരം മതാടിസ്ഥാനത്തിലോ മതനിരപേക്ഷ ജനകീയ ഐക്യത്തെ ശിഥിലമാക്കുന്ന വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന വിധമോ വളര്‍ത്തിയെടുത്താല്‍ ഹിന്ദുരാഷ്ട്രം ലക്ഷ്യം വെക്കുന്നവരുടെ വഴി എളുപ്പമാക്കലായിരിക്കും ഫലം. കാരണം ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയവാദികളെല്ലാം ഒരുപോലെ മതനിരപേക്ഷ രാഷ്ട്രവീക്ഷണത്തെ നിരാകരിക്കുന്നവരും മതരാഷ്ട്രവാദത്തിന്റെ വക്താക്കളുമാണ്,” രാജേഷ് എഴുതുന്നു.

മുസ്‌ലിംകള്‍ക്ക് മതേതര ഉപദേശങ്ങള്‍ കൊടുത്ത് മാത്രം ശീലമുള്ള ഒരു പാര്‍ട്ടിയുടെ പ്രതിനിധിയില്‍ നിന്ന് ഇത്പോലെ ലളിതവത്കൃതമായ വാക്കുകള്‍ വരുന്നതില്‍ അത്ഭുതമില്ല. എങ്കിലും രാജേഷിനെപ്പോലെ ഒരു നേതാവിന് രാജ്യത്ത് രൂപപ്പെട്ടു വരുന്ന പുതിയ ജനകീയ പ്രക്ഷോഭങ്ങളെക്കുറിച്ച് സാമാന്യമായ ഒരു തിരിച്ചറിവെങ്കിലും ഉണ്ടാവേണ്ടതല്ലെ? ‘സമരങ്ങളെ വര്‍ഗയവല്‍ക്കരിക്കരുത് ‘ എന്ന ആവര്‍ത്തിച്ചുള്ള ഉപദേശങ്ങളല്ലാതെ ഈ ഇടതുപക്ഷ ക്ലീഷേ കൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്ന് ലേഖകന്‍ ഒരിടത്തും പറയുന്നില്ല. പൗരത്വ നിയമം എങ്ങനെയാണ് മുസ്‌ലിംകളെ ബാധിക്കുന്നതെന്നോ എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരായത് എന്നോ ഒരു സൂചന പോലും ലേഖനത്തില്‍ എവിടെയും ഇല്ല. അലിഗഡില്‍ നിന്നും ജാമിഅ മില്ലിയ്യയില്‍ നിന്നും തുടക്കം കുറിച്ച വിദ്യാര്‍ഥി സമരങ്ങള്‍ വളരെ പെട്ടെന്ന് ജനകീയ പ്രക്ഷോഭമായി രൂപപ്പെട്ടത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്‍കൈയോടെയോ കാര്‍മികത്വത്തിലോ അല്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കേരളത്തിലും പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത് മുസ്‌ലിം സംഘടനകളും കൂട്ടായ്മകളുമാണ്. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നീട് സമരരംഗത്ത് അണിനിരക്കുകയായിരുന്നു. ഇപ്പോഴും ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള മുഴുവന്‍ മുസ്‌ലിം സംഘടനകളും ഗ്രൂപ്പുകളും ശ്രമിച്ചു കൊണ്ടിരിക്കുന്നത് സി.പി.എം അടക്കം പൗരത്വ നിയമത്തെ എതിര്‍ക്കുന്ന എല്ലാ കക്ഷികളുമായും ചേര്‍ന്നു നിന്ന് സമരത്തെ മുന്നോട്ട് കൊണ്ടുപോകാനാണ്. ഇതിനിടയില്‍ ആരൊക്കെയോ പ്രതിഷേധ സമരങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പുതിയ പോര്‍മുഖം തുറന്നതിന്റെ ലക്ഷ്യവും പ്രചോദനവും എല്ലാവര്‍ക്കും മനസ്സിലായിപ്പോവുന്നു എന്നതാണ് പാര്‍ട്ടിയുടെ ദുര്യോഗം.

സമരങ്ങളിലെ മുസ്‌ലിം കര്‍തൃത്വത്തെക്കുറിച്ചും മുസ്ലിം പ്രതിനിധാനത്തെക്കുറിച്ചും മുസ്‌ലിം പ്രതീകങ്ങളെക്കുറിച്ചും അസഹിഷ്ണുത വളര്‍ത്തുന്ന ഇടതുപക്ഷവും അവരോട് അനുഭാവം പുലർത്തുന്ന ചില ലിബറലുകളുമാണ് യഥാര്‍ഥത്തില്‍ സമരങ്ങൾക്ക് വർഗീയ മുഖം നൽകുന്നത്. മതനിരപേക്ഷത എന്ന വാക്ക് നിരന്തരം ആവര്‍ത്തിക്കുന്ന സഖാക്കള്‍ക്ക് അതിന്റെ അർത്ഥം ഇനിയും മനസ്സിലായിട്ടില്ല. ഒരു മതവിഭാഗം മറ്റുള്ളവര്‍ക്ക് വേണ്ടി അവരുടെ ഐഡന്റിററി മറച്ചു വെക്കുന്നതിന്റെ പേരല്ല മതനിരപേക്ഷത. എല്ലാ മതവിഭാഗങ്ങളെയും അവരുടെ മതപരവും സാംസ്‌കാരികവുമായ ചിഹ്നങ്ങളോടും പ്രതീകങ്ങളോടുമൊപ്പം ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ ഭരണഘടന മുന്നോട്ടു വെക്കുന്ന മതനിരപേക്ഷതയുടെ അന്തസ്സത്ത. മാര്‍ക്‌സിസ്‌ററ് കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മതത്തെ മനസ്സിലാക്കുന്നതിന്റെ കുഴപ്പമാണ് സി.പി.എം സഖാക്കള്‍ക്ക്. അത് അവരായിട്ടു തന്നെ തിരുത്തണം.

മതം, വര്‍ഗീയത, മതരാഷ്ട്രവാദം തുടങ്ങിയ സംവര്‍ഗങ്ങളുമായി ബന്ധപ്പെട്ട മാര്‍ക്‌സിസ്റ്റ് മുന്‍വിധികളോടെ സംഘ്പരിവാറിനെയും ഗോള്‍വാക്കറെയും മൗദൂദിയെയും ജിന്നയെയുമൊക്കെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിന്റെ എല്ലാ പ്രശ്‌നങ്ങളും രാജേഷിന്റെ ലേഖനത്തില്‍ ഉണ്ട്. ‘മതമാണ് രാഷ്ട്രത്തെ നിര്‍ണയിക്കുന്നത് എന്ന നിലപാടില്‍ ഇരുവരും (ജിന്നയും സവര്‍ക്കറും) യോജിച്ചിരുന്നു’ എന്ന് അദ്ദേഹം എഴുതുന്നു. നാസ്തികനായ സവര്‍ക്കര്‍, മതത്തെ അടിസ്ഥാനമാക്കിയല്ല, ദേശം, ഭാഷ, സംസ്‌കാരം തുടങ്ങിയ ഘടകങ്ങളെ ആസ്പദമാക്കിയാണ് ഹിന്ദുത്വം എന്ന ആശയത്തെ വികസിപ്പിച്ചെടുത്തത്. മതരാഷ്ട്രം എന്നതിനപ്പുറം വംശീയ ദേശീയതയും വംശീയരാഷ്ട്ര സങ്കൽപവുമാണ് സംഘ്പരിവാര്‍ മുന്നോട്ടു വെക്കുന്നത് എന്ന് അതിനെ സാമാന്യമായി പഠിച്ചവര്‍ക്ക് പോലും മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണ്.

മുസ്‌ലിം ദേശീയതയില്‍ അധിഷ്ഠിതമായ ജിന്നയുടെ പാക്കിസ്ഥാന്‍ വാദത്തെ നിശിതമായി എതിര്‍ത്തുകൊണ്ടാണ് മൗദൂദി തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത്. പക്ഷേ രാജേഷിന് ജിന്നയെയും മൗദൂദിയെയും ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും മനസ്സിലാക്കാൻ ഒരൊറ്റ വാക്കേയുള്ളൂ: മതരാഷ്ട്രവാദം. വസ്തു നിഷ്ഠതയും ബുദ്ധിപരമായ സത്യസന്ധതയും ഒട്ടും പുലര്‍ത്താതെയാണ് മൗദൂദിയെയും ഗോള്‍വാള്‍ക്കറെയും സമീകരിക്കാന്‍ വേണ്ടി അസത്യങ്ങളും അര്‍ധ സത്യങ്ങളും എഴുതിവെച്ചിരിക്കുന്നത്. ആരോപണങ്ങള്‍ക്ക് തെളിവ് സമര്‍പ്പിക്കുക, ഉദ്ധരണികളുടെ സോഴ്‌സ് കാണിക്കുക തുടങ്ങി വിമര്‍ശനത്തിലെ പ്രാഥമിക മര്യാദകള്‍ പോലും പാലിച്ചിട്ടില്ല. സ്വാതന്ത്യ സമരത്തില്‍ പങ്കെടുക്കുന്നവരെ വഴി തെറ്റിയവരായിട്ടാണ് മൗദൂദി വിശേഷിപ്പിച്ചതെന്നും സാമ്രാജ്യത്വ വിരുദ്ധ സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് മൗദൂദി ഉദ്‌ബോധിപ്പിച്ചുവെന്നും രാജേഷ് എഴുതുന്നു. മൗദൂദി ഇതൊക്കെ എവിടെ പറഞ്ഞു? എപ്പോള്‍ പറഞ്ഞു? ഒരു സൂചനയുമില്ല. മൗദൂദി സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ചതിന്റെ ധാരാളം തെളിവുകള്‍ അദ്ദേഹത്തിന്റെ എഴുത്തുകളിലും പ്രസംഗങ്ങളിലും ഉണ്ട്താനും. തഹ്‌രീകെ ആസാദി ഹിന്ദ് ഔര്‍ മുസല്‍മാന്‍ (ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും മുസ്‌ലിംകളും) എന്ന കൃതിയില്‍ മൗദൂദി എഴുതുന്നു: “പൊതു ദേശീയ പ്രശ്‌നങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വേണ്ടി മതസമുദായ ഭേദത്തിന്റെ ലാഞ്ചന പോലുമില്ലാതെ എല്ലാവരും ഒററക്കെട്ടായി സ്വാതന്ത്ര്യത്തിനായി പൊരുതണം. എന്നാല്‍ വ്യതിരിക്തമായ സാമുദായിക പ്രശ്‌നങ്ങളില്‍ ഒരു സമുദായവും മറ്റൊരു സമുദായത്തെ എതിര്‍ക്കരുത്. ഓരോ സമുദായത്തിനും സ്വന്തം പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാന്‍ ശേഷിയും അധികാരവും ലഭിക്കത്തക്ക വിധമുളള പങ്ക് ഗവര്‍ണ്‍മെന്റില്‍ ലഭിക്കുകയും വേണം.”

ഇന്ത്യയില്‍ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിന് മൗദൂദി അനുകൂലമായിരുന്നുവെന്ന, മൗദൂദിവിമർശകരുടെ സ്ഥിരം ആരോപണം രാജേഷും ആവർത്തിക്കുന്നുണ്ട്. 1953-ല്‍ ഖാദിയാനിവിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഉണ്ടായ കുഴപ്പങ്ങളുടെ കാരണം അന്വേഷിക്കാന്‍ പാക് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് മുനീര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ മൗദൂദിയെക്കുറിച്ച ഒരു പരാമര്‍ശമാണ് ഈ ആരോപണത്തിന്റെ മുഖ്യ ആധാരം. ‘പാകിസ്താനില്‍ താങ്കള്‍ പറയുന്നത് പോലുള്ള ഇസ്‌ലാമിക ഭരണകൂടം വന്നാല്‍ (ഇന്ത്യയിലെ) ഹിന്ദുക്കളെ അവരുടെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഭരണഘടന രൂപീകരിക്കാന്‍ താങ്കള്‍ അനുവദിക്കുമോ’ എന്ന കമീഷന്റെ ചോദ്യത്തിന് മൗദൂദി നല്‍കിയെന്ന് പറയപ്പെടുന്ന മറുപടി മുനീര്‍ റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്: ”അത്തരം ഒരു ഭരണകൂടത്തിനു കീഴില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ ശൂദ്രന്മാരും മ്ലേഛന്മാരും തൊട്ടുകൂടാത്തവരുമായി പരിഗണിക്കപ്പെട്ടാല്‍ പോലും, മനുവിന്റെ നിയമം അവരുടെ മേല്‍ അടിച്ചേല്‍പിച്ചാല്‍ പോലും, ഗവണ്‍മെന്റിലുള്ള എല്ലാ പങ്കാളിത്തവും പൗരന്മാര്‍ എന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെട്ടാല്‍ പോലും ഞാന്‍ അതിനെ എതിര്‍ക്കേണ്ട കാര്യമില്ല. യഥാര്‍ഥത്തില്‍ ഈ അവസ്ഥ ഇപ്പോള്‍തന്നെ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്.” ഈ പ്രസ്താവന ജസ്റ്റിസ് മുനീര്‍ സ്വയം കെട്ടിച്ചമച്ച് തന്റെ മേല്‍ ആരോപിച്ചതാണെന്ന് മൗദൂദി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കളില്‍ ഒരാളും ചിന്തകനുമായ ഡോ. നജാത്തുല്ല സിദ്ദീഖിക്ക് മൗദൂദി അയച്ച ഒരു കത്തില്‍ ഇക്കാര്യം പറയുന്നുണ്ട്: ”മുനീര്‍ റിപ്പോര്‍ട്ടില്‍ ഞാന്‍ പറഞ്ഞതായി ആരോപിക്കുന്ന കാര്യങ്ങള്‍ വലിയ തോതില്‍ വളച്ചൊടിച്ചതാണ്. മനുവിന്റെ ധര്‍മം ഇന്ത്യയില്‍ നടപ്പാക്കിക്കൊള്ളട്ടേയെന്നോ മുസ്‌ലിംകള്‍ ശൂദ്രന്മാരും മ്ലേഛന്മാരുമായി പരിഗണിക്കപ്പെട്ടാലും എനിക്കത് സ്വീകാര്യമാണെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. സത്യത്തില്‍, മുനീര്‍ സാഹിബിന്റെ അഭിപ്രായങ്ങള്‍ എന്റെ മേല്‍ ആരോപിച്ചതാണിത്. ‘താങ്കള്‍ക്ക് പാകിസ്താനില്‍ ഒരു ഇസ്‌ലാമിക ഗവണ്‍മെന്റാണ് വേണ്ടതെങ്കില്‍ ഇന്ത്യയില്‍ ഒരു ഹിന്ദു ഗവണ്‍മെന്റ് മനുവിന്റെ നിയമം അടിച്ചേല്‍പിച്ചാല്‍ താങ്കള്‍ അതിനോട് യോജിക്കുമോ’ എന്ന ജസ്റ്റിസ് മുനീറിന്റെ ചോദ്യത്തിന് ഞാന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്: ‘ഹിന്ദുക്കള്‍ക്ക് എന്താണ് വേണ്ടതെന്നും എന്താണ് വേണ്ടാത്തതെന്നും തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്. ഏതു തരത്തിലുള്ള വ്യവസ്ഥയാണ് അവര്‍ ആവിഷ്‌കരിക്കേണ്ടത് എന്ന് അവര്‍ നമ്മോട് ചോദിക്കാന്‍ പോകുന്നില്ല. നമ്മുടെജോലി നമ്മുടെ ആദര്‍ശ, വിശ്വാസങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കുക എന്നതാണ്. ഇന്ത്യയില്‍ എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ തീരുമാനിച്ചുകൊള്ളും. നാം അതിനോട് യോജിച്ചാലും ഇല്ലെങ്കിലും” (നജാത്തുല്ല സിദ്ദീഖി എഡിറ്റ് ചെയ്ത ‘മആശിയാത്ത് ഔര്‍ അദബ്: കുതുബ് കെ ഐന്‍മെ’ എന്ന പുസ്തകത്തില്‍നിന്ന്.)

മുഹമ്മദ് നബിയും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുചരൻമാരായ നാല് ഖലീഫമാരും ലോകത്ത് പ്രയോഗവൽക്കരിച്ചു കാണിച്ച ഇസ്ലാമിക വ്യവസ്ഥിതിയെ മാതൃകയാക്കിക്കൊണ്ടുള്ള ഒരു ഇസ് ലാമിക രാഷ്ട്രസങ്കൽപമാണ് മൗദൂദി മുന്നോട്ട് വെച്ചത്. ഗോൾവാൾക്കറുടെ വംശീയ രാഷ്ട്ര സങ്കൽപത്തിൽ നിന്ന് ഇത് എന്തുമാത്രം വ്യത്യസ്തമാണെന്നറിയാൻ ഹിറ്റ്ലറുടെ ജർമൻ വംശീയതയെക്കുറിച്ച മൗദൂദിയുടെയും ഗോൾവാൾക്കറുടെയും അഭിപ്രായങ്ങൾ പരിശോധിച്ചാൽ മതി.

ആർ. എസ്.എസിന്റെ മാനിഫെസ്റ്റോ എന്ന് പറയാവുന്ന ‘We or our Nation hood Defined ‘ എന്ന പുസ്തകത്തിൽ നാസി ജർമനിയെക്കുറിച്ച് ഗോൾവാൾക്കർ പറയുന്നത് കാണുക:

“യൂറോപ്പിനെ മുഴുവൻ അതിജയിക്കാൻ ജർമനിയെ പ്രേരിപ്പിച്ച പ്രാചീനമായ വംശീയ വികാരം ആധുനിക ജർമനിയിൽ വീണ്ടും ഉയിർത്തെഴുന്നേറ്റിരിക്കുന്നു.”

” വംശീയവും സാംസ്കാരികവുമായ വിശുദ്ധി കാത്തു സൂക്ഷിക്കാൻ വേണ്ടി സെമിറ്റിക് വംശങ്ങളെ തുടച്ചു നീക്കിക്കൊണ്ട് ജർമനി ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. വംശീയാഭിമാനം അതിന്റെ പാരമ്യത്തിൽ പ്രകടമായിരിക്കുകയാണിവിടെ ”

ഗോൾവാൾക്കറുടെ നിലപാടിന് നേർ വിപരീതമായി ഹിറ്റ്ലറിലൂടെയും മുസോളിനിയുടെയും യൂറോപ്പിൽ ശക്തി പ്രാപിച്ച വംശീയദേശീയതയെ നിശിതമായി വിമർശിച്ചു കൊണ്ട്, 1941 ആദ്യത്തിൽ രചിച്ച മസ്അലയെ ഖൗമിയത്ത് ( ദേശീയതയുടെ പ്രശ്നം ) എന്ന ഗ്രന്ഥത്തിൽ മൗദൂദി എഴുതി:

“ലോകത്തെ ഇതര ജനവിഭാഗങ്ങളുടെ മേൽ ആധിപത്യവും ഔന്നത്യവും സ്ഥാപിക്കാനും, അന്യരുടെ ചെലവിൽ സ്വന്തം സുസ്ഥിതി വർദ്ധിപ്പിക്കാനും, പിന്നാക്ക വിഭാഗങ്ങളിൽ സംസ്ക്കാരം പ്രചരിപ്പിക്കേണ്ട ചുമതല തങ്ങൾക്കാണെന്ന് സ്വയം കരുതാനും, മറ്റു രാജ്യങ്ങളുടെ പ്രകൃതിസമ്പത്ത് ചൂഷണം ചെയ്യാനുള്ള ജന്മാവകാശം തങ്ങൾക്കുണ്ടെന്ന് തീരുമാനിക്കാനും വികസിത ശാക്തിക സമുദായങ്ങളെ പ്രേരിപ്പിക്കുന്നത് ദേശീയമായ അഹന്തയും ഔന്നത്യബോധവുമാണ്. യൂറോപ്പിലെ ഈ ദേശീയതയാണ് ചിലരെ ലഹരി പിടിപ്പിച്ച് ‘ജർമനി എല്ലാറ്റിനും മീതെ, ‘അമേരിക്ക ദൈവത്തിന്റെ സ്വന്തം രാജ്യം’, ‘ഇറ്റലി തന്നെയാണ് മതം’ പോലെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കാൾ പ്രേരിപ്പിക്കുന്നത്. ….. ഈ വംശീയ അഹന്തയുടെ ഫലമായിട്ടാണ് ജർമനിയിൽ ആര്യൻമാരല്ലാത്തവരുടെ ജീവിതം ദുസ്സഹമായിത്തീർന്നിരിക്കുന്നത്. ഈ അടിസ്ഥാനത്തിലാണ് ജർമൻ സ്വേഛാധിപതിയുടെ സിദ്ധാന്തം കെട്ടിപ്പടുത്തിരിക്കുന്നതും.”

1947 മെയ് 9,10 തീയതികളില്‍ പഠാന്‍കോട്ട് നടന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ഉത്തരേന്ത്യന്‍ സമ്മേളനത്തില്‍ മൗദൂദി ചെയ്ത പ്രസംഗം മതേതരത്വം, ദേശീയത്വം, ജനാധിപത്യം : ഒരു താത്വിക വിശകലനം എന്ന പേരിൽ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറൻ മോഡേണിറ്റിയുടെ അടിസ്ഥാനങ്ങളായ ഈ മൂന്ന് സിദ്ധാന്തങ്ങളെ വിമർശന ശനവിധേയമാക്കുന്ന ഈ പ്രസംഗത്തിലെ ഒരേയൊരു വാചകം ഉദ്ധരിച്ചു കൊണ്ടാണ് മറ്റ് പല വിമർശകരെയും പോലെ മൗദൂദി ജനാധിപത്യത്തിനും മതനിരപേക്ഷത ക്കും എതിരാണ് എന്ന് രാജേഷ് വാദിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ച മൗദൂദിയുടെ നിലപാട് മനസ്സിലാക്കിത്തരുന്ന പ്രസംഗത്തിലെ ഒരു ഭാഗം മാത്രം ഉദ്ധരിക്കാം:
“ജനങ്ങളുടെ അധീശാധിപത്യത്തിന്റെ സ്ഥാനത്ത് ജനങ്ങളുടെ പ്രാതിനിധ്യത്തെയാണ് നാം അംഗീകരിക്കുന്നത്. രാജാധിപത്യത്തോടും നാടുവാഴി മേധാവിത്തത്തോടും വർഗപരമായ കുത്തകാവകാശത്തോടും നമുക്കു് തീർത്താൽ തീരാത്ത അമർഷമുണ്ട്. ആധുനിക കാലത്തെ ഏറ്റവും വലിയ ഒരു ജനാധിപത്യ വാദിക്കു ഉണ്ടാകാവുന്നത്ര അമർഷം. സാമൂഹിക ജീവിതത്തിൽ എല്ലാവർക്കും തുല്യാവകാശവും തുല്യ നിലപാടും തുല്യാവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട്. ഒരു പാശ്ചാത്യൻ ജനാധിപത്യ വാദിക്കുള്ളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിർബാധവുമായ ഹിതാനുസാരമായിരിക്കണം ഗവണ്മെന്റിന്റെ ഭരണ നിർവഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പുമെന്നതിനെ സംബന്ധിച്ചു നമുക്കു് എതിരഭിപ്രായമില്ല. പ്രജകൾക്ക് അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും പ്രക്ഷോഭണ സ്വാതന്ത്ര്യവുമില്ലാത്തതോ, ജനനത്തെയും ജാതിയെയും പാരമ്പര്യത്തെയും വർഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേകാവകാശങ്ങളും പ്രത്യേക പ്രതിബന്ധങ്ങളുമുള്ളതോ ആയ ഒരു ജീവിത വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാർത്ഥ സത്തായ ഇവ്വിധ വിഷയങ്ങളിലൊന്നും നാം വിഭാവനം ചെയ്യുന്ന ജനപ്രാതിനിധ്യവും പാശ്ചാത്യൻ ജനാധിപത്യവും തമ്മിൽ അന്തരമൊന്നുമില്ല. ഇവയൊന്നും തന്നെ പാശ്ചാത്യർ നമ്മെ അഭ്യസിപ്പിച്ചതുമല്ല”. (മതേരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വിക വിശകലനം: പേജ് 23)

സ്റ്റാലിന്‍, മാവൊസെദൊങ്, ചൗഷസ്‌ക്യു, പോള്‍പോട്ട് തുടങ്ങി ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരായ നിരവധി സ്വേഛാധിപതികളെ കമ്യൂണിസത്തിന്റെ ‘മതേതര രാഷ്ട്ര’ത്തിൽ നാം കണ്ട് മുട്ടുന്നുണ്ട്. ഇവരില്‍ പലരെയും ഇപ്പോഴും വീരപുരുഷന്മാരായി കൊണ്ടു നടക്കുന്നവരാണ് നമ്മുടെ നാട്ടിലെ മാര്‍ക്‌സിസ്റ്റുകള്‍. രാജേഷിന് മോരിന്റെ പുളി ഇനിയും മാറിയിട്ടില്ലാത്തതു കൊണ്ടാവാം ‘മതനിരപേക്ഷമായ അറബ് ദേശീയതയുടെ വക്താവായ സദ്ദാം ഹുസൈന്‍’ എന്ന സ്വേഛാധിപതിയെ ലേഖനത്തില്‍ അദ്ദേഹം വാഴ്ത്തുന്നത്. സിറിയയെക്കുറിച്ചും സമാനമായ പരാമർശമുണ്ട്. സദ്ദാം ഹുസൈനും സിറിയൻ ഏകാധിപതി ഹാഫിസ് അൽ അസദും (പ്രസിഡണ്ട് ബശർ അൽ അസദിന്റെ പിതാവ്) ഇടതു പക്ഷ ബഅസ് പാർട്ടിയുടെ നേതാക്കളായിരുന്നു എന്നതാണ് രാജേഷിനെ പ്രചോദിപ്പിക്കുന്ന ഘടകം. കമ്മ്യൂണിസത്തിന്റെ പഴയകാല ചരിത്രമൊക്കെ ഓര്‍മിപ്പിച്ച്, പരസ്പരം ഏറ്റുമുട്ടേണ്ട സമയമല്ല ഇത്. സംഘ്പരിവാറാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് സി.പി.എം ഇപ്പോഴെങ്കിലും തിരിച്ചറിയുന്നുണ്ടെങ്കില്‍, മുസ്ലിംകളുടെ വളരെ സ്വാഭാവികവും നിയമവിധേയവുമായ രാഷ്ട്രീയാവിഷ്കാരങ്ങളെപ്പോലും വർഗീയത എന്ന വിളിച്ച് പൈശാചികൽക്കരിക്കുന്ന ഏർപാട് സി.പി.എം നിർത്തണം. ഇടത്പക്ഷത്ത് തന്നെ വകതിരിവുള്ള പലരും ഇത്തരം ശൈലിയുടെ അപകടവും അർത്ഥശൂന്യതയും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു എന്ന യാഥാർത്ഥ്യമെങ്കിലും അവർ മനസ്സിലാക്കണം.

Related Articles