Current Date

Search
Close this search box.
Search
Close this search box.

ത്വഹൂർ ഇൻശാ അല്ലാഹ്

രോഗികളെ സന്ദർശിക്കുമ്പോൾ നാമെല്ലാവരും യാന്ത്രികമായി നടത്തുന്ന ഒരു പ്രാർഥനാ ശകലമാണിത്. പ്രബലമായ പ്രാർഥനകളിൽ നാവിന് ഭാരം കുറഞ്ഞ എന്ന നിലക്ക് നാം പ്രാമുഖ്യം കൊടുത്തു ; നമ്മുടെ സൗകര്യത്തിന് പറയുന്ന പ്രാർഥന . അതിലടങ്ങിയിരിക്കുന്ന സാന്ത്വനവും സമാശ്വാസപ്പെടുത്തലും നാം ബോധപൂർവ്വം അറിഞ്ഞാണ് നല്കുന്നതെങ്കിൽ ജീവാമൃതമാവാൻ കെല്പുള്ള മന്ത്രമാണത്. അല്ലാഹുവിന്റെ ഉതവിയോടെ സാസ്ഥ്യപൂർവ്വം, പാപങ്ങളിൽ നിന്ന് വിമലീകരിക്കപ്പെട്ട് , നിർമല പ്രകൃതത്തോടെ ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ എന്നാണ് ആ ചിന്ന ദുആ ഉൾകൊള്ളുന്നത് എന്ന് നാം അറിയാതെ പോവുന്നു. രോഗിയുടെ അടുത്തു ചെന്ന് രോഗത്തിന്റെ ഭീകരാവസ്ഥയും ഈ രോഗം ബാധിച്ച് മരണാസന്ന നിലയിലായവരുടേയും മരിച്ചവ രുടേയും പോസ്റ്റ് മോർട്ടം നടത്താനും നമ്മിൽ ചിലരെങ്കിലും ഉദ്യുക്തരാവാറുണ്ട്. പാപങ്ങൾ പൊറുക്കപ്പെടാനുള്ള ഉപാധിയാണെന്ന് ഓർമ്മപ്പെടുത്തുമ്പോൾ പോലും യുക്തി ദീക്ഷ വേണമെന്നു സാരം.

സൂറ: ശുഅറാഇൽ ഇബ്റാഹീം (അ) തന്റെ ജനതയോട് സംവദിക്കുന്ന ഭാഗത്ത് وإذا مرضت فهو يشفين 26:80 എന്നതിൽ പറയുന്നത് അക്കാര്യമാണ്. അഥവാ രോഗമുണ്ടാക്കിയവൻ തന്നെ സൗഖ്യവും നല്കുന്നുവെന്ന സൗഖ്യദായകമായ വാചകങ്ങൾ മാത്രമാവണം രോഗീ സന്ദർശനം നടത്തുന്നവർ നടത്തേണ്ടത്. അതിനൊന്നും കഴിയാത്തവർ عيادة “ഇയാദത്തി”ന്റെ കൂലി വാങ്ങാൻ രോഗശയ്യയിൽ പോവേണ്ടതില്ല. ഇയാദത്ത് കേവല സന്ദർശനമല്ലെന്നും രോഗീപരിചരണവും ശുശ്രൂഷയുമെല്ലാം ഉൾചേർന്ന , ഇന്നിന്റെ ഭാഷയിൽ പാലിയേറ്റീവ് കെയർ ആണത് എന്ന് നാം മനസ്സിലാക്കണം. രോഗിയുടെ ഭീതിമാറ്റി അയാളെ പ്രശാന്തനാക്കി , മനശ്ശാന്തിയിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്ന് ഉറപ്പുള്ളവർ മാത്രം അത് നിർവ്വഹിക്കട്ടെ . അല്ലാത്തവർ കേവല സന്ദർശനം മാത്രം നിർവഹിച്ച് ഹഖ്ഖ് വീടട്ടെ . രോഗിയുടെ വിഷാദത്തെ അറിയാതെ , അവന്റെ സാമ്പത്തിക പ്രയാസങ്ങൾ ഓർക്കാതെ പറ്റിയ ഡോക്ടറേയും ചികിത്സാ രീതികളും രോഗിയോട് നിർദ്ദേശിച്ച് കൊടുക്കുന്ന സാധുക്കളും തൽക്കാലം നിർവഹിച്ച് കൊണ്ടിരിക്കുന്നത് നബി (സ) പഠിപ്പിച്ച ഇയാദത്ത് അല്ല എന്ന് മനസ്സിലാക്കുക. അർഹമായ മാന്യതയും മൂല്യവും തന്റെ ജീവിതത്തിനുണ്ടെന്ന് ഇയാദത്ത് കാരന്റെ സാന്ത്വനത്തിൽ നിന്ന് രോഗിക്ക് കിട്ടുന്നില്ലെങ്കിൽ അത് ഇയാദത്ത് ആവുന്നില്ല. വ്യക്തിഗത റിപ്പോർട്ട് കൊടുക്കാനുള്ള രോഗീ സന്ദർശനമേ ആവുന്നുള്ളൂ.

 

(ജനുവരി 15 കേരളത്തിൽ പാലിയേറ്റീവ് ബോധവത്കരണ ദിനമായി ആചരിക്കപ്പെടുന്നു)

Related Articles