Current Date

Search
Close this search box.
Search
Close this search box.

ഫറോക്കിലെ ടിപ്പു കോട്ടക്ക് പുതുജീവൻ നൽകുമ്പോൾ

ടിപ്പുസുൽത്താൻ ജനിച്ചു 270 വർഷങ്ങൾ 2020 നവംബർ 20 ന് പിന്നിടുമ്പോൾ കോഴിക്കോട് ഫറോക്കിലെ നൂറ്റാണ്ടുകാലം വിസ്മൃതിയിലാണ്ടു പോയ ടിപ്പു കോട്ടക്ക് കഴിഞ്ഞ മാസത്തെ ഹൈക്കോടതി വിധി പ്രകാരം വീണ്ടും പുതുജീവൻ വെക്കുകയാണ്. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫീസർ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിൽ പര്യവേക്ഷണവും സർവ്വേയും ആരംഭിച്ചിരിക്കുകയാണ്.

‘മൈസൂർ സിംഹം’ എന്നറിയപ്പെട്ട മൈസൂരിലെ രാജാവായിരുന്ന ഇന്ത്യാചരിത്രത്തിലെ ധീരനായ വ്യക്തിത്വമാണ് ടിപ്പുസുൽത്താൻ. 1766 ൽ ടിപ്പുവിൻറെ പിതാവായ ഹൈദർ അലിയാണ് മലബാർ ആദ്യമായി കീഴടക്കുന്നത്. സാമൂതിരിക്കെതിരെയുള്ള പടനീക്കത്തിന് പാലക്കാട് രാജാവിന്റെ സഹായാഭ്യർത്ഥന പ്രകാരമാണ് ഹൈദർ മലബാറിൽ എത്തുന്നത് .

1766 ൽ മലബാറിലെത്തിയ ഹൈദർ ചിറക്കൽ, കോട്ടയം, കടത്തനാട്, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങൾ കീഴടക്കുകയും വള്ളുവനാട്, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലെ രാജാക്കന്മാർ ഹൈദറിന്റെ മേൽക്കോയ്മ അംഗീകരിച്ചു കപ്പം കൊടുക്കാമെന്ന് അംഗീകരിക്കുകയും ചെയ്തു.

മൈസൂർ ഭരണകാലത്ത് കോഴിക്കോടിന്റെ തെക്കുവശത്തായി ചാലിയാർ പുഴയോട് ചേർന്നുള്ള ‘പറവൻമുക്ക്’ എന്നപേരിൽ അറിയപ്പെട്ടിരുന്ന ഇന്നത്തെ ഫറോക്കിനെ ‘ഫാറൂഖാബാദ്’ എന്ന പേര് നൽകി മലബാറിലെ പ്രാദേശിക തലസ്ഥാനമാക്കിയത് ടിപ്പുസുൽത്താനാണ്. 1782 ൽ ഹൈദറിന്റെ മരണത്തോടെയാണ് ടിപ്പു മൈസൂർ രാജാവാകുന്നത്. പിതാവിന്റെ പാത പിന്തുടർന്ന് 1788 ൽ മലബാർ ആക്രമിച്ചു കീഴടക്കിയ ടിപ്പു മലബാറിന്റെ ആസ്ഥാനം കോഴിക്കോട് നിന്നും ഫറോക്കിലേക്ക് മാറ്റുകയും അവിടെ ഒരു കോട്ട പണിയുകയുമായിരുന്നു.

Also read: ഒരു വ്യക്തി തന്നെ 60 വ്യത്യസ്ത ഖത്തുകളിൽ ഖുർആൻ എഴുതിയ നാടാണ് ഞങ്ങളുടേത്

കോഴിക്കോട് നിന്നും 12 കിലോമീറ്റർ മാറിയുള്ള ചാലിയാറിന്റെ തീരത്ത് അറബിക്കടലിന് അഭിമുഖമായി നിൽക്കുന്ന വളരെ തന്ത്രപ്രധാനമായ ഒരു കുന്നിൻ പ്രദേശമാണ് ടിപ്പു കോട്ടക്കായി കണ്ടെത്തിയിരുന്നത്. 1770 കളുടെ അവസാനമാണ് ടിപ്പു ഫറോക്കിൽ കോട്ട പണിയാൻ തുടങ്ങുന്നത്. മലബാറിൽ താൻ കീഴടക്കിയ പ്രദേശങ്ങൾ ഫറോക്ക് കേന്ദ്രീകരിച്ചു ഭരിക്കാനായിരുന്നു ടിപ്പുവിന്റെ തീരുമാനം. തൊള്ളായിരത്തോളം വരുന്ന പടയാളികളാണ് കോട്ട നിർമ്മാണത്തിൽ പങ്കാളികളായത്.

പാറ തുരന്നുണ്ടാക്കിയ ‘മരുന്നറ’ , പടവുകളോടുകൂടിയ ‘ ഇരട്ടക്കിണർ’ തുടങ്ങി ചരിത്രപ്രാധാന്യമുള്ള പലതും അടങ്ങിയിരിക്കുന്നു ഫറോക്കിലെ ടിപ്പു കോട്ട, പക്ഷേ, മലബാറിലെ ബ്രിട്ടീഷ് അധിനിവേശത്തോടുകൂടി ബ്രിട്ടീഷുകാർ ഏറ്റെടുക്കുകയും യാതൊരുതരത്തിലുള്ള ചരിത്രപ്രാധാന്യവും നൽകാതിരിക്കുകയും ചെയ്തു. ആ കാലഘട്ടത്തിൽ കോട്ടക്കകത്ത് പണിത കെട്ടിടം സാമൂതിരിമാർ വിശ്രമകേന്ദ്രമായി ഉപയോഗിച്ചു. പിന്നീട് ബ്രിട്ടീഷുകാർ കോട്ടപ്രദേശം ‘കോമൺവെൽത്ത്’ അധികാരികൾക്ക് കൈമാറി.

1971 ൽ കോമൺവെൽത്ത് അധികൃതർ കോട്ടപ്രദേശം സ്വകാര്യവ്യക്തികൾക്ക് കൈമാറിയതോടെ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് കോട്ടക്കുണ്ടായത്. കോട്ടപ്രദേശം കാടുപിടിച്ചു കയറുകയും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിത്തീരുകയും ചെയ്തതോടെ വികൃതമായത് ചരിത്രം കൂടിയായിരുന്നു.

സ്വാതന്ത്ര്യം ലഭിച്ചു ദശകങ്ങൾ പലത് പിന്നിട്ടപ്പോഴും കോട്ടയെ സംരക്ഷിക്കാനുള്ള ഒരു തരത്തിലുള്ള നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. കോട്ടയുടെ ചരിത്ര പ്രാധാന്യം മനസ്സിലാക്കിയ പ്രദേശവാസികൾ ‘കോട്ട സംരക്ഷണ സമിതി’ രൂപീകരിക്കുകയും സർക്കാറിലേക്ക് പരാതികളും നിവേദനങ്ങളും സമർപ്പിക്കുകയുണ്ടായി. തൽഫലമായി 1991ലാണ് കോട്ട പുരാവസ്തു സ്മാരകമായി സർക്കാർ പ്രഖ്യാപിക്കുന്നത്. പക്ഷേ സർക്കാർ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമോ അതേറ്റെടുക്കാൻ സർക്കാർ കാണിക്കുന്ന താൽപര്യക്കുറവ് മൂലമോ വീണ്ടും വർഷങ്ങളും ആ പ്രദേശം ചരിത്രത്തിന്റെ വെളിച്ചം കാണാതെ കാട് മൂടിക്കിടന്നു.

Also read: ഒഴിവ് സമയം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിറയട്ടെ

സ്വകാര്യ ഭൂമിയിൽ ഉൾപ്പെട്ട ടിപ്പു കോട്ട സുരക്ഷിത സ്മാരകമായി ആയി സർക്കാർ പ്രഖ്യാപിച്ചുവെങ്കിലും കോടതിയിൽ കേസ് നിലനിന്നിരുന്നത് നടപടികൾക്ക് തടസ്സമായിരുന്നു. കോട്ടപ്രദേശത്ത് പരിശോധനകൾ നടത്തി ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ മാസം കോടതി ഉത്തരവ് ഉണ്ടായതോടുകൂടിയാണ് ഫറോക്കിലെ ടിപ്പു കോട്ടക്കു പുതുജീവൻ വെച്ച് പര്യവേക്ഷണവും സർവ്വേയും പ്രദേശത്ത് ആരംഭിച്ചിരിക്കുന്നത്.

പൂർണമായും കാടുമൂടിക്കിടന്ന ഭാഗങ്ങൾ വെട്ടിത്തെളിച്ചും മറ്റും ഭൂഗർഭ അറകൾ,കൂറ്റൻ കിണർ,കൽക്കെട്ടുകൾ, നാണയങ്ങൾ തുടങ്ങി അനേകം ചരിത്രശേഷിപ്പുകൾ വെളിച്ചം കാണാൻ തുടങ്ങിയിരിക്കുന്നു. കോട്ടസംരക്ഷണത്തിന് ബജറ്റിൽ മൂന്നു കോടി രൂപ വകയിരുത്തുകകൂടി ചെയ്തിട്ടുണ്ട് സർക്കാർ. ടിപ്പു മലബാറിൽ നടപ്പാക്കിയ പരിഷ്കാരങ്ങയുടെയും അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെയും ചരിത്രവസ്തുതകൾ ഇവിടെനിന്നും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാമെങ്കിലും ടിപ്പുസുൽത്താനെ ചരിത്രത്തിൽനിന്ന് തന്നെ തുടച്ചു നീക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമോയെന്നതും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

( ചരിത്ര വിഭാഗം വിദ്യാർഥി
മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട് )

Related Articles