Current Date

Search
Close this search box.
Search
Close this search box.

ട്രംപും മോഡിയും തമ്മിലെന്ത് ?

അമേരിക്കൻ ജനത ഒരു തെറ്റ് ചെയ്തു. അതിന്റെ സമയം വന്നപ്പോൾ അവർ ആ തെറ്റ് തിരുത്തി. അല്ലെങ്കിലും കഴിഞ്ഞ തവണ മൊത്തം വോട്ടിന്റെ കാര്യം നോക്കിയാൽ ട്രംപിനെക്കൾ ലക്ഷക്കണക്കിന്‌ പോപ്പുലർ വോട്ടുകൾ ഹിലാരിക്ക് കൂടുതലാണ്.. പക്ഷെ electoral വോട്ടിലാണ് ട്രംപ് അധികാരത്തിൽ എത്തിയത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ട്രംപ് തന്റെ നയം വ്യക്തമാക്കിയിരുന്നു. അത് മറ്റൊന്നുമല്ല. തികച്ചും വംശീയവും വർഗീയവുമായ നിലപാടുകൾ. ട്രംപ് ജയിക്കുക എന്നത് അസാധ്യം എന്ന രീതിയിലാണ്‌ ലോകം മനസ്സിലാക്കിയത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജല്പ്പനങ്ങളെ ആരും മുഖവിലക്കെടുത്തില്ല.

ഇന്ത്യയിൽ സംഘ പരിവർ ഉണ്ടാക്കി വെക്കുന്ന ദുരന്തങ്ങളും ചെറുതല്ല. “ വൈവിധ്യങ്ങളിലെ യോജിപ്പ്” എന്നതാണ് ഇന്ത്യയുടെ പ്രത്യേകത. ഭിന്നിക്കാൻ ഒരു പാട് കാരണം നമുക്കുണ്ട്. ഒരു രാജ്യത്തെ ഒന്നിപ്പിക്കുന്ന വലിയ ഘടകം ഭാഷ തന്നെയാണ്. നമ്മുടെ കാര്യത്തിൽ അങ്ങിനെ ഒരു ഭാഷയില്ല. വേഷവും ഭക്ഷണവുമില്ല. സംസ്കാരവും മതവുമില്ല. എന്നിട്ടും നാം ഇന്ത്യക്കാർ എന്ന് അറിയപ്പെട്ടു. നമ്മുടെ മതങ്ങൾക്കും സംസ്കാരങ്ങൾക്കും മേലെ ഇന്ത്യ എന്ന വികാരത്തിൽ നാം ഒന്നായി. ഇന്ത്യ ചരിത്രത്തിൽ ഇതിലും വലിയ ദുരന്തം നേരിട്ടിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര സമരവും പിന്നീട് ഉണ്ടായ ഇന്ത്യ വിഭജനവും നമുക്ക് മറക്കാൻ കഴിയില്ല. അന്നും നമ്മുടെ നാട്ടിൽ സംഘ പരിവാറും ഫാസിസ്റ്റുകളും ജീവിച്ചിരുന്നു. കുറെ ശവങ്ങൾ അന്ന് ബാക്കിയായെങ്കിലും മനുഷ്യരുടെ മനസ്സുകൾ ഇത്രമാത്രം ഭിന്നിപ്പിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.

അമേരിക്കയിൽ ട്രംപ്‌ പോലെ നമ്മുടെ നാട്ടിൽ മോഡിയും അധികാരത്തിലെത്തി. അഞ്ചു കൊല്ലം കൊണ്ട് തന്നെ മനുഷ്യർക്ക് മതിയാകാൻ മാത്രം അതെത്തിയിരുന്നു. സംഘ പരിവാർ മനസ്സിൽ സൂക്ഷിച്ച പലതും അവർ നടപ്പാക്കാൻ തുടങ്ങി. പലതും ഭരണഘടനയെ കൂട്ടുപിടിച്ചാണെങ്കിൽ മറ്റു പലതും ഭരണത്തിന്റെ തണലിൽ ഗുണ്ടായിസം കാണിച്ചായിരുന്നു. ജനാധിപത്യ മതേതര മൂല്യങ്ങൾക്ക് സംഘ പരിവാർ വരുത്തിവെച്ച പരുക്ക് ചെറുതല്ല. ഒരു ഭാഗത്ത്‌ സംഘ പരിവാർ ഇത്തരം പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകുമ്പോൾ ഇന്ത്യയെ ഈ ദുരന്തത്തിൽ നിന്നും കരകയറ്റാൻ ബാധ്യസ്ഥരായ മതേതര കക്ഷികൾ പരസ്പരം തർക്കിച്ചു സമയം കളഞ്ഞു. നാട് നേരിടുന്ന ഭീമമായ അവസ്ഥയെ അവർ മറന്നു പോയി എന്നതാവും കൂടുതൽ ശരി.

രണ്ടാം മോഡി കാലത്ത് കാര്യങ്ങൾ കൂടുതൽ ഭീകരമായി. നേരത്തെയുള്ളതിൽ നിന്നും ഒരു പടി കടന്നു ഇന്ത്യക്കാരുടെ പൗരത്വം തന്നെ ചോദ്യം ചെയ്യുന്നിടത്താണ് കാര്യങ്ങളെത്തി നിൽക്കുന്നത്. കാശ്മീർ മുത്വലാഖ് പൗരത്വ നിയമം ബാബറി മസ്ജിദ് എന്നിവ യാദൃശ്ചികമായി സംഭവിച്ചതായി ആരും കണക്കാക്കുന്നില്ല. ബി ജെ പി അവരുടെ പ്രകടന –പത്രികയിൽ എടുത്തു പറഞ്ഞ കാര്യങ്ങളാണ്. ഇതേ കാലയളവിൽ തന്നെയാണ് അമേരിക്കയിൽ തീവ്ര വലതു പക്ഷ കൃസ്ത്യൻ പിന്തുണയോടെ ട്രംപ്‌ അധികാരത്തിൽ വന്നതും. താൻ നടപ്പാക്കാൻ പോകുന്ന കാര്യങ്ങൾ അദ്ദേഹവും മുൻകൂട്ടി പറഞ്ഞിരുന്നു. അധികാരം കിട്ടിയ ആദ്യ അവസരത്തിൽ തന്നെ അത് നടപ്പാക്കുകയും ചെയ്തു. മുസ്ലിം വിരുദ്ധതയുടെ കാര്യത്തിൽ ട്രംപൂം മോഡിയും ഏകദേശം തുല്യ നിലയിലാണ് പ്രവർത്തിച്ചത്. അത് കൊണ്ട് തന്നെ മോഡിക്ക് ട്രംപ് നല്ല കൂട്ടുകാരനായി. തിരിച്ചും അങ്ങിനെ തന്നെ. ട്രംപിന്റെ തിരഞ്ഞെടുപ്പിൽ വരെ അത് പ്രതിഫലിച്ചു. മറ്റൊരു അമേരിക്കൻ പ്രസിഡന്റിനും ലഭിക്കാത്ത സ്വീകാര്യതയാണ് സംഘ പരിവാർ വൃത്തത്തിൽ ട്രംപിനു ലഭിച്ചത്. ഇന്ത്യയിൽ ട്രംപിനെ ആരാധിക്കുന്ന അമ്പങ്ങൾ പോലുമുണ്ടായി.

അമേരിക്കൻ ജനാധിപത്യവും ഇന്ത്യൻ ജനാധിപത്യവും തമ്മിൽ വലിയ അന്തരമുണ്ട്. ഒരാൾ തന്നെ ജീവിത കാലം മുഴുവൻ അധികാരത്തിലിരിക്കുക എന്ന രീതി അമേരിക്കൻ രാഷ്ട്രീയത്തിൽ സാധ്യമല്ല. അതെ സമയം ഇന്ത്യയിൽ പലപ്പോഴും അധികാരം ചില കൈകളിൽ മാത്രമായി ചുരുങ്ങുന്നു. ട്രംപ്‌ തങ്ങൾക്ക് പറ്റിയ തെറ്റാണു എന്ന് അമേരിക്കൻ ജനതയ്ക്ക് മനസ്സിലാവാൻ കുറഞ്ഞ സമയമേ വേണ്ടി വന്നുള്ളൂ. അവർ അത് തിരുത്തി എന്ന് മാത്രമല്ല ട്രംപ് കൊണ്ട് വന്ന പല തീരുമാനങ്ങളും ഒന്നാം ദിവസം തന്നെ തിരുത്തി. അതിനെ കുറിച്ച് മാനുഷിക വിരുദ്ധം എന്നാണു അമേരിക്കൻ ജനത പ്രതികരിച്ചത്. അതെ സമയം നമ്മുടെ നാട്ടിൽ വംശീയ പരമായ നിലപാടുകളും നടപടികളും ഭരണകൂടങ്ങളുടെ ഭാഗത്ത്‌ നിന്നും അധികരിച്ച് വരുന്നു. ഒരു കൂട്ടായ എതിർപ്പ് എവിടെ നിന്നും കാണുന്നില്ല.

തെറ്റ് തിരുത്താനുള്ള അവസരം കൂടിയുണ്ട് എന്നതാണ് ജനാധിപത്യത്തിന്റെ കാതൽ.. കൂടുതൽ തെറ്റിലേക്ക് പോകാനാണ് ഇന്ത്യയിൽ ജനാധിപത്യത്തെ ഉപയോഗപ്പെടുത്തുന്നത് എന്നതാണ് ആധുനിക ചരിത്രം. അക്രമികളായ ഭരണാധികാരികൾ ചരിത്രത്തിൽ എന്നും ഉദയം കൊണ്ടിട്ടുണ്ട്. അവരെ കൂടുതൽ കയറൂരി വിടാൻ ചരിത്രം സമ്മതിച്ചിട്ടില്ല എന്നതാണ് വാസ്തവം. ട്രംപ് കാലത്ത് ലോകം മുഴുവൻ വലതു പക്ഷ കൃസ്ത്യൻ തീവ്രതയുടെ ഉയർത്തെഴുനെൽപ്പ് നാം കണ്ടു. അതു അമേരിക്കയിൽ മാത്രം ഒതുങ്ങിയില്ല. യോറോപ്യൻ നാടുകളിൽ അതിന്റെ വ്യാപനമുണ്ടായി. ന്യൂസിലൻഡ്‌ അതിന്റെ ഇരയായി . തങ്ങൾ തുടങ്ങി വെച്ച ദുരന്തം അമേരിക്കൻ ജനത തന്നെ താഴെ ഇറക്കി വെച്ചു. പക്ഷെ ഇന്ത്യക്കാർ അതിപ്പോഴും താങ്ങി നടക്കുന്നു എന്നതാണ് വിചിത്രം.

Related Articles