Current Date

Search
Close this search box.
Search
Close this search box.

മുഖ്യമന്ത്രി പറഞ്ഞതും പറയാത്തതും

മുഖ്യമന്ത്രിയുടെ പ്രതിനിധിയായി പാലാ ബിഷപ്പിൻ്റെ അരമനയിലെത്തിയ മന്ത്രി വാസവൻ അരമനയിൽ നിന്ന് ഇറങ്ങിയ പാടെ പിറകിൽ വാതിലടയുന്ന ശബ്ദം കേട്ടു. കേട്ടപാതി കേൾക്കാത്ത പാതി ബിഷപ്പിൻ്റെ വിദ്വേഷ പ്രസംഗം അടഞ്ഞ അധ്യായമാണെന്നും അതിനെക്കുറിച്ച് ഇനിയും ചർച്ച ചെയ്യുന്നവർ തീവ്രവാദികളാണെന്നും ഉത്തരവിറക്കി. ഒരു പടി കൂടി മുന്നോട്ട് കടന്ന് പാർട്ടി സെക്രട്ടരി എ. വിജയരാഘവൻ ബിഷപ്പിൻ്റെ പ്രസ്താവനയുടെ പിന്നിൽ ദുരുദ്ദേശ്യമൊന്നുമില്ലെന്ന് ക്ലീൻ ചിറ്റ് നൽകി. വാസവൻ കൊട്ടിയടച്ച അധ്യായം മുഖ്യമന്ത്രിക്ക് ഇന്നലെ വീണ്ടും തുറക്കേണ്ടി വന്നു. വൈകിയുദിച്ച വിവേകമൊന്നുമല്ല, ബിഷപ്പിനെ വെള്ളപൂശി, വിവാദം കുഴിച്ചുമൂടാനുള്ള സി.പി.എം തന്ത്രത്തെ കേരളം തിരിച്ചറിഞ്ഞ് പരാജപ്പെടുത്തിയത് കൊണ്ട് മാത്രം.

പാലാ ബിഷപ്പിൻ്റെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും ‘അനാവശ്യ പരാമർശം നടത്തിയവർ തെറ്റു മനസ്സിലാക്കി തിരുത്തണം’ എന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. ( തെറ്റ് തിരുത്തേണ്ടത് പാലാ ബിഷപ്പാണെന്ന് നോം തെളിച്ചു പറയില്ല, സന്ദർഭത്തിൽ നിന്ന് മനസ്സിലാക്കിക്കൊള്ളണം! ) ‘പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണോ എന്നത് അധികാരകേന്ദ്രത്തിൽ നിന്ന് ആവശ്യപ്പെടേണ്ട വിഷയമല്ല’ എന്നും കൂട്ടിച്ചേർത്തു.

അവസാനം പറഞ്ഞത് കറക്ട്! ക്രമിനൽ ഒഫൻസ് ചെയ്യുന്നവരെ ഉപദേശിച്ചു നന്നാക്കലല്ല സർക്കാറിൻ്റെ പണി. അവർക്കെതിരെ നിയമ നടപടി സ്വീകരിക്കലാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് ശേഷവും പാലാ ബിഷപ്പും സീറോ മലബാർ സഭയും സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്നു. ബിഷപ്പ് തെറ്റ് തിരുത്തണം എന്ന് വ്യംഗ്യമായിട്ടെങ്കിലും പറയാൻ രണ്ടാഴ്ച സമയച്ചെടുത്ത സർക്കാർ ഇനി എന്താണ് ചെയ്യാൻ പോകുന്നത്?
നിയമ നടപടിയില്ല എന്ന് മുഖ്യമന്തി മുൻകൂർ പ്രഖ്യാപിച്ചു കഴിഞ്ഞതാണല്ലോ. നീതിയും നിയമവും നടപ്പാക്കുന്നേടത്ത് കൂടി ആനുപാതിക പ്രാതിനിധ്യം ഉറപ്പ് വരുത്തേണ്ടതല്ലെ !

കേരളത്തിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ഇല്ല എന്ന് സ്ഥിതിവിവരക്കണക്കുകൾ വെച്ച് മുഖ്യന്ത്രി പ്രഖ്യാപിച്ചത് വൈകിയാണെങ്കിലും നല്ല കാര്യമാണ്. മുസ്ലിം വിരുദ്ധ ഹേറ്റ് കാമ്പയിൻ്റെ ഭാഗമായി പടച്ചു വിടുന്ന ഇത്തരം പദപ്രയോഗങ്ങൾ നോർമലൈസ് ചെയ്യപ്പെടുന്നത് പക്ഷെ ആരും പ്രശ്നവൽക്കരിക്കുന്നില്ല. മതാടിസ്ഥാനത്തിലല്ല മയക്ക് മരുന്ന് കച്ചവടം നടക്കുന്നത് എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് അത് സ്ഥിരീകരിക്കാൻ മയക്ക് മരുന്ന് കടത്തിൽ പിടിക്കപ്പെട്ടവരുടെ മതം തിരിച്ചുള്ള കണക്ക് ഹാജരാക്കേണ്ടി വരുന്നത് പ്രബുദ്ധ കേരളത്തിൻ്റെ ദുര്യോഗം എന്നേ പറയേണ്ടൂ. മതത്തിൻ്റെ കള്ളിയിൽ എഴുതിച്ചേർക്കപ്പെടുന്ന കുറ്റവാളികളിൽ എത്ര മാർക്സിസ്റ്റുകളും എത്ര യുക്തിവാദികളും ഉണ്ട് എന്ന വിവരം ഒരു വിവരാവകാശ നിയമത്തിലൂടെയും വെളിപ്പെടാൻ പോകുന്നില്ല. ഈ സൗകര്യത്തിൻ്റെ മറവിലാണ് മതം വ്യക്തമായി വിലക്കിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ പോലും മതത്തിൻ്റെ ബാനറിൽ അറിയപ്പെടുന്നതും “മതമാണ് മതമാണ് മതമാണ് പ്രശ്നം” എന്ന് സഖാക്കളും യുക്തിവാദികളും രണ്ടും കൂടിയവരും മാസ്ക് ധരിച്ചും ധരിക്കാതെയും മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുന്നതും.

ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ഇല്ലെങ്കിലും തീവ്രവാദത്തിലേക്കുള്ള റിക്രൂട്ടിംഗ് നടക്കുന്നുണ്ടെന്നും മഹല്ലുകൾ കേന്ദ്രീകരിച്ച് ‘ഡീ റാഡിക്ക ലൈസേഷൻ’ നടക്കുന്നുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞുവെച്ചത്. ഇതിൻ്റെ ഒടുവിലത്തെ സ്ഥിതിവിവരക്കണക്കു കൂടി പുറത്ത് വിട്ടിരുന്നെങ്കിൽ കേരളീയർക്ക് സുഖമായി കിടന്നുറങ്ങാമായിരുന്നു. സംഘ് പരിവാറിൻ്റെ സായുധ കലാപരിപാടികളോ ജബ്രയുടെയും കാസ/ക്രിസങ്കി ആദികളുടെയും മുസ്ലിം വിദ്വേഷം ആട്ടക്കളിയോ സഖാക്കളുടെ പാർട്ടി വിലാസം കൊലക്കത്തിയോ നമ്മൾ തീവ്രവാദത്തിൻ്റെ പട്ടികയിൽ പെടുത്തിയിട്ടില്ലല്ലോ. ലാൽ സലാം!

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles