Current Date

Search
Close this search box.
Search
Close this search box.

ഈ നിഴൽ യുദ്ധം എന്തിനു വേണ്ടിയാണ്?

ടി.ആരിഫലി കേരള ജമാഅത്തെ ഇസ് ലാമി അമീർ ആയിരിക്കേ വിവിധ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങൾ “നിലപാടുള്ള പ്രസ്ഥാനം ” എന്ന പേരിൽ ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത കൃതിയുടെ ഒരു അധ്യായത്തിൻ്റെ തലക്കെട്ട് തന്നെ “മത രാഷ്ട്ര വാദത്തെ ഞങ്ങൾ നിരാകരിക്കുന്നു” എന്നാണ്. അദ്ദേഹത്തിൻ്റെ വാക്കുകൾ:
“ജമാഅത്തെ ഇസ് ലാമി അസന്ദിഗ്ദമായി വ്യക്തമാക്കുന്നത്, ജമാഅത്തെ ഇസ് ലാമിക്ക് “മത രാഷ്ട്രവാദ ” വുമായി ഒരു ബന്ധവുമില്ല എന്നാണ് “…

അല്ലെങ്കിലും ഇന്ത്യയെ പോലെ മഹാ ഭൂരിപക്ഷവും മുസ് ലിംകളല്ലാത്ത ഒരു രാജ്യത്ത് യാഥാർത്ഥ്യബോധമുള്ള ഏതെങ്കിലും സംഘടന “ഇസ് ലാമിക രാഷ്ട്ര”ത്തിനു വേണ്ടി വാദിക്കുമോ?!

പിന്നെ, വിമർശകർക്കു പോലും അറിയാം, ഇസ് ലാം പരമ്പരാഗതാർത്ഥത്തിലുള്ള ഒരു “മതം” അല്ലായെന്നും മൂല്യാധിഷ്ഠിത രാഷ്ട്രീയം കൂടി ഉൾക്കൊള്ളുന്ന മാനവികതയിലൂന്നിയ ജീവിത പദ്ധതിയാണെന്നും. അത് മാത്രമാണ് ജമാഅത്തെ ഇസ് ലാമിയുടെയും പ്രതിനിധാനം. അതുകൊണ്ട് തന്നെ ജമാഅത്തെ ഇസ് ലാമി മാനവികമാണ്. മാനുഷികമാണ്. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും അങ്ങേയറ്റം മാനിക്കുന്ന പ്രസ്ഥാനമാണ്. ജമാഅത്തെ ഇസ് ലാമിയുടെ മുക്കാൽ നൂറ്റാണ്ട് കാലത്തെ പ്രവർത്തകരും പ്രവർത്തനങ്ങും തന്നെയാണ് അതിൻ്റെ സാക്ഷ്യപത്രങ്ങൾ!

Also read: ‘ഇബ്‌നു തൈമിയ്യ’ ലൈബ്രറി

ജനാധിപത്യത്തിലൂന്നിയ സമാധാനപരമായ ആശയ പ്രചരണങ്ങളല്ലാതെ ഒരിക്കലും സായുധ മാർഗം സ്വീകരിക്കാൻ പ്രസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ ക്ലീൻ ചിറ്റ് ലഭിച്ച ഏക സംഘടനയും ജമാഅത്തെ ഇസ് ലാമിയത്രെ!

സാമ്രാജ്യത്വ ശക്തികളാണ് ഇസ് ലാമിനെയും ഇസ് ലാമിക പ്രസ്ഥാനങ്ങളെയും എന്നും പ്രതിസ്ഥാനത്തു നിർത്തുന്ന “പദനിർമിതികൾ ” (മൗലികവാദികൾ, തീവ്രവാദികൾ, ഭീകരവാദികൾ, മതരാഷ്ട്രവാദികൾ … ) ഉണ്ടാക്കിയെടുക്കുന്നത്. സോവ്യറ്റ് യൂനിയനും കിഴക്കൻ യൂറോപ്പും തകരുന്നതിനു മുമ്പ് കമ്യൂണിസ്റ്റുകാരായിരുന്നു ഈ പ്രതിക്കൂട്ടിൽ നിർത്തപ്പെട്ടത്!

ഖേദകരമെന്നു പറയട്ടെ, അതേ സാമ്രാജ്യത്വ “ടെർമിനോളജി”കളെ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ഇസ് ലാമിനും ഇസ് ലാമിക പ്രസ്ഥാനത്തിനും നേരെ പ്രയോഗിക്കുകയാണ് കമ്യൂണിസ്റ്റ് സുഹൃത്തുക്കൾ ഇപ്പോൾ ചെയ്യുന്നത് !!

ജമാഅത്തെ ഇസ് ലാമി ഒട്ടേറെ തിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിനും എൽ.ഡി.എഫിനും വോട്ടു നൽകിയിട്ടുണ്ട്. അതിനർത്ഥം അവരുടെ മുഴുവൻ പ്രവർത്തനങ്ങളെയും ജമാഅത്തെ ഇസ് ലാമി അംഗീകരിക്കുന്നു എന്നല്ല.മറിച്ച് ജമാഅത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളെയും സി.പി.എമ്മും എൽ.ഡി.എഫും അംഗീകരിക്കുന്നു എന്നും അർത്ഥമില്ല.

ജമാഅത്തെ ഇസ് ലാമിയെ ആർക്കും വിമർശിക്കാം. അത് പക്ഷെ മാന്യവും വസ്തുനിഷ്ഠവും ആയിരിക്കണം. അല്ലാതെ മുൻ ധാരണയോടെയുള്ള ആക്രമണം ആവരുത്.

ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏതൊരാളിൻ്റെയും ദൗത്യം ഭരണകൂടത്തിൻ്റെ ഒത്താശയോടെ ആയുധം ചുഴറ്റി വരുന്ന RSS സംഘ് ഭീകരതയെ പരമാവധി ചെറുക്കലാണ്. അല്ലാതെ തൂക്കമൊപ്പിക്കലിൻ്റെ സമവാക്യങ്ങൾ സൃഷ്ടിക്കാൻ മരിച്ചു വീഴുന്ന ഇരയുടെ പിടച്ചലിനെ ഉദ്ധരിക്കുന്നവർ ആരായാലും അവർ സഹായിക്കുന്നത് വേട്ടക്കാരൻ്റെ കത്തിയെ തന്നെയാണ്!

സ്വതന്ത്രേന്ത്യയിൽ ചെറുതും വലുതുമായ 4000 ത്തോളം മുസ് ലിം വംശഹത്യകൾക്ക് നേതൃത്വം നൽകിയ RSS എന്ന കൊടുംഭീകര സംഘടിത സായുധ പ്രസ്ഥാനത്തെ, നാടൻ ഭാഷയിൽ പറഞ്ഞാൽ “ഒരു പെറ്റിക്കേസിൽ പോലും പ്രതികളാവാത്ത” ജമാഅത്തെ ഇസ് ലാമിക്കാരെക്കൊണ്ട് തൂക്കമൊപ്പിക്കാൻ നടത്തുന്ന നിഴൽ യുദ്ധം ആർക്ക്, എന്തിനു വേണ്ടിയാണ്? എന്ന് പാർട്ടിയിലെ നിഷ്പക്ഷമതികളെങ്കിലും ചിന്തിക്കേണ്ടതുണ്ട്.

Related Articles