Current Date

Search
Close this search box.
Search
Close this search box.

രക്തസാക്ഷി എന്തു കൊണ്ട് മരിക്കുന്നില്ല

ആരാണ് രക്തസാക്ഷികള്‍. ദൈവിക മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവര്‍ എന്നാണ് ഇസ്ലാമിന്റെ പൊതുവായ മറുപടി. തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശ മാര്‍ഗത്തില്‍ ജീവന്‍ നഷ്ടമായവരെ ഓരോരുത്തരും അവരുടെ ഭാഷയില്‍ രക്ത സാക്ഷി എന്ന് വിളിക്കും. രക്തസാക്ഷികളെ മരണപ്പെട്ടവര്‍ എന്നാരും പറയില്ല. അവര്‍ കൊല്ലപ്പെട്ട ആശയം ഇപ്പോഴും നിലനില്‍കുന്നു എന്നത് തന്നെ കാരണം. അവകാശങ്ങള്‍ നഷ്ടമാകുമ്പോഴാണ് രക്തസാക്ഷി ജനിക്കുന്നത്. നഷ്ടപ്പെട്ടു പോയ അവകാശം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിനിടയില്‍ ജീവന്‍ നഷ്ടമായാല്‍ അവന്‍ തന്നെയാണു രക്തസാക്ഷി. പ്രവാചക കാലത്ത് മുസ്ലിംകളെ ജീവിക്കാന്‍ ശത്രുക്കള്‍ അനുവദിച്ചില്ല. ജീവിക്കാന്‍ വേണ്ടിയുള്ള സംഘട്ടനമാണ് പ്രവാചക കാലത്തെ യുദ്ധങ്ങള്‍. അതിനെ പ്രതിരോധിക്കാന്‍ രംഗത്ത്‌ വന്നു ജീവന്‍ ത്യജിച്ചവരെ രക്തസാക്ഷി എന്ന പേരില്‍ വിശ്വാസികള്‍ ആദരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ അടുത്തും ആദരം ലഭിക്കുന്നവരാണ്. അവരുടെ ജീവത്യാഗമാണ് മറ്റുള്ളവര്‍ക്ക് ജീവിതം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കാരണം.

സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്തു ജീവന്‍ ത്യജിച്ചവരെ നാം രക്തസാക്ഷികള്‍ എന്ന് വിളിക്കും. ബ്രിട്ടിഷ് പട്ടാളത്തിന്റെ കിരാത വാഴ്ചകളെ നെഞ്ചൂക്കോടെ നേരിട്ടവരാണ് അവര്‍. ലോകത്തില്‍ ഈ രീതിയില്‍ ആദരിക്കപ്പെടുന്ന വിഭാഗം എല്ലാ സമൂഹത്തിലുമുണ്ട്. മത സമൂഹത്തിനും മതേതര സമൂഹത്തിനും രക്തസാക്ഷികളുണ്ട്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ കെട്ട കാലത്തിന്റെ നല്ല സൂചനകളാണ് രക്തസാക്ഷിത്വം. അതില്ലാതായാല്‍ അവിടെ തിന്മയുടെ പൂര്‍ണമായ ആധിപത്യം ഉടലെടുക്കും. സ്വാതന്ത്ര സമര കാലത്തോടെ വാസ്തവത്തില്‍ ഇന്ത്യയില്‍ രക്തസാക്ഷികളുടെ കാലം കഴിയേണ്ടതായിരുന്നു. ഇന്ത്യക്കാരന്‍ എന്ന നിലയിലും പൗരന്‍ എന്ന നിലയിലും നമ്മുടെ അവസാന ചെറുത്തുനില്‍പ്പ്‌ അന്ന് അവസാനിക്കേണ്ടതായിരുന്നു. ഇന്ത്യക്കാരന്റെ മനുഷ്യാവകാശങ്ങളുടെ മേലാണ് ബ്രിട്ടീഷുകാര്‍ അടയിരുന്നത്. അവര്‍ നാട്ടില്‍ നിന്ന് പോയതിനു ശേഷം ഇവിടെ ശേഷിച്ചത് നമ്മുടെ നാട്ടുകാര്‍ തന്നെ. നാമാണ് നമ്മെ തിരഞ്ഞെടുക്കുന്നതും നമ്മെ ഭരിക്കുന്നതും. പക്ഷെ പലപ്പോഴും നാം തിരഞ്ഞെടുത്ത അധികാരികള്‍ നമ്മുടെ ജനാധിപത്യ അവകാശങ്ങള്‍ കവരാന്‍ ശ്രമിച്ചിട്ടുണ്ട്. അന്നൊക്കെ വീണ്ടും ജനത തെരുവില്‍ രക്തം ഒഴിക്കിയിട്ടുണ്ട്.

ഇന്നത്തെ പോലെ തീര്‍ത്തും പ്രതികൂലമായ കാലം സ്വാതന്ത്രത്തിനു ശേഷം ഇന്ത്യ കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ പ്രതിരോധം കൂടുതല്‍ ശക്തമാകേണ്ട കാലത്താണ് നാം ജീവിക്കുന്നത്. ഈ സമരം ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ്. ജീവന്‍ മരണ പോരാട്ടം എന്നും പറയാം. മുസ്ലിംകളെ കൃത്യമായി ഉന്നം വെച്ച് കൊണ്ട് ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന നീക്കം. അതിനെതിരെ സമരം നയിക്കുന്നവരെ ഭരണകൂടം കിരാതമായി തന്നെ നേരിടുന്നു. വെടിവെച്ചു കൊല്ലാന്‍ പോലും അവര്‍ മടിക്കുന്നില്ല. എന്ന് മാത്രമല്ല ആ വിവരം പുറത്തറിയാതിരിക്കാന്‍ അവര്‍ എന്തും ചെയ്യാന്‍ മടിക്കില്ല. കാശ്മീരില്‍ എന്ത് നടക്കുന്നു എന്നതിന്റെ കൂടെ ഉദാഹരണമായി മാംഗ്ലൂര്‍ സംഭവ വികാസങ്ങളെ മനസ്സിലാക്കാം. ഇതേ രീതിയാണ് ഫലസ്തീനില്‍ ഇസ്രായേല്‍ നടപ്പാക്കുന്നത്. തങ്ങളുടെ ക്രൂരതകള്‍ പുറം ലോകം അറിയരുതെന്ന് ഫാസിസം എന്നും നിര്‍ബന്ധം പിടിക്കും. അതിനു സാധ്യമായ എന്തും അവര്‍ നടപ്പിലാക്കും.

അവിടെയാണ് രക്തസാക്ഷികളുടെ പ്രാധാന്യം കടന്നു വരുന്നത്. അവര്‍ എന്തിനു വേണ്ടി കൊല്ലപ്പെട്ടു എന്ന ചോദ്യം നാം ഉയര്‍ത്തിക്കൊണ്ടിരിക്കണം. ജനിച്ചു വളര്‍ന്ന സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരവും സമര്‍പ്പണവും അത് കൊണ്ട് തന്നെ വിലമതിക്കാനാവാത്ത രക്തസാക്ഷിത്വമാണ്. ആ ചോദ്യം എന്നും ഫാസിസ്റ്റു സര്‍ക്കാരുകളുടെ ഉറക്കം കെടുത്തും. രക്തസാക്ഷി ജീവിതം കൊണ്ട് സാക്ഷ്യം വഹിച്ചവനാണ്. അത് കൊണ്ടുതന്നെയാണ് അവരുടെ മഹത്വം എന്നും തിളങ്ങി നില്‍ക്കുന്നതും.

മുരുകന്‍ കാട്ടാക്കട രക്തസാക്ഷികളെ ഇങ്ങിനെ വര്‍ണ്ണിക്കുന്നു-
“ ……………. ആയിരം പേരാണവന്നു ചരിത്രത്തി-
ലായിരം നാവവനെക്കാലവും. ….
രക്തസാക്ഷീ നീ മഹാ പര്വതം
കണ്ണിനെത്താത്ത ദൂരത്തുയര്ന്നു
നില്ക്കുന്നു നീ….
രക്തസാക്ഷീ നീ മഹാ സാഗരം –
എന്റെ ഹൃത്ച്ചക്രവാളം നിറഞ്ഞേ കിടപ്പു
നീ…..
അവനവനു വേണ്ടിയല്ലാതെ അപരന്നു
ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്
രക്തസാക്ഷി….. .
അവനവന് വേണ്ടിയല്ലാതെ അപരന് വേണ്ടി ത്യാഗം ചെയ്യാന്‍ കഴിയുന്നിടത്തു രക്തസാക്ഷി ജനിക്കുന്നു. അന്നും ഇന്നും എന്നും. അത് കൊണ്ട് തന്നെ അവര്‍ക്ക് മരണമില്ല.

Related Articles