Current Date

Search
Close this search box.
Search
Close this search box.

വോട്ടിങ് മെഷീനും ജനാധിപത്യവും

ജൂലിയസ് സീസറിന്റെ കാലത്ത് അതായത് ബി സി 63 കാലഘട്ടത്തില്‍ തന്റെ രണ്ടാമത്തെ ഭാര്യയായ പോമ്പിയെ വിവാഹമോചനം നടത്തിയതിനു ശേഷം അദ്ദേഹം നടത്തിയ പ്രഖ്യാപനം വളരെ പ്രശസ്തമാണ്. ‘സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണം’. അക്കാലത്ത് കുപ്രസിദ്ധനായ ഒരു പുരുഷനുമായി ബന്ധപ്പെട്ട് പരന്ന അപവാദ പ്രചരണം ജൂലിയസ് സീസറും കേട്ടുവെങ്കിലും അദ്ദേഹത്തിനതില്‍ തരിമ്പും വിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍ തന്നെപ്പോലൊരാള്‍ രാജ്യം ഭരിക്കുമ്പോള്‍, താന്‍ സംശയാതീതനായിരിക്കണമെന്നതു പോലെ തന്നെ തന്റെ കൂട്ടാളിയും സംശയാതീതയായിരിക്കണമെന്ന അത്യുന്നതമായ ആദര്‍ശം മുറുകെപ്പിടിച്ചു കൊണ്ട് പോമ്പിയെ അദ്ദേഹം വിവാഹമോചനം നടത്തുകയായിരുന്നു. രാജാവില്‍ മാത്രമല്ല രാജാവിന്റെ ഭാര്യയിലും സംശയം പാടില്ല എന്ന നിയമം നമ്മുടേത് പോലുള്ള ഒരു ജനാധിപത്യ നാടിനു എന്ത് ഗുണം ചെയ്യുന്നു എന്ന് കൂടി മനസ്സിലാക്കണം.

2010 മെയ് 18 നു ബി ബി സി ഒരു വാര്‍ത്ത പുറത്തു വിട്ടിരുന്നു. ‘ഇന്ത്യന്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ഹാക്കര്‍ ചെയ്യാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചതായി യു.എസ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു’ എന്നാണ് ആ വാര്‍ത്ത. അതിനു ശേഷം ഇന്ത്യയില്‍ പല തെരഞ്ഞെടുപ്പുകളും നടന്നിരുന്നു. ഒരു ദേശീയ തിരഞ്ഞെടുപ്പും. ശേഷം ഇന്നലെയും നാം വീണ്ടും അത് കേട്ടു ‘അമേരിക്കയിലെ ഹാക്കര്‍മാര്‍ ഇന്ത്യന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യാം എന്ന് പരസ്യമായി പറയുന്നു. ആദ്യമായി ഈ ആരോപണം ഉന്നയിച്ചത് എന്റെ ഓര്‍മയില്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന എല്‍ കെ അദ്വാനിയാണ്. 2009ല്‍ മഹാരാഷ്ട്രയിലേക്കും മറ്റു മൂന്ന് സംസ്ഥാനങ്ങളിലേക്കും നടന്ന തിരഞ്ഞടുപ്പുകളിലാണ് ഈ ആരോപണം ഉന്നയിക്കപ്പെട്ടതു. പിന്നീട് പലപ്പോഴായി പ്രതിപക്ഷ കക്ഷികള്‍ ഈ ആരോപണം തുടര്‍ന്ന് കൊണ്ടിരുന്നു.

ജനാധിപത്യ രാജ്യത്തു സീസറിന്റെ ഭാര്യയേക്കാളും മുകളിലാണ് ബാലറ്റ് സംവിധാനം. അതിലാണ് ഇപ്പോള്‍ നാടും ലോകവും സംശയം പ്രകടിപ്പിക്കുന്നത്. ലോകത്തു ഏകദേശം 120ാളം ജനാധിപത്യ രാജ്യങ്ങളില്‍ ജനാധിപത്യ രീതിയില്‍ സര്‍ക്കാരുകളെ തിരഞ്ഞെടുക്കുന്നു. അതില്‍ ഇലക്ട്രോണിക് വോട്ടിങ് രീതി സ്വീകരിക്കുന്നത് 25ല്‍ താഴെ രാജ്യങ്ങള്‍ മാത്രം. അതായത് അമ്പതു ശതമാനം രാജ്യങ്ങളും സ്വീകരിക്കുന്നത് പേപ്പര്‍ ബാലറ്റ് തന്നെ. അതായത് ഇലക്ട്രോണിക് രീതി ലോകം അംഗീകരിച്ചിട്ടില്ല എന്ന് സാരം.

ജനാധിപത്യത്തിന്റെ പ്രത്യേകത ലോകത്തു ഏറ്റവും സുതാര്യമായത് എന്നതാണ്. ഒരു വ്യക്തിയില്‍ നിന്ന് എന്നതിന് പകരം തീരുമാനങ്ങള്‍ വരിക പലരില്‍ നിന്നാകും. അതെ സമയം നമ്മുടെ നാട്ടില്‍ ഇന്ന് സംശയം ജനാധിപത്യത്തില്‍ തന്നെയാണ്. ഒരിക്കലും പുറത്തു നിന്നും അതില്‍ ഇടപെടാന്‍ പറ്റില്ല എന്ന് പറയുമ്പോഴും ഇന്ത്യയില്‍ നിന്നും മാത്രമല്ല പുറത്തു നിന്നും പോലും ഇടപെടലിന്റെ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു. ഏകദേശം ഇരുനൂറോളം സീറ്റുകള്‍ കോണ്‍ഗ്രസ്സിന് നഷ്ടമായി എന്ന് പറഞ്ഞാല്‍ അതിന്റെ ഗൗരവം മനസ്സിലാക്കാം. എത്രമാത്രം ആധുനികമാകുന്നുവോ അത്ര എളുപ്പത്തില്‍ അതില്‍ ഇടപെടാം എന്നതാണ് നമ്മുടെ അനുഭവം.

പല ജനാധിപത്യ രാജ്യങ്ങളിലും ജനാധിപത്യത്തെ അട്ടിമറിക്കുന്നത് പട്ടാള അട്ടിമറിയിലൂടെയാണ്. അതെ സമയം ജനാധിപത്യത്തെ ഉപയോഗപ്പെടുത്തി തന്നെ ജനാധിപത്യത്തെ അട്ടിമറിക്കാം എന്ന പാഠമാണ് ഈ കേള്‍ക്കുന്നത് ശരിയാണെങ്കില്‍ സംഭവിക്കുക. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉന്നത രൂപമാണ് പാര്‍ലിമെന്റ്. എന്ത് കൊണ്ട് നമ്മുടെ പ്രധാനമന്ത്രി പാര്‍ലമെന്റിനെയും പത്രക്കാരെയും ഭയക്കുന്നു എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരവും കൃത്യമാണ്. മുന്‍ വാതിലിലൂടെ കടന്നു വരുന്നവര്‍ക്ക് ആരെയും നേരിടാന്‍ സങ്കോചം കാണില്ല. അതെ സമയം പിന്‍വാതിലിലൂടെയും ഓട് പൊളിച്ചും കടന്നു വരുന്നവര്‍ക്ക് ഏതു ചെറിയ ശബ്ദവും ഭയമാണ്. ജനം സംശയിച്ചപ്പോള്‍ സീസര്‍ ഭാര്യയെ മാറ്റി നിര്‍ത്തി. ജനം സംശയിക്കുന്നു എന്നതു തന്നെ ധാരാളമാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം മാറ്റി വെക്കാനും.

Related Articles