ഹിന്ദുക്കളെ പേടിച്ച് മുസ്ലിംകള്‍ക്ക് ശക്തിയുള്ള സ്ഥലത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒളിച്ചോടി എന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഒരു തമാശ രൂപത്തിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. രാഹുലിന്റെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വം രാഷ്ട്രീയമായി ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ട്. ഇന്ത്യന്‍ ഹൃദയ ഭൂമികള്‍ കടന്ന് മുഖ്യ ശത്രുവിനെതിരെയല്ലാത്ത മത്സരത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ അസ്വാഭാവികതയില്ല. അതെ സമയം അതിനു ഒരു മത വര്‍ണം നല്‍കുക എന്നത് തീര്‍ത്തും തെറ്റായ പ്രവണതയും.
കുറച്ചു ദിവസം മുമ്പ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു ഡി എഫ് ഒരു പ്രകടനം നടത്തിയിരുന്നു. അതില്‍ ലീഗും കോണ്‍ഗ്രസ്സും മറ്റു പാര്‍ട്ടികളും ഉണ്ടായിരുന്നു. പക്ഷെ അത് ലീഗിന്റെ കൊടി എന്നതില്‍ നിന്നും പാകിസ്ഥാന്‍ കൊടി എന്നിടത്തേക്കു മാറ്റാന്‍ സംഘ പരിവാറിന് സാധിച്ചിരുന്നു. അതിലൂടെ സംഘ് പരിവാര്‍ പറയാന്‍ ആഗ്രഹിക്കുന്നത് രാഹുലിന്റെ സ്ഥാനാര്‍ഥിത്വമല്ല എന്നുറപ്പാണ്. പകരം ഇന്ത്യയിലെ മുസ്‌ലിം സമൂഹം ഇപ്പോഴും പാകിസ്ഥാന്‍ മനസ്സ് കൊണ്ടാണ് ജീവിക്കുന്നത് എന്ന നുണ പ്രചരിപ്പിക്കാനാണ് അവര്‍ക്ക് താല്പര്യം. എന്ത് കൊണ്ട് ഈ തിരഞ്ഞെടുപ്പ് പ്രാധാന്യമര്‍ഹിക്കുന്നു എന്ന ചോദ്യത്തിന് നമുക്ക് ലഭിക്കുന്ന ഉത്തരമാണ് പ്രധാനമന്ത്രിയും പാര്‍ട്ടിയും കൊണ്ട് നടക്കുന്ന ഇത്തരം നിലപാടുകള്‍.
ന്യൂനപക്ഷ വിരോധമാണ് സംഘ പരിവാര്‍ അടിത്തറ എന്നത് പുതിയ അറിവല്ല. ന്യൂനപക്ഷങ്ങളില്‍ തന്നെ അവരുടെ ഒന്നാം ശത്രു എന്ന് ഉറപ്പിച്ചത് മുസ്ലിം ന്യൂനപക്ഷത്തേയും. ഇന്ത്യയുടെ ശത്രുവാണ് പാകിസ്ഥാന്‍. അവിടെ കൂടുതലുള്ളത് മുസ്ലിംകള്‍. അത് കൊണ്ട് തന്നെ ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിംകളും ഇന്ത്യയുടെ ശത്രുക്കളാണ് എന്ന നിലപാടിലേക്ക് പൊതു ശ്രദ്ധ കൊണ്ട് വരാന്‍ അവര്‍ക്കു കഴിയുന്നു. ഈ ഉദ്ദേശ്യം വെച്ച് കൊണ്ട് ലക്ഷക്കണക്കിന് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ സംഘപരിവാര്‍ നടത്തുന്നു എന്നാണ് വിവരം. കോണ്‍ഗ്രസ്സിന് നല്‍കുന്ന വോട്ട് ഹിന്ദുക്കള്‍ക്ക് എതിരാവും എന്ന രീതിയില്‍ പ്രധാനമന്ത്രി തന്നെ സംസാരിക്കുമ്പോള്‍ എങ്ങിനെയെങ്കിലും ഭരണം നിലനിര്‍ത്തുക എന്ന ദൗത്യത്തിലാണ് സംഘ പരിവാര്‍ എന്നുവേണം മനസ്സിലാക്കാന്‍.
ഇതിനു മുമ്പ് നാം തിരഞ്ഞെടുപ്പിനെ നേരിട്ടത് ഇങ്ങിനെ ആയിരുന്നില്ല. അവിടെ ചര്‍ച്ചയായത് വികസനവും അഴിമതിയുമായിരുന്നു. അതെ സമയം അതിനെല്ലാം രണ്ടാം സ്ഥാനമാണ് ഈ തിരഞ്ഞെടുപ്പില്‍. ഒന്നാം സ്ഥാനം ഇന്ത്യ നിലനില്‍ക്കണോ എന്നതാണ്. ഇന്ത്യ ഇന്ത്യയായി നിലനില്‍ക്കാന്‍ വോട്ടു ചെയ്യുക എന്നിടത്തേക്കു നാം പിറകോട്ടു പോയി എന്ന് പറയേണ്ടി വരുന്നത് നമ്മുടെ ദുരന്തമാണ്. ഭരണകൂടം തന്നെ ജനങ്ങള്‍ക്കിടയില്‍ മോശമായ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് നാം നേരിടുന്ന വലിയ വിഷയം. ഭരണ ഘടന ഉറപ്പു നല്‍കുന്ന പലതും ജനത്തിന് നല്‍കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാവുന്നില്ല. ഈ അവസരത്തില്‍ നാട്ടിലെ ജനത്തിനു മുന്നില്‍ ഒരൊറ്റ ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യയില്‍ മാന്യമായി ജീവിക്കണമോ വേണ്ടയോ എന്ന ചോദ്യം. അതിനാണ് നാം വോട്ടു ചെയ്യേണ്ടടത്തും. ഇന്ത്യ ഭരിക്കാന്‍ സാധ്യതയുള്ള മതേതര പാര്‍ട്ടികളെ വിജയിപ്പിക്കുക എന്ന മിനിമം പരിപാടിയില്‍ നാട്ടിലെ മതേതര ചേരികള്‍ ഒന്നിക്കണം. മതേതര ശക്തികള്‍ സംഘ് പരിവാറിന് സാധ്യതയുള്ള സ്ഥലത്തു പരസ്പരം മത്സരിക്കുന്ന അവസ്ഥയും മാറണം. ഇന്ത്യന്‍ ജനാധിപത്യം ഇപ്പോള്‍ രണ്ടു ചേരിയായി ചുരുങ്ങിയിരിക്കുന്നു. ഒന്ന് മതേതരം മറ്റൊന്ന് ഫാസിസം. ഇതില്‍ ഏതു വേണമെന്ന് തീരുമാനിക്കാനുള്ള അവസാന അവസരമായി നാം ഈ തിരഞ്ഞെടുപ്പിനെ കാണണം. ഹിന്ദു മുസ്ലിം എന്ന വിഭജനമാണ് പ്രധാനമന്ത്രിയും പാര്‍ട്ടിയും നടത്തുന്നത്. അത് മാറ്റി പറയാന്‍ നാം നിര്‍ബന്ധിതരാണ് എന്ന് കൂടി പറയണം.