Current Date

Search
Close this search box.
Search
Close this search box.

വി.കെ.ജലീൽ സാഹിബ് ( 1951-2022 )

പ്രിയപ്പെട്ട വി.കെ.ജലീൽ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി. ശാന്തപുരം സന്തതികളിലെ പ്രഗൽഭരുടെ നിരയിൽ നിന്ന് ഒരു കണ്ണി കൂടി അറ്റുപോയിരിക്കുന്നു. പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘടനാ നേതാവ്, പ്രചോദകൻ തുടങ്ങിയ നിലകളിൽ സംഭവബഹുലമായ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണത്.

ജനനം 1951 മെയ് 12 -ന് മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുംമുറിയിൽ. പിതാവ്: പ്രഗൽഭ പണ്ഡിതനും പരിഷ്കർത്താവുമായിരുന്ന വി.കെ.എം. ഇസുദ്ദീൻ മൗലവി. മാതാവ്: പി.എൻ. ഉമ്മാത്തകുട്ടി. ആലിയ അറബിക് കോളേജിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1964 മുതൽ1974 വരെ പത്തു വർഷം ശാന്തപുരം ഇസ്‌ലാമിയാ കോളേജിൽ പഠിച്ച് എഫ്.ഡി, ബി.എസ് എസ്.സി ബിരുദങ്ങൾ നേടി. പഠന കാലത്ത് ഐഡിയൽ സ്റ്റുഡൻസ് ലീഗ് (ഐ.എസ്.എൽ) മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സമിതിയംഗം, ഐ.എസ്.എൽ ജേർണൽ പ്രസാധകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. പഠനം പൂർത്തിയായ ഉടനെ പ്രബോധനം പത്രാധിപസമിതിൽ അംഗമായി. പ്രഭാഷണ വേദികളിലും സജീവമായി. മലർവാടി ബാലമാസികയുടെ പ്രസിദ്ധീകരണത്തിൽ സാരമായ പങ്ക് വഹിച്ചു. 1975-ൽ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തുടർന്ന് പ്രബോധനത്തിന്റെ പ്രസിദ്ധീകരണം നിലച്ചപ്പോൾ ശാന്തപുരം ഇസ്‌ലാമിയാ കോളേജിൽ അദ്ധ്യാപകനായി. പുനപ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ പ്രബോധനത്തിൽ തിരിച്ചെത്തി.

1982 മുതൽ 2004 വരെ സുഊദി അറേബ്യയിലെ ജിദ്ദയിൽ എ.ബി.ടി. ബിനെക്സ്, ബി.സി. കോർപ്പറേഷൻ, ശർഖാവി കമ്പനി തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. ഇക്കാലയളവിൽ മാധ്യമം ദിനപത്രത്തിന്റെ നിലനിൽപിനും വളർച്ചക്കും സഹായകമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ പങ്കുവഹിച്ചു. കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) ജിദ്ദ സ്ഥാപക സമിതിയംഗം, പ്രസിഡന്റ്, അസംബ്ലി ഫോർ എജ്യൂക്കേഷൻ, ഗൈഡൻസ് ആന്റ് സർവ്വീസസ് (ഏയ്ജസ്) സ്ഥാപക സമിതിയംഗം തുടങ്ങി സുഊദി അറേബ്യയിലെ മത സാമൂഹിക ജനസേവന കലാരംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം, ഐ.പി.എച്ച് ഡയറക്ടർ ബോർഡ് അംഗം, ജമാഅത്തെ ഇസ്ലാമി പടിഞ്ഞാറ്റുംമുറി പ്രാദേശിക അമീർ, ജില്ല വൈസ് പ്രസിഡൻറ്, ജില്ല സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മുഹാജിർ, ഹസ്രത്ത് ഉമ്മു ഐമൻ,
ഖദീജാ ബീവി: തിരുനബിയുടെ പ്രഭാവലയത്തിൽ, ഇസ്സുദ്ദീൻ മൗലവിയുടെ നാടും വീടും എന്റെ ഓർമ്മകളും എന്നീ സ്വതന്ത്ര കൃതികൾക്കു പുറമെ സ്മരണകൾ സംഭവങ്ങൾ, ഇസ്‌ലാം വാളിന്റെ തണലിലോ എന്നീ വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: കെ.എം. ഫാത്വിമ സുഹ്‌റ. മക്കൾ: ശമീം ഇസ്സുദ്ദീൻ, ശഫീഖ് ഇസ്സുദ്ദീൻ, നസീം ഇസ്സുദ്ദീൻ, നഈം ഇസ്സുദ്ദീൻ, ഡോ.ജസീല.
സർവശക്തനായ നാഥൻ അദ്ദേഹത്തിൻ്റെ പാരത്രിക ജീവിതം അനുഗ്രഹ പൂർണമാക്കട്ടെ.

Related Articles