കാലത്തിനൊപ്പം സഞ്ചരിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. എന്നാൽ, കാലത്തിന് മുമ്പേ സഞ്ചരിക്കുക എന്നത് എല്ലാവർക്കും കഴിയുന്ന കാര്യവുമല്ല. പല പ്രതിസന്ധികളെയും തരണം ചെയ്ത് ഒഴുക്കിനെതിരെ പടവെട്ടി വേണം ഇത് സാധ്യമാക്കാൻ. ഇത്തരത്തിൽ കാലത്തിന് മുമ്പേ സഞ്ചരിച്ച് മലയാളികൾക്ക്, വിശിഷ്യാ മുസ്ലിം സമുദായത്തിന് വഴികാട്ടിയായ വ്യക്തിയാണ് വി.കെ. അബ്ദു.
അദ്ദേഹത്തിൻറെ ഓർമകളുമായി പുറത്തിറക്കിയ ‘വി.കെ. അബ്ദു: വിവരസാങ്കേതിക രംഗത്തെ അമരസാന്നിധ്യം’ എന്ന ഓർമ പുസ്തകം ആ ജീവിതവഴികളെ അടയാളപ്പെടുത്തുന്നു. ഇതൊരു ചരിത്രഗ്രന്ഥം കൂടിയാണ്. മലയാളത്തിൻറെ ഐ.ടി ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന നിരവധി ലേഖനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ, 1979ൽ നടന്ന മക്ക- ഹറം കലാപത്തിൻറെ സമ്പൂർണ ദൃക്സാക്ഷി വിവരണവും അതിൻറെ ബാക്കിപത്രവും അന്ന് ചന്ദ്രിക ദിനപത്രത്തിലെഴുതിയ പരമ്പര ഈ പുസ്തകത്തിൽ ചേർക്കുകയും ചെയ്തിട്ടുണ്ട്.
വിവിധ മേഖലകളിൽ തൻറെ സാന്നിധ്യം അറിയിച്ച വ്യക്തിയായിരുന്നു വി.കെ. അബ്ദു. ഇസ്ലാമിക പണ്ഡിതൻ, ഐ.ടി വിദഗ്ധൻ, മാധ്യമ പ്രവർത്തകൻ, അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ തുടങ്ങി വൈവിധ്യപൂർണമായ മേഖലകളിൽ ജീവിതാന്ത്യം വരെ അവിശ്രമം നിസ്വാർത്ഥ സേവനം ചെയ്ത അതുല്യ പ്രതിഭ. താൻ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്നതിന് നൂറായിരം അടയാളങ്ങൾ ബാക്കിവെച്ച് കടന്നുപോയ ഒരു മഹദ്സാന്നിധ്യത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നുണ്ട് ഈ ഗ്രന്ഥം. അദ്ദേഹത്തിൻറെ ജീവിത കാലഘട്ടത്തിനും മേഖലകൾക്കുമനുസരിച്ച് ഈ പുസ്തകത്തിൻറെ ഉള്ളടക്കത്തെയും വിവിധ തലങ്ങളായി തരംതിരിച്ചിരിക്കുന്നു. ഐ.പി.എച്ച് വിതരണം ചെയുന്ന പുസ്തകത്തിൻറെ എഡിറ്റർ പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായിരുന്ന വി.കെ. ജലീൽ ആണ്. ഈ പുസ്തകം പുറത്തിറങ്ങുന്നതിൻറെ ഏതാനും മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹം ദൈവത്തിൻറെ അലംഘനിയമായ വിധിക്ക് കീഴടങ്ങിയത്.
ടെക്നോളജിയും ഇസ്ലാമിക പ്രസ്ഥാനവും
ഈ പുസ്തകത്തിൻറെ ആദ്യഭാഗം തുടങ്ങുന്നത് വി.കെ. അബ്ദുവിൻറെ ജീവചരിത്രവുമായിട്ടാണ്. കുട്ടിക്കാലം മുതൽ മരണം വരെയുള്ള അദ്ദേഹത്തിൻറെ ജീവിതം ഇതിൽ സംക്ഷിപ്തമായി ഉൾപ്പെടുത്തിയിരിക്കുന്നു. അതിനുശേഷം വരുന്ന ലേഖനം ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറൽ ടി. ആരിഫലിയുടേതാണ്. ‘വി.കെ. അബ്ദു സാഹിബിൻറെ ജീവിതം വരും തലമുറകൾക്ക് കൂടി ഏറെ ഉപകാരപ്പെടുന്നതും വഴികാണിക്കുന്നതുമാണ്. ഇൻഫോർമേഷൻ ടെക്‌നോളജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മക്കളിൽനിന്നും പേരക്കുട്ടികളിൽനിന്നുമാണ് പഠിച്ചെടുക്കേണ്ടത് എന്നതാണ് ഇന്നത്തെ പൊതുധാരണ. ഈ ധാരണയെ തിരുത്തുന്ന ഒരു അത്ഭുത വ്യക്തിത്വമായിരുന്നു വി.കെ. അബ്ദു സാഹിബിൻറേത്’’ -ടി. ആരിഫലിയുടെ ലേഖനം തുടങ്ങുന്നത് ഇപ്രകാരമാണ്. ‘‘സമൂഹത്തിൽ ഗുണപരമായ മാറ്റത്തിന് നേതൃത്വം നൽകുന്നവരാണ് നേതാക്കൾ. ചില നേതാക്കൾ മഴക്കാലം പോലെയാണ്. മഴയും കാറ്റും ഇടിയും മിന്നലും കാരണം അവർ അനുഭവവേദ്യമായിരിക്കും. എന്നാൽ, ചിലർ അങ്ങിനെയല്ല. അവർ വസന്തം പോലെയായിരിക്കും. ജനങ്ങളുടെ മുമ്പിൽ നിറഞ്ഞുനിൽക്കില്ല. എന്നാൽ, അവരുടെ സാനിധ്യത്തിൽ എല്ലാം പൂക്കുകയും കായ്ക്കുകയും ചെയ്യും. എല്ലാ ജീവജാലങ്ങളും ആനന്ദ നൃത്തമാടും. പ്രതിഫലങ്ങളിലൂടെ വേണം വസന്തകാലത്തെ പഠിച്ചെടുക്കാൻ. അബ്ദു സാഹിബ് രാണ്ടാമത്തെ വിഭാഗത്തിൽപെട്ട നേതാവായിരുന്നു’ -ടി. ആരിഫലിയുടെ ലേഖനം തുടരുന്നു.
വി.കെ. അബ്ദു ജമാഅത്തെ ഇസ്ലാമിക്കും മുസ്ലിം സമുദായത്തിനും നൽകിയ സേവനങ്ങൾ ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന് വ്യക്തമാക്കുന്നുണ്ട്. ആദ്യഭാഗത്തെ മറ്റൊരു ശ്രദ്ധേയമായ ലേഖനം ഡോക്യുമെൻററി സംവിധായകനും എഴുത്തുകാരനുമായ എം.എ. റഹ്മാൻറേതാണ്. വി.കെ. അബ്ദുവിലെ സാഹിത്യകുതുകിയായ യുവാവിനെയാണ് അദ്ദേഹം അടയാളപ്പെടുത്തുന്നത്.
പത്രപ്രവർത്തകൻ
പുസ്തകത്തിലെ രണ്ടാംഭാഗം പ്രതിപാദിക്കുന്നത് വി.കെ. അബ്ദു എന്ന പത്രപ്രവർത്തകനെയാണ്. മാധ്യമം – മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം അസോസിയേറ്റ് എഡിറ്റ് യാസീൻ അഷ്റഫ് തുടങ്ങിയ മാധ്യമകുലപതികൾ അദ്ദേഹത്തെ അനുസ്മരിക്കുന്നു. മക്കയിൽനിന്ന് ചന്ദ്രിക ദിനപത്രത്തിൻറെ ലേഖകനായായാണ് അദ്ദേഹം മാധ്യമപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ജിദ്ദയിലെത്തിയതോടെ ഗൾഫ് മാധ്യമത്തിൻറെ ഭാഗമായി. അതോടൊപ്പം ഇൻഫോമാധ്യമം പേജിൻറെ എഡിറ്ററുമായിരുന്നു.
‘വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത് എന്ന സാമ്പ്രദായിക മതപഠന കേന്ദ്രത്തിൽനിന്ന് പഠിച്ചിറങ്ങി സ്വന്തമായ താൽപര്യം കൊണ്ടും സ്വപ്രയത്നം വഴിയും വിവരസാങ്കേതിക വിദ്യയുടെ പോസ്റ്റ് മോഡേൺ ലോകത്ത് സ്വൈരവിഹാരം ചെയ്യുന്നതിലേക്ക് വളർന്നതും ഉയർന്നതും അതിശയകരമായ അനുഭവമാണ്. മതസ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്ന തലമുറകൾ മുസ്ല്യാമാരോ മൗലവിമാരോ ആയി ഒരു പ്രത്യേക കള്ളിയിൽ ഒതുങ്ങേണ്ടവരല്ലെന്നും ബുദ്ധിയും വികാസ ത്വരയുമുണ്ടെങ്കിൽ കാലത്തോടൊപ്പം ചലിക്കാൻ കെൽപുള്ളവരായി സ്വയം മാറാൻ അവർക്ക് കഴിയുമെന്നുമുള്ളതിന് മികച്ച മാതൃകയായിരുന്നു വി.കെ. അബ്ദു’ എന്ന് ഒ. അബ്ദുറഹ്മാൻ തൻറെ അനുസ്മരണ കുറിപ്പിൽ വ്യക്തമാക്കുന്നു.
കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ കമ്പ്യൂട്ടർ വത്കരണം നടപ്പാക്കുന്നതിനെതിരെ 1990കളിൽ നടന്ന സമരങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകനായ സി.കെ.എ ജബ്ബാർ പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം സമരത്തെ അനുകൂലിച്ച് മാധ്യമത്തിൽ വാർത്ത കൊടുത്തപ്പോൾ അതിന് മറുപടിയായി വി.കെ. അബ്ദുവിൻറെ ഒരു കത്ത് സൗദിയിൽനിന്ന് വന്നു. ടെലകോം വകുപ്പിൽ നടക്കുന്ന കമ്പ്യൂട്ടർവൽക്കരണ വിരുദ്ധ പ്രചാരണത്തിന് ബലമേകുന്ന വാർത്ത മണ്ടത്തരമാണ് എന്നായിരുന്നു കത്തിലെ ഉള്ളടക്കം. താമസിയാതെ പത്രലോകത്തിനും കമ്പ്യൂട്ടറിലേക്ക് നീങ്ങേണ്ടി വരുമെന്നും ഇല്ലെങ്കിൽ നമ്മൾ പിറകിലാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അന്നത്തെ ആ കത്ത് ഒരു വലിയ ടെക്നോളജി പ്രവചനമായിരുന്നു. ആ കത്ത് സൂക്ഷിച്ചിരുന്നുവെങ്കിൽ ഇന്ന് പുതുതലമുറ വായിക്കപ്പെടേണ്ട ചരിത്ര വസ്തു ആകുമായിരുന്നുവെന്നും സി.കെ.എ ജബ്ബാർ പറയുന്നു.
ഐ.ടി ലോകം
മലയാളത്തിൻറെ ലക്ഷണമൊത്ത ആദ്യ ഐ.ടി ജേണലിസ്റ്റ് ആയിരുന്നു വി.കെ. അബ്ദു. മലയാളക്കരയിൽ വിവരസാങ്കേതിക വിദ്യയുടെ പ്രചാരണത്തിന് അദ്ദേഹം ചുക്കാൻ പിടിച്ചു. രാജ്യത്തിന് തന്നെ അഭിമാനമായ അക്ഷയ പദ്ധതി പോലുള്ളവ ആരംഭിക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. എം. അബ്ദുൽ മജീദ്, അൻവർ സാദത്ത്, വി.കെ. ആദർശ് പോലുള്ളവർ ഐ.ടി മേഖലയിലെ വി.കെ. അബ്ദുവിൻറെ പ്രവർത്തനങ്ങളെ വിവരിക്കുന്നു.
‘കമ്പ്യൂട്ടറിനെപ്പറ്റി മലയാളി കേട്ടുതുടങ്ങിയ തൊണ്ണൂറുകളുടെ പകുതി മുതൽ തന്നെ ഇതിനെപ്പറ്റി ഗൗരവതരമായി പഠിക്കുകയും എഴുതുകയും ചെയ്ത വി.കെ. അബ്ദു സാർ, കൃത്യമായ അടിത്തറയിട്ടത് ഐ.ടി എഴുത്ത് എന്ന ജേണലിസം ഉപശാഖയുടെ ആവിർഭാവത്തിനു തന്നെയാണ്. ആ അർത്ഥത്തിൽ മലയാളത്തിൻറെ ഐ.ടി എഴുത്തിൻറെ കാരണവർ എന്നുതന്നെ അബ്ദു സാറിനെ രേഖപ്പെടുത്താം’ -ഐ.ടി വിദഗ്ധനായ വി.കെ. ആദർശ് തൻറെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
പ്രവാസകാലം
വി.കെ. അബ്ദുവിൻറെ ജീവിതത്തിലെ പ്രധാന കാലഘട്ടമാണ് പ്രവാസം. അദ്ദേഹത്തിലെ പത്രപ്രവർത്തകനെയും സംഘാടകനെയും ഇസ്ലാമിക പ്രബോധകനെയും സാങ്കേതിക വിദ്യാ വിദഗ്ധനെയുമെല്ലാം പ്രവാസി സമൂഹം അതിൻറെ സജീവതയിൽ അനുഭവിച്ചറിഞ്ഞ കാലഘട്ടം. 1977ൽ മക്കയിൽനിന്നാണ് പ്രവാസം ആരംഭിക്കുന്നത്. പിന്നീട് ജിദ്ദയിലെത്തി. 1980കളിൽ അദ്ദേഹം കമ്പ്യൂട്ടർ സ്വന്തമാക്കിയിരുന്നു. ഇത് മറ്റുള്ളവർക്ക് പഠിപ്പിച്ചുനൽകുകയും ചെയ്തു. അത് അവരുടെ ജീവിതത്തിലും ജോലിയിലും വലിയ മുതൽക്കൂട്ടായി മാറി. ഡോ. ഹുസൈൻ മടവൂർ, അബു ഇരിങ്ങാട്ടി, ഷീബ രാമചന്ദ്രൻ തുടങ്ങിയ നിരവധി പേർ പ്രവാസകാലത്തെ ഓർമകൾ ചികഞ്ഞെടുക്കുന്നുണ്ട്.
നാട്ടുവിശേഷം
2001ലാണ് അദ്ദേഹം പ്രവാസ ജീവിതം മതിയാക്കി സ്വദേശമായ ഇരുമ്പുഴിയിൽ തിരിച്ചെത്തുന്നത്. ഇരുമ്പുഴിയുടെ വളർച്ചയിലും വികാസത്തിലും വികസനകാര്യങ്ങളിലും പിന്നീട് അദ്ദേഹം നിസ്തുല സേവനങ്ങൾ അർപ്പിച്ചു. അതിൽ പ്രധാനപ്പെട്ടതായിരുന്നു 2002ൽ ആരംഭിച്ച ഇരുമ്പുഴി വെൽഫെയർ സൊസൈറ്റി. പലിശരഹിത വായ്പ ലഭ്യമാക്കുക എന്നതായിരുന്നു ഇതിൻറെ പ്രധാനലക്ഷ്യം. ഇതിൻറെ തുടക്കം മുതൽ 20 വർഷക്കാലം വി.കെ. അബ്ദുവായിരുന്നു പ്രസിഡൻറ്. ഏകദേശം ഒരു കോടി രൂപ സൊസൈറ്റിക്ക് കീഴിൽ പലിശരഹിത വായ്പ ലഭ്യമാക്കി. സാമൂഹിക ഉദ്ഹിയത്ത് ഉൾപ്പെടെ മറ്റു നിരവധി പ്രവർത്തനങ്ങളും ഇതിന് കീഴിൽ നടന്നു. പി. ഉബൈദുല്ല എം.എൽ.എ, മാധ്യമപ്രവർത്തകൻ മുസാഫിർ അടക്കമുള്ളവർ നാട്ടുവിശേഷത്തിൽ വി.കെ. അബ്ദുവിനെക്കുറിച്ചുള്ള തങ്ങളുടെ ഓർമകൾ പങ്കുവെക്കുന്നു.
അധ്യാപനം
ജീവിതത്തിൽ ആർജിച്ച വിവരങ്ങൾ ഒട്ടും പിശുക്ക് കാണിക്കാത്ത മികച്ച ഒരു അധ്യാപകനെ വി.കെ. അബ്ദുവിൽ കണ്ടെത്താം. സമൂഹത്തിനും മുസ്ലിം സമുദായത്തിനും ഐ.ടിയടക്കമുള്ള മേഖലയിൽ മാർഗദർശകനായി നിലകൊണ്ടു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ശാന്തപുരം അൽജാമിഅ ഇസ്ലാമിയ്യ, ചെമ്മാട് ദാറുൽ ഹുദ യൂനിവേഴ്സിറ്റി, ഫറോക്ക് കോളജ്, വെട്ടിച്ചിറ മജ്മഅ് തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ അദ്ദേഹം ഐ.ടിയെക്കുറിച്ച് ക്ലാസെടുത്തു. ഇൻഫോ മാധ്യമത്തിന് കീഴിലുണ്ടായിരുന്ന മാധ്യമം കമ്പ്യൂട്ടർ ക്ലബിൽ 85,000 അംഗങ്ങളുണ്ടായിരുന്നു. ഇവർക്കും വ്യത്യസ്ത പ്രദേശങ്ങളിലായി ശിൽപശാലകൾ സംഘടിപ്പിച്ചു. ഇതിനെല്ലാം നേതൃത്വം നൽകിയത് വി.കെ. അബ്ദുവാണ്. ഇതിൻറെയെല്ലാം വിശദാംശങ്ങൾ അധ്യാപനം എന്ന ഭാഗത്ത് വായിച്ചെടുക്കാം.
കുടുംബം
തികച്ചും വ്യത്യസ്തമായൊരു വി.കെ. അബ്ദുവിനെയാണ് കുടുംബം എന്ന ഭാഗത്ത് കാണാൻ കഴിയുക. അബ്ദു സാഹിബ് എന്ന മനുഷ്യനെ ഏറ്റവും സൂക്ഷ്മതയിൽ അനുഭവിച്ചത് അദ്ദേഹത്തിൻറെ കുടുംബമാണ്. സഹോദരനും എഴുത്തുകാരനും പണ്ഡിതനുമായ വി.കെ. കുഞ്ഞിപ്പ മുതൽ നിരവധി പേർ അദ്ദേഹത്തിൻറെ ഓർമകൾ അയവിറക്കുന്നു. കുട്ടിക്കാലത്തെ പഠനമികവും കുസൃതികളുമെല്ലാം അവർ വിവരക്കുന്നുണ്ട്.
അദ്ദേഹത്തിൻറെ മകനായ എനിക്കും ഈ പുസ്തകത്തിൽ എഴുതാൻ സാധിച്ചു എന്നത് വലിയൊരു ഭാഗ്യമായി കാണുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഏറെ മാതൃകയായിരുന്നു അദ്ദേഹത്തിൻറെ ജീവിതം. ചെയ്യുന്ന ജോലിയിൽ 100 ശതമാനം പെർഫെക്ട് ആയിട്ടാണ് അദ്ദേഹം ചെയ്യുക. അതുപോലെയാകണമെന്ന് ഞങ്ങളോട് നിഷ്കർഷിക്കുകയും ചെയ്തിരുന്നു. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, കൃത്യനിഷ്ഠത എന്നിവയിലും ഏറെ കണിശത പുലർത്തി. സാമ്പത്തിക കാര്യത്തിലും അദ്ദേഹം ഏറെ അച്ചടക്കം പുലർത്തുകയും ഞങ്ങൾക്ക് മാതൃകയുമേകി. കൂടുതൽ സ്വത്തുക്കൾ വെട്ടിപ്പിടിക്കണമെന്ന ആഗ്രഹം ഒരിക്കലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഉള്ള ധനവും സ്വത്തുക്കളും മറ്റുള്ളവർക്ക് ഉപകാരപ്പെടുമെങ്കിൽ അത് സന്താഷത്തോടെ വിട്ടുകൊടുക്കുന്നതിലും അദ്ദേഹം സന്തോഷം കണ്ടെത്തി.
ഓർമകൾ, കവിത
സാഹിത്യകാരൻ ഹനീഫ കൊച്ചനൂർ അടക്കമുള്ളവർ ഈ ഭാഗത്ത് വി.കെ. അബ്ദുവിനെ അനുസ്മരിക്കുന്നുണ്ട്. 1998ൽ വി.കെ. അബ്ദുവിനെക്കുറിച്ച് വാരാദ്യ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ‘കമ്പ്യൂട്ടറുകളുടെ സഹചാരി’ എന്ന ഫീച്ചറും ഈ ഭാഗത്തെ പ്രത്യേകതയാണ്. അദ്ദേഹത്തിൻറെ അക്കാലത്തെ കമ്പ്യൂട്ടർ ഉപയോഗത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഇതിൽ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. കവിത എന്ന സെക്ഷനിൽ ജമീൽ അഹ്മദിൻറെ വരികൾക്ക് പുറമെ സഹോദരിയുടെ മകൾ നാജിയയും എഴുതുന്നു.
മക്ക ഹറം കലാപം
ഈ ഗ്രന്ഥത്തിലെ മറ്റൊരു പ്രധാന ഭാഗമാണ് ‘രചനാലോകം’. വി.കെ. അബ്ദുവിലെ പ്രതിഭാധനനായ മാധ്യമ പ്രവർത്തകനെയും ഐ.ടി എഴുത്തുകാരനെയും അടയാളപ്പെടുത്തുന്ന ലേഖനങ്ങളാണ് കൂടുതൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മലയാള ഐ.ടി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ലേഖനങ്ങളാണ് ഇവയെന്ന് നിസ്സംശയം പറയാം. അതോടൊപ്പം ഇസ്ലാമിക വിഷയങ്ങളിലെ അദ്ദേഹത്തിൻറെ പാണ്ഡിത്യം വ്യക്തമാക്കുന്ന ലേഖനങ്ങളുമുണ്ട്.
1979ലെ മക്ക ഹറം കലാപത്തിൻറെ പശ്ചാത്തലത്തിൽ ചന്ദ്രിക ദിനപത്രത്തിൽ അക്കാലത്ത് എഴുതിയ സമ്പൂർണ ദൃക്സാക്ഷി വിവരണ പരമ്പര ഏറെ പ്രസക്തമാണ്. മലയാളത്തിൽ ഈ സംഭവത്തിൻറെ സമ്പൂർണ വിവരണം വേറെയുണ്ടാകുമോ എന്നത് സംശയമാണ്. ചരിത്ര കുതുകികൾക്ക് ഏറെ പ്രയോജനകരമാകുന്ന ലേഖനങ്ങളാണ് ഇവയെന്ന് ഉറപ്പ്. വി.കെ. അബ്ദു 1978 കാലഘട്ടത്തിൽ സ്വന്തം കാമറയിൽ പകർത്തിയ മക്കയുടെ ചിത്രവും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
രചനാലോകത്തിന് ശേഷം വരുന്നത് വി.കെ. അബ്ദുവിൻറെ ജീവിതകാലഘട്ടത്തിലെ വിവിധ ചിത്രങ്ങളാണ്. 1971 മുതലുള്ള ചിത്രം ഇതിലുണ്ട്. സി.ച്ച്. മുഹമ്മദ് കോയ, ഇബ്രാഹിം സുലൈമാൻ സേട്ട് തുടങ്ങിയ നേതാക്കൾക്കൊപ്പം മക്കയിൽനിന്ന് പകർത്തിയ അപൂർവ ചിത്രങ്ങളും ഇതിൽ കാണാം.
ഈ ഗ്രന്ഥത്തിലെ 320 താളുകൾ കേവലം ഒരാളുടെ ജീവിതത്തെക്കുറിച്ചുള്ള അടയാളപ്പെടുത്തലല്ല, ഒരു കാലഘട്ടത്തിൻറെ ചരിത്രം കൂടിയാണവ. നാം മടിച്ചുനിന്ന ഒരു ലോകത്തെ നമ്മോട് ചേർത്തുനിർത്താൻ യത്നിച്ച മനുഷ്യൻറെ ജീവചരിത്രം.
(മാധ്യമപ്രവർത്തകനായ ലേഖകൻ വി.കെ. അബ്ദുവിൻറെ മകനാണ്)