Current Date

Search
Close this search box.
Search
Close this search box.

നവോത്ഥാന മതിലിന്റെ ജയപരാജയങ്ങള്‍

അസുഖം ഒരു ദിവസം കൊണ്ട് വരുന്നതല്ല. നാമറിയാതെ തന്നെ നമ്മുടെ ശരീരത്തില്‍ പല മാറ്റങ്ങളും നടക്കുന്നു. ശരീരത്തിന്റെ കാര്യത്തില്‍ ജാഗ്രതയുള്ളവര്‍ ഇടയ്ക്കു ശരീരം ശരിയായ വഴിയിലൂടെ തന്നെ പോകുന്നു എന്ന് ഉറപ്പു വരുത്താന്‍ ടെസ്റ്റ് ചെയ്ത് നോക്കുന്നു. അല്ലാത്തവരെ ഒന്നിച്ചാകും ഒരു ദിവസം രോഗം പിടികൂടിയ വിവരം അറിയുക.

കേരളത്തിലെ സമകാലിക സമൂഹത്തെ വാര്‍ത്തെടുത്തതില്‍ 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരംഭിച്ചു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ പൂര്‍ത്തിയായ നവോത്ഥാന സംരംഭങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കേരള നവോത്ഥാനം എന്നത് ഒരു പ്രത്യേക വിഭാഗത്തിന്റെ സംഭാവനയല്ല. വ്യത്യസ്ത വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമമാണ് അതിനു അടിത്തറ പാകിയത്. നാം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങള്‍ നാമറിയാതെ പടിയിറങ്ങുന്നു എന്നത് മറ്റൊരു സത്യമാണ്. മത സാമൂഹിക രാഷ്ട്രീയ രംഗകളില്‍ നാമത് കാണുന്നു. നാം നേടിയെടുത്ത ഇത്തരം സാമൂഹിക മൂല്യങ്ങള്‍ നഷ്ടമാകുക എന്നത് തീര്‍ത്തും ആത്മഹത്യക്ക് തുല്യമാണ്. അത് കൊണ്ട് തന്നെ നവോത്ഥാന സംരംഭങ്ങളെ തിരിച്ചുകൊണ്ട് വരാന്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനവും ശ്ലാഘനീയമാണ്.

അതിന്റെ പരിധിയില്‍ നിന്നു വേണം കേരളത്തിലെ വനിതാ മതിലിനെയും വിലയിരുത്താന്‍. ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത് മതിലിന്റെ ജയപരാജയമാണ്. പക്ഷെ അന്ധന്‍ ആനയെ കണ്ട രീതിയിലാണു പലരും ഈ വിലയിരുത്തല്‍ നടത്തുന്നത്. ഒരു കാര്യം സമ്മതിക്കണം ഘടന പരമായി മതില്‍ ഒരു വിജയമാണ്. അത്ര വലിയ ജനബാഹുല്യം അനുഭവപ്പെട്ടു എന്നത് തന്നെയാണു കാരണം. ഇടയ്ക്കു കണ്ണികള്‍ മുറിഞ്ഞു പോയി എന്നത് അതിന്റെ വിജയത്തിനെ ബാധിക്കില്ല എന്നുറപ്പാണ്. അതെ സമയം പലയിടത്തും മൂന്നും നാലും വരികള്‍ ഉണ്ടായി എന്നത് ചേര്‍ത്ത് വായിച്ചാല്‍ ആ മുറിഞ്ഞു പോകലിനെ മറികടക്കാം. നമ്മുടെ ചര്‍ച്ചകളില്‍ അധികവും മതിലിന്റെ വിടവിനെ കുറിച്ചാണ്.

അതെ സമയം ഈ മതിലിന്റെ ജയപരാജയങ്ങള്‍ വിലയിരുത്താന്‍ സമയമായിട്ടില്ല. മരുന്ന് കൊടുത്ത സമയത്ത് തന്നെ അസുഖം മാറി എന്നാരും പറയില്ല. രോഗിയുടെ ശേഷമുള്ള ജീവിത രീതി നോക്കിയാണ് രോഗത്തിന്റെ ശമനത്തെ കണക്കാക്കുക. അങ്ങിനെ വന്നാല്‍ കേരള നവോത്ഥാന സംരംഭങ്ങളെ തിരിച്ചു കൊണ്ട് വരാന്‍ സ്ത്രീകള്‍ നടത്തിയ ചരിത്ര മതില്‍ എങ്ങിനെ സമൂഹത്തിനു ഉപകാരപ്പെട്ടു എന്നത് ഇനിയും അറിഞ്ഞിട്ടു വേണം. മതില്‍ ഉയര്‍ത്തിയ മുദ്രാവാക്യം എങ്ങിനെ സമൂഹം ഏറ്റെടുത്തു എന്നതു കൂടി അതിന്റെ ഭാഗമാണ്. അതെ സമയം ഈ മതില്‍ ഒരു താല്‍ക്കാലിക രാഷ്ട്രീയ മതിലായി മാറുമോ എന്നതാണ് സംശയം. അങ്ങിനെ വന്നാല്‍ ഇതൊരു വമ്പന്‍ പരാജയമായി രേഖപ്പെടുത്തും. ശബരിമല വിഷയവുമായി മതിലിന് ബന്ധമുണ്ട്. സര്‍ക്കാരും പ്രതിപക്ഷവും സാമുദായിക സംഘടനകളും കൂടി ഇരു പക്ഷത്തും ചേര്‍ന്ന് ബലാബലം കാണിക്കാനുള്ള മാര്‍ഗമായിരുന്നു മതിലെന്നു വന്നാല്‍ ആ പരിശ്രമങ്ങള്‍ പൂര്‍ണ പരാജയമാകും. അതെ സമയം സംഘാടകര്‍ പറഞ്ഞത് പോലെ കേരള നവോത്ഥാനത്തെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു എന്ന് വന്നാല്‍ മതില്‍ ആശയപരമായും വിജയിക്കും.

അന്ധവിശ്വാസം എന്നത് ആപേക്ഷികമാണ്. ഒരു മതക്കാരന് മറ്റൊരു വിശ്വാസിയുടെ വിശ്വാസം അന്ധവിശ്വാസമാണ്. അതെ സമയം വിശ്വാസം മാനുഷിക മൂല്യങ്ങളെ വെല്ലുവിളിച്ചാല്‍ അത് അന്ധവിശ്വാസം തന്നെ. അപ്പോള്‍ ഈ മതില്‍ ഉദ്ദേശം വെച്ചത് മത വിശ്വാസങ്ങളെ ആവില്ല പകരം മതത്തിന്റെ പേരില്‍ നിലവില്‍ വന്ന ചൂഷണങ്ങളെയാകണം. അപ്പോള്‍ മതത്തിന്റെ മൂല്യങ്ങളെയല്ല മതത്തിന്റെ പേരിലുള്ള മൂല്യച്യുതിയാണു നമ്മുടെ മുന്നിലെ വിഷയം. ആധുനിക കാലത്തും സ്ത്രീകള്‍ പീഡനമനുഭവിക്കുന്നു എന്നത് നമ്മുടെ മുന്നിലെ യാതാര്‍ത്ഥ്യമാണ്. മത രംഗത്തെക്കാള്‍ മതേതര രംഗത്ത് നിന്നാണ് അത്തരം വാര്‍ത്തകള്‍ കൂടതല്‍ വരുന്നത്. അതു കൊണ്ട് തന്നെ അപ്പോള്‍ നവോത്ഥാന ചിന്തകള്‍ കൂടുതല്‍ ആവശ്യമായി വരുന്നതു ആ മേഖലയിലാണ്. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനത്തെ കുറിച്ചും ഒരു തിരിച്ചറിവിന് സമൂഹത്തെ സഹായിചിട്ടുണ്ടെങ്കില്‍ മതില്‍ ഒരു വിജയമാണ്. അതിലപ്പുറം മതില്‍ കേവലം വോട്ടു ബാങ്ക് രാഷ്ട്രീയമാണെങ്കില്‍ തികഞ്ഞ പരാജയവും. അത് കൊണ്ടാണ് നാം പറയുന്നതും ഈ മതിലിന്റെ ജയപരാജയങ്ങള്‍ അറിയാന്‍ ഇനിയും കാലമെടുക്കുമെന്ന്.

Related Articles