Current Date

Search
Close this search box.
Search
Close this search box.

ഗുരുസ്മരണ: വി വി മുഹമ്മദ് മൗലവി

അറബി ഭാഷ നന്നായി പഠിക്കാത്തതിൽ ദുഃഖമനുഭവിക്കുന്നവനാണ് ഈയുള്ളവൻ. ഖുർആനിന്റെ ഭാഷയായ അറബിയോടുള്ള പ്രേമമാണ് ഈ ദുഃഖത്തിന് നിമിത്തം. ഞാൻ അതിയായി പ്രേമിക്കുന്ന ഈ സുന്ദരഭാഷയെ തികച്ചും സ്വന്തമാക്കാൻ എനിക്ക് സാധിച്ചില്ലല്ലോ എന്ന സ്വകാര്യ ദുഃഖം പേറി ഞാൻ അറുപത്തിയാറിലെത്തി.

ഈ ഭാഷാ പ്രേമം എന്നിൽ ഉണ്ടായതിൽ രണ്ടു വ്യക്തിത്വങ്ങൾ തുല്യ പങ്കാളികളാണ്. ഒന്ന് എന്റെ പ്രിയ പിതാവ് മർഹൂം വി.സി അഹ്മദ് കുട്ടി (മാഹി) മറ്റൊരാൾ എന്റെ വന്ദ്യഗുരുനാഥൻ വി വി മുഹമ്മദ് മൗലവി (മാട്ടൂൽ). വി വി മുഹമ്മദ് മൗലവി മൂന്നര ദശകക്കാലം ന്യൂമാഹി എം എം ഹൈസ്കൂളിലെ മികച്ച അറബി അധ്യാപകനായിരുന്നു. എന്റെ പ്രിയ ഉസ്താദ് ഞങ്ങളുടെ മാത്രമല്ല, മുൻഗാമികളായവരുടെയും, ഞങ്ങൾക്ക് ശേഷമുള്ളവരുടെയും ആദരണീയ ഗുരുവാണ്. എന്റെ പിതാവിനെയും അതുപോലെയുള്ള പലരെയും അദ്ദേഹം ഉറുദു പഠിപ്പിച്ചിട്ടുണ്ട്. പല അറബി അധ്യാപകരും ഭാഷ പഠിപ്പിക്കൽ ഒരു കേവല ചടങ്ങ് പോലെ കഴിച്ചു കൂട്ടലായിരുന്നു. അതുകൊണ്ടാണ് ആറ് ദശകത്തിലേറെ കാലം സ്കൂളുകളിൽ അറബി പഠിക്കാൻ സൗകര്യമുണ്ടായിട്ടും മദ്രസകൾ, പള്ളി ദർസുകൾ, അറബിക്കോളേജുകൾ തുടങ്ങിയവ വേറെയും ഉണ്ടായിട്ടും അറബി ഭാഷ വേണ്ടത്ര പ്രചരിക്കാതെ പോയത്. ( ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ‘ചന്ദ്രിക’ വാരാന്ത്യ പതിപ്പിൽ ഒരു ലേഖനം എഴുതിയപ്പോൾ അന്ന്(1974) പലരും എന്നെ രൂക്ഷമായി വിമർശിച്ചിരുന്നു) എന്നാൽ എന്റെ ഉസ്താദ് (വി.വി) ഒരിക്കലും അങ്ങനെ ആയിരുന്നില്ല.

പഠിപ്പിക്കുന്നതെല്ലാം അതിന്റെ എല്ലാ തികവോടെയും മികവോടെയും പഠിപ്പിച്ചു. ആകയാൽ അതൊക്കെ കരിങ്കല്ലിന്മേൽ കൊത്തിവച്ചത് പോലെ ഖൽബിൽ നന്നായി പതിഞ്ഞു കിടന്നു. അറബി ഭാഷയിൽ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞാൻ എല്ലാ ക്ലാസിലും ഒന്നാമനായിരുന്നു. ആകയാൽ എന്നെ വലിയ ഇഷ്ടമായിരുന്നു. വി.വി നൽകിയ പഞ്ചവത്സര കാലയളവിലെ ശിക്ഷണവും എന്റെ പിതാവ് അതിനു നൽകിയ പിൻബലവും മാത്രമാണ് ഇക്കാലമത്രയും എനിക്ക് മുഖ്യമായി ഉപകരിച്ചത്.

പിൽക്കാലത്ത് പലപ്പോഴും അറബി പരിജ്ഞാനം മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിച്ചപ്പോഴൊന്നും വി.വിയെ പോലുള്ള ഒരു മികച്ച ഗുരുനാഥനെ കിട്ടായ്കയാൽ എനിക്ക് അതിന് സാധിച്ചില്ല.( ഏറ്റവും നല്ലത് കുറെ നന്നായി അനുഭവിച്ചാൽ അതിനേക്കാൾ കുറഞ്ഞ നിലവാരം ഉള്ളത് അത്ര ഹൃദ്യമായി തോന്നാറില്ലലോ ) ന്യൂ മാഹി, പെരിങ്ങാടി,മാഹി എന്നിവിടങ്ങളിലെ ഉത്പതിഷണക്കളുമായി വി.വിക്ക് നല്ല ബന്ധമായിരുന്നു. എന്ന് മാത്രമല്ല, ഈ പ്രദേശങ്ങളിൽ ദീനി പ്രബുദ്ധത വളർത്തുന്നതിൽ മൗലവിക്ക് ഗണ്യ പങ്കുണ്ടായിരുന്നു. എം എം എജുക്കേഷണൽ സൊസൈറ്റിയുടെ ആദ്യകാല പ്രവർത്തകരായിരുന്ന പരേതരായ കെ.പി.സി. കെ അലി, മയലക്കര മമ്മൂട്ടി ഹാജി, തച്ചറപറമ്പത്ത് അലി, പൊയിൽ അബു ( പുഷ്പഗിരി ) കക്കാട്ട് മൂസ, ബി.പി കുഞ്ഞഹമ്മദാജി,തുടങ്ങിയ പലർക്കും വി.വിയെ വലിയ ബഹുമാനമായിരുന്നു.

അൽമനാർ പത്രാധിപരായിരുന്ന ഹാജി കെ.എ ഉമർ(മാഹി ), എന്റെ പിതാവ് (വി സി അഹ്മദ് കുട്ടി ), പെരിങ്ങാടി സിദ്ദീഖ് പള്ളിയിൽ ദീർഘകാല ഖത്തീബ് ആയിരുന്ന സി എച്ച് അബ്ദുറഹ്മാൻ മൗലവി, തലശ്ശേരി മുബാറക്ക് സ്കൂളിലെ അറബിക് അധ്യാപകനായിരുന്ന എൻ കെ അഹമ്മദ് മൗലവി(കടവത്തൂർ),സി.എം കുഞ്ഞു മൂസ മൗലവി (പാനൂർ) തുടങ്ങി പലരുമായും വി.വിക്ക് ബന്ധം ഉണ്ടായിരുന്നു. അറബി അധ്യാപകർ കുട്ടികളിൽ സദാചാരനിഷ്ട വളർത്താനും, അവരെ മൂല്യബോധം ഉള്ളവരാക്കാനും പ്രത്യേകം ശ്രദ്ധിക്കണം എന്ന് അറബി അധ്യാപക യോഗങ്ങളിൽ ഉൽബോധനം നടത്താറുണ്ടായിരുന്നു എന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. തന്റെ പീരീഡ്‌കളിൽ മാസത്തിൽ ഒരു ക്ലാസ്സ്‌ സിലബസിന് പുറത്ത് മോറൽ സ്റ്റഡീസ് (moral studies) എന്ന പേരിൽ പഠിപ്പിക്കാൻ ശ്രമിച്ചിരുന്നു. പല കുട്ടികളും അത് വേണ്ടത്ര ഗൗരവത്തിൽ എടുത്തിരുന്നില്ല- ഉച്ചയ്ക്ക് മുമ്പുള്ള നാലാമത്തെ പീരീഡിൽ കാൽ മണിക്കൂർ മുമ്പ് ഞങ്ങളെ വിടുമായിരുന്നു.

” പോയി ഹൗളിൽ വെള്ളം നിറക്കൂ! എന്നിട്ട് ളുഹർ നമസ്കരിക്കാൻ പള്ളിയിൽ ഉണ്ടാകണം…… ” ഇതാണ് നേരത്തെ പറഞ്ഞയക്കുമ്പോഴുള്ള ശാസന. മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ വളരെ പ്രോത്സാഹിപ്പിച്ച വി വി അവരോട് പിതൃനിർവിശേഷമായ സ്നേഹത്തോടെയാണ് പെരുമാറിയത്. അക്കാലത്ത് ഒന്നും രണ്ടും വർഷം ഓരോ ക്ലാസിൽ പഠിക്കുന്നവർ ഉള്ളതിനാൽ ചില ആൺകുട്ടികൾ നല്ല കരുത്തും പൊക്കവുമുള്ള യുവാക്കൾ ആയിരിക്കും.

ശരിക്ക് പഠിക്കാഞാലും വികൃതി കളിച്ചാലും അവർക്കൊക്കെ അനിവാര്യ ഘട്ടത്തിൽ ചൂരൽ കഷായം നൽകാൻ മൗലവി അമാന്തിച്ചിരുന്നില്ല.എന്നാൽ പെൺകുട്ടികളെ അങ്ങനെ ശിക്ഷിക്കേണ്ട വരാറില്ല.നല്ല കോപം വന്നാൽ ‘..ഹയവാൻ…’എന്നാണ് വിളിക്കുക.ഏതു സമരം നടന്നാലും,ആര് ബഹളം വെച്ചാലും തന്റെ പിരീഡ് കഴിഞ്ഞാലേ ക്ലാസ്സ്‌ വിടുകയുള്ളൂ. എന്റെ ഓർമ്മയിൽ പല അധ്യാപകരും പിരിഞ്ഞു പോയിട്ടുണ്ട്.

അവർക്കൊക്കെ സ്കൂൾതലത്തിൽ യാത്രയയപ്പ് ഉണ്ടായിട്ടുണ്ട്. എന്നാൽ വി.വി പിരിയുമ്പോൾ ഉണ്ടായത് പോലുള്ള ഒരുശിരൻ യാത്രയയപ്പ് ന്യൂ മാഹിയിൽ നിന്ന് മറ്റാർക്കും കിട്ടിയിരുന്നില്ല. അന്ന് പെരിങ്ങളം എം.എൽ.എ യായിരുന്ന കെ.എം സൂപ്പി സാഹിബ് അധ്യക്ഷനായിരുന്ന യാത്രയപ്പ് കമ്മിറ്റിയാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്.അക്കാലത്ത് പെരിങ്ങാടിയിൽ ക്ലിനിക്ക് നടത്തിയിരുന്ന കടവത്തൂരിലെ ഡോക്ടർ കെ പി അബ്ദുറഹ്മാൻ, വി.സി ഉസ്മാൻ (തേയില വ്യാപാരി, കോഴിക്കോട്) ഉൾപ്പെടെ പലരും പ്രസ്തുത കമ്മിറ്റിയിൽ ഉണ്ടായിരുന്നു. മുൻമന്ത്രി പി ആർ കുറുപ്പ് ഉൾപ്പെടെ പലരും പ്രസ്തുത പരിപാടിയിൽ സംസാരിച്ചു.

മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് വി.വി അഫ്സലുൽ ഉലമ പാസ്സായത്. അറബിക് ഭാഷക്ക് പുറമേ ഉറുദു,ഹിന്ദി ഭാഷകളിലും പ്രാവിണ്യമുണ്ടായിരുന്നു. ഇംഗ്ലീഷ് ഭാഷയിലും സാമാന്യജ്ഞാനം ഉണ്ടായിരുന്നു. ലളിത ജീവിതത്തിനുടമയായ എന്റെ ഉസ്താദ് തികഞ്ഞ മൂല്യനിനിഷ്ഠയുള്ള അടിയുറച്ച കോൺഗ്രസുകാരനായിരുന്നു.ഒരു വീഴ്ചയെ തുടർന്ന് പരിക്കുപറ്റി കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കഴിയേവേ, തന്റെ മരണം അടുത്തിരിക്കുന്നുവെന്ന് തോന്നിയ വി വി താൻ മരിച്ചാൽ തന്റെ കഫൻ പുടവ ഖദർ തുണിയായിരിക്കണമെന്ന് സുഹൃത്തുക്കളോടും ബന്ധുക്കളോടും പ്രത്യേകം വസിയ്യത്ത് ചെയ്യുകയുണ്ടായി.

പച്ചക്കടലാസിൽ പൊതിഞ്ഞ പാരീസ് മിഠായിയോട് ഉസ്താദിന് പ്രത്യേകം താല്പര്യം ഉണ്ടായിരുന്നു. ഇടക്ക് ഞങ്ങളെ കൊണ്ടത് വാങ്ങിപ്പിക്കുമായിരുന്നു. പുളിക്കൽ സ്വദേശിയായ അബ്ദുറഹ്മാൻ മൗലവി ( അവിടെയുള്ളവർ അദ്ദേഹത്തെ ഉസ്താദ് എന്നാണ് വിളിക്കാറ് ) മാഹിയിലും പെരിങ്ങാടിയിലും കുറെക്കാലം ഉണ്ടായിരുന്നു. അദ്ദേഹവും ഉറച്ച കോൺഗ്രസുകാരൻ ആയിരുന്നു. വി.വിയുടെ അടുത്ത സുഹൃത്തുമായിരുന്നു ഒരിക്കൽ ഞാനും,ഉപ്പയും,അബ്ദുറഹ്മാൻ മൗലവിയും വി വിയെ മാട്ടൂലിലെ വീട്ടിൽ ചെന്ന് സന്ദർശിച്ചിരുന്നു.

1911 ആഗസ്റ്റ് 15ന് കണ്ണൂർ താലൂക്കിലെ മാട്ടൂൽ പഞ്ചായത്തിൽ പണ്ഡിതനും പരമ ഭക്തനുമായ സി.എം ഖാദർകുട്ടി ഹാജി സാഹിബിന്റെ പുത്രനായി ജനിച്ചു.വടക്കേ വായന്റെ വളപ്പിൽ ഹലീമയാണ് മാതാവ്. 1986 ഒക്ടോബർ ഒന്നിനാണ് വിയോഗം. മരിക്കുമ്പോൾ 85 വയസ്സ് പിന്നിട്ടിരുന്നു. ന്യൂമാഹിയിലെ മൈഅലവിയ്യ മദ്രസ ആദ്യകാലത്ത് എലിമെന്ററി സ്കൂൾ ആയിരുന്നു. അവിടെയായിരുന്നു വി.വി ആദ്യം ജോലി ചെയ്തത്.പിന്നീട് 1941ൽ എം എം ഹൈസ്കൂൾ സ്ഥാപിതമായ പ്പോൾഹൈസ്കൂൾ അധ്യാപകനായി.

എം.എം ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ട പരിശ്രമങ്ങളിൽ വി.വി യും നല്ല പങ്കുവഹിച്ചിരുന്നു. മാഹിയിൽ തന്റെ ദൗത്യം നിർവഹിക്കുന്നതോടൊപ്പം സ്വദേശമായ മാട്ടൂലിലും പലവിധ സേവന പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും വി.വി വ്യാപൃതനായിരുന്നു. മാട്ടൂൽ നോർത്ത് മാപ്പിള യു.പി സ്കൂളിൽ,തഅലീമുൽ ഇസ്ലാം മദ്രസ തുടങ്ങിയവയെല്ലാം സ്ഥാപിക്കുന്നതിലും നടത്തിക്കൊണ്ടു പോകുന്നതിലും വി.വി സുത്യർഹമാംവിധം വലിയ പങ്കുവഹിച്ചിരുന്നു.ദീർഘകാലം പ്രസ്തുത സ്കൂളിന്റെ മാനേജർ ആയിരുന്നു. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സന്ദർഭങ്ങളിൽ തന്റെ ശമ്പളത്തിൽ നിന്നും മുഅല്ലിംകൾക്ക് ശമ്പളം നൽകിയിരുന്നു.

ധാരാളം ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വിജ്ഞാനപ്രദമായ നിരവധി ലേഖനങ്ങൾ എഴുതിയിരുന്നു. ഇടവയിൽ നിന്നും പുറപ്പെടുന്ന യുവകേസരി, അൽഫാറൂഖ്, അൽ ഹിലാൽ, ഇശാഅത്ത് തുടങ്ങിയ മാസികകളിലും പെരുമ്പാവൂരിൽ നിന്ന് പ്രസിദ്ധീകരിച്ചുന്ന അൻസാരി മാസികയിലും സ്ഥിരമായി ലേഖനങ്ങൾ എഴുതിയിരുന്നു. അൽമനാർ അൽ മുർഷിദ് എന്നീ മാസികളിലും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. നല്ലൊരു ഹദീസ് പണ്ഡിതനായിരുന്ന വി വി ഹദീസ് പംക്തികളായിരുന്നു കൂടുതലായി കൈകാര്യം ചെയ്തിരുന്നത്. ബുലൂഗുൽ മറാമിന്റെ ആദ്യഭാഗം അൽഫാറൂഖ് മാസികയിൽ ഖണ്ഡഗ്ഗയായി പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ സൂറത്തുൽ ഹുജുറാത്ത് (പരിഭാഷയും വ്യാഖ്യാനവും ), അൽ കബായിർ ( മഹാപാപങ്ങൾ), അത്തഖ്ലീദ്, മയ്യത്ത് സംസ്കരണം തുടങ്ങിയവയും ഉസ്താദ് വി.വിയുടെ ലഘു രചനകളാണ്. ലളിതമായും ഹൃദ്യമായും ക്ലാസ് എടുക്കാറുള്ള വി.വി ഖാഇദെമില്ലത്ത് ഇസ്മായിൽ സാഹിബ് നിര്യാതനായപ്പോൾ പെരിങ്ങാടിയിൽ നടത്തിയ പൊതുയോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തിയത് എന്റെ ഓർമ്മയിൽ പച്ചപിടിച്ചു നിൽക്കുന്ന ഒരു സംഗതിയാണ്.

കണ്ണൂരിലെ പ്രശസ്ത പണ്ഡിതനും പരിഷ്കർത്താവും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന കോയക്കുഞ്ഞിക്കാന്റെ മതപാഠശാലയിൽ നിന്നാണ് വി.വിയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അഫ്സലുൽ ഉലമ പാസായ ഉടനെ കോയക്കുഞ്ഞി സാഹിബ് വി വിയെ അങ്ങോട്ട് ക്ഷണിക്കുകയായിരുന്നു.

പെരിന്തൽമണ്ണ,ചെറുകുന്ന്, പയ്യന്നൂർ മുതലായ ഡിസ്ട്രിക്ട് ബോർഡിന് കീഴിലുള്ള ഹൈസ്കൂളുകളിൽ നേരത്തെ ജോലി ചെയ്തിട്ടുണ്ട്. കാസർകോട്,കണ്ണൂർ എന്നിവിടങ്ങളിലെ പള്ളി ദർസുകളിൽ നിന്നും നെല്ലിക്കുന്നിൽ മുഹമ്മദ് കുഞ്ഞി മുസ്ലിയാർ, പറവണ്ണ മൊയ്തീൻകുട്ടി മുസ്‌ലിയാർ, കണ്ണൂരിലെ പി അബ്ദുൽ ഖാദർ മൗലവി( അത്തൗഹീദ് എന്ന കൃതിയുടെ കർത്താവ്) തുടങ്ങിയവരാണ് വി.വിയുടെ ഉസ്താദുമാരിൽ പ്രധാനികൾ.

ഉത്പതിഷണപ്രസ്ഥാനത്തിലെയും ദേശീയ പ്രസ്ഥാനമായിരുന്ന കോൺഗ്രസിലെയും പ്രമുഖരായ മർഹൂം ഇ.മൊയ്തു മൗലവി, സി എൻ അഹമ്മദ് മൗലവി, കെ കെ ജമാലുദ്ദീൻ മൗലവി, ഇ കെ മൗലവി തുടങ്ങിയവരുമായെല്ലാം ബന്ധപ്പെട്ടുകഴിഞ്ഞ വി വി വശ്യവും സൗമ്യവുമായ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും ആദരവും സ്നേഹവും പിടിച്ചു പറ്റിയിരുന്നു. മിതഭാഷിയായിരുന്ന വി വി ജമാഅത്തെ ഇസ്ലാമിയോട് വളരെയേറെ മമത പുലർത്തിയിരുന്നു. ‘പ്രബോധന’ത്തിന്റെ സ്ഥിര വായനകാരനുമായിരുന്നു . ജമാഅത്തെ ഇസ്ലാമിയുടെ ഇപ്പോഴത്തെ കണ്ണൂർ ജില്ലാ പ്രസിഡണ്ട് സാജിദ് നദ്‌വിയുടെ ഉമ്മൂമ്മയുടെ പിതാവാണ് എന്റെ ഓർമ്മയിൽ അര നൂറ്റാണ്ടിലേറെ കാലമായി നിറഞ്ഞുനിൽക്കുന്ന എന്റെ പ്രിയങ്കരനായ ഉസ്താദ്. ജഗന്നിയന്താവായ അല്ലാഹു ഉസ്താദിനെയും നമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ! ആമീൻ.

( വിവരങ്ങൾക്ക് ജ: വി.സി ഉസ്മാൻ (മാഹി ) ചന്ദ്രിക വാരാന്ത്യ പതിപ്പിൽ (15.4.1972) എഴുതിയ ലേഖനവും വിയോഗാനന്തരം ‘പ്രബോധനം’ വരികയിൽ വന്ന അനുസ്മരണവും അവലംബിച്ചിട്ടുണ്ട്.)

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles