Current Date

Search
Close this search box.
Search
Close this search box.

സമസ്ത തീർത്ത ഐക്യബോധവും അബ്ദുൽ ഹകീം ഫൈസിയും

കേരളത്തിലെ മഹല്ലുകൾ മുസ് ലിം ഐക്യത്തിന്റെ കെട്ടുറപ്പുളള കോട്ടകളെന്നോണം നിലകൊള്ളുന്നതിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃപരമായ പങ്ക് എടുത്തു പറയത്തക്ക പ്രധാനമാണ്. മുസ് ലിം ഉന്മൂലനത്തിന്റെ ഹിഡൻ അജണ്ടയുമായി കാടിളക്കി വന്ന പൗരത്വ നിഷേധ ബില്ലിനെതിരെ മുസ് ലിം കേരളം ഒറ്റക്കെട്ടായി നിന്നതാണ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണം.

യഥാർത്ഥത്തിൽ മുസ് ലിം ഐക്യം നിലനിർത്താൻ വേണ്ടി സ്വന്തം സംഘടനയെ തന്നെ ബലി കഴിച്ച ത്യാഗനിർഭരമായ ചരിത്രമുണ്ട് സമസ്തക്ക്!

1985 ൽ മുസ് ലിം വിരുദ്ധ ശക്തികൾ കൈകോർത്ത ശരീഅത്ത് വിവാദക്കാലത്ത് കോഴിക്കോട് നടന്ന മുസ് ലിം പേഴ്സണൽ ലോ ബോർഡിന്റെ കേരള ഘടകം രൂപീകരണ യോഗമായിരുന്നു അതിന്റെ തുടക്കം!

അന്ന് കെ.സി അബ്ദുല്ല മൗലവി, ടി.കെ അബ്ദുല്ല, കെ.പി മുഹമ്മദ് മൗലവി എന്നീ ജമാഅത്ത് – മുജാഹിദ് നേതാക്കൾക്കൊപ്പം ഇരിക്കാനും കുശലം പറയാനും പുഞ്ചിരിക്കാനും പ്രസംഗിക്കാനും സമസ്തയുടെ നേതൃനിര മടിച്ചില്ല! മാത്രമല്ല, തുടർന്നുള്ള ശരീഅത്ത് സംരക്ഷണ സംയുക്ത പ്രസ്താവനയിൽ ജമാഅത്ത്, മുജാഹിദ്, തബ് ലീഗ് നേതാക്കൾക്കൊപ്പം ഒപ്പുവെക്കാൻ സമസ്ത പ്രസിഡണ്ട് കണ്ണിയത്ത് അഹ്മദ് മുസ് ല്യാർക്കും വലിയ ഖാദി ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾക്കും രണ്ടു വട്ടം ആലോചിക്കേണ്ടി വന്നില്ല!

മുതലക്കുളം മൈതാനിയിൽ നടന്ന ശരീഅത്ത് വിശദീകരണ സമ്മേളനത്തിൽ മൗലാനാ അബുൽ ഹസൻ അലി നദ് വിക്കൊപ്പം സമസ്ത ജനറൽ സെക്രട്ടറി ഇ.കെ അബൂബക്കർ മുസ് ല്യാർ പങ്കെടുത്തു പ്രസംഗിച്ചു! അലി മിയാനെ റെയിൽവേ സ്റ്റേഷനിൽ ചെന്ന് സലാം ചൊല്ലി ആലിംഗനം ചെയ്ത് സ്വീകരിക്കാൻ വരെ ഇ.കെ ധീരത കാട്ടി!

എന്നാൽ സമസ്ത തീർത്ത മുസ് ലിം ഐക്യബോധത്തിന്റെ സുപ്രധാനമായ ഈ കാൽ വെപ്പുകൾക്കെതിരെ അണിയറയിൽ മറ്റൊരു നാടകം അരങ്ങേറുന്നുണ്ടായിരുന്നു. ആ നാടകത്തിന്റെ ദുരന്ത വാഹിയായ പര്യവസാനമാണ് സുന്നീ സംഘടനകളെ മുഴുവൻ നെടുകെ പിളർന്നുകൊണ്ടുള്ള എ.പി അബൂബക്കർ മുസ് ല്യാരുടെ അരങ്ങേറ്റം!

(എന്നു കരുതി കാന്തപുരം എ.പി വിഭാഗത്തോടു പോലും നമുക്ക് അസ്പൃശ്യത പാടില്ല! ഇസ് ലാം അനൈക്യത്തെ അത്രമേൽ കഠിനമായി വെറുക്കുന്നു!)

സമസ്തയും മുസ് ലിം ലീഗും എപ്പോഴും ചേർന്നു നിന്നതിന്റെ ഗുണവും സമുദായം അനുഭവിച്ചിട്ടുണ്ട്. സുന്നിയായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും മുജാഹിദായ എം.കെ ഹാജിയും മതരംഗത്ത് ഭിന്നാഭിപ്രായം സൂക്ഷിക്കുമ്പോൾ തന്നെ രാഷ്ട്രീയ രംഗത്ത് വിട്ടുവീഴ്ചാ മന:സ്ഥിതി സ്വീകരിച്ചില്ലായിരുന്നെങ്കിൽ കേരളീയ മുസ് ലിംകൾക്കിടയിൽ ഇത്രയും കെട്ടുറപ്പും വിദ്യാഭ്യാസ മുന്നേറ്റം ഉൾപ്പെടെയുള്ള പുരോഗതിയും ദൃഷ്ടമാവുകയോ പാർലമെന്റിൽ മുസ് ലിം ഇഷ്യൂസ് വരുമ്പോൾ ഇടപെടാൻ രണ്ട് എം.പിമാരെങ്കിലും ഉണ്ടാകുകയോ ചെയ്യുമായിരുന്നില്ല!

(രാഷ്ട്രീയത്തിൽ തുടക്കം മുതലേ വേറിട്ട കാഴ്ചപ്പാട് ഉണ്ടായിരുന്നെങ്കിലും ജമാഅത്തെ ഇസ് ലാമിയും എന്നും സമസ്ത / ലീഗ് നേതൃത്വങ്ങളുമായി നല്ല ബന്ധം പുലർത്തിപ്പോരുന്നു )

ഇത്രയും പറഞ്ഞതിന്റെ കാരണം അടുത്ത കാലത്തായി സമസ്തയിൽ നടക്കുന്ന ചില അനാരോഗ്യ പ്രവണതകൾ ചൂണ്ടിക്കാട്ടാനാണ്. അകത്തുള്ള അധികാര മോഹികളായ ചിലരും ഇസ് ലാം / മുസ് ലിം ഐക്യത്തെ ഭയപ്പെടുന്ന ചില രാഷ്ട്രീയക്കാരുടെ ബാഹ്യ ഇടപെടലുകളും സമസ്തയുടെ മഹത്തായ പാരമ്പര്യത്തിൽ കത്തി വെക്കാൻ ശ്രമിക്കുന്നതിന്റെ നിദർശനമത്രെ പ്രഫ: അബ്ദുൽ ഹകീം ഫൈസി അദൃശ്ശേരിക്കെതിരെ സമസ്ത കൈക്കൊണ്ട നടപടി.

നടേ പറഞ്ഞതു പോലെ എന്നും മുസ് ലിം ഐക്യത്തിന്റെ വിശാല മാതൃക കാട്ടിയ സമസ്ത ഉത്കൃഷ്ടമായ ആ ദിശയിൽ നിന്ന് വ്യതിചലിച്ചു കൂടാത്തതാണ്. വിശിഷ്യ പഴയ ശരീഅത്ത് വിവാദത്തേക്കാൾ പതിന്മടങ്ങ് ശക്തിയുള്ള പൗരത്വ നിഷേധത്തിന്റെ മുൾമുനയിലാണ് സമുദായം ഇപ്പോൾ നിൽക്കുന്നത് എന്ന വസ്തുത സമസ്ത നേതൃത്വം സഗൗരവം തന്നെ കാണണം!

അല്ലാഹു പറയുന്നു: “തീർച്ചയായും നിങ്ങളുടെ ഈ സമുദായം ഒറ്റ സമുദായമാകുന്നു. ഞാൻ നിങ്ങളുടെ
റബ്ബും” (ഖുർആൻ: 23 : 52 )

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles