Your Voice

യു.എന്നിന്റെ ‘ലിസ്റ്റ് ഓഫ് ഷെയി’മില്‍ കയറിപ്പറ്റിയ യു.എ.ഇയും സൗദിയും

1996 ല്‍ യു എന്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടിനെ കുറിച്ച് ഇങ്ങിനെ പറയപ്പെടുന്നു. സുരക്ഷാ കൗണ്‍സില്‍ ഇറാഖിന് മേല്‍ ചുമത്തിയ ഉപരോധം കാരണം അഞ്ചു ലക്ഷത്തില്‍ അധികം കുട്ടികള്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ആ റിപ്പോര്‍ട്ട്. അത് കൂടാതെ തന്നെ സൈനിക ശക്തികളുടെ ഇടപെടല്‍ മൂലം ലോകത്ത് മരിച്ചു വീണു കൊണ്ടിരിക്കുന്ന കുട്ടികളുടെ എണ്ണം കണക്കാക്കാന്‍ എളുപ്പമല്ല. അന്നൊന്നും ഈ രാജ്യങ്ങളെ ‘ലിസ്റ്റ് ഓഫ് ഷെയിം’ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ ആരും ആവശ്യപ്പെട്ടില്ല. പറഞ്ഞു വരുന്നത് യമനിലെ കുട്ടികളുടെ ദുരിത കാരണമായി സഊദിയും യു എ ഇ യും ഐക്യ രാഷ്ട്ര സഭയുടെ ‘നാണക്കേടിന്റെ ലിസ്റ്റിലേക്ക്’ ചേര്‍ക്കാന്‍ പോകുന്നു എന്ന വാര്‍ത്തയെ കുറിച്ചാണ്.

കഴിഞ്ഞ സെക്രട്ടറി ജനറലിന്റെ കാലത്ത് തന്നെ ഇത്തരം ഒരു ലിസ്റ്റ് ഉണ്ടാക്കാന്‍ ശ്രമം നടന്നിരുന്നത്രെ. സഊദി യു.എന്നിന് നല്‍കുന്ന സഹായം വെട്ടിക്കുറക്കും എന്ന ഭീഷണിക്കു മുമ്പില്‍ അത് ഉപേക്ഷിക്കേണ്ടി വന്നു എന്നാണ് വാര്‍ത്ത വരുന്നത്. സഊദിയും യു എ ഇ യും യമനില്‍ ഹൂതികള്‍ക്കെതിരില്‍ നടത്തിക്കൊണ്ടിരിക്കുന്ന സൈനിക ഇടപെടല്‍ കാരണം നൂറു കണക്കിന് കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമാകുകയും നൂറുകണക്കിന് കുട്ടികള്‍ക്ക് ഗുരുതരമായ അപകടവും പറ്റിയിരിക്കുന്നു. അത് കൊണ്ട് തന്നെ ഈ രാജ്യങ്ങളെ ഇനിയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അത് ലോകത്തോട് ചെയ്യുന്ന വലിയ അപരാധമാണ് എന്നാണ് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ്സ് പറയുന്നത്. മറ്റൊരു ഭീഷണിയും തന്നെ ബാധിക്കില്ല എന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം എന്നറിയുന്നു.

ഇവിടെയും വന്‍ തട്ടിപ്പുകള്‍ നമുക്ക് കാണാവുന്നതാണ്. ഇപ്പോള്‍ പറഞ്ഞ രണ്ടു രാജ്യങ്ങളും എത്രമാത്രം സുതാര്യമാണ് എന്നത് മറ്റൊരു വിഷയം, അതെ സമയം ഇതിനേക്കാള്‍ പതിന്‍മടങ്ങു ക്രൂരത കാട്ടുന്ന വന്‍ശക്തികളെ യു എന്‍ കാണാതെ പോകുന്നു. പലസ്തീനിലെ കുട്ടികളെ ക്രൂരമായി നേരിടുന്ന ഇസ്രായേല്‍ പട്ടാളത്തിന് എല്ലാ പിന്തുണയും നല്‍കുന്ന അമേരിക്കക്കെതിരെ എന്ത്‌കൊണ്ട് ഈ നിലപാട് സ്വീകരിക്കാന്‍ യു എന്നിന് കഴിയാതെ പോകുന്നു. നിയമങ്ങള്‍ മുഴുവന്‍ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മാത്രമായി ചുരുങ്ങുന്നു. അമേരിക്ക-റഷ്യന്‍ ഇടപെടല്‍ മൂലം ഇന്ന് ലോകത്ത് ദുരിതമനുഭവിക്കുന്ന കുട്ടികളുടെ എണ്ണം മില്യണ് പുറത്താണ്. റഷ്യയുടെ സഹായത്തോടെ സിറിയന്‍ ഭരണകൂടം ഇന്നും കൊന്നു കൊണ്ടിരിക്കുന്നത് ആയിരങ്ങളെയാണ്. അതൊന്നും കാണാന്‍ ലോക സംഘടനക്ക് പലപ്പോഴും കഴിയില്ല.

മെക്‌സിക്കോയില്‍ നിന്നും കുടിയേറുന്ന കുട്ടികളെ തടഞ്ഞു വെക്കുന്ന അമേരിക്കന്‍ സൈന്യത്തിന്റെ ചിത്രം ഇന്ന് സുപരിചിതമാണ്. മൊത്തത്തില്‍ സഊദിയും മറ്റും ഉണ്ടാക്കിയ ദുരന്തത്തേക്കാള്‍ നൂറിരട്ടി കൂടുതലാണ് അമേരിക്കയും സഖ്യ കക്ഷികളും ലോകത്തു വിതച്ച ദുരന്തം. യെമനില്‍ സമാധാന അന്തരീക്ഷം ഇനിയും ദൂരെയാണ്. യെമന്‍ മാത്രമല്ല ലിബിയ,സിറിയ എന്നിവടങ്ങളിലും. യുദ്ധം ചെയ്യുന്ന വിഭാഗങ്ങള്‍ക്ക് സഹായം ചെയ്യുക എന്നതാണ് വന്‍ ശക്തികള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. സിറിയയില്‍ നിന്നും രക്ഷപ്പെടുന്ന സമയത്ത് സമുദ്രത്തില്‍ മുങ്ങി മരിച്ച എലന്‍ കുര്‍ദി ഇന്നും നമ്മുടെ മനസ്സിലെ തേങ്ങലാണ്. ലോകത്ത് ഭരണകൂട ഭീകരത ഏറ്റവും കൂടുതല്‍ നേരിടുന്നത് കുഞ്ഞുങ്ങള്‍ തന്നെയാണ്. സഊദി,യു എ ഇ അര്‍ഹിക്കുന്നതിനേക്കാള്‍ പത്തിരട്ടി ആ സ്ഥാനത്തിന് അര്‍ഹര്‍ വന്‍ ശക്തികള്‍ ആണ് എന്നത് ഏതു അടഞ്ഞ കാതുകളിലാണ് നാം പറയേണ്ടത്.

Facebook Comments
Related Articles
Show More
Close
Close