Current Date

Search
Close this search box.
Search
Close this search box.

‘ഏതു സമയത്താണ് ഒരു വ്യക്തി ഭീകരനാവുന്നത്’ ?

ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ അമ്മുവേട്ടത്തി ഉണ്ടാക്കിയ ഭക്ഷണത്തെ കുറ്റം പറയാനേ രാഘവന്‍ നായര്‍ക്കു സമയമുള്ളൂ. ഉപ്പില്ല, മുളകില്ല, ………തുടങ്ങി വായില്‍ വെക്കാന്‍ കൊള്ളില്ല എന്നുവരെ പറഞ്ഞു വെക്കും. പക്ഷെ അവസാനം ഭക്ഷണത്തില്‍ ഒരു വറ്റ് പോലും ബാക്കി കാണില്ല എന്നത് മറ്റൊരു കാര്യം. ‘ ഈ ഭേദഗതി പൂര്‍ണമായി ഭരണഘടനാ വിരുദ്ധമാണ്” എന്ന് രാജ്യസഭയില്‍ ഉറക്കെ വിളിച്ചു പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് ചിദംബരമാണ്. ഇന്നലെ സഭയില്‍ ഈ വിഷയത്തില്‍ അമിത് ഷായെ വെല്ലുവിളിച്ചത് കപില്‍ സിബിലും. അവസാനം യു എ പി എ ഭേദഗതി വോട്ടിനു വന്നപ്പോള്‍ കോണ്‍ഗ്രസ് രാഘവന്‍ നായരുടെ സ്വഭാവം കാണിച്ചു. യാതൊരു ഭേദഗതിയും കൂടാതെ അവര്‍ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തു.

”ഏതു സമയത്താണ് ഒരു വ്യക്തി ഭീകരനാവുന്നത്” എന്ന ചിദംബരത്തിന്റെ ചോദ്യത്തിനു അനുകൂലമായ ഒരു മറുപടിയും ഭരണപക്ഷ ബെഞ്ചില്‍ നിന്നും കിട്ടിയില്ല. പക്ഷെ അണ്ടിയോടടുത്തപ്പോള്‍ കോണ്‍ഗ്രസ് മാങ്ങയുടെ ശരിയായ പുളി കാണിച്ചു എന്ന് വേണം പറയാന്‍.

വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാതെ തീവ്രവാദ വിരുദ്ധ നീക്കം സാധ്യമല്ല എന്നതാണ് സംഘ പരിവാര്‍ നിലപാട്. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാനും സ്വത്ത് കണ്ടുകെട്ടാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതാണ് ഭേദഗതി. മാത്രമല്ല ആ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു സ്ഥാനവുമില്ല തന്നെ. യു എ പി എയുടെ ഒരു ഇന്‍സ്‌പെക്ടര്‍ക്ക് കാര്യങ്ങള്‍ തീരുമാനിക്കാം. ഇത് വ്യക്തികളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തലാണ് എന്നാണ് പ്രതിപക്ഷം വാദിച്ചത്. സര്‍ക്കാരിന്റെ ഇഛക്ക് അനുസരിച്ച് വ്യക്തികളെ തരം തിരിക്കാം. സര്‍ക്കാര്‍ പേരെടുത്തു പറഞ്ഞ വ്യക്തികള്‍ ഇന്ത്യക്ക് പുറത്താണ്. അവരെ ഭീകരരായി പ്രഖ്യാപിക്കാന്‍ നിലവിലുള്ള നിയമം തന്നെ മതി എന്നും പ്രതിപക്ഷം പറയുന്നു. മാവോയിസ്റ്റുകളെയാണ് ഉന്നം എന്നാണെങ്കിലും ഈ നിയമം ഉപയോഗിച്ച് ആരെയും ഭീരക പട്ടികയില്‍ ഉള്‍പ്പെടുത്താം. വിചാരണയോ ചാര്‍ജ് ഷീറ്റോ നിയമപരമായ അറസ്റ്റ് കൂടാതെയും വ്യക്തികളെ അകത്താക്കാം. താന്‍ ഭീകരനല്ല എന്ന് തെളിയിക്കല്‍ വ്യക്തിയുടെ ബാധ്യതയായി മാറുന്നു.

നിയമം കൊണ്ട് വരുന്നതിലല്ല അത് നടപ്പാക്കുന്നവരുടെ കാര്യത്തിലാണ് രാജ്യത്തിന് ആശങ്ക. മോഡി സര്‍ക്കാരിന്റെ ഭീകരവാദ നിലപാടുകള്‍ സംശയാസ്പദമായ ഒന്നാണ്. സ്‌ഫോടന കേസുകളില്‍ പ്രതിയായവര്‍ ഒരേ സമയത്ത് പാര്‍ലിമെന്റില്‍ അംഗമായി വരുന്ന കാഴ്ചയാണ് നാം കാണുന്നത്. അതെ സമയം ഇപ്പോള്‍ തന്നെ ന്യൂനപക്ഷ വിഭാഗത്തിലെ പലരും വിചാരണ കൂടാതെ അകത്താണ്. അതും വര്‍ഷങ്ങളായി. അത്തരം പ്രവണതകള്‍ക്ക് ആക്കം കൂടും എന്നതാണ് മറ്റൊരു ആശങ്ക.

അതിലും വലിയ ആശങ്ക ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് ഓര്‍ക്കുമ്പോഴാണ്. രാജ്യസഭയില്‍ ഒരു ബില്ലും പാസാക്കാനുള്ള ഭൂരിപക്ഷം ഭരണപക്ഷത്തിനില്ല. എന്നിട്ടും എല്ലാ ബില്ലുകളും സുഖമായി രാജ്യസഭ പാസാക്കുന്നു. അതും കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികളുടെ പിന്തുണയോടെ. ചര്‍ച്ചയില്‍ കാര്യങ്ങളെ എതിര്‍ക്കുകയും വോട്ടിംഗ് വരുമ്പോള്‍ ഭരണപക്ഷത്തെ അനുകൂലിക്കുകയും ചെയ്യുക എന്ന ഇരട്ടത്താപ്പാണ് നമുക്ക് മനസ്സിലാകാത്തതും. മുസ്ലിംകള്‍ കഴിഞ്ഞാല്‍ ഇത്തരം നിയമങ്ങളുടെ ഗുണഭോക്താക്കളായ ദളിത് സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ബി എസ് പി പോലും ബില്ലിനെ അനുകൂലിച്ചു. പലരും സാധാരണ പോലെ മുങ്ങി. ഈ വിഷയത്തില്‍ ഉറച്ചു നിന്ന് അഭിപ്രായം പറഞ്ഞ ഇടതു എം പി എളമരം കരീം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

പ്രതിപക്ഷത്തിന്റെ വാല്‍ പൂര്‍ണമായും അമിത്ഷായുടെ അമ്മിയുടെ അടിയിലാണ്. അന്വേഷണ ഏജന്‍സികളെ കാട്ടി പലരെയും ഭയപ്പെടുത്താന്‍ ഭരണകക്ഷിക്ക് കഴിയുന്നു. നിങ്ങള്‍ ആരുടെ കൂടെ എന്ന ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസ് പതറി പോയിരിക്കുന്നു. നിലവിലുള്ള ഭീകര നിയമങ്ങളെ പൊളിച്ചെഴുതും എന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണം കിട്ടിയില്ലെങ്കിലും നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ പോലും അവര്‍ക്കായില്ല.

ദേശീയ പാര്‍ട്ടിക്ക് നേതാവില്ല എന്നത് പോലെ നിലപാടുമില്ല എന്ന് വന്നാല്‍ അതൊരു ദുരന്തമാണ്. നിയമങ്ങള്‍ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. സംഘ പരിവാര്‍ കാലത്ത് പ്രത്യേകിച്ചും. കുട്ടിക്കുരങ്ങന്റെ കയ്യിലെ പൂമാലയായി നിയമം മാറിയാല്‍ പിന്നെ ബാക്കിയാവുക അരാജകത്വം തന്നെയാകും.

Related Articles