Current Date

Search
Close this search box.
Search
Close this search box.

അങ്ങിനെയാണ് ശക്തമായ ജനാധിപത്യ സമൂഹം ഉണ്ടാകുന്നത്

Unlawful Activities (Prevention) Act അഥവാ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രതിരോധം) നിയമം ഒരിക്കൽ കൂടി ചര്ച്ചയായിരിക്കുകയാണ്. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്നത് ഏതൊരു നാടിന്റെയും നിലനിൽപ്പിനു അത്യന്താപേക്ഷികമാണ്. ഭീകരവാദവും തീവ്രവാദവും അധികരിച്ചു വരുന്നു എന്നതും നാടിന്റെ പല ഭാഗത്തും അധികരിച്ചു വരുന്ന മാവോ വാദവും ഇത്തരം ഒരു നിയമത്തിന്റെ അനിവാര്യതയായി ബന്ധപ്പെട്ടവർ ചൂണ്ടി കാണിക്കുന്നു. അടുത്ത കാലത്താണ് ഈ നിയമത്തിന് മോഡി സർക്കാർ ഭേദഗതി കൊണ്ട് വന്നത്. പാർലിമെന്റിൽ ബഹളമയമായ ചർച്ച നടന്നെങ്കിലും ബില്ലിനെ എതിർത്ത് വോട്ടു ചെയ്യാൻ വിരലിലെണ്ണാവുന്ന ആളുകളും പാർട്ടികളും മാത്രമാണ് രംഗത്തു വന്നത് .

വ്യക്തി സ്വാതന്ത്രത്തെ പൂർണമായി ഹനിക്കുന്നു എന്നതാണ് ഈ ബില്ലിനെ എതിർക്കുന്നവർ ഉന്നയിച്ച മുഖ്യ കാരണം. ഇന്ത്യയുടെ ഫെഡറൽ സ്വഭാവത്തെ പോലും പുതിയ ഭേദഗതി ചോദ്യം ചെയ്യുന്നു. ഈ നിയമം മൂലം പ്രതികളെന്ന് പോലീസ് ഉന്നയിക്കുന്ന വ്യക്തികൾക്ക് ജാമ്യം നിഷേധിക്കപ്പെടും. വ്യക്തി സ്വാതന്ത്രത്തെ പൂർണമായി നിരാകരിക്കുന്നു എന്നതു കൊണ്ട് തന്നെ ഇടത്‌ പക്ഷ പാർട്ടികൾ ഈ ബില്ലിനെ എന്നും എതിർത്തിട്ടുണ്ട്. യു എ പി എ നിയമപ്രകാരം അറസ്റ്റു രേഖപ്പെടുത്തിയാൽ പിന്നെ വിചാരണ തടവുകാരൻ എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിപ്പോകും. എത്ര കാലം വിചാരണ നീണ്ടു പോകുന്നുവോ അത്രയും കാലം പ്രതിയെ ഉള്ളിലിടാൻ നിയമത്തിനു കഴിയും.

യു എ പി എ തങ്ങളുടെ നിലപാടല്ല എന്നതാണ് ഇടതു പക്ഷ തീരുമാനം. എല്ലായിടത്തും തങ്ങൾ അതിനെ എതിർത്തിട്ടുണ്ട് എന്നും ഇടതു പക്ഷം പറയുന്നു. ഇന്ത്യയിൽ ഇടതു പക്ഷ ഭരണം നില നിൽക്കുന്ന ഏക സംസ്ഥാനവും കേരളം മാത്രമാണ്. അവിടെയാണ് ഇപ്പോൾ പാർട്ടി പ്രവർത്തകരായ രണ്ടു പേരെ പോലീസ് യു എ പി എ യുടെ കീഴിൽ അറസ്റ്റു ചെയ്തതും. അറസ്റ്റിനെ കേരളം ഒറ്റക്കെട്ടായി എതിർത്തു. സാധാരണയിൽ നിന്നും കവിഞ്ഞു പാർട്ടി അണികളും നേതാക്കളും ഈ അറസ്റ്റിനെ ശക്തിയുക്തം എതിർത്തു. പാർട്ടി പോളിറ്റ് ബ്യുറോ പോലും വിഷയത്തിൽ തങ്ങളുടെ നിലപാട് കടുപ്പിച്ചു. അതെ സമയം പോലീസ് തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നു. പ്രതികളുടെ പരിശോധനയിൽ കേസിനു ശക്തി പകരുന്ന തെളിവികൾ ലഭിച്ചിട്ടുണ്ട് എന്നാണ് പോലീസ് ഭാഷ്യം. ഇന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതിയിൽ പ്രോസിക്യൂഷൻ എതിർത്തിരുന്നു.

കേരളം ഒരു മാവോ വാദി സാന്നിധ്യമുള്ള സംസ്ഥാനമായി ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. അതെ സമയം അട്ടപ്പാടിയിൽ നിന്നും നാല് പേരെ മാവോ വേട്ടയുടെ പേരിൽ അടുത്ത ദിവസം തണ്ടർ ബോൾട്ട് വെടിവെച്ചു കൊന്നിരുന്നു. അതൊരു ഏറ്റുമുട്ടൽ കൊല എന്നാണ് പോലീസ്/ സർക്കാർ ഭാഷ്യം . അതെ സമയം ഭരണ കക്ഷിയിൽ പെട്ട ആളുകൾ തന്നെ ഈ സംവത്തിൽ സംശയം പ്രകടിപ്പിക്കുന്നു. ഒരു ഏറ്റുമുട്ടൽ കൊലയുടെ ഒരു സാഹചര്യവും അവിടെ കാണാനില്ല എന്നതാണ് അവർ ഉന്നയിക്കുന്ന കാര്യം. സർക്കാരുകളുടെ മാനുഷിക വിരുദ്ധ ഇടപെടലുകളാണ് വടക്കേ ഇന്ത്യയിൽ ഇത്തരം ഗ്രൂപ്പുകൾ പ്രചരിക്കാൻ കാരണം. കേരളത്തിൽ ഒരു ഇടതു പക്ഷ സർക്കാർ ഭരിക്കുന്ന കാലത്തു നടന്നു എന്ന് പറയപ്പെടുന്ന ഇത്തരം സംഭവങ്ങൾ അതീവ ഗുരുതരമായാണ് പൊതു സമൂഹം കാണുന്നത്. പാർട്ടിയുടെ സജീവ പ്രവർത്തകരാണ് അറസ്റ്റ് ചെയ്യപ്പെട്ടവർ. പോലീസ് പറയുന്ന കാരണം ശരിയാണെങ്കിൽ പൊതുധാര ഇടതു പക്ഷത്തേയും സ്വാധീനിക്കാൻ തീവ്ര സ്വഭാവമുള്ള സംഘടനകൾക്ക് കഴിയുന്നു എന്ന് വരും.

യു എ പി എ ചുമത്താനുള്ള കാരണങ്ങൾ സ്വയം വ്യാഖ്യാനിക്കാനുള്ള അവകാശം അന്വേഷണ സംഘങ്ങൾക്കു നൽകും എന്നതാണ് ഈ നിയമത്തിന്റെ മറ്റൊരു അപചയം. ഒരാളെ കുറ്റവാളിയായി തീരുമാനിച്ചാല് പിന്നെ അത് ഒഴിവാക്കേണ്ട ഉത്തരവാദിത്തം ആരോപിതനിൽ വന്നു ചേരുന്നു. കേരളത്തിൽ ഈ രീതിയിൽ അഴികൾക്കുള്ളിൽ അകപ്പെട്ട ഒരുപാട് ഹതഭാഗ്യരുണ്ട്. കുറ്റം ചെയ്‌താൽ അവർ ശിക്ഷിക്കപ്പെടണം എന്നുറപ്പാണ്. ചെയ്ത കുറ്റത്തിന്റെ അവസ്ഥ നോക്കി വേണം കുറ്റപത്രം തയ്യാറാക്കാൻ എന്നാണ് നിയമം. അതെ സമയം യു എ പി എ പലപ്പോഴും ചുമത്തപ്പെടുന്നത് മറ്റു കാര്യങ്ങൾ പരിഗണിച്ചു കൊണ്ടാണ്.

ഇപ്പോൾ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവർ സജീവ പാർട്ടിക്കാർ എന്ന് പറയുന്നത് മാർക്സിസ്റ് പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും തന്നെയാണ്. എന്നിട്ടും പോലീസ് അത്തരം വകുപ്പുകൾ ചുമത്താൻ ശ്രമിക്കുന്നു എന്ന് വന്നാൽ അതിനർത്ഥം കേരള പോലീസിന്റെ മേൽ സംസ്ഥാന സർക്കാരിന് അധികാരം നഷ്ടമായിരിക്കുന്നു എന്ന് വായിക്കണം. തികച്ചും ഗുരുതരമായ ഒരു സാഹചര്യം നമ്മുടെ സാമൂഹിക അവസ്ഥയിൽ രൂപപ്പെട്ടു വരുന്നു. അത് മറ്റൊന്നുമല്ല ഭരണ കൂട ഭീകരതയാണ്. ഭരണ കൂടവും ഭരണീയരും തമ്മിലുള്ള ബന്ധം എത്രമാത്രം സുതാര്യവും വിശ്വസ്തതയുള്ളതുമാന് എന്നിടത്തു മാത്രമാണ് ശക്തമായ ജനാധിപത്യ സമൂഹം ഉയർന്നു വരിക.

Related Articles