Current Date

Search
Close this search box.
Search
Close this search box.

സത്യത്തിനു മുന്നില്‍ അസത്യത്തിന് കുമിളകളുടെ സ്ഥാനം മാത്രം

finding-truth.jpg

ഖുര്‍ആന്‍ ദൈവികമാണ് എന്ന് വിശ്വസിക്കുക എന്നത് ഒരു നിലപാടിന്റെ പേരാണ്. അതില്ല എന്നതായിരുന്നു മക്കയിലെയും മദീനയിലെയും അവിശ്വാസികള്‍ തമിലുള്ള ഭിന്നതകളിലൊന്ന്. സത്യനിഷേധികള്‍ ഒന്ന് മനസ്സിലാക്കുന്നു. ഇസ്ലാമിനെ നേര്‍ക്കുനേര്‍ പരാജയപ്പെടുത്താന്‍ സാധ്യമല്ല. അതിനവര്‍ പല അടവുകളും സ്വീകരിക്കും.

‘വേദവിശ്വാസികളിലൊരുപറ്റം പറയുന്നു: ‘ഈ പ്രവാചകനില്‍ വിശ്വസിച്ചവര്‍ക്ക് അവതരിച്ചിട്ടുള്ളതില്‍ രാവിലെ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക; വൈകുന്നേരം അതിനെ തള്ളിപ്പറയുകയും ചെയ്യുക. ഒരുപക്ഷേ, നമ്മുടെ ഈ തന്ത്രം വഴി ഇക്കൂട്ടര്‍ അവരുടെ വിശ്വാസത്തില്‍നിന്നു മടങ്ങിയേക്കാം’ പ്രവാചക കാലത്തെ അവിശ്വാസികളില്‍ ഒരു വിഭാഗം അങ്ങിനെയാണ് ഇസ്ലാമിനെ നേരിട്ടത്. നമ്മുടെ കാലത്തും സ്ഥിതി മറിച്ചല്ല. വിശ്വാസികളുടെ വര്‍ണം ധരിച്ചു വരുന്ന പലരും ആദ്യം വിശ്വാസികളുടെ രൂപത്തിലാണ് വരുന്നത്. ചിലത് വിശ്വസിക്കുന്നു മറ്റു ചിലത് അവിശ്വസിക്കുകയും ചെയ്യുക എന്നതാണ് ആദ്യ രൂപം. ദുര്‍ബല വിശ്വാസികള്‍ പലരും അവരുടെ വലയില്‍ വീണെന്ന് മനസ്സിലായാല്‍ അവരുടെ സ്വഭാവം മാറുന്നു. അതുവരെ ഖുര്‍ആന്‍ മാത്രമാണ് അടിസ്ഥാന പ്രമാണം എന്നത് മാറി ഖുര്‍ആന്‍ ഒരു ദൈവിക ഗ്രന്ഥമെയല്ല എന്നതിലേക്ക് വന്നു നില്‍ക്കുന്നു.

ഇസ്ലാമിക വിരുദ്ധ ശക്തികള്‍ എന്നും ആലോചനയിലാണ്. ഇസ്ലാം അവര്‍ക്ക് ഉണ്ടാക്കുന ബുദ്ധിമുട്ട് ചെറുതാകില്ല. ഒരു ലിബറല്‍ സംസ്‌കാരത്തിന് പലപ്പോഴും തടസ്സം ഇസ്‌ലാം തന്നെ. അത് കൊണ്ട് മത വിരുദ്ധരുടെ മുഖ്യ വിഷയം ഇസ്ലാം തന്നെ. അതിനവര്‍ പല ഗൂഢ പദ്ധതികളും കാണുന്നു. അതിന്റെ ഭാഗമാണ് വര്‍ധിച്ചു വരുന്ന ഹദീസ് നിഷേധ പ്രവണതകള്‍ എന്നു നാം തിരിച്ചറിയണം. കേരളത്തില്‍ ഒരു സ്ത്രീ അടുത്തിടെ ഇസ്ലാം വിരുദ്ധ ശക്തികളുടെ ഉപകരണമായി രംഗത്ത് വന്നിരുന്നു. അവര്‍ തന്നെ ആളുകള്‍ക്ക് നമസ്‌കാരത്തിനും ജുമുഅക്കും നേതൃത്വവും നല്‍കിയിരുന്നു. ഖുര്‍ആന്‍ മാത്രമേ തെളിവായി അംഗീകരിക്കൂ എന്ന് പറയുന്നവര്‍ക്ക് ആരാധന കര്‍മങ്ങള്‍ ഒരു സ്വപ്നം മാത്രമാണ്. കാരണം ഖുര്‍ആനില്‍ നിന്നും നമസ്‌കാരത്തിനും മറ്റു ആരാധന കര്‍മങ്ങള്‍ക്കും ഒരു രൂപം ലഭിക്കുക സാധ്യമല്ല. എന്നിട്ടും അവര്‍ നമസ്‌കരിക്കുന്നു. അത് വിശ്വാസികള്‍ക്കിടയില്‍ പ്രമാണങ്ങളെ കുറിച്ച് സംശയം ജനിപ്പിക്കാന്‍ മാത്രമായി തീരുന്നു.

ഖുര്‍ആന്‍ വായിക്കുമ്പോള്‍ മനസ്സിലാവുന്ന പലതുമുണ്ട്. അതില്‍ ഒന്ന് ഇസ്ലാം വിരുദ്ധ ശക്തികളുടെ എക്കാലത്തെയും സ്വഭാവം ഒന്ന് തന്നെ എന്നാണ്. അത് കൊണ്ടാണ് ഇസ്ലാമിക ജീവിതത്തിനു മുഖ്യ ഘടകമായി ഖുര്‍ആന്‍ പഠനം ഊന്നി പറയുന്നത്. ഖുര്‍ആന്‍ പഠിച്ചവരെ ഇസ്ലാമിക ശത്രുക്കള്‍ വിലക്കെടുക്കുകയും അവരെ ഉപയോഗിച്ച് പഠിക്കാത്ത സാധാരണക്കാറെ കുഴപ്പത്തിലാക്കുക എന്ന പണി അവര്‍ നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നു. ചരിത്രം ആവര്‍ത്തിക്കുന്നു എന്നതിനാലാണ് ഈ പുതിയ ഇറക്കുമതികള്‍ നമ്മില്‍ ഒരു വികാരവും ഉണ്ടാക്കാത്തത്. ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമായി അംഗീകരിച്ചാല്‍ മുഹമ്മദ് നബി പ്രവാചകനായി വരും. അത് രണ്ടും കൂടി ചേര്‍ന്നാല്‍ മാത്രമേ ഇസ്ലാം പൂര്‍ണമാകൂ. സത്യത്തിനു മുന്നില്‍ അസത്യത്തിനു കുമിളകളുടെ സ്ഥാനം മാത്രം. അത് കൊണ്ട് തന്നെ ഇസ്ലാമിനെതിരെ കെട്ടിപ്പൊക്കുന്ന പലര്‍ക്കും പലതിനും നിമിഷ നേരത്തെ ആയുസ്സ് മാത്രമേ കാണൂ.

Related Articles