Current Date

Search
Close this search box.
Search
Close this search box.

നാവിനെ കത്തിയാക്കുന്നവർ!

സൂര്യ കൃഷ്ണമൂർത്തിയുടെ മുറിവുകൾ എന്ന രചനയിലെ അച്ഛൻ കഥാ പാത്രത്തെ ആരും മറക്കില്ല. നല്ലവനായിരുന്നു അ ച്ഛൻ. പക്ഷെ അദ്ദേഹത്തിന് ഒരു കുഴപ്പമുണ്ട്. ആരോടെങ്കിലും ദ്വേഷ്യം വന്നാൽ പിന്നെ ആത്മനിയന്ത്രണം നഷ്ടപ്പെടും. അതോടെ പറയുന്നതും ചെയ്യുന്നതും എന്താണെന്നറി യാത്ത കോപാന്ധനാവും അയാൾ!

ചിലർക്ക്, വിശിഷ്യ രാഷ്ട്രീയ നേതാക്കൾക്ക് സ്റ്റേജ് ലഭിച്ചാൽ അങ്ങനെയാണു്. മുന്നിൽ വൻ ജനാവലി കൂടിയുണ്ടെങ്കിൽ പിന്നെ പറയേണ്ടതില്ല! പാർട്ടിയുടെ സകല നന്മകളെയും കെടുത്തിക്കളയുന്ന രീതിയിൽ അയാൾ അലറി വിളിക്കും. യാതൊരു മാന്യതയും പുലർത്താതെ, സന്ദർഭം ദീക്ഷിക്കാതെ എതിർവശത്തുള്ളവരെ സ്ഥാനത്തും അസ്ഥാനത്തും കീറി മുറിക്കും. സ്വന്തം പ്രസ്ഥാനത്തിൻ്റെ ശോഭയാണ് താൻകെടുത്തുന്നതെന്നോ, സമൂഹത്തിൽ നിലനിൽക്കുന്ന പരസ്പര ബന്ധത്തിനും സ്നേഹത്തിനുമാണ് തൻ്റെ നാവ് കത്തി വെക്കുന്നതെന്നോ അയാൾ ചിന്തിക്കില്ല!

നാവ് സൃഷ്ടിക്കുന്ന കടുത്ത ദുരന്തങ്ങളെ പറ്റി മനുഷ്യരെ പഠിപ്പിക്കാത്ത ഒരു ദർശനവും / തത്വശാസ്ത്രവും ലോകത്ത് കടന്നു പോയിട്ടില്ല.

ഒരിക്കൽ നന്മ-തിന്മകളെ പറ്റി ദീർഘമായി ശിഷ്യന്മാരെ ഉണർത്തിയ ശേഷം മുഹമ്മദ് നബി (സ) “എല്ലാ കാര്യങ്ങളുടെയും മോന്തായം ഞാൻ പഠിപ്പിച്ചു തരട്ടെയോ?” എന്നു ചോദിച്ചു കൊണ്ട് സ്വന്തം നാവ് സ്വൽപം പുറത്തേക്കു നീട്ടി അതിൻമേൽ തൊട്ടു കാണിച്ചു!

മനുഷ്യൻ്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്ന, വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഒരു മനസ്സ് നാം സൂക്ഷിക്കണം. അത് തന്നെയാണ് പേർത്തും പേർത്തും നാം പറയുന്ന ജനാധിപത്യവും മതനിരപേക്ഷതയും. വിമർശനവും നിരൂപണവും പാടില്ല എന്നല്ല. അത് പക്ഷെ തീർത്തും സർഗാത്മകമായിരിക്കണം. വ്യക്തിഹത്യയല്ല വിമർശനം എന്നുകൂടി അറിയണം. വീക്ഷണ വിയോജിപ്പുകൾ പ്രകടിപ്പിക്കേണ്ടത് എപ്പോഴും രചനാത്മകമായിട്ടാവണം. സംസാരത്തിൽ ശൈലി വളരെ പ്രധാനമാണ്. അലിവും ആദരവുമുള്ള ശൈലിയാണ് നാം ആർജ്ജിക്കേണ്ടത്. അങ്ങനെയല്ലാത്തവർ നേതൃസ്ഥാനങ്ങളിലെത്തിയാൽ സംഘടന തന്നെ തെറ്റിദ്ധരിക്കപ്പെടും!

ചരിത്രം കണ്ട ഏറ്റവും വലിയ ഫാഷിസ്റ്റ് ആയിരുന്നുവല്ലോ ഈജിപ്ത് ഭരിച്ച ഫറോവ / ഫിർഔൻ. അദ്ദേഹത്തിൻ്റെ മുന്നിൽപ്പോയി സത്യം പറയാൻ ഏൽപ്പിക്കപ്പെട്ട പ്രവാചകൻ മൂസ / മോശെ യോട് ദൈവം അരുൾ ചെയ്യുന്നത് നീ “നല്ല വാക്ക് ” പറയണം എന്നാണ് (ഖുർ:20: 44)

എന്നല്ല, ഖുർ ആനിലുടനീളം നല്ല വാക്ക് മാത്രമേ പറയാവൂ എന്ന കടുത്ത മുന്നറിയിപ്പും ആജ്ഞയും ഉണ്ട്. വിശുദ്ധിയും വൃത്തിയും വെടിപ്പുമുള്ള വാക്കുകൾക്ക് ഖുർആൻ പ്രയോഗിച്ച പദങ്ങളത്രയും ഏറെ സാരവത്താണ്. “ലയ്യിനൻ ” “മഅറൂഫ്” “സദീദ് “….(മൃദുലത, സൗമ്യത, സരളം, മാന്യം, നന്മ….)

Related Articles