Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ / പുരുഷ സങ്കലനം മൂന്ന് നിലപാടുകൾ

സ്ത്രീകളും പുരുഷന്മാരും ഇടകലരുന്നതിനെ കുറിക്കുന്ന “ഇഖ്തിലാത്വ്‌” എന്ന വാക്ക് ഇസ് ലാമിക നിഘണ്ടുവിൽ അടുത്ത് മാത്രം ഇടം പിടിച്ചതാണ്.

നബി(സ)യുടെ കാലത്ത് പുരുഷന്മാരും സ്ത്രീകളും പല സന്ദർഭങ്ങളിലും ഇടകലർന്നിരുന്നു. സംഘടിത നമസ്കാരങ്ങൾ, പള്ളിയിലെ വൈജ്ഞാനിക വേദികൾ, ഹജ്ജ് ഉംറകൾ, യുദ്ധങ്ങൾ, ജുമുഅ: നമസ്കാരങ്ങൾ, വ്യത്യസ്ത സാമൂഹിക ചടങ്ങുകൾ എന്നിവ ഉദാഹരണം. അബ്ദുൽ ഹലീം അബൂ ശുഖഖ: തൻ്റെ “തഹ് രീറുൽ മർഅ: ഫീ അസ്വ്രി രിസാല” (സ്ത്രീ വിമോചനം പ്രവാചക കാലഘട്ടത്തിൽ) എന്ന കൃതിയിൽ അത്തരം അവസരങ്ങളെക്കുറിച്ചു വിശദീകരിച്ചിട്ടുണ്ട്.

പരസ്പര ബന്ധങ്ങൾ ശാക്തീകരിക്കുക, പരസ്പരം പ്രയോജനങ്ങൾ അനുഭവിക്കുക തുടങ്ങിയ മതം/ഭൗതികം എന്നു നാം വേർതിരിക്കുന്ന എല്ലാ വിധ സാമൂഹിക ഇടപഴകലുകളിലും പുരുഷന്മാരുടെ കൂടെ സ്ത്രീകളും സംഗമിക്കുന്നത് തടയുന്ന പ്രമാണങ്ങളൊന്നുമില്ല.

രണ്ടാമത്തെ വിഭാഗം ആളുകൾ പഴയ ചിന്ത ഭരിക്കുന്നവരാണ്. അവരുടെ മനസ്സുകളിൽ ഇസ്രാഈല്യത്തിലേതുപോലെ സ്ത്രീ എന്നാൽ വിഷസർപ്പമോ, പിശാചിൻ്റെ കെണിയോ ഒക്കെ ആയിരിക്കും. അവൾ പുരുഷന്മാരെ കുഴപ്പത്തിൽ ചാടിക്കുന്നു. അവൾ സ്വന്തം വീട്ടിൽ അടങ്ങിയൊതുങ്ങിക്കഴിയണം. ഇതാണ് അവരുടെ നിലപാട്. എന്നാൽ ചോദിക്കട്ടെ, സ്ത്രീകളെ വീട്ടിൽ ബന്ദികളാക്കി നിർത്താൻ ഖുർആൻ കൽപ്പിച്ചിട്ടുണ്ടോ? ആദ്യകാലത്ത് വ്യഭിചാരത്തിനുള്ള ശിക്ഷ എന്ന നിലയിലാണ് വീട്ടുതടങ്കൽ വിധിക്കപ്പെട്ടിരുന്നത്. പിന്നീട് ആ വിധി തന്നെയും ദുർബലപ്പെടുത്തി. (അന്നിസാഅ: 15)

മൂന്നാമത്തെ വിഭാഗം, ഒന്നാം വിഭാഗത്തിൻ്റെ പക്വത എത്താത്തവരും രണ്ടാം വിഭാഗത്തിൻ്റെ നിലവാരത്തിലല്ലാത്തവരുമാണ്. “സ്ത്രീകളും പുരുഷന്മാരും കണ്ണുകൾ താഴ്ത്തുക ” (അന്നൂർ:30-31) “നിങ്ങൾ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കാതിരിക്കുക ” (അഹ്സാബ്: 32 ) പോലുള്ള ഏകപക്ഷീയമായ ഖുർആൻ/ നബി വചനങ്ങൾ മാത്രമാവും അവരെ ഭരിക്കുക. ഇതാണ് യഥാർത്ഥ “തഖ് വ” എന്ന് അവർ ധരിക്കുന്നു! എന്നാൽ സാക്ഷാൽ മുത്തഖിയായ പ്രവാചകൻ (സ) സ്ത്രീകളോട് ഇടപഴകിയ വസ്തുതകൾ അവർ മറക്കുന്നു! മാത്രഉല്ല, “സത്യവിശ്വാസികളും വിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു” (അത്തൗബ: 71) പോലുള്ള സൂക്തങ്ങളും അവർ ഓർക്കുന്നില്ല! നബി പത്നിമാരുടെ കാര്യത്തിൽ മറ്റു സ്ത്രീകളോടില്ലാത്ത കാർക്കശ്യം ഖുർആൻ പുലർത്തുന്ന കാര്യവും അവർക്കജ്ഞാതം!

അവസാനമായി ഒരു കാര്യം പറയട്ടെ: ഒരു പണ്ഡിതൻ്റെ രണ്ടു കണ്ണുകളിൽ ഒന്ന് പ്രമാണത്തിലാണെങ്കിൽ മറ്റൊന്ന് പ്രയോഗത്തിലാവണം. സംഭവ ലോകത്തെ വിസ്മരിക്കുന്ന പ്രമാണവും പ്രമാണത്തെ വിസ്മരിക്കുന്ന സംഭവ ലോകവും അപകടം ചെയ്യും.

സ്ത്രീ / പുരുഷ സങ്കലനം ഉപകാരത്തേക്കാൾ ഉപദ്രവം ചെയ്യുന്ന അവസ്ഥകളിൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.

അതേയവസരം സ്ത്രീകൾ വിദ്യ തേടി സ്കൂളുകളിലും യൂനിവേഴ്സിറ്റികളിലും പോകാനും സർക്കാർ/സർക്കാറേതര ജോലികൾ ചെയ്യാനും ബിസിനസിലേർപ്പെടാനും അങ്ങാടികളിൽ പോയി പർച്ചേസ് ചെയ്യാനും സാമൂഹിക / രാഷ്ട്രീയ /സാംസ്കാരിക / കലാ പ്രവർത്തനങ്ങളിലേർപ്പെടാനും നിർബന്ധിക്കപ്പെടുന്ന വർത്തമാന സാഹചര്യം നാം കാണേണ്ടതുണ്ട്.

അല്ലാഹു ഇങ്ങനെ പറഞ്ഞ കാര്യം വിസ്മരിക്കരുത്: “നിങ്ങൾക്ക് ലഘൂകരണം നൽകാൻ അല്ലാഹു ഉദ്ദേശിക്കുന്നു. മനുഷ്യൻ ദുർബലനായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ” (അന്നിസാഅ: 28 )

ഇസ് ലാമിക സമൂഹത്തിൻ്റെ രണ്ടു ചിറകുകളാണ് സ്ത്രീയും പുരുഷനും. ഇസ് ലാം എന്ന പതംഗം പറക്കണമെങ്കിൽ ഒരു ചിറകു മാത്രം പോര. സ്ത്രീകൾ നമ്മുടെ കൂടപ്പിറപ്പുകളാണ്. എത്രയോ ഖുർആൻ/ഹദീസ് സൂക്തങ്ങളിൽ സ്ത്രീകൾ ആദരിക്കപ്പെട്ടിരിക്കുന്നു. ഉഹ്ദ് ഉൾപ്പെടെ സ്ത്രീകളുടെ പോർവിളി ഉയരാത്ത ഇസ് ലാമിക ചരിത്രമില്ല! ആദ്യ ഹിജ്റയിലും അഖബയിലും ഹുദൈബിയയിലും വരെ സ്ത്രീ ഉണ്ട്. പ്രവാചകൻ്റെ കഴുത്തിലെ ചീഞ്ഞളിഞ്ഞ ഒട്ടകക്കുടൽമാല എടുത്തു മാറ്റിയ ഫാത്വിമ (റ) മുതൽ ജമൽ യുദ്ധം നയിച്ച ആഇശ(റ) വരെ ആരെയാണ് നമുക്ക് വിസ്മരിക്കാനാവുക…?

ആദ്യം ഇസ് ലാം സ്വീകരിച്ചതും ആദ്യ രക്തസാക്ഷിയും പുരുഷന്മാർക്കു പോലും മാതൃകയായി അല്ലാഹു ഉയർത്തിക്കാട്ടിയതും സ്ത്രീകളെയാണ്! ഇസ് ലാം ലോകത്ത് വീണ്ടും വീണ്ടും ഉയരണമെങ്കിൽ തീർച്ചയായും സ്ത്രീകളുടെ കൂടി പങ്കാളിത്തം അനിവാര്യമാണ്…! സ്ത്രീകളെ / യുവതികളെ ഇസ് ലാമിൽ നിന്നകറ്റുന്ന ചെറിയൊരു പ്രതികരണം പോലും പുരുഷന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാത്തതാണ്. അന്തിമമായി അതിൻ്റെ ഫലം ഇസ് ലാമിൻ്റെ ശത്രുക്കൾക്കാവും!!

നമ്മുടെ യുവതീ യുവാക്കൾക്ക് ഹറാം ചെയ്യാതിരിക്കാൻ ഹലാൽ വിശാലമാക്കിക്കൊടുക്കൂ.. അതാണ് പണ്ഡിത ധർമം…!

(മുഖ്യ അവലംബം: ശൈഖ് ഡോ: യൂസുഫുൽ ഖറദാവിയുടെ “ഫതാവാ മുആസ്വിറ:”)

Related Articles