Current Date

Search
Close this search box.
Search
Close this search box.

നുണ ആയുധമാക്കിയവർ

പ്രവാചകൻ മദീനയിലേക്ക് വരുന്നതിനു മുമ്പ് മദീനയുടെ അധികാരം പലരും കൊതിച്ചിരുന്നു. പ്രവാചകൻറെ വരവോടെ പലരുടെയും അവസരം നഷ്ടമായി. യസ് രിബ് പെട്ടെന്ന് തന്നെ മദീനയായി മാറുന്നത് പലരെയും അസ്വസ്ഥരാക്കി. തങ്ങളുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നു എന്ന സ്ഥിതി വന്നപ്പോൾ അവരിൽ പലരും പ്രവാചകന്റെ പാത സ്വീകരിച്ചു. പക്ഷെ അവരുടെ മനസ്സ് അപ്പുറത്തും ശരീരം ഇപ്പുറത്തുമായിരുന്നു. അവസരം വന്നാൽ അപ്പുറം ചാടാൻ അവർ തയ്യാറായി നിന്നിരുന്നു. അങ്ങിനെ ഇരിക്കെയാണ് സിറിയയുടെ ഭാഗത്തു നിന്നും ഇസ്‌ലാമിക രാഷ്ട്രത്തിനു ഭീഷണി വന്നത്. എത്രയും പെട്ടെന്നു അത് പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകും. തബൂക്കിലേക്കു പെട്ടെന്ന് പോകാനാണ് പ്രവാചകന്റെ കൽപ്പന. നേരിടേണ്ടത് റോമക്കാരെയും. ഇത് വരെ സംഭവിച്ചതല്ല ഇനി സംഭവിക്കാൻ പോകുന്നത്. ഇനി ഒരിക്കലും മുഹമ്മദും സൈന്യവും തിരിച്ചു വരില്ല എന്ന് മുമ്പ് പറഞ്ഞ വിഭാഗം കണക്കു കൂട്ടി. സൈന്യത്തോടൊപ്പം പോകാതിരിക്കാൻ അവർ പല ന്യായങ്ങളും കണ്ടുവെച്ചു.

പക്ഷെ അവരുടെ എല്ലാ കണക്കുകളും തെറ്റിച്ചു സൈനിക നടപടികൾ ഇല്ലാതെ തന്നെ പ്രവാചകനും അനുയായികളും സുരക്ഷിതരായി തിരിച്ചു വന്നു. ഈ നിലപാടുകൾ പിന്തുടരുന്ന ആളുകൾ നമ്മുടെ ചുറ്റും എന്നുമുണ്ട്. അവർ മുസ്ലിംകൾ തന്നെയാണ്. പക്ഷെ വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ അവരെ കിട്ടില്ല. സമുദായത്തിന് വല്ല കോട്ടവും സംഭവിക്കുമ്പോൾ അവർ രംഗത്തു വരും. സമുദായത്തെ ആശ്വസിപ്പിക്കാനല്ല അവരെ അപമാനിക്കാൻ. തരം കിട്ടുമ്പോഴൊക്കെ അവർ സമുദായത്തിന്റെ മുറിവിൽ മുളക് തേച്ചു കൊടുക്കും. അത്തരം ആളുകളെ കണ്ണിന്റെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കണം എന്നാണു ശത്രു പറഞ്ഞു വരുന്നത്. അവർക്കു തങ്ങളുടെ ആളുകളേക്കാൾ വിശ്വാസമാണ് ഇത്തരക്കാരെ. കാരണം അവരുടെ പേര് മുസ്ലിംകളുടെ സാമ്പ്രദായിക നാമങ്ങളാണ്.

Also read: സന്ദർശന മര്യാദ ഇസ് ലാമിൽ

സമുദായം തന്നെ പലപ്പോഴും അത്തരക്കാരുടെ ചതികളിൽ വീണു പോയിട്ടുണ്ട്. മുസ്ലിം സമുദായത്തിലെ സംഘടനാ പക്ഷപാതിത്വം മുതലെടുത്തു അവർ തങ്ങളുടെ അജണ്ടകൾ നടപ്പാക്കിയിരുന്നു. അത്തരക്കാരുടെ മനസ്സിലിരിപ്പ് മനസ്സിലാക്കാൻ സംഘനകൾക്കു പെട്ടെന്ന് തന്നെ കഴിഞ്ഞു. അത് കൊണ്ട് തന്നെ അവരുടെ സ്ഥാനം സമുദായത്തിന് പുറത്തായി. ഇപ്പോൾ ഇന്ത്യയിലെ ജനത രണ്ടു വിഭാഗമായി തിരിഞ്ഞിരിക്കുന്നു. ഒന്ന് ഫാസിസ്റ്റു അനുകൂലികളും മറ്റൊന്നും ഫാസിസ്റ്റു വിരുദ്ധരും. ഇന്തയിലെ മതേതര ജനാധിപത്യ പക്ഷക്കാർ പൂർണമായി ഫാസിസ്റ്റു വിരുദ്ധ പക്ഷത്താണ്. അതിൽ മതവും ജാതിയുമില്ല. അപ്പുറത്തും അങ്ങിനെ തന്നെ. അവിടെയാണ് സമുദായ പേരുള്ള ചില നേതാക്കൾ സംഘ പരിവാറിനെ സുഖിപ്പിക്കാൻ രംഗത്തു വന്നത്. അതിൽ ഡൽഹിയിലെ ഇമാം മുതൽ മലപ്പുറത്തെ രാഷ്‌ടീയക്കാർ വരെ ഉൾപ്പെടുന്നു. നിലനിൽപ്പിന്റെ രാഷ്ട്രീയമാണ് ഇന്ത്യൻ മുസ്ലിംകൾ ഇപ്പോൾ നേരിടുന്ന വലിയ ഭീഷണി. അവർ പ്രതിരോധത്തിന്റെ മതിലുകൾ തീർത്തു കൊണ്ടിരിക്കുന്നു. അതെ സമയം ആ മതിലിനെ ദുർബലപ്പെടുത്തുന്ന നിലപാടുകളാണ് മേൽ പറഞ്ഞ മുസ്ലിം നാമധാരികൾ ചെയ്തു കൊണ്ടിരിക്കുന്നതും.

ഖുർആൻ ആരെയാണ് കപടർ എന്ന് വിളിച്ചത് എന്നത് കൂടി ചേർത്ത് വായിക്കണം. പ്രവാചക കാലത്തു തന്നെ ഇസ്‌ലാമിന് വല്ല പ്രതിസന്ധിയും വരുമ്പോൾ ഇത്തരക്കാർ എടുക്കുന്ന നിലപാടിന്റെ പേരിലാണ് അവരെ കപടർ എന്ന് പറഞ്ഞു പോന്നത്. അവരുടെ മുഖ്യ ജോലികളിൽ ഒന്ന് ശത്രു പക്ഷത്തിനു വേണ്ടി ചാരപ്പണി നടത്തുക എന്നതായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ അഭിപ്രായ വ്യത്യാസം മറന്നു അടിസ്ഥാന വിഷയങ്ങളിൽ ഒന്നിക്കാൻ കഴിയാതിരിക്കുക എന്നാതാണ് അതിന്റെ പ്രത്യക്ഷ സൂചന. മദീനയെ ആക്രമിക്കാൻ മക്കക്കാർ മുന്നോട്ടു വന്ന അവസരത്തിൽ ഒഴിഞ്ഞു പോയ ആളുകളെ ഉഹദ് യുദ്ധ വിശകലനത്തിൽ ഖുർആൻ ഇങ്ങിനെ പരിചയപ്പെടുത്തുന്നു. പ്രവാചക കാലത്തും ശേഷവും രണ്ടു രീതിയിലുള്ള ശത്രുക്കൾ നിലനിന്നിരുന്നു. ഒന്ന് പുറത്തുള്ള ശത്രുവും മറ്റൊന്ന് അകത്തുള്ള ശത്രുവും.

സീറോ മലബാർ ഉയർത്തുന്ന വെല്ലുവിളി അവരുടെ ഇടയിൽ തന്നെ തകർന്നു പോകുന്നു എന്നത് മറ്റൊരു ആശ്വാസം. കേരളത്തിലെ മുസ്ലിം സമുദായവും കൃസ്ത്യാനികളും തമ്മിൽ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. സാധ്യമാകുന്നത്ര മത ദ്രുവീകരണം എന്നതാണ് ഫാസിസ്റ്റു അജണ്ട. ആ ചതിയിൽ ചില പുരോഹിതരെ കൂടി ചേർക്കാൻ കഴിയുന്നു എന്നത് സംഘ പരിവാറിന്റെ താൽക്കാലിക വിജയമാകാം. കോടതി പോലും തള്ളിക്കളഞ്ഞ ആരോപണം വീണ്ടും പൊടിതട്ടി കൊണ്ട് വരുന്നു എന്നതിനേക്കാൾ അതിനു ഉപയോഗിച്ച സമയമാണ് കൂടുതൽ ഗൗരവം. ഒരിടത്തു ഹിന്ദു സമൂഹത്തെ വർഗീയവൽക്കരിക്കാൻ സംഘ പരിവാർ ആഞ്ഞു പിടിക്കുന്നു. അപ്പോൾ തന്നെ കൃസ്ത്യന് സമൂഹത്തെ കൂടി മുസ്ലിം വിരുദ്ധരാക്കാൻ നടത്തുന്ന പണികൾ നാം കാണാതെ പോകരുത്. സംഘ പരിവാർ എങ്ങിനെ ആഞ്ഞു പിടിച്ചിട്ടും അവർ ഉദ്ദേശിക്കുന്ന ഒരു വിദ്വേഷ രാഷ്‌ടീയം പൂർണമായി നടപ്പാക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല. അവിടെ പുരോഹിതര് വിജയിക്കില്ലെന്നു തന്നെയാണ് നമ്മുടെ വിശ്വാസം. അതിനു എണ്ണ പകരാൻ മുസ്ലിം നാമധാരികൾ കാണിക്കുന്ന ഉത്സാഹം കൂടി ചേർത്ത് വെച്ചാൽ മാത്രമേ ചിത്രം പൂർണമാകൂ .

Also read: കുട്ടിക്ക് പേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ജാഗ്രതയാണ് എന്നും വേണ്ട ഗുണം. അതില്ലാതെ പോകുന്ന അവസരത്തിൽ ശത്രു പെട്ടെന്ന് രംഗത്തു വരും. ജനാധിപത്യവും ഫാസിസവും തമ്മിലാണ് ഇപ്പോൾ യുദ്ധം നടക്കുന്നത്. അവിടെ നുണകൾ കൊണ്ടാണ് ആദ്യ യുദ്ധം നടക്കാറ് . അവിടെ ശത്രുവിനെ പരാജയപ്പടുത്തിയാൽ പിന്നെ പടക്കളത്തിൽ ഉറച്ചു നില്ക്കാൻ അവർക്കു കഴിയില്ല . സത്യം വെളിച്ചവും അസത്യം ഇരുട്ടുമാണ്. എത്ര വലിയ ഇരുട്ടിനെയും ഒരു ചെറിയ വെട്ടം ഇല്ലാതാക്കും എന്നത് നമ്മുടെ എക്കാലത്തെയും അനുഭവ യാഥാർഥ്യം മാത്രം

Related Articles