Current Date

Search
Close this search box.
Search
Close this search box.

എല്ലാം നേടിയിട്ടും ജീവിതത്തിൽ പരാജയപ്പെടുന്നവർ

പ്രിയ സുഹൃത്തെ,
നമ്മുടെ ഈ ജീവിതം മികച്ചതാക്കാൻ എത്രയേറെ വർഷങ്ങൾ വിദ്യാഭ്യാസത്തിനായി നാം ചെലവഴിച്ചു? നമ്മുടെ ഭാവി കൂടുതൽ സുഖകരമാക്കാൻ എത്രമാത്രം നാം പരിശ്രമിക്കുന്നു? നമ്മുടെ ജീവിതം സുരക്ഷിതമാക്കാൻ എത്ര പണം നമ്മൾ ചെലവഴിക്കുന്നു? ഒരു കാർ വാങ്ങുമ്പോൾ പോലും എത്രമാത്രം സുരക്ഷാ മാനദണ്ഡങ്ങളാണ് നാം പരിഗണിക്കാറുള്ളത്? എന്നാൽ നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം തേടാൻ എപ്പോഴെങ്കിലും താങ്കൾ സമയം ചെലവഴിച്ചിട്ടുണ്ടോ? മനുഷ്യജീവിതത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം എന്താണെന്ന് താങ്കൾക്കറിയാമോ? യാതൊരു ലക്ഷ്യവുമില്ലാതെ ആകസ്മികമായി സൃഷ്ടിക്കപ്പെട്ടവരാണോ നാം? ഒരിക്കലും അവസാനിക്കാത്ത കേവലമൊരു മത്സരയോട്ടമാണോ നമ്മുടെയീ ജീവിതം? മറ്റുള്ളവരുമായി മത്സരിച്ചു അവരെയൊക്കെ പരാജയപ്പെടുത്താനും ആ നിമിഷങ്ങളൊക്കെ ആഘോഷമാക്കലും മാത്രമാണോ നമ്മുടെ നിയോഗം?…

താങ്കളുടെ ജീവിതത്തിൽ ലഭിച്ച എണ്ണമറ്റ അനുഗ്രഹങ്ങളെക്കുറിച്ച് താങ്കൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദശലക്ഷക്കണക്കിന് പട്ടിണി കിടക്കുന്ന മനുഷ്യർ നമുക്ക് ചുറ്റുമുള്ളപ്പോഴാണ് നമ്മൾ ഇവിടെ സുഖാസ്വാദനങ്ങളിൽ മുഴുകുന്നത്. മികച്ച വിദ്യാഭ്യാസം, ആവശ്യത്തിന് സമ്പത്ത്, നല്ല കുടുംബം തുടങ്ങി ആസ്വാദ്യകരമായ ജീവിതത്തിനുള്ള എല്ലാ സൗകര്യങ്ങളും നമുക്കിന്നുണ്ട്. അതിൽത്തന്നെ ചിലയാളുകളോ, അങ്ങേയറ്റത്തെ സമ്പത്തും, സൗന്ദര്യവും, ബുദ്ധിവൈഭവവും, സ്ഥാനമാനങ്ങളും കൊണ്ട് ഈ ലോകത്ത്‌ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.

താങ്കൾ ഈ ജീവിതത്തിൽ നേടിയതെല്ലാം താങ്കളുടെ പരിശ്രമത്തിന്റെ ഫലമാണെന്നാണോ താങ്കൾ വിശ്വസിക്കുന്നത്? നമുക്കു ചുറ്റുമുള്ള അനേകായിരം ആളുകൾ ഒന്നിനും കൊള്ളാത്തവരായിപ്പോയത് അവരൊക്കെ അലസന്മാരായത് കൊണ്ട് മാത്രമാണെന്നാണോ താങ്കൾ കരുതുന്നത്? യാതൊരു യുക്തിയോ ലക്ഷ്യമോ കൂടാതെ സർവ്വശക്തനായ ദൈവം ചിലരെ സുഖാഢംബരങ്ങളിലും അതേസമയം മറ്റുചിലരെ തീരാ ദുരിതങ്ങളിലും പ്രയാസങ്ങളിലുമാക്കുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ?

Also read: സി.എ.എ പ്രതിഷേധ സമയത്ത് രക്ഷിതാക്കള്‍ക്ക് ഒരു തുറന്ന കത്ത്

പ്രിയ സുഹൃത്തേ, താങ്കൾ ഇന്നാസ്വദിക്കുന്ന ഈ ആനന്ദങ്ങളെല്ലാം ശാശ്വതമാണെന്നാണോ താങ്കൾ കരുതുന്നത്? നാളെ ഒരു അപകടം സംഭവിച്ചാൽ താങ്കളുടെ അവസ്ഥ എന്തായിരിക്കുമെന്ന് എപ്പോഴെങ്കിലും താങ്കൾ ചിന്തിച്ചിട്ടുണ്ടോ? നമ്മൾ എന്ത് തന്നെ മുൻകരുതലുകളെടുത്താലും ശരി, നമ്മുടെ ഊഴം വന്നാൽ, മരണം തീർച്ചയായും നമ്മെ പിടികൂടുക തന്നെ ചെയ്യും; നമ്മൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കോട്ടക്കകത്താണെങ്കിൽ പോലും.

മനുഷ്യജീവിതം എത്ര നിസ്സാരമാണെന്ന് ചിന്തിച്ചുനോക്കൂ! വർഷങ്ങളുടെ പ്രയത്നത്താൽ നമ്മൾ ആർജിക്കുന്നതും സമ്പാദിക്കുന്നതുമെല്ലാം ഒരു നിമിഷം കൊണ്ട് തുടച്ചുമാറ്റപ്പെടുകയും നമ്മൾ തന്നെ എന്നെന്നേക്കുമായി ഇല്ലാതാവുകയും ചെയ്യുന്നുവെങ്കിൽ, നമ്മുടെയീ ജീവിതം തികച്ചും അർത്ഥശൂന്യമല്ലേ? ഈ ലോകത്ത് സമാധാനവും നീതിയും നടപ്പായിക്കാണണമെന്ന് താങ്കൾ കൊതിക്കുന്നില്ലേ? നന്മ ചെയ്തവർക്കൊക്കെ പ്രതിഫലം ലഭിക്കണമെന്നും ദുഷ്ടരും പാപികളുമായി ആളുകൾ അവരുടെ പ്രവൃത്തികൾക്ക് ശിക്ഷിക്കപ്പെടണമെന്നും താങ്കൾ ആഗ്രഹിക്കുന്നില്ലേ? പക്ഷേ നമുക്കറിയാം, പലപ്പോഴും നമ്മുടെ അനുഭവങ്ങൾ മറിച്ചാണ്. എന്നുമാത്രമല്ല; ഈയൊരു ജീവിതംകൊണ്ട് മാത്രം കുറ്റമറ്റ നീതി സാധ്യവുമല്ല.

ഈ ലോകം തീർച്ചയായും അനീതിയും അസമത്വവും നിറഞ്ഞതാണെന്ന് നമുക്കറിയാം! നൂറുകണക്കിന് കുറ്റവാളികൾ പാർലമെന്റിലിരിക്കുമ്പോഴാണ് ആയിരക്കണക്കിന് നിരപരാധികളാണ് നമുക്ക് ചുറ്റും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും അന്യായമായി കൊലചെയ്യപ്പെടുകയും ചെയ്യുന്നത്‌.

പ്രിയ സുഹൃത്തേ, സർവശക്തനായ ദൈവമാണ് നമ്മെയെല്ലാം സൃഷ്ടിച്ചത്. എല്ലാം അറിയുന്നവനും ശക്തനുമാണവൻ. അവിടുന്ന് ഈ ജീവിതം അനീതി നിറഞ്ഞതും അപൂർണ്ണവുമാക്കിയിട്ടുണ്ടെങ്കിൽ, തീർച്ചയായും അതിന് പിന്നിൽ ഒരു ഉദ്ദേശ്യമുണ്ടായിരിക്കണം! ദൈവം തന്നെ പറയുന്നത് നോക്കൂ: “ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട്‌ സൃഷ്ടിച്ചതല്ല. ശരിയായ ഉദ്ദേശത്തോടു കൂടി തന്നെയാണ്‌ നാം അവയെ സൃഷ്ടിച്ചത്‌. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല.” (ഖുർആൻ 44:38)

Also read: പൗരത്വ നിയമ ഭേദഗതി, 10 ചോദ്യങ്ങളും ഉത്തരങ്ങളും

ഇഹലോക ജീവിതം ഒരു പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല എന്നത്രെ ഇസ്ലാം പഠിപ്പിക്കുന്നത്. നമ്മുടെ സ്രഷ്ടാവിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി ജീവിക്കാൻ നമ്മൾ തയ്യാറാണോ അല്ലയോ എന്നതാണ് പരീക്ഷണം. അതിനാൽ, ഈ ജീവിതത്തിലെ നമ്മുടെ കടമ നമ്മുടെ സ്രഷ്ടാവായ, സർവശക്തനായ ദൈവത്തെ അംഗീകരിക്കുകയും നമ്മുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും അവിടുത്തെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക എന്നതാണ്.

നമ്മൾ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണെന്ന് കരുതുക. നമ്മുടെ മാനേജർ ആരാണെന്നന്വേഷിക്കുകയും അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്യുകയല്ലേ അവിടെ നാം ആദ്യം ചെയ്യേണ്ടത്? അതു നാം ചെയ്യാത്തിടത്തോളം കാലം നമ്മുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്ന് പോലും നമുക്കറിയാൻ സാധ്യമല്ല. അതുപോലെ, നമ്മുടെ സ്രഷ്ടാവിനെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യാതെ, നമുക്കെങ്ങനെ അവന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയും?

കേവലം ചില നന്മകൾ ചെയ്താൽ മരണാനന്തര ജീവിതത്തിൽ രക്ഷപ്പെടുമെന്നാണ് പലരും കരുതുന്നത്. എന്നാൽ നല്ലതും ചീത്തയും എന്താണെന്ന് നമുക്ക് എങ്ങനെ അറിയും? എന്റെ കാഴ്ചപ്പാടിൽ നല്ലതെന്ന് തോന്നുന്ന പലതും മറ്റു പലർക്കും ദോഷകരമായിരിക്കാം! സർവശക്തനായ ദൈവമാണല്ലോ നമ്മെ സൃഷ്ടിച്ചത്‌; എല്ലാ നന്മ-തിന്മകളെക്കുറിച്ചും, പരലോകത്ത് അവന്റെ തൃപ്തിയും മോക്ഷവും നേടാനുള്ള മാർഗങ്ങളെക്കുറിച്ചും അവൻ തന്നെ നമുക്ക് വിവരിച്ചുതന്നിട്ടുമുണ്ട്. അതിനാൽ, സർവ്വജ്ഞനായ സ്രഷ്ടാവിനെ തള്ളിപ്പറഞ്ഞു ജീവിതമാർഗം സ്വയം നിർവചിക്കാൻ നമുക്കാർക്കും ഒരു അവകാശവുമില്ലതന്നെ!

പ്രിയ സുഹൃത്തേ, മരണാനന്തര ജീവിതം കൂടാതെയുള്ള നമ്മുടെ ഈ ജീവിതം അപൂർണ്ണമാണ്. നമ്മുടെ നന്മ-തിന്മകൾക്ക് ന്യായമായ വിധി ലഭിക്കണമെന്ന് താങ്കൾ ആഗ്രഹിക്കുന്നില്ലേ? ഒരു സൂക്ഷ്മാണുവിൽ നിന്നും ആദ്യതവണ നമ്മെയൊക്കെ സൃഷ്ടിച്ച സർവ്വശക്തനായ ദൈവത്തിന് നമ്മെ വീണ്ടുമൊന്ന് സൃഷ്ടിക്കാൻ കഴിയില്ലെന്നാണോ താങ്കൾ വിചാരിക്കുന്നത്‌?

മുകളിൽ സൂചിപ്പിച്ചതുപോലെ, ഈ ജീവിതത്തിൽ ഏറെ അനുഗ്രഹിക്കപ്പെട്ടവരാണ് നമ്മിൽ മിക്കവരും. എന്നാൽ ഏതാനും വർഷങ്ങൾ മാത്രമുള്ള ഈ ഹ്രസ്വ ജീവിതത്തിലെ എല്ലാ ആസ്വാദാനന്ദങ്ങൾക്കും ശേഷം, നമ്മുടെ അജ്ഞതയും അഹങ്കാരവും നിമിത്തം, ശാശ്വതമായ പരലോകം നമുക്ക് നഷ്ടപ്പെടുകയാണെങ്കിൽ, അതിലും വലിയ ദൗർഭാഗ്യം വേറെയെന്തുണ്ട്? അതിനാൽ പ്രിയ സുഹൃത്തേ, ശരിയായ ദൈവികപാത ഏതാണെന്നന്വേഷിക്കാനും നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ അർത്ഥവും ലക്ഷ്യവും മനസിലാക്കാനും ദയവായി അല്പസമയമെങ്കിലും ചെലവഴിക്കുക.

സ്നേഹത്തോടെ താങ്കളുടെ സഹോദരൻ.

Related Articles