Current Date

Search
Close this search box.
Search
Close this search box.

ഹലാലായ പ്രണയം

സ്നേഹമെന്ന തീക്ഷ്ണ വികാരം മനുഷ്യ ജീവിതത്തിലെ മഹാ രഹസ്യങ്ങളിലൊന്നാണ്. ഈ ലോകത്തെ ഏറ്റവും സുന്ദരമായ വികാരം. ഭാഷക്കോ വ്യാഖ്യാനങ്ങൾക്കോ ഇതുവരെ എത്തിപ്പിടിക്കാനാവാത്ത ഈ മധുരാനുഭവത്തിന് വ്യത്യസ്ത തലങ്ങളും രൂപങ്ങളുമുള്ളതായി കാണാൻ സാധിക്കും. മാതാപിതാക്കളോടുള്ള സ്നേഹം, മക്കളോടുള്ള സ്നേഹം, കൂട്ടുകാരോടുള്ള സ്നേഹം എന്നിങ്ങനെ മനുഷ്യൻ്റെ ജനിതകപരമായതും വ്യത്യസ്തവുമായ പല സ്നേഹ വികാരങ്ങൾ. അതിൽ തന്നെ പ്രണയം എന്ന വികാരാനുഭവത്തെ മറ്റേത് സ്നേഹബന്ധങ്ങളിൽ നിന്നും വേർതിരിച്ച് കാണേണ്ടതുണ്ട്. കൊക്കെയിൻ പോലുള്ള മയക്കു മരുന്നുകൾ കഴിക്കുമ്പോൾ ഉത്തേജിതമാകുന്ന അതേ മസ്തിഷ്ക ഭാഗങ്ങളിൽ തന്നെ ഉടലെടുക്കുന്നതാണ് ഈ പ്രണയവികാരമെന്ന് റൂട്ട്ഗ്രേസ് യൂണിവേഴ്സിറ്റിയിലെ നരവംശശാസ്ത്രജ്ഞൻ ഹെലൻ ഫിഷറിൻ്റെ പഠനങ്ങൾ തെളിയിക്കുന്നു.

പ്രണയമോ, പ്രണയാനുഭവമോ ഇല്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. സ്വന്തം പ്രണയത്തെ തുറന്നുപറയാൻ ഇഷ്ടപ്പെടാതെ പ്രണയാനുഭവങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നവരായി ഒരുപാട് പേർ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഒരു വ്യക്തിയോട് മാത്രം അടുപ്പം തോന്നുകയും, എപ്പോഴും കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും, ചെറിയൊരു അകൽച്ച പോലും മനസ്സിന് വിങ്ങലുണ്ടാക്കുന്നതുമായ ഈ പ്രണയത്തിന് ഫെബ്രുവരി മാസത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നുണ്ട്. അതേസമയം ഒരു ഇസ്ലാമിക കാഴ്ചപ്പാടിൽ ഇത്തരം പൂർവ വിവാഹ പ്രണയങ്ങൾ ഹറാമാണോ ഹലാലാണോ എന്ന കാര്യത്തിൽ ഇന്നും അഭിപ്രായവ്യത്യാസങ്ങൾ പ്രകടമായി നിലകൊള്ളുന്നു. ഇതിൻ്റെ ഇസ്ലാമിക വശത്തെ കേന്ദ്രീകരിക്കുന്നതിന് പകരം മറ്റൊരു സാധ്യമായ പ്രണയത്തെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് സൃഷ്ടിയും സൃഷ്ടിയും( സ്ത്രീയും പുരുഷനും) തമ്മിലുള്ള പ്രണയമല്ല. മറിച്ച് സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള, പരിമിതികളോ പര്യവസാനമോ ഇല്ലാത്ത പ്രണയമാകുന്നു.

ഹുബ്ബുല്ലാഹ് എന്ന അറബി പദത്തിൻ്റെ അർത്ഥമായി അല്ലാഹുവിനെ സ്നേഹിക്കുക എന്നതാണ് ഇന്നും ഉപയോഗിച്ച് വരുന്ന അർത്ഥം. സ്നേഹം എന്ന വാക്ക് മാതാപിതാക്കൾ, മക്കൾ, കുടുംബം, കൂട്ടുകാർ എന്നിവർക്കൊക്കെ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും അതിൽനിന്നും പ്രണയം വേറിട്ട് നിൽക്കുന്നത് പോലെ തന്നെയാണ് അല്ലാഹുവിനോടുള്ള ഹുബ്ബ് മറ്റു ഹുബ്ബുകളിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നത്. ഇന്ന് പരിഗണിക്കപ്പെടുന്ന സ്നേഹം എന്ന പദം അല്ലാഹുവിനോടുള്ള പ്രണയമായി മാറ്റുകയും അതിനനുസരിച്ച് ജീവിതത്തെ ക്രമീകരിക്കുമ്പോഴുമാണ് ഈ വാക്കിന് കൂടുതൽ സ്വീകാര്യത കൈവരിക്കാനാവുക. എന്ത് രഹസ്യവും തുറന്ന് പറയാൻ മനുഷ്യൻ്റെ ഹൃദയത്തിലുള്ളത് പോലും നന്നായി അറിയുന്ന മനസ്സാക്ഷി സൂക്ഷിപ്പുകാരനും, എന്തും ചോദിച്ച് ചെല്ലാൻ മനുഷ്യൻ ചോദിച്ചാലും ഇല്ലെങ്കിലും വാരിക്കോരി നൽകുന്നവനായ അന്നദാദാവും, ഏത് അർദ്ധരാത്രിയിലും തന്നെ കേൾക്കാനായി ഉറക്കമോ മയക്കമോ ബാധിക്കാത്ത കാരുണ്യവാനുമായ അല്ലാഹു. കൂടുതൽ വായിക്കും തോറും ഹൃദയങ്ങൾക്ക് ശമനവും സമാധാനവും നൽകുന്ന അവൻ്റ ഖുർആനിക വചനങ്ങൾ. ആദമിൻ്റെ മക്കളെല്ലാം തെറ്റ് ചെയ്യുമെന്നറിയുന്ന, എല്ലാം പൊറുക്കാൻ കഴുവുള്ളവനായ സഹനശീലൻ, നടന്നടുക്കുന്നവനിലേക്ക് ഓടിയടുക്കുന്ന ലോകരക്ഷിതാവ്, ഒറ്റക്കാകുമ്പോൾ കൂടെയുണ്ടെന്ന പ്രതീക്ഷ നലകുന്ന സംരക്ഷകൻ എന്നിങ്ങനെ ലോകത്തുള്ള മറ്റൊരു പ്രണയ മുഖങ്ങൾക്കും സാധ്യമല്ലാത്ത, ഒരു ശതമാനം കാരുണ്യം കൊണ്ട് ഈ ലോകത്തെ കീഴടക്കിയ സർവാധിപനായ ഈ അല്ലാഹുവാണല്ലോ പ്രണയത്തിനുമപ്പുറം സ്നേഹിക്കപ്പെടേണ്ടവൻ.

നാം മനസ്സിലാക്കിയ ദൈവം പക്ഷേ ക്രൂരനായിരുന്നു. കഠിനമായി ശിക്ഷിക്കുന്ന, കാഫിറുകളോട് കോപിക്കുന്ന, ആരാധനയ്ക്ക് നിർബന്ധിക്കുന്ന ഒരു ദൈവം. ഇതിനു മുമ്പിൽ “എൻറെ കാരുണ്യം എൻറെ കോപത്തെ അതിജീവിക്കുന്നു” എന്ന വാക്കുകൾ പോലും നാം പരിഗണിക്കാതെ പോകുന്നു. തന്നെ ആരാധിക്കാൻ അനേകായിരം മലക്കുകൾ ഉണ്ടായിട്ടും മനുഷ്യനോട് ഇബാദത്ത് ചെയ്യാൻ കൽപ്പിക്കുന്നത് അതവനോടുള്ള സ്നേഹത്തിൽ നിന്നും ഉടലെടുക്കാൻ വേണ്ടിയാണെന്ന കാര്യം വിശ്വാസികൾ എന്ന് അഭിമാനിക്കുന്നവർ പോലും തിരിച്ചറിയാതെ പോകുന്നു. ഈ പ്രണയമനസ്സോടെയാണ് ഇബാദത്തുകൾ നിർവഹിക്കേണ്ടത്. ദൈവികഭയം പോലും ഉണ്ടാകേണ്ടത് ഈ ദൈവിക സ്നേഹത്തിൽ നിന്നാണ്. സ്നേഹമുള്ള ആളുകൾ പിണങ്ങുന്നതിനെയാണ് നാം ഭയപ്പെടേണ്ടത്. അല്ലാഹുവിന് മാത്രം ഇബാദത്ത് സമർപ്പിച്ചത് കൊണ്ടായില്ല. പ്രത്യുത അവയിലൊക്കെ അല്ലാഹുവുമായുള്ള സ്നേഹം നിറഞ്ഞ് നിൽക്കണം. അതോടൊപ്പം അവൻ പിണങ്ങുമോ എന്ന കാര്യത്തിൽ നാം അവനെ ഭയപ്പെടുകയും( تقوى الله)വേണം. അല്ലെങ്കിൽ ജീവിതം തികച്ചും യാന്ത്രികമായി പോകും. അതിനായി പ്രവാചകൻ തൻ്റെ പ്രഭാത-സായാഹ്ന പ്രാർത്ഥനകളിൽ رضيت بالله ربا، والإسلام دينا، وبحمد رسولا എന്ന് പതിവാകിയിരുന്നല്ലോ. ആത്മീയതയില്ലാത്ത, കേവലം ചടങ്ങായി മാറുന്ന ഒരു ആരാധന കൊണ്ട് അല്ലാഹുവിന് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. ഈയൊരു യാന്ത്രികത ഇല്ലാതാക്കുന്നതിനാണ് ആരാധനയിൽ നിയ്യത്ത് നിർബന്ധമാക്കിയതെങ്കിൽ അതിനെയും യാന്ത്രികമാക്കിയിട്ട് അല്ലാഹുവിനെ സ്നേഹിക്കുന്നു എന്നഭിമാനിക്കുന്നതിൽ അർത്ഥമില്ല.

എന്നാൽ യഥാർത്ഥ ദൈവിക സ്നേഹത്തെപ്പറ്റി വിശ്വാസികൾ അജ്ഞരാകുന്നതിൽ പ്രഥമ കാരണം വിശുദ്ധ ഖുർആനുമായി സമൂഹത്തിന് ബന്ധമില്ല എന്നതാണ്. അന്യഭാഷയിൽ ആരെങ്കിലും തനിക്ക് ഒരു കത്തെഴുതുമ്പോൾ അതറിയാനുള്ള മനുഷ്യൻറെ താല്പര്യം പോലും തൻറെ രക്ഷിതാവിൻ്റെ കാര്യത്തിൽ അവൻ കാണിക്കാതിരിക്കുന്നത് എത്ര പരഹാസ്യ യോഗ്യമാണെന്ന് ചിന്തിച്ചാൽ മനസ്സിലാകും. വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നതെന്തെന്ന് പോലും അറിയാതെ അത് ഈണത്തിൽ പാരായണം ചെയ്യുന്ന കാര്യത്തിൽ മാത്രമേ നമ്മൾ ശ്രദ്ധ ചെലുത്തുന്നുള്ളു. അതോടൊപ്പം, ഈ അജ്ഞതയിൽ ഭാഷാപരമായ പരിമിതികൾക്കും പങ്കുണ്ട്. റഹ്മത്ത് എന്ന പദത്തിന് സ്നേഹം, കാരുണ്യം, ദയ, ഔദാര്യം എന്നിങ്ങനെ വിവിധ അർത്ഥമുണ്ടെങ്കിലും അതിൻ്റെ പരിഭാഷകൾ കാരുണ്യത്തിൽ ഒതുങ്ങുന്നു. അല്ലാഹുവിൻറെ സ്നേഹത്തെ കുറിക്കുന്ന ‘ അൽഹുബ്ബ്’ ഖുർആനിൽ പലയിടത്തുമുണ്ട്. മനുഷ്യൻറെ പാപങ്ങളത്രയും പൊറുക്കുന്ന ‘ ഗഫ്ഫാർ, ഗഫൂർ, അഫുവ്വ്, ത്വാവ്വാബ് എന്നിവയും ഖുർആനിൽ പലയിടത്തായി പറഞ്ഞിട്ടും സ്നേഹസ്വരൂപനായ അല്ലാഹുവിനെ വായിച്ചെടുക്കുന്നില്ല. ഇതിന് മറുപടിയായി അല്ലാഹുവിനെ നിങ്ങൾ മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കിയിട്ടില്ലെന്ന ഖുർആനിക വചനം(ما قدروا الله حق قدره) തന്നെയാണ് അനുയോജ്യമാകുന്നത്.

നമ്മുടെ രക്ഷിതാവ് സ്നേഹസ്വരൂപനാണ്. അവനെ മറ്റെന്തിനേക്കാളും സ്നേഹിക്കുക എന്നത് സത്യവിശ്വാസിയുടെ കടമയുമാണ്. والذين آمنوا أشد حبا لله എന്ന ഖുർആൻ വാക്യം അത് ശരി വെക്കുന്നു. നമ്മുടെ സങ്കടങ്ങൾ ബോധിപ്പിക്കാനും, ആവശ്യങ്ങൾ നിറവേറ്റാനും, ഒറ്റക്കാകുമ്പോൾ കൂടെ നിൽക്കാനും, നേർവഴിക്ക് നടത്താനുമായി, തൻ്റെ അടിമക്ക് ഏത് അർദ്ധരാത്രിയിലും വിളിച്ച് ചെല്ലാവുന്ന ഒരാൾ അടുത്തുണ്ട്, എന്ന ബോധ്യത്തോടെ അല്ലാഹുവിനെ ആരാധിക്കുന്നവർക്കാണ് അവനിലെ ദിവ്യമായ പ്രണയത്തെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. അവനോട് തിരിച്ച് നന്ദിയുള്ളവരാകുവാൻ നമ്മളും തിരിച്ച്, ഹുബ്ബുള്ളാഹ് അഥവാ അല്ലാഹുവിനെ പ്രണയിക്കുകയും അവൻ്റെ മാർഗത്തിൽ മനുഷ്യരെ സ്നേഹിക്കുകയും(حب في الله) ചെയ്യേണ്ടതുണ്ട്. ആരാധനകൾ കഷ്ടപ്പെട്ട് ചെയ്യുന്നതിന് പകരം അവനോട് ഇഷ്ടപ്പെട്ട് ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്. ആ പടച്ചവനോട് തിരിച്ച് നന്ദിയുള്ള അടിമയാകാനായിരുന്നല്ലോ കാലിൽ നീരു വന്നിട്ടും പ്രവാചകൻ രാത്രി പുലരും വരെ നമസ്കരിച്ചിരുന്നത്.

Related Articles