Current Date

Search
Close this search box.
Search
Close this search box.

ദൈവത്തെ കാണാനുള്ള വഴി

വിസ്മയകരമാണ് പ്രപഞ്ചം. ഭൂമിയും അതിലെ വിഭവങ്ങളും ഓഹരി വെച്ച് അതിർത്തി വരച്ച് സ്വന്തമാക്കുകയും അതിരുവിട്ടു വെട്ടിപ്പിടിക്കുകയും തമ്മിൽ തല്ലുകയും ചെയ്യുന്ന ആരുമല്ല ഇത് സൃഷ്ടിച്ചത്. ഒരു പുൽക്കൊടിയോ ഒരു മണൽത്തരിയോ ഒരു മഞ്ഞുതുള്ളിയോ പോലും സൃഷ്ടിക്കാൻ ലോകത്ത് ആർക്കും ആവില്ല. സൃഷ്ടിച്ചതും വ്യവസ്ഥ പ്പെടുത്തിയതും മനോഹരമാക്കിയതും അവനാണ്, സാക്ഷാൽ ദൈവം.  അവനെ ആരും കണ്ടിട്ടില്ല ഒരിക്കലും കാണില്ല എന്നല്ല. ഭൗതിക ലോക ഘടന അവനെ കാണാത്തവിധം സംവിധാനിച്ചതും അവൻ തന്നെ. കാണാതെ തന്നെ വിശ്വസിച്ചവരും സ്നേഹിച്ചവരും ആരാണ് എന്ന ചോദ്യവും അതിനുള്ള ഉത്തരവുമാണ് ജീവിതം.

സുകൃതവാൻമാർക്ക് മറു ലോകത്ത് ലഭിക്കുന്ന പാരിതോഷികമാണ് ഈശ്വരദർശനം. ദൈവത്തെ കാണാൻ ഉള്ള കണ്ണുകൾ ആയതിനാലാണ് വിശ്വാസി, കാഴ്ചയിൽ സൂക്ഷ്മത പാലിക്കുന്നത്.  അവനെ കാണാനുള്ള കണ്ണുകൾ കൊണ്ട് അശ്ലീലങ്ങളും ആഭാസങ്ങളും കാണില്ല എന്ന് തീരുമാനിച്ചത്. ദൈവത്തിൻറെ വിളി കേൾക്കാനുള്ള കാതുകൾ ആയതിനാൽ കേൾവിയിലും നാഥാ എന്ന് നേരിട്ട് വിളിക്കാനുള്ള നാവുകൾ ആയതിനാൽ സംസാരത്തിലും തിന്മകൾ വന്നു പോകാതിരിക്കാൻ ജാഗ്രത പുലർത്തുന്നു.

എങ്ങനെയാണ് ദൈവത്തെ കാണാൻ സാധിക്കുക എന്ന് ദൈവം തന്നെ നമ്മെ പഠിപ്പിച്ചു തരണം എന്ന് നാം മനസ്സിലാക്കുന്നു. ഖുർആൻ പറയുന്നു : “ആരെങ്കിലും തങ്ങളുടെ നാഥനെ കാണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു എങ്കിൽ അവർ സൽകർമ്മങ്ങൾ ചെയ്യട്ടെ. ദൈവത്തിനുള്ള കിഴ്വണക്കത്തിൽ ആരെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യട്ടെ.” മറ്റൊരിടത്ത് പറയുന്നത് ഇങ്ങനെയാണ് “കാലമാണെ സത്യം വിശ്വസിക്കുകയും സൽകർമ്മങ്ങൾ ചെയ്യുകയും സത്യം കൊണ്ടും സഹനം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ . മനുഷ്യരെല്ലാവരും നഷ്ടത്തിൽ ആകുന്നു .” എന്ന്
അഥവാ മനുഷ്യർക്ക് നഷ്ടം സംഭവിക്കാതിരിക്കാൻ വേണ്ടത്, അവർ പ്രപഞ്ചനാഥനിൽ വിശ്വാസമർപ്പിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുകയാണെന്ന് സാരം എവിടെയെങ്കിലും മാറിയിരുന്നു ചെയ്യുന്നതല്ല സൽകർമം. സത്യം കൊണ്ടും സഹനം കൊണ്ടും പരസ്പരം ഉപദേശിക്കാൻ പാകത്തിൽ സംഘടിതമായി ചെയ്യുകയാണ് വേണ്ടത് .

ആരാധനകളും സൽകർമ്മങ്ങളിൽ പെട്ടത് തന്നെ എന്നാൽ ആരാധനകളോടൊപ്പം മനുഷ്യന്റെ മുഴുവൻ പ്രവർത്തനങ്ങളും നന്നായി തീരണം എന്നാണ് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നത്. പ്രവാചക ജീവിതത്തിലെ മുഴുവൻ കാര്യങ്ങളും സൽക്കർമങ്ങൾക്ക് മാതൃകയാണ്. സ്വന്തം നാട്ടിലെ ജനങ്ങൾക്കിടയിൽ കണ്ട തിന്മകളിൽ മനം നൊന്ത് മലമുകളിൽ പ്രപഞ്ചനാഥനെ പ്രാർത്ഥിച്ചിരുന്ന പ്രവാചകനടുത്തേക്ക് മനുഷ്യരൂപത്തിൽ വന്ന ജിബ്രീൽ മാലാഖ ദിവ്യ സന്ദേശങ്ങൾ നൽകിത്തുടങ്ങി. ആദ്യമായി വായിക്കാനാണ് ആവശ്യപ്പെട്ടത് എനിക്ക് വായിക്കാൻ അറിയില്ല എന്ന് മുഹമ്മദ് നബി പറഞ്ഞു. വീണ്ടും അത് ആവർത്തിക്കുകയും വിശുദ്ധ ഗ്രന്ഥത്തിൽ നിന്ന് ഓതിക്കേൾപ്പിക്കുകയും ചെയ്തു. ആദ്യമായി ഉണ്ടായ അനുഭവമാണ് . എന്താണ് സംഭവിക്കുന്നത് എന്ന് പ്രവാചകർക്ക് മനസ്സിലായില്ല ഒരുവിധം വീട്ടിലെത്തി ചേരുമ്പോൾ പുതപ്പിച്ചു തരൂ എന്ന് പറയുന്നുണ്ടായിരുന്നു . പുതപ്പിച്ച ശേഷം പ്രിയതമ ഖദീജ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞ വാക്കുകൾ, സൽക്കർമ്മമെന്താണെന്ന് പഠിക്കുന്നവർക്ക് ഉപകാരപ്രദമാണ്. ഖദീജ പറഞ്ഞു: താങ്കളെ ദൈവം കൈവിടുകയില്ല താങ്കൾ അനാഥരെ സംരക്ഷിക്കുന്നു, അഗതികളെ സഹായിക്കുന്നു, ഭാരം താങ്ങാൻ കഴിയാത്തവരുടെ ഭാരം സ്വയം തന്നെ ചുമക്കുന്നു , ബന്ധങ്ങൾ ചേർക്കുന്നു , അതിഥികളെ സൽക്കരിക്കുന്നു.  ഇത്തരം സൽക്കർമ്മങ്ങൾ ചെയ്യുന്നു എന്ന കാരണത്താൽ ഭയപ്പെടേണ്ടതില്ല എന്ന്.

നമുക്ക് പ്രവാചകന്മാരുടെ ജീവിതത്തിൽ ആരാധനകളും അനുഷ്ഠാനങ്ങളും മാത്രമല്ല മാതൃക ഉള്ളത് അവരുടെ ജീവിതം മുഴുവനും മാതൃകയാണ്. എങ്ങനെയാണ് ദൈവത്തിന്റെ ഇഷ്ടകര മായ പ്രവർത്തനങ്ങൾ നിർവഹിക്കുക എന്ന് നമ്മെപഠിപ്പിക്കാൻ വേണ്ടി നിയോഗിക്കപ്പെട്ടിട്ടുള്ളവരായ പ്രവാചകൻമാരുടെ ജീവിതത്തിൽ ഉള്ള മുഴുവൻ കാര്യങ്ങളും സൽക്കർമങ്ങൾ ക്ക് മാതൃകയാണ്.  പ്രവാചക ചരിത്രം പരിശോധിച്ചാൽ നമുക്ക് ധാരാളം അനുഭവങ്ങളും ഉദാഹരണങ്ങളും കാണാൻകഴിയും.

പരിശുദ്ധ കഅബ കേടുപാടുകൾ പറ്റി പുനർനിർമ്മാണം നടത്തുന്ന ഒരു സന്ദർഭം . എല്ലാവർക്കുമൊപ്പം കല്ലു ചുമക്കാനും മറ്റുമുള്ള ജോലികളിൽ തിരുദൂതർ പങ്കെടുക്കുന്നത് നമുക്ക് കാണാം . കഅബാ പ്രദക്ഷിണത്തിന്റെ അടയാളക്കല്ലായ ഹജറുൽ അസ്‌വദ് യഥാസ്ഥാനത്ത് വെക്കുന്നതിനെ ചൊല്ലി തർക്കം ഉണ്ടാവുകയും വലിയ സംഘർഷത്തിന്റെ വക്കിലെത്തുകയും ചെയ്തപ്പോൾ കൂട്ടത്തിലൊരാൾ പറഞ്ഞു: ഇനി ഇവിടേക്ക് ആദ്യം കടന്നു വരുന്നയാളുടെ നിർദേശം അനുസരിക്കാം. അയാളുടെ അഭിപ്രായം മാനിക്കാൻ എല്ലാവരും നിർബന്ധിതാവസ്ഥയിൽ തയാറായി. കാരണം എല്ലാവർക്കും ആ കല്ല് പിടിച്ചുവെക്കാൻ അവസരം കിട്ടണമെന്നായിരുന്നു വാശി. ഓരോരുത്തരും അത് താന്താങ്ങളുടെ അഭിമാനത്തിന്റെ കാര്യമായി മനസ്സിലാക്കി. അവസരം ലഭിക്കാതെ വന്നാൽ അത് വലിയ അപമാനമായി കരുതി അതുകൊണ്ട് ഞങ്ങൾ തന്നെ എടുത്തു വെക്കും എന്ന് ഓരോരുത്തരും പറഞ്ഞ് തുടങ്ങിയതായിരുന്നു. പിന്നീട് ആദ്യം സദസ്സിലേക്ക് കടന്നുവന്നത് മുഹമ്മദ് നബി ആയിരുന്നു അന്ന് നബി, പ്രവാചകത്വം പ്രഖ്യാപിച്ചിട്ടില്ല സമൂഹം സംസ്ക്കരിക്കപ്പെട്ടിട്ടുമില്ല. അൽ അമീൻ അഥവാ വിശ്വസ്തൻ എന്നും ആദിൽ അഥവാ നീതിമാൻ എന്നും മക്കക്കാർ വിളിച്ചിരുന്ന മുഹമ്മദ് വന്നപ്പോൾ എല്ലാവർക്കും സന്തോഷമായി കാരണം അദ്ദേഹത്തിന്റെ മധ്യസ്ഥത നീതിപൂർവമായിരിക്കുമെന്ന് അവർക്കറിയാം. പ്രതീക്ഷിച്ചപോലെ തന്നെ എല്ലാവരും സമ്മതിക്കുന്ന ഒരു പരിഹാരം നബി പറഞ്ഞു: ഒരു പുതപ്പ് കൊണ്ടുവരിക എന്നിട്ട് കല്ല് അതിൽ എടുത്തു വെക്കുക എല്ലാ ഗോത്രക്കാരും പുതപ്പിന്റെ അറ്റങ്ങളിൽ പിടിക്കുക അപ്പോൾ ആർക്കും പരാതിയും പരിഭവവും ഇല്ലാതെ പ്രശ്നം തീർന്നു.

പ്രവാചക പ്രഖ്യാപനത്തിന് ശേഷവും ഇത്തരം ഇടപെടലുകൾ നിർത്തിവെക്കുകയല്ല കൂടുതൽ സജീവമാക്കുകയാണ് ചെയ്തത്. പാവപ്പെട്ട വൃദ്ധക്കു വിറക് കെട്ട് ചുമന്നു സഹായിക്കുന്ന പ്രവാചകൻ, അവശരെയും ആലംബഹീനരെയും വിമോചിപ്പിക്കുന്നു. പൂഴ്ത്തി വെപ്പിനെയും കരിഞ്ചന്തയെയും ശക്തമായി എതിർക്കുന്നു, പെണ്ണിനെ ജീവനോടെ കുഴിച്ചുമൂടിയ അറബികളോട് കലഹിക്കുന്നു, മദീനയിൽ പള്ളി ഉണ്ടാക്കിയ തൊട്ടുടനെ നീതിപൂർവമായ ഒരു മാർക്കറ്റ് സ്ഥാപിക്കുന്നു , സഹായം ചോദിച്ചു വന്ന ദരിദ്രനെ സംരംഭകൻ ആക്കി മാറ്റുന്നു . പിന്നീട് ആരോടും കൈ നീട്ടേണ്ടി വരാത്ത അവസ്ഥയിലേക്ക് അയാളെ വളർത്തുന്നു. പരിസ്ഥിതി വിഷയങ്ങളിൽ ഇടപെടുന്നു . ആവശ്യമായ നിർദ്ദേശങ്ങളും നിയമങ്ങളും നൽകുന്നു, കുടുംബത്തെ പരിഗണിക്കുകയും വീട്ടുകാര്യങ്ങളിൽ സഹായിക്കുകയും ചെയ്യുന്നു. അവകാശം നിഷേധിക്കപ്പെട്ടവർക്ക് മതവും ഗോത്രവും പരിഗണിക്കാതെ അവകാശം വാങ്ങി കൊടുക്കുന്നു. നിരന്തരമായി സൽകർമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു . ഇതാണ് യഥാർത്ഥത്തിൽ നമുക്ക് മാതൃക . നമുക്ക് ദൈവത്തെ കണ്ടുമുട്ടാൻ ദൈവം തന്നെ തിരുദൂതരിലൂടെ കാണിച്ചു തന്ന വഴി.

Related Articles