Your Voice

കെട്ടടങ്ങാത്ത സമര വീര്യം

നീതി മൂന്ന് മൂല്യങ്ങള്‍ ഇഴചേര്‍‌ന്നതാണ്‌ എന്നാണ്‌ പ്രശസ്‌‌ത ചിന്തകന്മാരുടെ അഭിപ്രായം. സ്വാതന്ത്ര്യം,സമത്വം, സാഹോദര്യം എന്നിവയാണ് ഈ മൂന്ന് മൂല്യങ്ങൾ.നീതിയുടെ അടിത്തറ, നീതിയിൽ അധിഷ്‌‌ഠിതമായ നിയമമാണ്.മറിച്ചു നിയമത്തിൽ അധിഷ്‌‌ഠിതമായ നീതിയല്ല.ഇതു കൊണ്ടാണ്‌ നിയമം, നീതി വിരുദ്ധമാകുമ്പോൾ ആ നിയമത്തെ ലംഘിക്കാം എന്ന്‌ മഹാത്മാഗാന്ധി അടക്കമുള്ള ദാര്‍‌ശനികര്‍‌ക്ക്‌ പറയേണ്ടി വരുന്നതും.ദൈവീകമായ നിയമാവലി വേദ ഗ്രന്ഥത്തിലൂടെ മാനവരാശിക്ക് ലഭ്യമായ നീതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. അവയാകട്ടെ ദൈവീകവും കാലദേശാതീതവുമാണ്.ഇതിനാലാണ്‌ ധര്‍‌മ്മ നീതി ബോധത്തെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന തുറന്ന മനസ്സുള്ള ചിന്തകന്മാരും ചരിത്രകാരന്മാരും പ്രവാചക ചരിത്ര ഭൂമികയെ നോക്കി അത്ഭുതം കൂറുന്നതും ആകൃഷ്‌‌ടരാകുന്നതും.

രാജ്യത്തെ ഒരു വിഭാഗം ജനങ്ങളുടെ പൗരത്വം തന്ത്രപൂര്‍‌വ്വം റദ്ദ്‌ ചെയ്യാനുള്ള ആസൂത്രിതമായ ഒരുക്കം ഒരു ജനാധിപത്യ രാജ്യം തുടങ്ങി വെച്ചു എന്നത് ചരിത്രത്തിലെ കറുത്ത അധ്യായമായി രേഖപ്പെടുത്തപ്പെടും.സര്‍‌ക്കാര്‍ കണക്കെടുപ്പില്‍ പൗരനാകാനും ആകാതിരിക്കാനും സാധ്യതയുണ്ടെന്ന ആശങ്ക മാത്രം മതി ഒരു സമൂഹത്തെ തളര്‍‌ത്താനും തകര്‍‌ക്കാനും.ഒപ്പം ഒടുവിലത്തെ അത്താണിയായ നീതി പീഠങ്ങളും കണ്ണടക്കുന്ന സാഹചര്യം കൂടെ സം‌ജാതമായപ്പോള്‍ ഗത്യന്തരമില്ലാതെയാണ്‌ സമൂഹം ഉണര്‍‌ന്നെഴുന്നേറ്റത്.

സമാധാനപരവും സര്‍‌ഗാത്മകവുമായ രീതിയിലാണ്‌ സമരങ്ങള്‍ക്ക്‌ തിരികൊളുത്തിയതും തിരയടിച്ചുയര്‍‌ന്നതും.സ്വാതന്ത്ര്യ ബോധമുള്ള ധര്‍‌മ്മ നിഷ്‌ഠയുള്ള യുവതയുടെ സകലമാന ലക്ഷണങ്ങളും പ്രശോഭിച്ച സമരമുറ ഇന്ത്യന്‍ ജനതക്ക്‌ ഏറ്റെടുക്കാതിരിക്കാന്‍ കഴിയാതെ വന്നു എന്നതായിരിക്കണം കൂടുതല്‍ ശരി.പൊതു ജനങ്ങള്‍ അക്രമാസക്തരാകുകയും നിയമപാലകര്‍ പരിപാലിക്കാന്‍ ശ്രമിക്കുകയും എന്ന രീതിയില്‍ നിന്നും തികച്ചും ഭിന്നമായിരുന്നു ഈ സമര മൈതാനങ്ങള്‍.പൊതു സമൂഹത്തിന്റെ സമാധാനാന്തരീക്ഷത്തെ കലുഷിതമാക്കാനെന്ന പോലെ അധികാരികളുടെ ശിങ്കിടികളും പാദസേവകരായ നിയമപാലകരും അക്രമങ്ങള്‍ അഴിച്ചുവിടുന്നതിന്റെ തുടര്‍ കഥകളാണ്‌ പിന്നീട്‌ കണ്ടതും കേട്ടതും. ഫാഷിസ്റ്റേതര സര്‍‌‌ക്കാറുകള്‍ നിലവിലുള്ള സം‌സ്ഥാനങ്ങളിലും നിയമപാലകരുടെ സമീപനങ്ങള്‍ ദൗര്‍‌ഭാഗ്യകരമാണ്‌.

Also read: പുഞ്ചിരിച്ചാല്‍ ലഭിക്കുന്ന പത്ത് കാര്യങ്ങള്‍

ഒടുവില്‍ രാജ്യ തലസ്ഥാന നഗരിയില്‍ തന്നെ വം‌ശീയ ഉന്മൂലനം ലക്ഷ്യം വെച്ച്‌ അരങ്ങേറിയ ഭീതിതമായ അക്രമങ്ങള്‍‌ക്കും രാജ്യം സാക്ഷിയായി.അധികാര കേന്ദ്രങ്ങള്‍ അറിയാതെ ഇതു നടപ്പിലാക്കാന്‍ കഴിയില്ല എന്ന്‌ ലോക രാജ്യങ്ങള്‍‌ക്ക്‌ പോലും ബോധ്യമായിട്ടുണ്ട്‌.മാത്രമല്ല ഭരണ നേതൃത്വത്തിലുള്ളവരുടെ ആഹ്വാനം പദാനുപദം നടപ്പിലാക്കും വിധമായിരുന്നു അക്രമ സ്വഭാവങ്ങള്‍ എന്നതും ക്രൂരമായ സത്യമാണ്‌.

പ്രതികരിക്കുന്നവര്‍‌ക്ക്‌ നേരെ അക്രമം അഴിച്ചു വിട്ടും അക്രോശിച്ചും അവരുടെ പച്ച ശരീരങ്ങളില്‍ കഴുകന്മാരെപ്പോലെ കൊത്തി വലിച്ചു കീറുന്നതില്‍ അഭിരമിച്ചും വാഴുന്ന വ്യാജ ദര്‍‌ശന ജാഢകളുടെ കോലാഹല കാലം കഴിഞ്ഞിരിക്കുന്നു.സമൂഹത്തിന്റെ ആവശ്യങ്ങളുടെ അവകാശങ്ങളുടെ നീണ്ട പട്ടികയിലെ അക്കങ്ങളും അക്ഷരങ്ങളും ഇഴ കീറി നിരീക്ഷിക്കാനും നിവര്‍‌ത്തിക്കാനും കളമൊരുക്കുന്നവരുടേയും പട നയിക്കുന്നവരുടേയും കാവ്യ നീതിയുടെ നാളുകള്‍ സമീപസ്ഥമായിരിക്കുന്നു.അതെ സൗഹൃദ സാഹോദര്യ മാനവിക മാനുഷിക രാഷ്‌ട്രീയത്തിന്റെ സ്വര ജതികളുടെ നിലയ്‌ക്കാത്ത പ്രതിധ്വനികള്‍ക്ക്‌ കാതോര്‍‌ക്കാന്‍ ഒരു സമൂഹം ഉണര്‍‌ന്നു കഴിഞ്ഞിരിയ്‌ക്കുന്നു…

നിയമത്തില്‍ അധിഷ്‌‌ഠിതമായ നീതി പോലും പുലരുന്നില്ല എന്നതാണ്‌ വര്‍‌ത്തമാന ഇന്ത്യയുടെ സമൂഹ്യാന്തരീക്ഷത്തെ അസ്വസ്ഥമാക്കുന്നതിന്റെ കാമ്പും കാതലും.എന്തൊന്നിന്റേയും പോരായ്‌മകളെ കുറിച്ചുള്ള അന്വേഷണമാണ്‌ ഏതൊരു നാഗരികതയേയും പുഷ്‌കലമാക്കുന്നത്‌.ഇത്തരം അന്വേഷണങ്ങളുടെ സര്‍‌ഗാത്മക പരിണിതിയെന്നപോലെ നീതിയില്‍ അധിഷ്‌‌ഠിതമായ നിയമവും ധര്‍‌മ്മവും പുലരുക എന്നത് അസം‌ഭവ്യമൊന്നും അല്ല. നീതിബോധം ഗ്രസിച്ച ഒരു സമൂഹത്തില്‍ വിശേഷിച്ചും ഇതിന്റെ സാധുതയും സാധ്യതയും വര്‍‌ദ്ധിക്കും.ഇത്തരം സ്വാഭാവികമായ കാവ്യനീതിയെ കുറിച്ചുള്ള ആശങ്കയായിരിക്കണം കാലഹരണപ്പെട്ട രാഷ്‌ട്രീയ ദര്‍‌ശനങ്ങളുടെ സഹകാരികളുടേയും സഹചാരികളുടേയും അട്ടഹാസങ്ങള്‍‌ക്കും പ്രകോപനങ്ങള്‍ക്കും ഹേതു.

അല്ലയോ വിശ്വസിച്ചവരേ,ദൈവത്തിനു വേണ്ടി നേര്‍മാര്‍ഗത്തില്‍ ഉറച്ചു നിലകൊള്ളുന്നവരും നീതിക്കു സാക്ഷ്യം വഹിക്കുന്നവരുമാകുവിന്‍.ഒരു ജനത്തോടുള്ള വിരോധം നിങ്ങളെ നീതിയില്‍നിന്നു വ്യതിചലിപ്പിക്കാന്‍ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിന്‍. അതാണ് ദൈവഭക്തിയോട് ഏറ്റം ഇണങ്ങുന്നത്.{ഖുര്‍‌ആന്‍)ഭക്തി വര്‍‌ദ്ധിക്കും തോറും നീതി ബോധം ഉയര്‍‌ന്നു നില്‍‌ക്കണം എന്നതത്രെ ഖുര്‍‌ആനിക വീക്ഷണം.നീതി നിഷേധം സാമൂഹ്യ രാഷ്‌ട്രീയാന്തരീക്ഷത്തെ അരക്ഷിതാവസ്ഥയിലേയ്‌ക്ക്‌ നയിക്കും.

ധര്‍‌മ്മ ബോധമുള്ളവര്‍ എത്ര ഭീതിതമായ അന്തരീക്ഷത്തേയും സമ ചിത്തതയോടും ബുദ്ധിപൂര്‍‌വ്വവുമായി മാത്രമേ നേരിടുകയുള്ളൂ.വര്‍‌ത്തമാന ഇന്ത്യയിലെ നീതി നിഷേധവുമായി ബന്ധപ്പെട്ട സമരമുറകളും അനുരണനങ്ങളും പഠനവിധേയമാക്കാവുന്നതുമാണ്‌.സമര മൈതാനങ്ങളിലെ ശാന്തതയും സര്‍‌ഗാത്മകതയും ക്രിയാത്മകതയും ആവേശകരമത്രെ.നശീകരണ സ്വഭാവവും വിദ്വേഷ വിധ്വം‌സക ഭാവവും ബഹളങ്ങളും അതിലുണ്ടാവുകയില്ല.അനീതിയോടും അധാര്‍‌മ്മിക്തയോടും അടങ്ങാത്ത പ്രതിഷേധവും തിരയിളക്കവും കെട്ടടങ്ങാത്ത സമര വീര്യവും മനോഹരമായി പ്രകടമാകും.ഇതെല്ലാം നമ്മുടെ രാജ്യത്തെ രാഷ്‌ട്രീയ ഭൂമികക്ക്‌ പുതിയൊരു അനുഭവം തന്നെയാണ്‌.

Also read: പ്രതീക്ഷാ നിർഭരമാവട്ടെ ജീവിതം

അര്‍‌ഹതയില്ലാഞ്ഞിട്ടും അര്‍‌ഹതപ്പെട്ടതെന്ന ശാഠ്യവും,അധികാര ലഹരിയും ഫാഷിസ മനസ്സ്‌ രൂപപ്പെടുത്തും.അരിക്‌ വത്‌കരിക്കപ്പെട്ട,അടിച്ചമര്‍‌ത്തപ്പെട്ട സമൂഹത്തില്‍ ഫാഷിസം ഭീകര താണ്ഡവമാടും.പ്രതികരിക്കാന്‍ പ്രാപ്‌തരായവര്‍ പരസ്‌പര ധാരണയില്‍ വര്‍‌ത്തിക്കാത്ത സാഹചര്യത്തില്‍ ഫാഷിസം സകല ദ്രം‌ഷ്‌ടങ്ങളും കാട്ടി കലിതുള്ളി കാടിളക്കും.വിഭാവനാ പുര്‍‌ണ്ണമായ വീക്ഷണങ്ങളില്ലാത്ത രാഷ്‌ട്രീയ സം‌ഘങ്ങളിലും,കാലഹരണപ്പെട്ട പ്രത്യയശാസ്‌ത്രങ്ങളുടെ പുരാണങ്ങളുമായി വീമ്പിളക്കുന്നവരിലും ഫാഷിസത്തിന്റെ നിഴലാട്ടം ഒളിഞ്ഞും തെളിഞ്ഞും പ്രകടമാകും.കതിരണിയാത്ത കളകളും കാമ്പില്ലാത്ത മരങ്ങളും എങ്ങനെയൊക്കെ തഴച്ചു വളര്‍‌ന്നെന്നു തോന്നിയാലും അല്‍‌പായുസ്സാണെന്നതത്രെ പ്രകൃതി മതം.

Facebook Comments
Related Articles
Show More

അസീസ് മഞ്ഞിയില്‍

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി, രായംമരയ്ക്കാര്‍ വീട്ടില്‍ മഞ്ഞിയില്‍ ഖാദര്‍, ഐഷ ദമ്പതികളുടെ പത്ത് മക്കളില്‍ ആറാമത്തവനായി 1959 ലാണ് ജനനം. ബ്ലോഗുകളില്‍ സജീവമായ മഞ്ഞിയിലിന്റെ മാണിക്യച്ചെപ്പ് എന്ന കവിതാ സമാഹാരം 1992-ല്‍ പ്രതീക്ഷ തൃശ്ശൂര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രവാസി നാടകക്കാരന്‍ അഡ്വ:ഖാലിദ് അറയ്ക്കല്‍ എഴുതി അവതരിപ്പിച്ച നാടകങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വഹിച്ച ഇദ്ദേഹം എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്ദുള്‍ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടിയും ഗാനങ്ങളെഴുതിയിട്ടുണ്ട്.എണ്‍പതുകളില്‍ ബോംബെയില്‍ നിന്നിറങ്ങിയിരുന്ന ഗള്‍ഫ് മലയാളിയില്‍ നിന്നു തുടങ്ങി നിരവധി ഓണ്‍ലൈന്‍ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നുണ്ട്. തനിമ കലാസാഹിത്യവേദി ഖത്തര്‍ ഘടകം മുന്‍ ഡയറക്ടര്‍ കൂടിയാണ് മഞ്ഞിയില്‍.സുബൈറയാണ് ഭാര്യ. അകാലത്തില്‍ പൊലിഞ്ഞുപോയ ബാലപ്രതിഭ അബ്‌സ്വാര്‍, അന്‍സാര്‍, ഹിബ, ഹമദ്, അമീന എന്നിവരാണ് മക്കള്‍.
Close
Close