Your Voice

ആത്മാവിന്റെ ത്രിമാനങ്ങൾ

ഉറക്കം, സ്വപ്നം, മരണം എന്നീ ആത്മാവിന്റെ ത്രിമാനങ്ങളെ പറ്റിയാണ് ഈ കുറിപ്പ്. ആത്മാവിന്റെ ഉണ്മയെ നിഷേധിക്കുന്നവർക്ക് ഇതുപകാരപ്പെടുകയില്ല. ആത്മാവിന് വ്യത്യസ്ത സഞ്ചാര പഥങ്ങളോ അവസ്ഥകളോ ആവാസ കേന്ദ്രങ്ങളോ ഉണ്ട്. ഉറക്കം, സ്വപ്നം, മരണം എന്നിവ ആത്മാവിന്റെ ചില അവസ്ഥകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഉണർച്ചയിൽ ശരീരത്തിലെ താമസക്കാരനായ ആത്മാവ് ഉറക്കത്തിൽ പക്ഷെ ശരീര ബാഹ്യമായിരിക്കും. പുറത്തു പോയ ആത്മാവ് മനുഷ്യ ശരീരത്തിൽ പുനഃ പ്രവേശം നേടുമ്പോഴാണ് മനുഷ്യന്റെ ഉറക്കത്തിൽ നിന്നുള്ള ഉണർച്ച സംഭവിക്കുന്നത്. ശരീരത്തിലെ താമസക്കാരനായ ആത്മാവ് ശരീര ബാഹ്യമാവുമ്പോൾ മനുഷ്യനു ഉറക്കമുണ്ടാവുന്നു.

ഖുർആൻ 39:42 ന്റെ പൊരുൾ ശ്രദ്ധിക്കുക. “ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌”.

ഇതര ആത്മാക്കളുമായി ആശയ വിനിമയം നടത്താനുള്ള ശേഷി ജഡ മുക്തമായ ആത്മാവിനു കൂടുതലായിരിക്കും. മനുഷ്യൻ ഉറക്കത്തിൽ സ്വപ്നം കാണുന്നതിന്റെ രഹസ്യം ഇതായിരിക്കാം. സ്വപ്നത്തിൽ നാം മരണപ്പെട്ട ആത്മാക്കളുമായി വരെ ആശയ വിനിമയം നടത്തുന്നുണ്ടല്ലോ.

Also read: ഗസൽ ഒഴുകുന്ന പുരാന ഡൽഹിയിലെ ശാഹ് വലിയുല്ലാഹ് പബ്ലിക്ക് ലൈബ്രറി

സന്തോഷം, സന്താപം തുടങ്ങി ഏതു തരം വികാരങ്ങൾ അനുഭവിക്കാനും ആത്മാവിനു ശരീരത്തിന്റെ സഹായം ആവശ്യമില്ലയെന്നതിനും ഉറക്കത്തിലെ സ്വപ്നം തെളിവാണ്. ആത്മാവിന്റെ ശരീര മുക്തമായ വേള കളിലാണല്ലോ സ്വപ്നങ്ങൾ സംഭവിക്കുന്നത്. അഥവാ എല്ലാദിവസവും ഉറക്ക രൂപത്തിൽ മനുഷ്യൻ മരണം അനുഭവിക്കുന്നുണ്ട്. ഉറക്കം ആത്മാവിന്റെ ശരീരത്തിൽ നിന്നുള്ള ഒരു താത്കാലിക വിട്ടുനിൽക്കൽ മാത്രമായതിനാൽ ഉറക്കം ഒരർദ്ധ മരണം മാത്രമാണ്. പൂർണ മരണമല്ല. ആത്മാവ് ശരീരമെന്ന തന്റെ കൂടണയുമ്പോൾ മനുഷ്യന് ഉണർച്ചയുണ്ടാവുന്നു. ഓരോ ഉണർച്ചയും ഓരോ പുനരുത്ഥാനമാണ്. ചുരുക്കത്തിൽ മനുഷ്യൻ ദിവസവും മരിക്കുകയും ഉയർത്തെഴുന്നേൽക്കുകയും ചെയ്യുന്നുണ്ട്. അർധ മരണമായ ഉറക്കവും, മനുഷ്യൻ ഉറക്കത്തിലായിരിക്കെ ശരീരത്തിന് പുറത്ത് ആത്മാവിന്റെ തനിച്ചുള്ള വാസവും സ്വപ്നത്തിൽ ശരീരമില്ലാതെ തന്നെ ആത്മാവ് സുഖങ്ങളും ദുഃഖങ്ങളും അനുഭവിക്കുന്നതും പരലോക വിശ്വാസത്തിനുള്ള തെളിവായിട്ടാണ് ഖുർആൻ ഉദ്ധരിക്കുന്നത്.

ഖുർആൻ 6:60 തത്തുല്യമായ ആശയ വിനിമയമാണ് നടത്തുന്നത്.

“അവനത്രെ രാത്രിയില്‍ (ഉറങ്ങുമ്പോള്‍) നിങ്ങളെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നവന്‍. പകലില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചതെല്ലാം അവന്‍ അറിയുകയും ചെയ്യുന്നു. പിന്നീട് നിര്‍ണിതമായ ജീവിതാവധി പൂര്‍ത്തിയാക്കപ്പെടുവാന്‍ വേണ്ടി പകലില്‍ നിങ്ങളെ അവന്‍ എഴുന്നേല്‍പിക്കുന്നു. പിന്നീട് അവങ്കലേക്കാണ് നിങ്ങളുടെ മടക്കം. അനന്തരം നിങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്നതിനെപ്പറ്റിയെല്ലാം അവന്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും”.

മരണത്തിനു ശേഷം ഉയിർത്തെഴുന്നേൽപ്പ് നാൾ വരെയുള്ള മനുഷ്യന്റെ ജീവിതവും ഇതിൽ നിന്നും മനസ്സിലാക്കിയെടുക്കാം. ഉറക്കത്തിൽ നിരന്തരമായി ദുഃസ്വപ്നം കണ്ടാൽ എന്തായിരിക്കും സ്ഥിതി? ശിക്ഷകളുടെ യാതനകൾ ദുസ്വപ്നങ്ങൾ പോലെ അവൻ അനുഭവിച്ചു കൊണ്ടിരിക്കും.

Also read: പ്രശസ്ത ഉറുദു കവി രാഹത് ഇന്‍ഡോരി ഇനിയില്ല

ആത്മാവ് ദൈവത്തിന്റെ ഒരംശമാണ്. അതിനാൽ പ്രാപഞ്ചിക രഹസ്യങ്ങളുടെ ലോകവുമായി ഇടപെടാൻ ആത്മാവിന് എളുപ്പമാണ്. സ്വപ്നത്തിൽ വെളിപാടുകൾ ഉണ്ടാവുന്നത്തിന്റെ കാരണമിതാണ്. പ്രവാചകന്മാർക്ക് സ്വപ്നത്തിൽ വെളിപാടുകൾ ഉണ്ടായിരുന്നു. സദ്‌വൃത്തരായ സത്യവിശ്വാസികൾക്ക് നല്ല സ്വപ്നങ്ങൾ ഉണ്ടാവുമെന്ന് പ്രവാചക വചനങ്ങളിൽ വന്നിട്ടുണ്ട്. രഹസ്യ ലോകത്തേക്കുള്ള പിശാചിന്റെ കടന്നു കയറ്റത്തിന്റേയോ ഒളിഞ്ഞു നോട്ടത്തിന്റെയോ ഭാഗമായി ദുഷ് പ്രേരണയുണ്ടാക്കുന്ന സ്വപ്നങ്ങളെ വ്യഖ്യാനിക്കാം.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker