Current Date

Search
Close this search box.
Search
Close this search box.

ദൈവത്തിന്റെ നീതിയാണ് ശരിയായ നീതി, അവസാനത്തേതും

ബാബറി മസ്ജിദ് അങ്ങിനെ ചരിത്രത്തിലേക്ക് വഴി മാറിപോയി. നല്‍കിയ പുനപരിശോധന ഹര്‍ജിയും കോടതി തള്ളിക്കളഞ്ഞു. ഇനി ബാക്കിയുള്ളത് ഒരു തിരുത്തല്‍ ഹരജി മാത്രം. മുമ്പ് കേസ് വിധിച്ച അതെ ജഡ്ജിമാരുടെ മുന്നില്‍ തന്നെയാണു തിരുത്തല്‍ ഹരജി വരിക. അതും വക്കീലുമാരുടെ സാന്നിധ്യമില്ലാതെ. പുനപരിശോധന ഹരജി തള്ളാന്‍ കോടതി പറഞ്ഞ കാരണം അതില്‍ പുതുതായി ഒന്നുമില്ല എന്നതാണ്. ഇനി തിരുത്തല്‍ ഹരജി നല്‍കിയാല്‍ ഇതിലും കൂടുതല്‍ ഒരു പ്രതികരണം കോടതിയില്‍ നിന്നും നാം പ്രതീക്ഷിക്കുന്നില്ല. അത് കൊണ്ട് തന്നെയാണു ബാബറി ഇനി ചരിത്രത്തിന്റെ ഭാഗമായി എന്ന് പറഞ്ഞതും. നിയമത്തിന്റെ സഹായത്തോടെ ഒരു വിഭാഗത്തിന്റെ ആരാധനാലയം പൊളിച്ചിടത്ത് മറ്റൊരു വിഭാഗത്തിന്റെ ആരധാനലയം നിര്‍മ്മിക്കുക എന്ന അബദ്ധം ലോകത്തില്‍ നമുക്ക് മാത്രം സ്വന്തമാകാം. സംഘ പരിവാര്‍ മുന്നോട്ടു വെക്കുന്ന രാമന്റെ ജന്മസ്ഥാനത്തു ഉണ്ടായിരുന്ന അമ്പലം പൊളിച്ചാണ് പള്ളി പണിതത് എന്ന വാദം കോടതി തള്ളിക്കളഞ്ഞു എന്നത് കൊണ്ട് തന്നെ അനര്‍ഹമായ സ്ഥാനത്താണ് അമ്പലം ഉയരുന്നത് എന്നത് ഗൗരവപ്പെട്ട കാര്യമാണ്. അനര്‍ഹമായ സ്ഥാനത്തു ആരാധന നടത്തിയാല്‍ അത് സ്വീകരിക്കപ്പെടുമോ എന്ന് തീരുമാനിക്കേണ്ടത് അതിന്റെ ആളുകള്‍ തന്നെയാണ്.
ശുദ്ധമായത് മാത്രമേ ദൈവം സ്വീകരിക്കൂ എന്ന് എല്ലാ മതങ്ങളും പറയുന്നു. പക്ഷെ രാമക്ഷേത്രം ഉയരാന്‍ പോകുന്നത് അശുദ്ധിയുടെ മേലാണ്. ആ തിരിച്ചറിവ് വിശ്വാസികള്‍ക്കാണ് ഉണ്ടാകേണ്ടതും. ഭൂമിയുടെ അവകാശം കോടതി തെളിയിച്ചാല്‍ വിട്ടു കൊടുക്കാന്‍ തയ്യാറാണ് എന്നതാണു മുസ്ലിം പക്ഷം എന്നും പറഞ്ഞു വന്ന കാര്യം. കോടതിയില്‍ അത് തെളിയിക്കപ്പെട്ടില്ല. അതെ സമയം പള്ളിയില്‍ വിഗ്രഹം വെച്ചതും പള്ളി പൊളിച്ചതും വലിയ തെറ്റ് എന്നതാണ് കോടതിയുടെ കണ്ടെത്തല്‍. അഞ്ചേക്കര്‍ പകരം ഭൂമി എന്നതിന് പകരം നിലവിലുള്ള ഭൂമി എതിര്‍ കക്ഷിക്ക് വിട്ടു കൊടുത്തത് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഒരു കറുത്ത ഏടായി എന്നും നിലനില്‍ക്കും.

ബാബറി മസ്ജിദ് ഇവിടെ അവസാനിക്കേണ്ട ഒന്നല്ല. അതിന്റെ ചരിത്രം തലമുറകള്‍ക്ക് കൈമാറ്റം ചെയ്യപ്പെടണം. അതൊരു വൈകാരിക സംഭവം എന്ന നിലയിലല്ല. മുന്‍ തലമുറ കടന്നു വന്ന വൈതരണികള്‍ അവര്‍ തിരിച്ചറിയണം. മുസ്ലിം ധ്വംസനം സംഘ പരിവാര്‍ തുടര്‍ക്കഥയാക്കുന്നു. അത് ഇവിടെ അവസാനിക്കില്ല എന്നുറപ്പാണ്. ഒന്നാം ശത്രു എന്നാണ് സംഘ പരിവാര്‍ ഇസ്ലാമിനെ മനസ്സിലാക്കിയത്. അത് കൊണ്ട് തന്നെ കിട്ടുന്ന അവസരം അവര്‍ വേണ്ടെന്നു വെക്കില്ല. അത് കൊണ്ട് തന്നെ ബാബറി ഒരു തുടര്‍ക്കഥയായി മാറിയാലും നാം അത്ഭുതപ്പെടരുത്. ഖുര്‍ആന്‍ വിജയത്തിന്റെയും പരാജയത്തിന്റെയും ചരിത്രം പറയുന്നു. അത് ജയത്തില്‍ ആഹ്ലാദിക്കാനും പരാജയത്തില്‍ ദുഖിക്കാനുമല്ല. അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാനാണു. എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് അത്തരം ചരിത്ര വിശകലനങ്ങള്‍. ഉഹദ് യുദ്ധത്തെ ഖുര്‍ആന്‍ വിശകലനം ചെയ്തു. ഉഹദ് യുദ്ധക്കളത്തില്‍ ഉണ്ടായ ദാരുണ സംഭവങ്ങളെ ഖുര്‍ആന്‍ പരാമര്‍ശിച്ചില്ല. പകരം എന്ത് കൊണ്ട് പരാജയം എന്ന കാരണം വിശകലനം ചെയ്തു. ബാബറി മസ്ജിദ് അത് കൊണ്ട് തന്നെ ഓരോ വിശ്വാസിയുടെയും മനസ്സില്‍ ഒരു നീറ്റലായി നിലനില്‍ക്കണം. അതൊരു പ്രതികാരം എന്ന നിലക്കല്ല. നാം നേരില്‍ കണ്ട ഒരു സത്യം എന്ന നിലയില്‍. ദൈവിക ഭവനം തകര്‍ക്കുന്നവരെ അക്രമികള്‍ എന്നാണ് ഖുര്‍ആന്‍ വിളിച്ചത്. അവരെ അക്രമികള്‍ എന്ന് നമ്മുടെ കോടതിയും വിളിച്ചു. എന്നിട്ടും അതെ അക്രമികള്‍ തന്നെ വിജയികളായി മാറുന്നത് നമ്മെ നിരാശപ്പെടുത്തരുത്, ദൈവത്തിന്റെ നീതിയാണ് ശരിയായ നീതി അവസാനത്തേതും . ആ ബോധം എന്നും നമ്മെ നയിക്കട്ടെ

Related Articles