കോവിഡ് 19 ൻ്റെ അതിപ്രസരം തടഞ്ഞു നിർത്തുവാൻ ഇന്ന് ലോകത്ത് വിവിധ രാജ്യങ്ങൾ സ്വീകരിച്ച് പോരുന്ന നടപടികൾ വ്യവസ്ഥാപിതമായി തന്നെ തുടരുകയാണ്. കര- വ്യോമയാന അതിർത്തികൾ പൂർണ്ണമായും അടച്ചും, തങ്ങളുടെ പൗരന്മാർക്ക് ബോധവത്ക്കരണ പരിപാടികൾ നടത്തിയും രാജ്യങ്ങൾ കോവിഡിനെ തടയാൻ മുന്നിട്ടിറങ്ങിയിരിക്കുന്നു.
വൈറസ് ബാധയെ പ്രതിരോധിക്കാൻ ചരിത്രത്തെ മുൻനിർത്തി തന്നെയാണ് ലോക രാജ്യങ്ങൾ മാർഗ്ഗങ്ങൾ സ്വീകരിച്ചത്. പ്ലേഗ് പോലയുള്ള മഹാമാരികളിൽ നിന്ന് രക്ഷനേടാൻ അന്നത്തെ ലോക രാജ്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിച്ച നയങ്ങളെ ഈയവസരത്തിൽ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.
നൂറ് വർഷങ്ങൾക്ക് മുമ്പേ വ്യവസ്ഥാപിതമായി സജ്ജീകരിച്ച ഖ്വാറൻ്റെയിൻ സംവിധാനങ്ങളിലൂടെ വൈറസ് ബാധയെ തടഞ്ഞു നിർത്തിയ ലബനോനിലെ ബെയ്റൂത്ത് നഗര ചരിത്രം വായിക്കപ്പെടേണ്ടതാണ്. നഗരത്തിൻ്റെ ഹൃദയഭാഗത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് അത് വഴി കടന്ന് പോവാൻ ആഗ്രഹിക്കുന്ന ഏതൊരു യാത്രക്കാരനും അവർക്കായി പ്രത്യേകം തയ്യാറാക്കിയ ഖ്വാറൻ്റെയിൻ കേന്ദ്രങ്ങളിൽ താമസിക്കേണ്ടത് നിയമമാക്കപ്പെട്ടതായിരുന്നു.
1835ൽ മഹ്മൂദ് നഹ്‌വെ ബെ എന്ന വ്യക്തിയാണ് ബെയ്റൂത്തിൽ ഖ്വാറൻ്റെയിൻ സെൻ്റർ നിർമ്മിക്കുന്നത്. ജനസാന്ദ്രത കുറഞ്ഞ്, കടലിനോട് ചേർന്ന് കിടക്കുന്ന പഴയ നഗര ഭാഗത്തിൻ്റെ പ്രാന്ത പ്രദേശമായിരുന്നു ഇതിനായി തെരഞ്ഞെടുത്തത്. 1821 ൽ ബയ്റൂത്തിലും പരിസര പ്രദേശങ്ങളിലും പടർന്നു പിടിച്ച കോളറയെ പിടിച്ചു കെട്ടാൻ 4 താമസ സമുച്ചയങ്ങൾ നിർമ്മിക്കപ്പെട്ടു.
പ്രസ്തുത ഖ്വാറൻ്റെയിൻ സംവിധാനങ്ങളുടെ കൂടുതൽ വിവരണങ്ങൾ ബ്രിട്ടീഷ് ന്യായാധിപനായ ചാൾസ് അഡിസൻ തൻ്റെ യാത്രാവിവരണ ഗ്രന്ഥമായ “History of the Knights Templar” ൽ പരാമർശിക്കുന്നുണ്ട്. അതിലെ ചില വിവരങ്ങൾ ഇപ്രകാരമാണ് : ” കടൽമാർഗം ബെയ്റൂത്തിലേക്ക് കടക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പൽ യാത്രികനും ആദ്യമായി പ്രത്യേകം സജ്ജമാക്കിയ ഖ്വാറൻ്റെയിനിൽ പോകേണ്ടത് നിർബന്ധമായിരുന്നു. ഉത്തരവാദിത്വപ്പെട്ട ഓഫീസർ, കപ്പൽ യാത്രികരെ ഖ്വാറൻ്റെയിൻ സെൻ്ററുകളിലേക്ക് കൊണ്ട് പോകാനായി അവിടെ സജ്ജമാണ്. നിശ്ചയിക്കപ്പെട്ട ദിവസങ്ങൾ കഴിഞ്ഞാലല്ലാതെ ഖ്വാറൻ്റെയിനിൽ കഴിയുന്ന ഒരാൾക്കും പുറത്തേക്ക് പോകുവാൻ അനുവാദമുണ്ടായിരിക്കില്ല. സദാ സമയവും സേവന സന്നദ്ധരായ വളണ്ടിയർമാരെയും അവിടെ കാണാം”.
ആസ്ട്രേലിയക്കാരനായ ആർതർ ഹോൾറോയിഡ് 1839 ൽ എഴുതിയ വിവരണം പ്രസ്തുത സംവിധാനങ്ങളുടെ കൂടുതൽ വ്യക്തത നൽകുന്നതായിരുന്നു. ” കടൽ യാത്രക്കാർക്കും നാവിക കപ്പലുകൾക്കും 14 ദിവസവും കച്ചവട യാത്രികർക്ക് 21 ദിവസവുമാണ് ഖ്വാറൻ്റെയിനിൽ കഴിയേണ്ടി വരിക”. വ്യത്യസ്ത ദിവസങ്ങൾ അനുവദിക്കപ്പെട്ടത് ഉചിതമായില്ല എന്ന് കൂടി ആർതർ ഹോൾറോയിഡ് രേഖപ്പെടുത്തുന്നുണ്ട്.
ബെയ്റൂത്ത് വഴി കടന്നു പോകേണ്ട ഏതൊരു വ്യക്തിയും ഖ്വാറൻ്റെയിനിൽ കഴിയേണ്ടി വന്നതോടെ ട്രിപ്പോളിയിൽ നിന്നും സ്വയ്ദയിൽ നിന്നും വരുന്ന കച്ചവടക്കാരുടെ പ്രധാന ഹബ്ബായി ബെയ്റൂത്ത് നഗരം മറി, അത് വഴി ബെയ്റൂത്തിലെ വാണിജ്യ ശൃംഖല ശക്തിപ്പെട്ടു.
പിന്നീട് 1928 ലെ നിയമപ്രകാരം ഹജ്ജിന് പോകുന്നവർ നിർബന്ധമായും വാക്സിൻ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ കൊണ്ടുവന്നപ്പോൾ, 1930/40 കളിൽ ബെയ്റൂത്തിലെ പ്രസ്തുത ഖ്വാറൻ്റെയിൻ സെൻ്റർ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന തീർത്ഥാടകരുടെ പ്രധാന വാക്സിനേഷൻ കേന്ദ്രമായി മാറിയിരുന്നു. ഇറാഖ്, ഇറാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്ന് ഫ്രഞ്ച് അധിനിവിഷ്ഠ പ്രദേശങ്ങളിൽ നിന്നും പശ്ചിമേഷ്യയിലൂടെ ഹജ്ജിന് പോകുന്നവർ നിർബന്ധമായും ബെയ്റൂത്തിൽ നിന്ന് വാക്സിനേഷൻ സ്വീകരിച്ചിരുന്നതായി ചരിത്രം പറയുന്നു. ബെയ്റൂത്തിൽ നിന്ന് സൂയസ് കനാൽ വഴിയായിരുന്നു ജിദ്ദയിലേക്കുള്ള കപ്പൽപാതയുണ്ടായിരുന്നത്.
1948 ൽ ഫലസ്തീനിലെ മുസ്ലിംങ്ങൾക്കെതിരെ നടന്ന ജൂത അധിനിവേശമായ ‘നക്ബ’യിലൂടെ ഫലസ്ത്വീനിൽ നിന്ന് പുറത്താക്കപ്പെട്ട 7 ലക്ഷത്തിലധികം ഫലസ്തീനികൾക്ക് താത്കാലിക അഭയ കേന്ദ്രമായി പിന്നീട് ബെയ്റൂത്തിലെ ഈ ഖ്വാറൻ്റെയിൻ സെൻ്റർ മാറി. 1950ൽ ഖ്വാറൻ്റെയിൻ സെൻ്റർ പബ്ലിക് ഹോസ്പിറ്റലായി മാറ്റപ്പെട്ടു. എന്നാൽ ഏറെ താമസിയാതെ ലബനീസ് സൈന്യത്തിൻ്റെ സൈനിക താവളമായ പ്രസ്തുത സെൻ്റർ, 2020 ആഗസ്റ്റ് 4 ന് ബെയ്റൂത്തിൽ നടന്ന വലിയ പൊട്ടിത്തെറിയിൽ ചരിത്രത്തിൻ്റെ ഭാഗമായി മാറുകയായിരുന്നു.