Current Date

Search
Close this search box.
Search
Close this search box.

സർവമതസത്യവാദം എന്ന മരീചിക

സഗൗരവം ജീവിതത്തെ സമീപിക്കുന്ന ആരും പഠിച്ചും മനനം ചെയ്തും ഏറ്റവും ശരിയെന്ന് തങ്ങൾക്ക് ബോധ്യപ്പെടുന്ന ആദർശം തെരഞ്ഞെടുക്കുന്നു. താൻ സ്വീകരിച്ചംഗീകരിച്ച ജീവിതക്രമമാണ് ഏറ്റവും നല്ലതും ഫലപ്രദവുമെന്ന് അയാൾ കരുതുകയും ചെയ്യുന്നു. ഇത് ഒരാളുടെ ആത്മാർത്ഥതയുടെ കൂടി ഭാഗമാണ്. ദൈവ വിശ്വാസികളും ദൈവനിഷേധികളും ഇതിന് അപവാദമല്ല. മഹാത്മാ ഗാന്ധിയും കാറൽ മാർക്സും അബുൽ കലാം ആസാദും ഉൾപ്പെടെ എല്ലാ മഹത്തുക്കളും ഇങ്ങനെ തന്നെയാണ് തങ്ങളുടെ ജീവിതവീക്ഷണങ്ങൾ കരുപ്പിടിപ്പിച്ചത്.

എന്നാൽ ഏകദൈവാദർശം, ബഹുദൈവവാദം, ദൈവനിഷേധം, ഭൗതികവാദം, അജ്ഞേയവാദം.. എന്നിങ്ങനെ ലോകത്തുള്ള സർവ വിശ്വാസാചാരങ്ങളും ഒരേ പോലെ ശരിയാണെന്ന് ഒരാൾ വാദിക്കുകയാണെങ്കിൽ അതിനർത്ഥം ഇപ്പറഞ്ഞവയൊന്നും അയാൾ യഥാവിധി പഠിച്ചിട്ടില്ല എന്നാണ്.

ദൈവാനുഗ്രഹമെന്നു പറയട്ടെ, വിശുദ്ധ ഖുർആൻ മാർഗദർശക ഗ്രന്ഥമായി ഹൃദയം കൊണ്ടംഗീകരിച്ച ആരും ഇപ്പറഞ്ഞ “കെണി” യിൽ വീഴുകയില്ല. കാരണം “ഇന്നദ്ദീന ഇന്തല്ലാഹിൽ ഇസ് ലാം ” (നിശ്ചയം!അല്ലാഹുവിങ്കൽ സ്വീകാര്യമായ ജീവിത പദ്ധതി ഇസ് ലാം മാത്രമാണ്) എന്ന് ഖുർആൻ അടിവരയിട്ടൂന്നിപ്പറഞ്ഞിട്ടുണ്ട്.

കേൾക്കാൻ സുഖമുള്ള ഒന്നാണ് സർവമത സത്യ വാദം. അതോടൊപ്പം ആരെയും വെറുപ്പിക്കാതെ, അല്ലെങ്കിൽ എല്ലാവരേയും ഒരേ പോലെ “സുഖിപ്പിക്കാൻ”സാധിക്കുന്നതിലുള്ള “നിർവൃതി ” യും അതിനുണ്ട്. അതേയവസരം നടേ സൂചിപ്പിച്ചതു പോലെ തികച്ചും ചിന്താശൂന്യവും ഒപ്പം അല്ലാഹുവിൻ്റെ കോപം ക്ഷണിച്ചു വരുത്തുന്നതുമാണ് ദൈവത്തിങ്കൽ നിന്നും പിശാചുക്കളിൽ നിന്നുള്ളതുമെല്ലാം ഒരേ പോലെ സത്യമാണെന്ന ഈ അധർമ്മ വാദം.

തൗഹീദിലും രിസാലത്തിലും ആഖിറത്തിലും ഊന്നി നിൽക്കുന്ന മോക്ഷമാർഗമാണ് വിശുദ്ധ ഖുർആൻ വരച്ചുകാണിക്കുന്നത്. ഇവയുടെ അംശങ്ങൾ പോയ കാല വേദങ്ങളിലെല്ലാം കാണപ്പെടുന്നുണ്ട്. പക്ഷെ ഖുർആൻ അല്ലാത്ത, പഴയ കാലങ്ങളിലെ മുഴുവൻ വേദങ്ങളിലും പ്രക്ഷിപ്തങ്ങൾ ഉണ്ടായിട്ടുണ്ട്. അന്തിമ വേദമായ വിശുദ്ധ ഖുർആൻ മാത്രമാണ് ദൈവത്താൽ തന്നെ സംരക്ഷിക്കപ്പെട്ട ഏക ഗ്രന്ഥം. അതിനാൽ യാതൊരു വിധ ഏറ്റക്കുറച്ചിലുകളും ഇല്ലാതെ, ഒരക്ഷരം പോലും മാറാതെ, ഖുർആൻ അതിൻ്റെ ആദിമ വിശുദ്ധിയിൽ തന്നെ ഇന്നും നിലനിൽക്കുന്നു.

തൗഹീദ് നിഷേധിക്കുന്നവരെല്ലാം ഏതോ അർത്ഥത്തിൽ ചെയ്തു കൊണ്ടിരിക്കുന്നത് ശിർക്ക് ആണ്. ശിർക്ക് ചെയ്യുന്നവർക്കു മുമ്പിൽ മോക്ഷമാർഗം കൊട്ടിയടക്കപ്പെടും. “ബഹുദൈവത്വം അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല” എന്ന് ഖുർആൻ ധാരാളം സ്ഥലങ്ങളിൽ പറഞ്ഞിട്ടുണ്ട്. തൗഹീദ് വിരുദ്ധരുടെ കർമങ്ങളത്രയും പാഴായിപ്പോവും. “സത്യനിഷേധികൾ, അവരുടെ പ്രവർത്തനങ്ങളെല്ലാം മരുഭൂമിയിലെ മരീചിക പോലെയാണ്.ദാഹാർത്തൻ അത് വെള്ളമാണെന്ന് കരുതുന്നു.എന്നാൽ അവിടെയെത്തുമ്പോൾ യാതൊന്നും അവന്ന് കണ്ടെത്താൻ സാധിക്കുന്നില്ല” (അന്നൂർ:39)

മാനവതയുടെ സൻമാർഗമായി അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഖുർആനിൻ്റെ ആശയങ്ങളിൽ വെള്ളം ചേർത്തുകൊണ്ടല്ലാതെ, അഥവാ ഖുർആനിനെ നിന്ദിച്ചുകൊണ്ടല്ലാതെ ഒരാൾക്ക് “സർവമത സത്യവാദി” ആവുക സാധ്യമല്ല. അത് സംഗതിയുടെ ഗൗരവം പിന്നെയും കൂട്ടാനും ശിക്ഷാവിധികൾ ഇരട്ടിക്കാനും നിമിത്തമാവുന്നു!!

Related Articles