Your Voice

സ്‌നേഹ സമ്പന്നമായ പഴയ കാലം

പ്രവാസ കാലത്തെയും നോമ്പനുഭവങ്ങള്‍ പലതും പങ്കു വെയ്‌ക്കപ്പെട്ടിട്ടുണ്ട്‌.പ്രവാസകാലത്തിനു മുമ്പുള്ള നോമ്പോര്‍‌മ്മകളില്‍ ഗ്രാമത്തിലെ കിഴക്കേകരയിലുള്ള മഞ്ഞിയില്‍ പള്ളി കടന്നു വരാതെ തരമില്ല. പള്ളി മുറ്റത്തെ തെക്കേ മൂലയിലുള്ള മാഞ്ചോടിനോട്‌ ചേര്‍ന്ന ഹൗദിന്‍ കരയിലിരുന്നാല്‍ പടിഞ്ഞാറെക്കരയിലെ ജുമാമസ്‌ജിദിന്റെ മിനാരം കാണാം. ഈ പള്ളിയിലെ ബാങ്ക്‌വിളി കേള്‍‌ക്കുമ്പോള്‍ മാത്രമേ മഹല്ലിലെ മറ്റു നിസ്‌കാരപ്പള്ളികളില്‍ ബാങ്ക്‌ കൊടുത്തിരുന്നുള്ളൂ.അതു കൊണ്ട്‌ തന്നെ കിഴ്ക്കേ കരക്കാരുടെ കണ്ണും കാതും പടിഞ്ഞാറെ കരയിലേയ്‌ക്ക്‌ കൂര്‍പ്പിച്ചിരിയ്‌ക്കും.വിശിഷ്യാ റമദാനില്‍.

ശ‌അബാന്‍ പകുതിയോടെ തന്നെ എല്ലാ പള്ളികളിലും എന്നപോലെ മഞ്ഞിയില്‍ പള്ളിയിലും നിസ്‌കാരത്തിന്‌ കൂടുതല്‍ പേര്‍‌ എത്തിത്തുടങ്ങും.സാധാരണ നാളുകളില്‍ അകത്തെ പള്ളിയില്‍ ഒന്നോ ഒന്നരയോ സഫ്‌ ആളുകള്‍ മാത്രം ഉണ്ടായിരുന്ന അവസ്ഥക്ക്‌ പകരം അകവും പുറവും പൂമുഖവും നിറയും.പ്രത്യേകിച്ച് മഗ്‌രിബിന്‌ പള്ളി വിര്‍‌പ്പുമുട്ടും.ഹൗദിനോട്‌ ചേര്‍ന്ന തെക്കേ വരാന്തയില്‍ പോലും നിസ്‌കാരക്കാര്‍ നിറയും.

റമദാനിന്റെ തുടക്കം മുതല്‍ തന്നെ ദിനേനയുള്ള ഇഫ്‌ത്വാറിനുള്ള തയാറെടുപ്പുകള്‍ നടന്നിരിയ്‌ക്കും.ഒരു ചീള്‌ കാരക്കയും മണ്‍‌ ചട്ടിയില്‍ കുറച്ച്‌ പാല്‍ ചായയും കൂടെ കൂട്ടാന്‍ പൊന്തപ്പമോ റസ്‌കോ ഇതായിരുന്നു വിഭവം.ചായയുണ്ടാക്കാനുള്ള അടുപ്പ്‌ പൂട്ടുന്നതും വിറക്‌ ശേഖരിക്കുന്നതും അതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിലും കുട്ടികള്‍ വലിയ ആവേശത്തോടെ സഹകരിക്കും.ഒരു പക്ഷെ മത്സരിച്ച്‌ പങ്കെടുക്കും.ചായയുണ്ടാക്കുന്നത്‌ പള്ളി മുറ്റത്ത്‌ തന്നെയായിരിയ്‌ക്കും.അസര്‍ നിസ്‌കാരം കഴിഞ്ഞുടന്‍ തന്നെ ഇതിനുള്ള ചിട്ട വട്ടങ്ങള്‍ തുടങ്ങും.കാരയ്‌ക്ക മുറിച്ചിരുന്നത് വയോവൃദ്ധനായ കുഞ്ഞി സെയ്‌തുക്കയായിരുന്നു.അതിനു പറ്റിയ കത്തി അദ്ധേഹത്തിന്റെ താക്കോല്‍ കൂട്ടത്തില്‍ തന്നെ ഉണ്ടാകും.ഒരു കാരയ്‌ക്ക നാലു പേര്‍‌ക്ക്‌ എന്നതായിരുന്നു കണക്ക്‌.നാട്ടിലെ ചില പ്രമാണിമാരുടെ നോമ്പു തുറ ഊഴം വരുമ്പോള്‍ ഒരു കാരയ്‌ക്ക രണ്ട്‌ പേര്‍ക്കെന്ന വീതത്തില്‍ മുറിക്കപ്പെടും. കൂടാതെ രണ്ടല്ലി മധുര നാരങ്ങയോ മുന്തിരിങ്ങയോ പ്രത്യേകമായും ഉണ്ടാകും.

ആഴ്‌ചയില്‍ രണ്ട്‌ദിവസം വ്യാഴവും വെള്ളിയും നോമ്പു തുറ വളരെ സവിശേഷമായിരിയ്‌ക്കും.തരിക്കഞ്ഞിയോ ജീരക കഞ്ഞിയോ വീടുകളില്‍ നിന്നും പ്രത്യേകം നേര്‍ച്ചയായി വരും.നിസ്‌കാരം കഴിഞ്ഞതിനു ശേഷമായിരിയ്‌ക്കും ഇത്തരം വിശേഷ വിഭവങ്ങള്‍ വിളമ്പിയിരുന്നുള്ളൂ.ഈ ദിവസങ്ങളിലും മഗ്‌രിബിന്‌ കടുത്ത തിരക്ക്‌ അനുഭവപ്പെടും.തറാവീഹിനു വരുന്നവര്‍ക്ക് കട്ടന്‍ ചായയോ ചുക്ക്‌ കാപ്പിയോ വിളമ്പും.അതിന്റെ എല്ലാ ഉത്തരവാദിത്വവും എനിക്കായിരുന്നു.

റമദാനിലെ ആദ്യത്തെ പത്തു ദിവസങ്ങളിലുള്ള ബഹളം പിന്നീട്‌ ഉണ്ടാകുമായിരുന്നില്ല.അവസാനത്തെ പത്തില്‍ വീണ്ടും തിരക്ക്‌ തുടങ്ങും.ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാല്‍ വീണ്ടും ആളുകള്‍ കുറയും.നോമ്പ്‌ ഇരുപത്തിയൊമ്പതിനു നല്ല തിരക്ക്‌ ഉണ്ടാകും.ഇഷാ നിസ്‌കാരത്തിനു ശേഷം 15 മിനിറ്റ് കഴിഞ്ഞ്‌ തറാവീഹ് നിസ്‌കരിച്ചിരുന്നതിനു പകരം അല്‍‌പം കൂടെ സമയം കാത്തതിനു ശേഷമേ നിസ്‌കരിക്കുമായിരുന്നുള്ളൂ.

വൈദ്യുതിയും ടലിഫോണ്‍ സൗകര്യങ്ങളും ഒന്നും ഇല്ലാതിരുന്ന കാലത്ത് കിഴക്കേകരയിലെ വാര്‍ത്താ വിതരണ ആസ്ഥാനം മഞ്ഞിയില്‍ പള്ളി കേന്ദ്രീകരിച്ചായിരുന്നു.മഞ്ഞിയില്‍ വീട്ടില്‍ നിന്നും തൊട്ട വിട്ടുകാര്‍ക്ക് കൊടുക്കുന്ന വിവരം തൊട്ടടുത്ത വീടെന്ന ക്രമത്തില്‍ നാടു നീളെ എത്തുമായിരുന്നു.

ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് നാട്ടുകാര്‍ തമ്മിലുള്ള ഊഷ്‌മളമായ ബന്ധവും ഇഴയടുപ്പവും വര്‍ത്തമാനകാലത്ത്‌ ഇല്ല എന്നതാണ്‌ യാഥാര്‍ഥ്യം.പഴയ കാലത്തെ ഒരു ചീന്ത് കാരക്കയുടെ സ്വാദും മണ്‍‌ ചട്ടിയില്‍ കിട്ടിയിരുന്ന ചുടു ചായയുടെ സുഖവും വിവരണാതീതമത്രെ.പരിമിതികള്‍‌ക്കിടയില്‍ നിന്നു കൊണ്ട്‌ ഉള്ളതു കൊണ്ട്‌ തൃപ്‌തിപ്പെട്ടിരുന്ന കാലം അസ്‌തമിച്ചിരിക്കുന്നു.ദാരിദ്ര്യത്തിലും സമ്പന്നമായ മനസ്സിന്റെ ഉടമകളുടെ സൗഹൃദ സാഹോദര്യത്തിന്റെ വസന്തം അനുഭൂതിദായകമായിരുന്നു.

വലിയ കൂടകളിലാണ്‌ ഇന്നു ഈത്തപ്പഴം കൊണ്ട്‌വരുന്നത്.പളുങ്കു പാത്രങ്ങളിലാണ്‌ പഴങ്ങളും വിഭവങ്ങളും വിളമ്പുന്നത്.ആളോഹരിയാക്കി വീതം വെച്ചിരുന്നതിനു പകരം താല നിറയെ വിളമ്പി വെക്കുകയാണ്‌.ഇഷ്‌ടാനുസാരം എടുത്ത്‌ ഭക്ഷിക്കാന്‍.സമ്പന്നതയിലെ ദരിദ്രമായ മനസ്സിന്റെ ഉടമകളുടെ കൃത്രിമ സൗഹൃദ സാഹോദര്യത്തിന്റെ വേനല്‍ ഭൂമിക ചുട്ടുപഴുത്തു കൊണ്ടിരിക്കുന്നു.വസന്തം മറഞ്ഞ ഭൂമികയില്‍ നിന്നും അവസാനത്തെ ചിത്ര ശലഭവും പറന്നകന്നിരിയ്‌ക്കുന്നു.ഒരു ചില്ല തേടി.ഒരു പൂ തേടി ഒരു താഴ്‌വര തേടി.

Facebook Comments
Show More

അസീസ് മഞ്ഞിയില്‍

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി, രായംമരയ്ക്കാര്‍ വീട്ടില്‍ മഞ്ഞിയില്‍ ഖാദര്‍, ഐഷ ദമ്പതികളുടെ പത്ത് മക്കളില്‍ ആറാമത്തവനായി 1959 ലാണ് ജനനം. ബ്ലോഗുകളില്‍ സജീവമായ മഞ്ഞിയിലിന്റെ മാണിക്യച്ചെപ്പ് എന്ന കവിതാ സമാഹാരം 1992-ല്‍ പ്രതീക്ഷ തൃശ്ശൂര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രവാസി നാടകക്കാരന്‍ അഡ്വ:ഖാലിദ് അറയ്ക്കല്‍ എഴുതി അവതരിപ്പിച്ച നാടകങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വഹിച്ച ഇദ്ദേഹം എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്ദുള്‍ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടിയും ഗാനങ്ങളെഴുതിയിട്ടുണ്ട്.എണ്‍പതുകളില്‍ ബോംബെയില്‍ നിന്നിറങ്ങിയിരുന്ന ഗള്‍ഫ് മലയാളിയില്‍ നിന്നു തുടങ്ങി നിരവധി ഓണ്‍ലൈന്‍ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നുണ്ട്. തനിമ കലാസാഹിത്യവേദി ഖത്തര്‍ ഘടകം മുന്‍ ഡയറക്ടര്‍ കൂടിയാണ് മഞ്ഞിയില്‍.സുബൈറയാണ് ഭാര്യ. അകാലത്തില്‍ പൊലിഞ്ഞുപോയ ബാലപ്രതിഭ അബ്‌സ്വാര്‍, അന്‍സാര്‍, ഹിബ, ഹമദ്, അമീന എന്നിവരാണ് മക്കള്‍.

Related Articles

Check Also

Close
Close
Close