Current Date

Search
Close this search box.
Search
Close this search box.

ആർ.എസ്.എസിനെ സമർത്ഥമായി സഹായിക്കുന്ന ലോബി

ഗാന്ധിജിയെ നാഥുറാം ഗോഡ്സെ വെടിവെച്ചു കൊന്നതിന തുടർന്ന് ആർ.എസ്.എസ് നിരോധിക്കപ്പെട്ടപ്പോൾ പ്രസ്തുത നിരോധനം നീക്കികൊടുക്കുന്നതിന്ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭായി പട്ടേൽ ഉൾപ്പെടെ പല പ്രമുഖ കോൺഗ്രസ്സുകാരും ഒത്താശകൾ ചെയ്തു കൊടുത്തിരുന്നു. കോൺഗ്രസിനുള്ളിൽ ആർ.എസ്.എസിനെ സമർത്ഥമായി സഹായിക്കുന്ന ലോബി
പണ്ടും ഇന്നുമുണ്ട്. ഇന്ത്യയിൽ ഏതോ അർഥത്തിൽ ഭരണം കയ്യാളാൻ ഇടയുള്ള മതേതര പാർട്ടികളിൽ എല്ലാം ആർഎസ്എസ് നുഴഞ്ഞുകയറാറുണ്ട്. കോൺഗ്രസിൽ ഇത് ധാരാളം ഉണ്ടായിട്ടുണ്ട്.

കോൺഗ്രസ് കഴിഞ്ഞാൽ അമ്പതുകളിൽ വളരെ ജനസ്വാധീനമുണ്ടായിരുന്ന പാർട്ടി റാം മനോഹർ ലോഹ്യയെ പോലുള്ളവർ നേതൃത്വം നൽകിയ സോഷ്യലിസ്റ്റ് പാർട്ടി ആയിരുന്നു. അതിലേക്കും ആർ.എസ്.എസ് വിദഗ്ധമായി ധാരാളം നുഴഞ്ഞുകയറി കുത്തിത്തിരിപ്പുകൾ നടത്തി, ഒടുവിൽ ആ പാർട്ടി പല നുറുങ്ങുകളായി; ശിഥിലമായി. ജോർജ് ഫെർണാണ്ടസിനെ പോലുള്ളവർ ആർ.എസ്.എസ് ചട്ടുകമായി. (ബീഹാറിലെ നിതീഷ് കുമാറിനെ ഓർക്കുക) മാർക്സിസ്റ്റ് പാർട്ടിയിലേക്കും ഈ വിദഗ്ധ നുഴഞ്ഞുകയറ്റം ചെറിയ അളവിലെങ്കിലും നടന്നിട്ടുണ്ട്. ബംഗാളിൽ മാർക്സിസ്റ്റ് പാർട്ടിയുടെ തകർച്ചക്ക്‌ പിന്നിലും ആർഎസ്എസ് നുഴഞ്ഞു കയറ്റമുണ്ടെന്ന് ബംഗാളിൽനിന്നുള്ള നിരവധി സുഹൃത്തുക്കൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പല പ്രമുഖരും അവർ അറിഞ്ഞും അറിയാതെയും ആർഎസ്എസിന് പാദസേവ ചെയ്യുന്നവരാണെന്ന് പലപ്പോഴും പിൽക്കാലത്താണ് കുറേശ്ശയെങ്കിലും പുറത്തുവരിക. 2020 ഡിസംബർ 28ന്റെ ജന്മഭൂമിയിൽ കേസരി പത്രാധിപർ ടി വിജയൻ എഴുതിയ ലേഖനത്തിലെ ചില പരാമർശങ്ങൾ കാണുക:

” ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് ആർഎസ്എസിനെ നിരോധിക്കുകയും പ്രതിപക്ഷ നേതാക്കളെ തുറങ്കിലടക്കുകയും ചെയ്തു. മാർക്സിസ്റ്റ് പാർട്ടി അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായ സമരം നയിക്കാൻ തയ്യാറായില്ല.എന്നാൽ സർസംഘചാലക് ബാലസാഹേബ് ദേവറസ് അറസ്റ്റിലായ സമയം അദ്ദേഹത്തെക്കുറിച്ച് ലേഖനം കേസരി പ്രസിദ്ധീകരിക്കുകയുണ്ടായി. അധികം വൈകാതെ കേസരി കുത്തിത്തുറന്ന് പോലീസ് ഫയലുകൾ നശിപ്പിച്ചു….കേസരി പത്രാധിപർ എം. എ കൃഷ്ണനും മേനേജർ എം രാഘവനും മിസ നിയമപ്രകാരം പിടികിട്ടാപുള്ളികൾ ആയിരുന്നു. കേസരിയുടെ പത്രാധിപ ചുമതല പി കെ സുകുമാരൻ നിർവഹിച്ചു. അദ്ദേഹം എം. എ സാറും വി.എം കൊറാത്തുവഴി കെ. പി കേശവമേനോനെ ഈ അനീതിക്കെതിരെ പ്രതികരിക്കാൻ നിർബന്ധിതനാക്കി.കേശവമേനോൻ ഇടപെട്ടതോടെ കേസരിക്കുള്ള നിരോധനം നീങ്ങി കിട്ടി.

1976 അടിയന്തരാവസ്ഥകാലത്ത് തന്നെയാണ് കേസരിയുടെ രജത ജയന്തി കൊണ്ടാടിയത്. കെ പി കേശവമേനോൻ രക്ഷാധികാരിയായി. എസ്.ഗുപ്തൻ നായർ, കടത്തനാട് മാധവിയമ്മ, മൂർക്കോത്ത് കുഞ്ഞപ്പ തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാർ പങ്കെടുത്ത രണ്ട് ദിവസത്തെ പരിപാടി ശ്രദ്ധിക്കപ്പെട്ടു”.

Related Articles