Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ ഖുർആൻ എന്നെ പഠിപ്പിച്ചത്

സർവശക്തനായ ഈശ്വരൻ എല്ലാം സൃഷ്ടിച്ച് എല്ലാത്തിനേയും എല്ലാരെയും കാരുണ്യത്തോടെ കാണുന്നു.വിശുദ്ധ ഖുർആൻ എന്നെ പഠിപ്പിച്ച ആദ്യപാഠം ഈ ലോകം ഒരു നാഥനില്ലാക്കളരിയല്ലെന്നുള്ളതാണ്. സർവ്വേശ്വരനായ സൃഷ്ടാവിനെ മറികടക്കാൻ വേറെ ആരുമില്ല – ഒന്നുമില്ല, ഇനി ഉണ്ടാകുകയുമില്ല. എല്ലാം നശിച്ചാലും സർവ്വേശ്വരന് നാശമില്ല. ആ ശക്തിക്ക് ആദിയും അന്ത്യവുമില്ല.

നമ്മുടെ കൺമുന്നിലെ സ്ഥലകാലങ്ങൾ വെച്ച് അളക്കാവുന്ന ഒന്നല്ല ആ സർവശക്തി. നമ്മുടെ കണ്ണുകൾ കൊണ്ട് കാണാനാവുകയുമില്ല. എല്ലാ സൃഷ്ടികളും ഏകനായ സ്രഷ്ടാവുമായി ആത്മാവിനാൽ ബന്ധപ്പെട്ടാണിരിക്കുന്നത് എന്നതായിരുന്നു രണ്ടാമത്തെ പാഠം. ഏതൊരു സൃഷ്ടിക്കും സർവശക്തനുമായി ബന്ധപ്പെടാൻ മറ്റെന്തിന്റെയെങ്കിലുമോ രണ്ടാമതൊരാളുടെയോ ഇടനിലക്കാരനോ ശിപാർശയോ ആവശ്യമില്ല.

ഏതാണ്ട് ഇതേ കാര്യംതന്നെ ബൈബിളിലും ഗീതയിലും മറ്റു രീതികളിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നതും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. മുഹമ്മദ് നബിയുടെ വാക്കുകളിലെ ആത്മാർഥതയാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. എന്റെ ഭാഷാധ്യാപകനായ പണിക്കർ സാറിനോട് അതു പറഞ്ഞപ്പോൾ അദ്ദേഹം തന്ന മറുപടി ഇങ്ങനെയായിരുന്നു: ‘ഭാഷയുടെ ഏറ്റവും നല്ല ഉപയോഗം ഈ ഗ്രന്ഥങ്ങളിലാണുള്ളത്.
കളങ്കമേയില്ലാത്ത ആത്മാർഥതയിൽ നിന്ന് ഉയിരെടുക്കുമ്പോഴാണ്, ഭാഷ ഏതായാലും, ഭാഷയിലെ കറ തീരുന്നത്.
ഭാഷ കൈകാര്യം ചെയ്യാൻ പുറപ്പെടുന്നവർ ആദ്യം വായിക്കേണ്ടതും ആദരത്തോടെ തിരികെ പോയി വീണ്ടും വീണ്ടും വായിക്കേണ്ടതും പ്രവാചകവചനങ്ങളാണ്.

മനുഷ്യകുലത്തിനു കിട്ടിയ ഏറ്റവും മെച്ചപ്പെട്ട കാവ്യങ്ങളാണവ. ഈ ഉപദേശം തെറ്റിക്കാതിരിക്കാൻ ഞാൻ ഇന്നോളം മനസ്സിരുത്തിപ്പോരുന്നു. ആണ്ടിലൊരിക്കലെങ്കിലും ഈ മഹാഗ്രന്ഥങ്ങൾ ഒരു ആവർത്തിയെങ്കിലും വായിക്കാൻ സമയം കണ്ടെത്താറുണ്ട്. മനസ്സിലെ മാലിന്യം പോയിക്കിട്ടുന്നതിനു പുറമെ ഓരോ തവണ വായിക്കുമ്പോഴും പുതിയ ചിന്തകളും വെളിപാടുകളും വീണുകിട്ടുന്നുമുണ്ട്. ഒരർഥത്തിൽ ഞാൻ ഇന്നേവരെ എഴുതിയ എല്ലാ രചനകളും ഈ മഹാവാക്യങ്ങളുടെ വേരുകളിൽനിന്ന് കിളിർത്തുണ്ടായ നാമ്പുകളാണ്. ഒന്നും ‘എന്റെ’യല്ല.

വിശുദ്ധ ഖുർആന്റെ കാര്യത്തിൽ മറ്റൊരു പ്രധാനപ്പെട്ട തിരിച്ചറിവും അക്കാലത്തുതന്നെ എനിക്കുണ്ടായി. പൊന്നാനി അങ്ങാടിയിലെ തോട്ടുവക്കത്തെ ചില കച്ചവടക്കാരും എന്റെ നാട്ടുകാർതന്നെയായ ആലി മാസ്റ്ററും വെറ്റിലക്കച്ചവടക്കാരൻ അയമുട്ടിപ്പാപ്പയും കൂവളകത്തെ അവുതളഹാജിയും അത്തരക്കാരായ മറ്റു ചിലരുമാണ് ഇതിനു പിന്നിൽ.

ആ വിശുദ്ധ ഗ്രന്ഥത്തിന്റെ വെളിച്ചത്തിലാണ് ഇക്കൂട്ടർ ജീവിച്ചുപോന്നത്. അത്തരമൊരു ജീവിതം സാധ്യമാണെന്ന് തെളിയിക്കുകയായിരുന്നു എന്റെ കണ്ണിൽ ഇവർ. പൊന്നാനിയിലെ ആ കച്ചവടക്കാർ ദൈവനിയോഗം പോലെയാണ് കച്ചവടം നടത്തിയിരുന്നത്. നമസ്‌കാരത്തിന് സമയമായാൽ പണപ്പെട്ടിയും പീടികയും പൂട്ടാതെയാണ് യാത്ര. വാക്കാണ് കച്ചവടത്തിനാധാരം, കടലാസും രശീതും ഉടമ്പടിയുമല്ല. വിശക്കുന്നു എന്ന് ആര് ചെന്നു കൈ നീട്ടിയാലും സഹായമുണ്ട്. കണ്ണിൽ സദാ കാണാവുന്നത് കാരുണ്യം മാത്രം.

ആയിരത്തി തൊള്ളായിരത്തി നാൽപത്തിനാലിൽ നാട്ടിൽ കോളറയുണ്ടായപ്പോൾ അരി സംഭാവനയായി ചോദിച്ചു ചെന്ന സന്നദ്ധസംഘത്തിന് ഗുദാമിന്റെ താക്കോൽ നീട്ടി വേണ്ടത്ര എടുത്തുകൊള്ളാൻ പറഞ്ഞ ദയാമയരായ ആ ആളുകളെപ്പറ്റി എന്റെ അഛൻ പലതവണ പലരോടും പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്.

അയമുട്ടിപ്പാപ്പ വെറ്റില നുള്ളി വീടുവീടാന്തരം കൊണ്ടുനടന്നു വിൽക്കുന്ന ഒരു നിസ്വനായിരുന്നു. സ്‌കൂളിലേക്കു പോകുന്ന ഞങ്ങളുടെ കൂടെ കടത്തുതോണിയിൽ എന്നും ഉണ്ടാവും. ചെറിയ വട്ടക്കൂടയിൽ വെറ്റില രണ്ടു വിഭാഗങ്ങളാക്കി വെവ്വേറെ വെച്ചിരിക്കും. ഒരു വശത്ത് അന്ന് നുള്ളിയത്, മറ്റേത് തലേന്നാൾ നുള്ളിയത്. വെള്ളം തളിച്ചും വാഴയിലയിലും പോളയിലും പൊതിഞ്ഞും സംരക്ഷിക്കുന്നതിനാൽ ഇന്നലെ അറുത്തതിനു കാര്യമായ വാട്ടമൊന്നും ഉണ്ടാവില്ല. എങ്കിലും രണ്ടും രണ്ടായിത്തന്നെ വെച്ചിരിക്കും, വിലയിലും മാറ്റമുണ്ട്.
നാഴിക്ക് ഒരുറുപ്പികത്തോതിൽ പത്തു നാഴി പാലു വാങ്ങി നാലു നാഴി വെള്ളം ചേർത്ത് ഒന്നേകാലുറുപ്പിക നിരക്കിൽ വിറ്റാൽ ലാഭശതമാനമെത്ര എന്ന ഗണിതം പഠിച്ചു പാസ് മാർക്കു നേടാൻ സ്‌കൂളിലേക്കു പോകുന്ന ഞങ്ങളിൽ ചിലർ അയമുട്ടിപ്പാപ്പയെക്കൊണ്ട് ഈ വെറ്റിലയുടെ കാര്യത്തിലെങ്കിലും ഒരു കള്ളം പറയിക്കാൻ ആവതു ശ്രമിച്ചിട്ടുണ്ട്.

ഉപ്പാപ്പ അവസാനം ഞങ്ങളെ തുറന്നുതന്നെ അറിയിച്ചു; ‘വേറെ ആരും കണ്ടില്ലെങ്കിലും പടച്ച റബ്ബ് കാണും. പൊറുക്കില്ല, മക്കളേ’. ഇക്കാര്യം പ്രതിപാദിക്കുന്ന വേദഭാഗങ്ങൾ ഞങ്ങളെ ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തു. വിശുദ്ധ ഗ്രന്ഥം മുഴുക്കെ കാണാതെ അറിയാമായിരുന്ന ഉപ്പാപ്പക്ക് അതിന്റെ സരളമായ അർഥതലവും നല്ല നിശ്ചയമായിരുന്നു.

ഗാന്ധിജിയുടെ ഖിലാഫത്ത് പ്രസ്ഥാനത്തെ വർഗീയലഹളയാക്കി മാറ്റിത്തീർക്കുന്നതിൽ വെള്ളക്കാർ വിജയിച്ചതിനെത്തുടർന്ന് നാടുനീളെ അക്രമം അരങ്ങേറിയപ്പോൾ ഈ ഗ്രാമത്തിലേക്കു കയറിവരാൻ പുറപ്പെട്ട അക്രമിസംഘത്തെ തനിച്ചു ചെറുത്തുനിന്ന് തിരിച്ചയച്ച അതികായനായ ശൂരനാണ് അബ്ദുല്ല ഹാജി. ‘എന്റെ മയ്യിത്തിനു മുകളിലൂടെയേ നിങ്ങൾക്കിവിടെ കടക്കാൻ കഴിയൂ’ എന്ന് ഭാരതപ്പുഴയുടെ തീരത്തെ ഉയർന്ന മൺതിട്ടയിൽ കയറിനിന്ന് അദ്ദേഹം ഉദ്‌ഘോഷിച്ചു.

ഈ നാടിനെ രക്ഷിച്ച അദ്ദേഹത്തെ ലഹളക്കാരനെന്നു മുദ്രകുത്തി വെള്ളക്കാരുടെ ഗൂർഖപ്പട്ടാളം കെട്ടിപ്പൂട്ടി ഗുഡ്‌സ് വാഗണിലിട്ടു കൊണ്ടുപോയതും കൈയിലെ കത്തികൊണ്ട് വാഗൺഭിത്തിയുടെ കാരിരുമ്പ് തുരന്ന് അതിൽ മൂക്കു വെച്ച് ശ്വസിച്ച് പ്രാണൻ നിലനിർത്തി അദ്ദേഹം തിരിച്ചെത്തിയതും പഴങ്കഥ.

വളരെ പ്രായമായ ശേഷവും പുഴയോരത്തിരുന്ന് കുട്ടികളായ ഞങ്ങളോട് ‘ഒരു തുലം ഇരിമ്പും ഒരു തുലാം പഞ്ഞിയും ഒരു തുലാസിന്റെ രണ്ട് തട്ടുകളിൽ വെച്ചാൽ ഏതു ഭാഗം തൂങ്ങും?’എന്നു ചോദിക്കാറുള്ളതും ശരിയായും തെറ്റായും ഉത്തരം പറയുന്ന എല്ലാവർക്കും ഗോട്ടി മിഠായി വിതരണം ചെയ്യാറുള്ളതും ആ ധന്യജീവിതത്തിന്റെ തുടർക്കഥ.

നന്മയുടെ പ്രതീകമായിരുന്ന അദ്ദേഹം ജീവിച്ചതും വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നതിന്റെ പ്രായോഗിക മാതൃകയായിട്ടായിരുന്നു. ആലി മാസ്റ്ററുടെ കഥ ഇതിലേറെ വിചിത്രമാണ്. സ്‌കൂളിൽ പോകാൻ മടിച്ച് ഞങ്ങൾ കാരപ്പഴം പറിച്ചു തിന്ന് ‘ഒളിവിൽ’ നടക്കവെ ഞങ്ങളുടെ കാലൊച്ച കേട്ടു പള്ളിയിൽനിന്ന് ആലി മാസ്റ്റർ തല നീട്ടി ഞങ്ങളെ കണ്ടത് ഇന്നും ഞാൻ ഓർക്കുന്നു. പിടിച്ച് സ്‌കൂളിലേക്കു കൊണ്ടുപോയി ബെഞ്ചിൽ കയറ്റി നിർത്തുമെന്ന് ഭയന്നതു വെറുതെയായി. അപൂർവമായ അവധിയെടുത്തായിരുന്നു മാസ്റ്ററുടെ ആ ഇരിപ്പ്. ക്ലാസ്സിൽ പോകാൻ വയ്യാത്തതുകൊണ്ട് അവധിയെടുത്തതാണ്. ഇൻസ്‌പെക്ഷൻ നടക്കുന്നതിനാലാണ് സ്‌കൂളിൽ പോകാൻ വയ്യാതായത്.

ഇൻസ്‌പെക്ടർ വരുന്ന ദിവസം മാനേജർ അടുത്ത സ്‌കൂളിലെ കുട്ടികളെ മാസ്റ്ററുടെ ക്ലാസ്സിൽ കൊണ്ടുവന്ന് ഇരുത്തും. ആ കുട്ടികളൊക്കെ തന്റെ ക്ലാസ്സിൽ പഠിക്കുന്നവരാണെന്ന് ആലി മാസ്റ്റർ സാക്ഷ്യപ്പെടുത്തണം. അത്രയേ വേണ്ടൂ. പക്ഷേ, ആ ഒരു കളവ് പറയാൻ വയ്യാത്തതുകൊണ്ട് ആലി മാസ്റ്റർ അവധിയെടുത്ത് പ്രാർഥിക്കാനിരിക്കുന്നു.

പ്രവാചകന്റെ ഇംഗിതമനുസരിച്ച് ജീവിക്കാൻ കഴിയും എന്നതിനു അന്നെനിക്കു കൺമുന്നിൽ കിട്ടിയ തെളിവുകൾ ഇവരൊക്കെയായിരുന്നു. ഉപനിഷത്തും ബൈബിളും അടിത്തറയാക്കി ജീവിതം കെട്ടിപ്പടുത്ത ചിലരെയും എനിക്ക് കണ്ടുകിട്ടി. ഇസ്‌ലാം പിറന്നുവീണ മണ്ണിൽനിന്നകലെ കേരളത്തിലേക്ക്, ആ വെളിപാടുമായി വന്നവർ ആയുധമോ പ്രലോഭനമോ ഒന്നും ഉപയോഗിച്ച് ആ ആശയം പ്രചരിപ്പിച്ചതായി കാണുന്നില്ല.
ഇത്രയും ദൂരം കടൽ താണ്ടി കുറച്ചു പേരേ വന്നിരിക്കാനിടയുള്ളൂ എന്നു തീർച്ച. അപ്പോൾ, ഇസ്‌ലാമിന് കിട്ടിയ പ്രചാരവും സ്വീകാര്യതയും ആ സന്ദേശവാഹകർ നയിച്ച ആദർശജീവിതത്തിന്റെ ആകർഷണമായിരുന്നു രഹസ്യം. അറിവ് മാത്രമല്ല ആ അറിവിന്റെ വെളിച്ചത്തിലുള്ള ജീവിതം കൂടിയാണ് അവർ ജനസമക്ഷം കാഴ്ച വെച്ചത്. മതവിശ്വാസത്തിന്റെ തെളിവ് അത് നിഷ്‌കർഷിക്കുന്ന നന്മയിൽ ജീവിക്കുകയാണെന്ന് തീർച്ചപ്പെടാത്തിടത്തോളം കാലം ഒരു വിശ്വാസവും ഫലവത്താവുകയില്ല.

Related Articles