Current Date

Search
Close this search box.
Search
Close this search box.

മോദിയുടെ പരാമർശത്തിലെ ചരിത്ര വിരുദ്ധതയും രാഷ്ട്രീയവും

ഒരു സെക്യുലർ രാഷ്ട്രത്തലവൻ ഇങ്ങനെ പച്ചക്ക് വർഗീയത പറയാമോ? രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള സെക്യുലർ പാർട്ടി നേതാക്കൾ അതിനെതിരെ “മഹാ മൗനം” പാലിക്കാമോ? എന്നീ ചോദ്യങ്ങൾക്കുപരി പ്രധാന മന്ത്രി പറഞ്ഞത് തീർത്തും ചരിത്രവിരുദ്ധം കൂടിയായാലോ?

ഔറംഗസീബും ശിവാജിയും യുദ്ധം ചെയ്തു എന്നത് ശരിയാണ്. അത് പക്ഷെ ഒരിക്കലും മതത്തിൻ്റെ പേരിലല്ല. അധികാരം വെട്ടിപ്പിടിക്കാനുള്ള കിടമാത്സര്യങ്ങളായിരുന്നു. (ഇന്ത്യൻ ചരിത്രത്തെ ഹിന്ദു / മുസ് ലിം ആയി വിഭജിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്വമായിരുന്നുവല്ലോ. അതിൽ വീണ്ടും എരിവും പുളിയും ചേർത്താണ് ശാഖകളിൽ പഠിപ്പിക്കുന്നത്!)

മുഗൾ ചക്രവർത്തി ഔറംഗസീബിൻ്റെ സേനാനായകൻ ജയ് സിംഗ് ആയിരുന്നു! ശ്രീ.എം.പി വീരേന്ദ്രകുമാർ എഴുതുന്നു: “മുസ് ലിം രാജാക്കന്മാരെ വിദേശികളെന്നു മുദ്രകുത്തി അന്യമാക്കുന്നത് ശരിയല്ല. ഇതേ മാനദണ്ഡം വെച്ചളന്നാൽ ഇന്ത്യയുടെ പാരമ്പര്യം കുത്തകയായി അവകാശപ്പെടാൻ ആരുണ്ടിവിടെ? യഥാർത്ഥത്തിൽ ഹുമയൂണും അക്ബറും ജഹാംഗീറും ഷാജഹാനും ഔറംഗസീബും ബഹദൂർഷായും മുഹമ്മദ് ഷായും ഇന്ത്യയിൽ ജനിച്ചു വളർന്ന ഇന്ത്യക്കാരായ ഭരണാധികാരികളാണ് ”
(രാമൻ്റെ ദുഃഖം.പുറം: 44)

ശിവാജിയെ കുറിച്ചും പച്ച നുണകളാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. ശിവാജിയുടെ സേനാനായകൻ ഇബ്രാഹിം ഖാൻ ആയിരുന്നു! സൈന്യത്തിൽ നല്ലൊരു പങ്ക് മുസ് ലിംകളും! ശിവാജിയുടെ മുത്തച്ഛൻ കടുത്ത മുസ് ലിം സ്നേഹി ആയതു കൊണ്ടാ ണ് തൻ്റെ മകന് (ശിവാജിയുടെ അച്ഛന്) ഷാജി എന്ന മുസ് ലിം പേര് നൽകിയത്! (മുസ് ലിം ഇന്ത്യയുടെ ചരിത്ര വായന. പേജ്: 28. ഹുസൈൻ രണ്ടത്താണി)

ഇനി ക്ഷേത്രക്കൊള്ള. മതത്തിൻ്റെ പേരിലല്ല രാജാക്കന്മാർ ക്ഷേത്രങ്ങൾ കൊള്ളയടിച്ചത്. പ്രത്യുത ഖജനാവുകൾ നിറക്കാനായിരുന്നു!

കശ്മീർ രാജാവ് ഹർഷ ദേവൻ കൊള്ള ചെയ്ത ക്ഷേത്രങ്ങൾക്ക് കയ്യും കണക്കുമില്ല!ഗുജറാത്തിലെ സുഭഗവർമൻ രാജാവും തഥൈവ! ഇതാവട്ടെ ഇന്ത്യയിൽ മാത്രം നടന്ന പ്രതിഭാസവുമല്ല. ലോകത്തുടനീളം സമ്പത്ത് വർധിപ്പിക്കാൻ രാജാക്കന്മാർ ആരാധനാലയങ്ങൾ കൊള്ള ചെയ്തിട്ടുണ്ട്. (Communalism in india എന്ന ഗ്രന്ഥത്തിൽ ശ്രീ.കെ.എൻ പണിക്കർ എഴുതിയ അവതാരിക കാണുക)

മുസ് ലിം ഭരണാധികാരികൾ തമ്മിലും ഹിന്ദു രാജാക്കന്മാർ തമ്മിലും ഇവിടെ യുദ്ധങ്ങൾ നടന്നിട്ടുണ്ട്. അശോകൻ കലിംഗ യുദ്ധം നടത്തിയത് മുസ് ലിംകൾക്കെതിരെ ആയിരുന്നില്ല. മുഗൾ ചക്രവർത്തിമാർ അധികാരത്തിനു വേണ്ടി പരസ്പരം വാളെടുത്തിട്ടുണ്ട്. മുഗളർ ഡക്കാനിലെ മുസ് ലിം രാജാക്കന്മാരുമായി നിരന്തരം ഏറ്റുമുട്ടി. ഹിന്ദുക്കളായ മറാത്തരും രജപുത്രരും തമ്മിൽ നിതാന്ത ശത്രുത പുലർത്തി. രജപുത്രർ മറാത്തർക്കെതിരെ ഒറംഗസീബുമായി ചേർന്ന് യുദ്ധം ചെയ്തു. ബാബർക്കെതിരെ യുദ്ധം നടത്താൻ റാണാ സിംഗിനെ സഹായിച്ചത് സുൽത്താൻ അഹ്മദ് ലോദിയും ഹസൻ ഖാൻ മേവാതിയും! ബാബർ മുഗൾ സാമ്രാജ്യത്വം സ്ഥാപിച്ചത് ഇബ്രാഹിം ലോദിയെ തോൽപ്പിച്ചു കൊണ്ട്!

ചുരുക്കത്തിൽ ഇവരൊക്കെയും യുദ്ധം ചെയ്തത് സംഘ് ഫാഷിസം പ്രചരിപ്പിക്കുന്നതു പോലെ മതത്തിൻ്റെയോ സമുദായത്തിൻ്റെയോ ആധിപത്യം സ്ഥാപിക്കാനായിരുന്നില്ല. മറിച്ച് അധികാര /രാഷ്ടീയ താൽപര്യങ്ങൾ നേടിയെടുക്കാനാ യിരുന്നു!

മുസ് ലിം രാജാക്കന്മാർ വിദേശികളാണെന്ന മോദിയുടെ നിരീക്ഷണത്തിലെ സൂക്ഷ്മ രാഷ്ടീയം മുസ് ലിംകൾ വിദേശികളാണെന്ന താണ്. വസ്തുതയോ? അറിയപ്പെടുന്ന മുസ് ലിം ഭരണാധികാരികളെല്ലാം ഇന്ത്യയിൽ തന്നെ ജനിച്ചു വളർന്നവരാണെന്നു മാത്രമല്ല ഇന്ത്യയുടെ സാമൂഹിക രൂപീകരണത്തിൽ അവരൊക്കെയും വഹിച്ച പങ്ക് അനൽപ്പമാ ണ്. (താജ് മഹൽ, ചെങ്കോട്ട, കുത്തബ്മിനാർ, ഫത്തേപ്പൂർ സിക്രി, മുഗൾ ഗാർഡൻ, ഖവാലി, കവാബ് …)

Related Articles