Current Date

Search
Close this search box.
Search
Close this search box.

കര്‍മ്മ നൈര്യന്തര്യത്തിന്‍റെ ജ്വലിക്കുന്ന മുഖം

വിശേഷണങ്ങളാണ് അല്ലാഹുവിനെ എന്നല്ല മനുഷ്യനേയും മനസ്സിലാക്കാനുള്ള ഏറ്റവും നല്ല വഴി. ഒരു മനുഷ്യനെ സംബന്ധിച്ചേടുത്തോളം വിശേഷണങ്ങള്‍ സ്വയം ആര്‍ജ്ജിക്കാന്‍ കഴിയുന്നതല്ല. ഒരാളുടെ സല്‍പ്രവര്‍ത്തനങ്ങളുടെ സുഗന്ധം ചുറ്റും പ്രസരിക്കുമ്പോള്‍ അതില്‍ നിന്ന് അപരരുടെ മനസ്സില്‍ ദീപ്തമാകുന്ന പ്രകാശത്തിന്‍റെ വാക് രൂപമാണ് വിശേഷണങ്ങള്‍. അത്തരം അനേകം മഹത്തായ വിശേഷണങ്ങള്‍ക്ക് അര്‍ഹനായ വ്യക്തിത്വത്തിന്‍റെ ഉടമായായിരുന്നു 12 ഡിസംബര്‍ 2020 ന് നമ്മോട് വിടപറഞ്ഞ എ.ഫാറൂഖ് ശാന്തപുരം.

പതിമൂന്നാം വയസ്സില്‍ ശാന്തപുരത്ത് പഠിക്കാന്‍ ചേര്‍ന്നത് മുതല്‍, ഒരു ചെറിയ ഇടവേളയൊഴിച്ച്, ഫാറൂഖുമായുള്ള അഭേദ്യമായ ബന്ധം നിരങ്കുശമായി തുടര്‍ന്നിരുന്നു എന്നതാണ് സത്യം. കോളേജില്‍ എന്‍റെ താഴെ ക്ലാ സിലായിരുന്നു ഫാറൂഖ് പഠിച്ചിരുന്നതെങ്കിലും, ക്ലാസ്മീറ്റുകളെക്കാള്‍ വലിയ സ്നേഹബന്ധത്തിലായിരുന്നു ഞങ്ങളുണ്ടായിരുന്നത്. ജിദ്ദയില്‍ പ്രവാസ ജീവിതം നയിക്കാന്‍ തുടങ്ങിയപ്പോഴാണ് ഫാറൂഖുമായി കൂടുതല്‍ അടുക്കുവാനും ആ അനുപമ വ്യക്തിത്വത്തിന്‍റെ ആഘര്‍ഷണവലയത്തില്‍ അകപ്പെടാനും കഴിഞ്ഞത്.

തനിമ സാംസ്കാരിക വേദി, ശാന്തപുരം അല്‍ ജാമിഅ അനലുംനി, സിജി ജിദ്ദ ചാപ്റ്റര്‍, ഗള്‍ഫ് മാധ്യമം, ജാലിയാത്, എയജസ് തുടങ്ങിയ അക്കാലത്തെ വിവിധ പ്രവാസി സാംസ്കാരിക സാമൂഹ്യ വേദികളില്‍ ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നത് മധുരിക്കുന്ന ഓര്‍മ്മകളാണ്. ചിലരുടെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്ക് ഏറെ സ്വീകാര്യവും ആസ്വാദ്യകരവുമായിരിക്കും. ഫാറുഖിന്‍റെ കാഴ്ചപ്പാടുകള്‍ എനിക്ക് അത്തരത്തില്‍പെട്ടതായിരുന്നു. എല്ലാം തുറന്ന് പറയുന്ന പ്രകൃതി. വിജ്ഞാനവും നര്‍മ്മവും ചാലിച്ച സംസാരം. കേട്ടിരുന്നാല്‍ മടുപ്പ് ഉണ്ടാവില്ലന്ന് മാത്രമല്ല, പലതരം അറിവുകള്‍ ലഭിക്കുകയും മനസ്സിന് ആശ്വാസമായിത്തീരുകയും ചെയ്യുന്നു.

ശാന്തപുരം അല്‍ജാമിഅ അലൂംനിയുടെ പ്രസിഡന്‍റെന്ന നിലയില്‍, ജിദ്ദയില്‍ എന്താണ് ചെയ്യാനുള്ളത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ ഫാറൂഖിനുണ്ടായിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വൈജ്ഞാനിക വളര്‍ച്ച, മാതൃ സ്ഥാപനത്തെ സഹായിക്കല്‍,പൊതു സമൂഹവുമായുള്ള ഇടപെടല്‍ ഇതിന് വേണ്ടിയാണ് അലുംനി നിലകൊള്ളേണ്ടതെന്ന് അദ്ദേഹം ഉണര്‍ത്തുമായിരുന്നു. ജാലിയാതിന് കീഴില്‍ വരാന്ത്യ അവധി ദിനങ്ങളില്‍ ലാബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന കാര്യത്തിലും ഫാറുഖും ഞങ്ങളുടെ രണ്ട്പേരുടേയും സുഹൃത്തായ അശ്റഫലി കട്ടുപ്പാറയും എന്നും മുന്‍പന്തിയിലുണ്ടാവുമായിരുന്നു.

ഫാറൂഖ് എങ്ങനെയായിരുന്നു ഒരു മികവുറ്റ മാനവ വിഭവശേഷി പരിശീലകന്‍ ആയത് എന്ന് പലരും അല്‍ഭുതം കൂറാറുണ്ടായിരുന്നു. സെന്‍ററര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുമായുള്ള ബന്ധത്തില്‍ നിന്ന് ഫാറൂഖ് സാഹിബ് ആര്‍ജ്ജിച്ച ഏറ്റവും വലിയ നേട്ടം ഒരു പക്ഷെ ഈ പരിശീലനശേഷിയായിരിക്കാം. ഒരു പ്രൊഫഷണല്‍ ട്രൈനറെ വെല്ലുന്ന രൂപത്തില്‍ വിവിധ വിഷയങ്ങളെ കുറിച്ച അദ്ദേഹത്തിന്‍റെ പഠന പരിശീലന ക്ലാസ് എടുത്ത് പറയതക്കതായിരുന്നു.

വ്യക്തിപരമായ ആവശ്യം മുതല്‍ സുഹൃത്തുക്കളുടെ ആവശ്യങ്ങള്‍ വരെ ഏത് കാര്യങ്ങള്‍ക്ക് ഫാറൂഖിനെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്തും ആ വ്യക്തിത്വത്തോട് ആര്‍ക്കും എപ്പോഴും ചോദിക്കാം. പാണ്ഡിത്യത്തിന്‍റെ ഗരിമയൊ നേതൃത്വത്തിന്‍റെ ഗൗരവമൊ ഇല്ലാതെ ആര്‍ക്കും പ്രാപ്യമായ വ്യക്തിത്വം. ഫാറൂഖിന്‍റെ അടുത്ത സുഹൃത്തെന്ന നിലയില്‍, സൗദി അധികൃതരില്‍ നിന്നും പല കാര്യങ്ങളും ചെയ്ത് കിട്ടാന്‍ പലരും ഈയുള്ളവനെ സമീപിച്ചിരുന്നു. അതിന്‍റെ വരുംവരായകളൊന്നും നോക്കാതെ ഫാറുഖ് അതെല്ലാം അനായസം നിര്‍വ്വഹിച്ച് കൊടുക്കുമായിരുന്നു. സേവനത്തിനുള്ള ഒരു നയാപൈസ വാങ്ങാതെയായിരുന്നു അതെല്ലാം ചെയ്തിരുന്നത്.

വൈകുന്നേരം ശറഫിയ്യയുടെ ഹൃദയ ഭാഗത്തുള്ള സി.സി. കുള്‍ ഡ്രിംഗ്സില്‍ ഒരു പേനയും ലെറ്റര്‍ പാഡും മുമ്പില്‍വെച്ച് സുസ്മേരവദനനായി ഇരിക്കുന്ന ഫാറുഖ് സാഹിബ് മനസ്സില്‍ നിന്നും മായുന്നില്ല. പലര്‍ക്കും പലതരം പരാതികള്‍. ഓരോരുത്തര്‍ക്കും ആവശ്യമായ കത്തുകള്‍ നിമിഷ നേരത്തിനുള്ളില്‍ തയ്യാറാക്കി കൊടുക്കും. പല മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥര്‍ക്കും ഫാറുഖ് നേരിട്ട് കത്തെഴുതി കാര്യങ്ങള്‍ നേടികൊടുക്കുന്നതില്‍ മിടുക്കനായിരുന്നു.

ഫാറൂഖ് സാഹിബിന് ഏറെ താല്‍പര്യമുള്ള മറ്റൊരു മേഖലയായിരുന്നു മഹല്ല് പ്രവര്‍ത്തനം. അത് സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഏതറ്റം വരെ പോവാനും ആരുമായി സംവദിക്കാനും അദ്ദേഹം തയ്യാറായിരുന്നു. ക്രൈസ്തവ ഇടവകയിലെ പ്രവര്‍ത്തനങ്ങള്‍ അറിയുവാനും അതിലെ നല്ല വശങ്ങള്‍ മനസ്സിലാക്കാനും അദ്ദേഹം ഒരിക്കല്‍ ഒരു ക്രൈസ്തവ പുരോഹിതനെ സമീപിച്ച കാര്യം ഈയുള്ളവനുമായി പങ്ക് വെക്കുകയുണ്ടായി. ഫാറൂഖ് സാഹിബിന്‍റെ അന്വേഷണങ്ങള്‍ക്ക് പുരോഹിതന്‍റെ മറുപടി നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. തങ്ങള്‍ നടപ്പാക്കുന്ന പരിപാടികളുടെ അറുപത് ശതമാനം പ്രചോദനം ഹദീസ് സാഹിത്യത്തില്‍ നിന്നാണ് എന്നായിരുന്നു ആ ക്രൈസ്തവ പുരോഹിതന്‍ വ്യക്തമാക്കിയത്.

ഫാറൂഖ് നിര്‍വ്വഹിച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി അറിയുന്നതിനാല്‍ അദ്ദേഹത്തിന് എന്തെങ്കിലും ഒരു അവാര്‍ഡ് തരപ്പെടുത്തികൊടുക്കണം എന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. അല്ലാഹുവിലേക്ക് യാത്രയാവുന്നതിന്‍റെ അഞ്ച് മാസങ്ങള്‍ക്ക് മുമ്പ്, ഞങ്ങള്‍ രണ്ട് പേരും ബന്ധപ്പെട്ടിരുന്ന രണ്ട് പ്രവാസി സംഘടനാ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നു. എന്നാല്‍ അല്ലാഹുവിന്‍റെ അലംഘനീയമായ നിയമം മറ്റൊന്നായിരുന്നു എന്നേ തല്‍കാലം അതിനെ കുറിച്ച് പറയുന്നുള്ളൂ.

ഭംഗിയായി എഴുതാന്‍ ഫാറൂഖ് സാഹിബിന് കഴിയുമായിരുന്നുവെങ്കിലും, പല കാര്യങ്ങളും ധൃതിയില്‍ ചെയ്ത്തീര്‍ക്കേണ്ടതിനാല്‍, അദ്ദേഹത്തിന് സമയം നീക്കിവെക്കാന്‍ കഴിഞ്ഞില്ല. 200 പേജ് വരുന്ന ഒരു അനുഭവകുറിപ്പ് തയ്യാറാക്കണം എന്ന ആഗ്രഹം മരിക്കുന്നതിന്‍റെ രണ്ട് ആഴ്ച മുമ്പ് അദ്ദേഹം പങ്ക് വെച്ചിരുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ തന്നെ ക്രോഡീകരിച്ചാല്‍ അത് തന്നെ മികവാര്‍ന്ന ഒരു വൈജ്ഞാനിക നിധിയായി മാറിയേനെ. അത്രയും ലക്ഷണമൊത്ത പ്രസംഗങ്ങളായിരുന്നു അദ്ദേഹം നിര്‍വ്വഹിച്ചിരുന്നത്.

പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ സവിശേഷത. തന്നെപോലെ സഹപ്രവര്‍ത്തകരും പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അതിയായി കൊതിച്ചിരുന്നു. പ്രവര്‍ത്തിക്കാന്‍ പ്രസ്ഥാനത്തിന് അനേകം വേദികള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തകരുടെ മന്ദീഭാവത്തില്‍ ആത്മരോശം കൊണ്ടു. നിങ്ങള്‍ പ്രവര്‍ത്തിക്കു. അല്ലാഹുവും റസൂലും സത്യവിശ്വാസികളും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാണട്ടെ എന്ന ഖുര്‍ആന്‍ വചനത്തെ സാക്ഷാല്‍കരിച്ച വ്യക്തിയായിരുന്നു ഫാറൂഖ്. കര്‍മ്മനൈര്യന്തര്യത്തിന്‍റെ ജ്വലിക്കുന്ന ആ മുഖം അസ്തമിച്ചെങ്കിലും, കൊളുത്തിവെച്ച അനേകം ദീപങ്ങള്‍ മിന്നികൊണ്ടിരിക്കുന്നു. കെടാതെ സൂക്ഷിക്കാന്‍ നമുക്ക് പ്രയത്നിക്കാം.

Related Articles