Current Date

Search
Close this search box.
Search
Close this search box.

ഡീസ്കൂളിങിന്റെ സ്ഥാപകൻ ഇമാം ആബിലി

പള്ളിക്കൂടങ്ങളിൽ പോയില്ലെങ്കിലും പഠിച്ചാൽ പോരേ എന്നു ചോദിച്ചിരുന്നവരെ പിന്തിരിപ്പന്മാർ എന്നു വിളിച്ചിരുന്ന നൂറ്റാണ്ടായിരുന്നു മഹാമാരിക്ക് മുമ്പ് നാം ശീലിച്ചത്. ഓസ്ട്രിയൻ ദാർശനികനായ മറ്റ്നാഷ്‌ ഈ വിഷയത്തിൽ സഭാവിലക്ക് വരെ നേരിട്ട വിദ്യാഭ്യാസ വിചക്ഷണനാണ്. എന്നാൽ അദ്ദേഹത്തിനുമെത്രയോ മുമ്പ് സ്ഥാപനവത്കൃത വിദ്യാഭ്യാസ രീതിയെ നഖശിഖാന്തം എതിർത്തിരുന്ന ഒരു പണ്ഡിതൻ ലോകത്തിന്റെ ഇമാം എന്ന നിലയിൽ ഹിജ്റ എട്ടാം നൂറ്റാണ്ടിൽ അറിയപ്പെട്ടിരുന്നു.

إنما أفسد العلم كثرةُ التواليف، وإنما أذهبه بنيان المدارس
“രചനാ പ്രസ്ഥാനം അറിവ് ദുഷിപ്പിച്ചു, മദ്റസാ പ്രസ്ഥാനം വിജ്ഞാനവും “അഥവാ എന്തും പുസ്തകങ്ങളിൽ നിന്നും ലഭ്യമാവുമെങ്കിൽ , സ്കൂളെന്ന സ്ഥാപനത്തിൽ വിവര വിതരണമാണ് നടക്കുന്നതെങ്കിൽ അത് പ്രോത്സാഹിപ്പിക്കപ്പെടരുത് എന്ന് ആത്മാർഥമായി ആഗ്രഹിച്ചിരുന്ന അക്കാലത്തെ വിപ്ലവകാരിയായിരുന്നു ആബിലി (റഹ്). യാത്രകളിലൂടെ ഏതൊരു വിജ്ഞാനത്തിന്റേയും ആധികാരിക സ്രോതസ്സുകളിൽ നിന്നും വിജ്ഞാനം സ്വീകരിക്കണമെന്ന അക്കാലത്തെ ഏറ്റവും വിപ്ലവാത്മകമായ വിദ്യാഭ്യാസ പദ്ധതിയാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. അദ്ദേഹത്തിന്റെ ഈ ചിന്താ പ്രസ്ഥാനത്തിന്റെ പരിസരത്ത് വളർന്നു വന്ന പണ്ഡിതരിൽ ഏറ്റവും പ്രസിദ്ധനാണ് എല്ലാ കാലത്തേയും ചരിത്ര നിരീക്ഷകനായി അറിയപ്പെടുന്ന ഇബ്നു ഖൽദൂൻ (1332 – 1406CE) അദ്ദേഹത്തിന്റെ മുഖദ്ദിമ വായിക്കാതെ ചരിത്ര / സാമൂഹ്യ ശാസ്ത്ര പഠനം അപൂർണമായിരിക്കും.

സുൽത്വാൻ അബുൽ ഹസൻ അൽമറീനി (1331 നും 1348 നും ഇടയിൽ മൊറോക്കോയിൽ ഭരിച്ച മരീനീ രാജവംശത്തിലെ സുൽത്താനായിരുന്നു അബുൽ ഹസൻ അലി ഇബ്നു ഉസ്മാൻ) ഈ ചിന്തയെ ജനകീയ കൂട്ടായ്മയിലൂടെ സംഘടിപ്പിച്ചു സജീവമാക്കിയിരുന്നു.അറിവ് ശേഖരിക്കുന്നതിന്റെ ഉത്ഭവമായ യാത്രയെ ഗ്രന്ഥരചനാ പ്രസ്ഥാനം ഇല്ലാതാക്കുന്നുവെന്നും ചടഞ്ഞിരിക്കുന്ന വിദ്യാർഥികൾ സിമന്റ് കൂടാരങ്ങളിലെ കാവൽക്കാരായി മാത്രം പരിണമിക്കുമെന്നുള്ള തിരിച്ചറിവായിരുന്നു ഗ്രന്ഥരചനാ / മദ്രസ നിർമാണ പ്രസ്ഥാനങ്ങളോട് മരീനീ വംശം അകലം പാലിക്കാൻ കാരണം. പരമ്പരാഗത രീതിയിലുള്ള വിദ്യാലയങ്ങൾ നിലനിർത്തിയെങ്കിലും ഗുരുമുഖത്ത് നിന്ന് വിദ്യ അഭ്യസിക്കാൻ പോവാനുള്ള ഉയർന്ന സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്ന രീതി അന്നു നിലവിലുണ്ടായിരുന്നു.

അബു അബ്ദില്ല മുഹമ്മദ് ബിൻ ഇബ്രാഹിം അൽആബിലി (681 – 757 AH) തൽമസാനിൽ ജനിച്ച ആബിലിയുടെ പിതാവ് സയാൻ ഭരണകൂടത്തിന്റെ സ്ഥാപകൻ അമീർ യഗ്മറാസന്റെ വലംകൈയ്യായിരുന്നു. സ്പെയിനിലെ ആബില പ്രവിശ്യയിൽ നിന്ന് അൽജീരിയയിലെ തൽമസാനിൽ വന്നു താമസിച്ച വിദ്യാസമ്പന്നരായ കുടുബമായിരുന്നു ആബ് ലിയുടേത്. ഗണിത ശാസ്ത്രം, ലോജിക് എന്നിവയുടെ ആ നാട്ടിലെ റഫറൻസായിരുന്ന ആബ് ലി ഹജ്ജിന് ശേഷം കൈറോവിൽ തങ്ങി ഇമാം ഇബ്നു ദഖീഖിൽ ഈദ് പോലെയുള്ള മഹാ പണ്ഡിതന്മാരിൽ നിന്നും ഇസ്ലാമിക പ്രമാണങ്ങളും നിദാനശാസ്ത്രങ്ങളുമെല്ലാം അഭ്യസിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം സ്വന്തം നാട്ടിലേക്ക് മടങ്ങി വന്നു. അവിടെ വെച്ചാണ് ഇബ്നു ഖൽദൂനെ പോലെയുള്ള ശിഷ്യഗണങ്ങളെ യോഗ്യരായ പണ്ഡിതരാക്കുന്നത്. ഭരണാധികാരികളുമായുള്ള അഭിപ്രായ വ്യത്യാസം കാരണം രണ്ടാമതും തൽമസാനിൽ നിന്നും അറ്റ്ലസ് പ്രദേശത്തേക്കും തുടർന്ന് ഫാസിലേക്കും മാറി താമസിച്ചു. അതിനിടയിൽ അധ്യാപകനായും ടാക്സ് റിട്ടേൺ ഓഫീസറായും ഹോം ട്യൂട്ടറായുമെല്ലാം ജോലി ചെയ്തു. അവസാനം മൊറോക്കോയിലെ ഫാസിലായിരുന്നു നിത്യസഞ്ചാരിയായിരുന്ന ഇമാം ആബിലിയുടെ വിയോഗം.

റഫറൻസ് :
«نفح الطيب» للمقري (٧/٢٧١)‏
تحقيق «المفتاح» (٧٥)

Related Articles