Current Date

Search
Close this search box.
Search
Close this search box.

തിരിയിത്തിരി തെളിയട്ടെയുള്ളില്‍

ഏപ്രില്‍ 5 ന്‌ രാത്രി 9 മണിക്ക് വീട്ടിലിരിക്കെ ഉള്ള വെളിച്ചങ്ങളെല്ലാം കെടുത്തി മറ്റൊരു തിരിതെളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടു. അങ്ങനെ തിരിതെളിക്കുമ്പോള്‍ വെളിച്ചത്തിന്റെയൊരതീത ശക്തി നാമനുഭവിക്കുകയും ഒരൊറ്റ ലക്ഷ്യത്തിനായി നാമൊന്നിച്ചു പൊരുതുന്നുവെന്ന് അത് വിളിച്ചോതുകയും ചെയ്യുന്നു. ഈ ലക്ഷ്യത്തില്‍ നാമൊറ്റയ്ക്കല്ലെന്നും ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ ഒന്നിച്ചുണ്ടെന്നും നാം തെളിക്കുന്ന തിരികളുടെ ദീപ്തപ്രകാശത്തിനു മുമ്പില്‍വെച്ച് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നൊക്കെയാണ്‌ പ്രധാനമന്ത്രിയുടെ ആവശ്യം. സമൂഹത്തിന്റെ വിവിധതലങ്ങളില്‍ നിന്നും ആ പ്രഖ്യാപനത്തിന്‌ പ്രതികരണമുണ്ടായി; അനുകൂലിച്ചും എതിര്‍ത്തും.

പ്രധാനമന്ത്രി അത് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ പലചോദ്യങ്ങളും ഉയര്‍ന്നുവരും. 130 കോടിയുള്ള നമ്മളെ ഒന്നിപ്പിക്കുന്നത് ഇന്ത്യയെന്ന ആശയമാണല്ലോ. അങ്ങനെയൊരാശയത്തിന്റെ പേരിലാണോ നമ്മളൊന്നിച്ചാവുന്നത് ? എങ്കില്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ സഞ്ചാര സ്വാതന്ത്ര്യവും, ആശയവിനിമയ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട കശ്മീരിലെ ജനങ്ങള്‍ അതില്‍പ്പെടുമോ ? ഭരണഘടനയിലെ 370 ആം വകുപ്പ് എടുത്തുനീക്കിയതിന്റെ ഭാഗമായുണ്ടായ നടപടികളില്‍ ചികിത്സ നിഷേധിക്കപ്പെട്ട, ജോലിയില്‍ നിന്നൊഴിവാക്കപ്പെട്ട, പഠനം മുടങ്ങിപ്പോയ, വീടും കുടുംബവുമായി ബന്ധം നിഷേധിക്കപ്പെട്ട പൗരന്മാരെയൊക്കെ ഈ ഐക്യസംഘത്തില്‍ ഉള്‍‌പ്പെടുത്താമോ ?

കുറച്ചു മാസങ്ങള്‍ മുമ്പുവരെ ഇന്ത്യന്‍ അന്തരീക്ഷത്തില്‍ കത്തിനിന്നിരുന്ന പൗരത്വഭേദഗതി ബില്‍ പ്രകാരം, രേഖകള്‍ ഹാജരാക്കാന്‍ സാധ്യതകള്‍ അവശേഷിക്കാത്ത മനുഷ്യരുണ്ടല്ലോ. ഇന്ത്യയിലെ പൗരന്‌ ഉണ്ടാവേണ്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ യോഗ്യത തികഞ്ഞ മനുഷ്യര്‍ ! അവരും ഈ 130 കോടി ഭാരതീയ സംഘത്തില്‍ കണ്ണികളാണോ ?

Also read: സോഷ്യൽ ഡിസ്റ്റൻസിങ്, ക്വാറന്റൈൻ ചില പ്രവാചക മാതൃകകൾ

പ്രധാനമന്ത്രിയുടെ പാര്‍ട്ടിയിലെ തന്നെ കപില്‍ മിശ്ര തിരികൊളുത്തിയ ഡല്‍ഹി കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ, ഉടലോടെ കത്തിക്കപ്പെട്ടവരെ നമുക്ക് തല്‍‌ക്കാലം മാറ്റിനിര്‍ത്താം. അവിടെ നിന്ന് ജീവനും കൊണ്ടോടിയവര്‍, കിടപ്പാടവും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ടവര്‍, കടകളും സമ്പത്തും കൊള്ളയടിക്കപ്പെട്ടവര്‍ ഒക്കെയുണ്ടല്ലോ. ഒരു മനുഷ്യായുസ്സ് കൊണ്ട് നേടിയെടുത്തതെല്ലാം കാപാലികരാല്‍ കവര്‍ന്നെടുക്കപ്പെട്ട ഹതഭാഗ്യര്‍ ! കത്തിച്ചുപിടിച്ച മെഴുകുതിരിക്കു മുമ്പില്‍ നില്‍‌ക്കുമ്പോള്‍ ജീവനെയപഹരിക്കാന്‍ വരുന്ന തീജ്വാലയില്‍ നിന്ന് ഭീതിയോടെ പാഞ്ഞ ആ മനുഷ്യരെ നമ്മള്‍ ഓര്‍ക്കേണ്ടതുണ്ടോ ? അധികാരവും സന്നാഹവും സുരക്ഷാമാര്‍ഗ്ഗങ്ങളുമെല്ലാം കൈയ്യാളുന്നവര്‍ അവഗണിച്ചുകളഞ്ഞ അവരുടെ ആര്‍ത്തനാദങ്ങളെ, ഉത്തരം നല്‍കാത്ത ടെലഫോണ്‍ വിളികളെയൊക്കെ ഒരുവേള സ്മരിക്കേണ്ടതുണ്ടോ ?

രാജ്യത്തെ ഏതൊരു പൗരനും നാണിച്ചുപോവുന്നവിധം കസേരകളിക്കും കുതിരക്കച്ചവടത്തിനും പിറകെ അധികാരത്തില്‍ വന്ന യെദ്യൂരപ്പ സര്‍ക്കാര്‍, തങ്ങള്‍ ഭരിക്കുന്ന ‘രാജ്യത്തിന്റെ’ അതിര്‍ത്തിയടച്ചതുമൂലം ചികിത്സ നിഷേധിക്കപ്പെട്ട രോഗികളായ സഹോദരങ്ങളെ ഇക്കൂട്ടത്തില്‍ എണ്ണേണ്ടതുണ്ടോ? അങ്ങനെ മരണപ്പെട്ടുപോയ, ഇനി മരിക്കാനിരിക്കുന്ന മനുഷ്യജീവിതങ്ങള്‍, ഒറ്റക്കെട്ടാണെന്ന് നിങ്ങള്‍ പറയുന്ന ജനസമൂഹത്തിന്റെ ഭാഗമാണോ ?

ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാതിരിക്കല്‍ വളരെയെളുപ്പമാണ്‌. ഇങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ നമ്മുടെ ജീവിതപരിസരങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നത് കണ്ടില്ലെന്നു വെക്കുന്നതും എളുപ്പമുള്ള കാര്യമാണ്‌. നമ്മുടെ ജീവിതസുഭിക്ഷതയുടെയും സൗകര്യങ്ങളുടെയുമിടയില്‍ ഇതൊന്നും അത്രയേറേ അനുഭവവേദ്യമാവേണ്ട കാര്യവുമില്ല. നമ്മള്‍ പലരും ഇങ്ങനെയൊരു തിരഞ്ഞെടുപ്പിന്റെ സുഖമനുഭവിക്കുന്നവരാണ്‌. മലയാളികള്‍ പൗരുഷപ്രതീകമായി ആഘോഷിക്കുന്ന മമ്മൂട്ടിക്ക് അതുകൊണ്ടുതന്നെ എളുപ്പത്തില്‍ തിരികത്തിച്ച് പ്രധാനമന്ത്രിയോട് ഐക്യം പ്രഖ്യാപിക്കാനാവും. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസതാരമെന്ന വിശേഷണം പേറുന്ന അമിതാഭ് ബച്ചന്‌, മുന്നും പിന്നും നോക്കാതെ തിളങ്ങുന്ന ഇന്ത്യയുടെ കള്ളച്ചിത്രം അഭിമാനത്തോടെ ഷെയര്‍ ചെയ്യാനാവുന്നതും കണ്ണുതുറന്നിരിക്കുന്ന ഒരിന്ത്യന്‍ പൗരന്‌ സ്വന്തത്തോടെങ്കിലും ചോദിച്ചിരിക്കേണ്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള സൗകര്യമുള്ളതു കൊണ്ടാണ്‌.

Also read: സ്വയം വളരാനുള്ള വഴികള്‍

പശുവിറച്ചി സൂക്ഷിച്ചുവെന്ന് അറിയിപ്പുണ്ടായതിനെത്തുടർന്ന് ദാദ്രിയിലെ തന്റെ വീട്ടിൽ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് മുഹമ്മദ് അഖ്‌‌‌‌‌‌ലാക്കിനെ അടിച്ചുകൊന്നപ്പോൾ, കന്നുകാലിക്കച്ചവടക്കാരായതിന്റെ പേരിൽ ജാര്‍ഖണ്ഡില്‍ രണ്ട് മനുഷ്യജീവനുകളെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയപ്പോൾ, രാജസ്ഥാനിലെ ഹൈവേയിൽ വെച്ച് പെഹ് ലു ഖാൻ എന്ന ക്ഷീരകർഷകനെ അടിച്ചുകൊന്നപ്പോൾ, സന്ധ്യയ്ക്ക് തിരിച്ചെത്താമെന്ന് വാക്കുപറഞ്ഞ് ഉമ്മ സമ്മാനിച്ച തുകയുമായി വസ്ത്രം വാങ്ങാന്‍ തീവണ്ടിയില്‍ പോയ ഹാഫിസ് ജുനൈദെന്ന ചെറുപ്പക്കാരനെ കൂട്ടംചേര്‍ന്ന് കൊലപ്പെടുത്തിയപ്പോള്‍, അപ്പോഴൊന്നും ഇന്ത്യയെന്ന മഹത്തായ ആശയത്തോട് കൂറുപ്രകടിപ്പിക്കേണ്ടത് തിരികത്തിക്കുന്നതുപോലെ സ്വയമേറ്റെടുക്കേണ്ട എളുപ്പബാധ്യതയായിരുന്നില്ല ഇത്തരം സെലിബ്രിറ്റികളില്‍ അധികപേര്‍ക്കും. ഡൽഹിയിൽ മനഃപൂര്‍വ്വമുണ്ടാക്കപ്പെട്ട വംശഹത്യയ്ക്കിടെ, വര്‍ഷങ്ങളോളം രാജ്യത്തെ സേവിച്ച സൈനികന്റെ വീടു പോലും തീവെച്ചു നശിപ്പിക്കപ്പെട്ടിട്ടും രാജ്യത്തെയും അതിര്‍ത്തിയെയും സൈനികസേവനത്തെയും സംബന്ധിച്ച് വികാരംകൊള്ളുന്ന മഹാനടന്റെ ബ്ലോഗ് പോസ്റ്റുകള്‍ കാണാത്തതും ഇപ്പറഞ്ഞ തിരഞ്ഞെടുപ്പുകളുടെ സൗകര്യമുള്ളതു കൊണ്ടാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ തടിക്ക് കേടുപറ്റാത്തിടത്തൊക്കെ മനുഷ്യൈക്യത്തെക്കുറിച്ചു പറയുന്നതും നാമൊന്നാണെന്നറിയിക്കുന്ന പാട്ടും പാട്ടകൊട്ടും തിരിതെളിയിക്കലുമൊക്കെ സൗകര്യവും , ഫാഷിസത്തിന്റെ പോരാളികളില്‍ നിന്ന് രാജ്യത്തിനേല്‍ക്കുന്ന മുറിവില്‍ പക്ഷേ ഒരു കണ്ണുനീര്‍ച്ചിത്രമെങ്കിലും പങ്കുവെക്കുന്നത് അസൗകര്യവുമാവുന്നുണ്ട് ആഘോഷിക്കപ്പെടുന്ന ഇത്തരമാളുകള്‍ക്ക്.

രാജ്യമെന്നത് പണ്ടുവരച്ച അതിര്‍ത്തിവരകള്‍ക്കുള്ളില്‍ തിളച്ചുമറിയുന്ന വികാരമാണോ അതല്ല രാജ്യത്തെ മനുഷ്യരെയൊന്നാകെ ഉള്‍ക്കൊള്ളുന്ന മഹത്തായ ആശയമാണോ എന്ന ചോദ്യം ചോദിച്ചുകൊണ്ടാണ്‌ എന്തുതിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത്. രാജ്യത്തെയും ലോകത്തെയൊന്നാകെയും ഭീതിയിലാഴ്ത്തുന്ന മഹാമാരിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും ഫാഷിസവും മതാധിപത്യവും അതിന്റെ സൗകര്യങ്ങളുപയോഗിച്ച് നമ്മെത്തേടിയെത്തുന്നുണ്ട്. മതാചാരത്തിലധിഷ്ഠിതമായ പ്രാര്‍ത്ഥനയോടോ വെളിച്ചത്തോടോ അസഹിഷ്ണുത പുലര്‍ത്തുകയല്ല നമ്മള്‍. ഇന്ത്യയെന്ന മതേതര ജനാധിപത്യ രാജ്യം അതിന്റെ തനിമയില്‍ നിലനില്‍ക്കുമ്പോഴാണ്‌ നമുക്ക് 130 കോടി ജനങ്ങളെയും ഒന്നിച്ചുനിര്‍ത്താനാവുക. പല നാടുകളും പല ഭാഷകളും പല സംസ്കൃതികളും പുലര്‍ത്തുമ്പോഴും ഒന്നിച്ചുചേര്‍ന്ന് പൊരുതിനേടിയ സ്വാതന്ത്ര്യത്തിന്റെ സ്വാസ്ഥ്യം രാജ്യത്തിന്റെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുമ്പോഴാണ്‌ ഇന്ത്യയെന്നത്, പ്രധാനമന്ത്രി പറഞ്ഞപോലെ നമുക്കൊന്നിച്ച് തിരിതെളിച്ച് അനുഭവിക്കാനും ലോകത്തിന് കാണിക്കാനുമുള്ള മാതൃകാസ്ഥാനമാവുക. വരേണ്യതയുടെ പിടിമുറുക്കത്തിലമരാന്‍ പോവുമ്പോള്‍ അനുഭവിക്കുന്ന ശ്വാസംമുട്ടിന്‌ പക്ഷേ, മെഴുകുതിരി കത്തിച്ചതു കൊണ്ട് പരിഹാരമാവില്ല. തിരിയിത്തിരി ഉള്ളില്‍ തെളിക്കേണ്ടതുണ്ട്.

Related Articles